ADVERTISEMENT

കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. മലയോര മേഖലകളിൽ വന്യജീവികൾ പ്രതിസന്ധി വിതയ്ക്കുമ്പോൾ താരതമ്യേന വലിയ പ്രശ്നമില്ലാതിരുന്ന പ്രദേശങ്ങളിൽ മനുഷ്യരുടെ അശ്രദ്ധയും മോഷണവും കർഷകർക്ക് വെല്ലുവിളിയാകുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് മുളക് തോട്ടത്തിൽ മോഷണം നടക്കുന്നതായി പരാതി പറഞ്ഞ ചേർത്തല സ്വദേശി ര‍ഞ്ജിത് ദാസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് മഞ്ഞൾക്കൃഷി ചെയ്തിരിക്കുകയായിരുന്നു. തോട്ടത്തിൽ നിന്ന രണ്ടു വൃക്ഷങ്ങൾ കരാറുകാരൻ അശ്രദ്ധയോടെ വെട്ടിമാറ്റിയപ്പോൾ ചവിട്ടിയരയ്ക്കപ്പെട്ടത് മൂന്നു യുവാക്കളുടെ കൃഷിയായിരുന്നു. ര‍ഞ്ജിത് ദാസിന്റെ വാക്കുകളിലൂടെ,

കഴിഞ്ഞ 4 ദിവസമായി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഞങ്ങൾ കടന്നു പോവുന്നത്. മുളകു തോട്ടത്തിലെ മോഷണത്തിന്റെ ക്ഷീണം മാറിയപ്പോൾ ഇന്നലെ മഞ്ഞൾ തോട്ടത്തിൽ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. 20,000 രൂപ നൽകി പാട്ടത്തിനെടുത്ത പറമ്പിൽ രണ്ടു മരങ്ങൾ വെട്ടിയിട്ടിരിക്കുന്നു. അതും മഞ്ഞൾ തടത്തിന്റെ മുകളിൽ. 

ranjith-alp-ks-3
മഞ്ഞൾ നട്ടിരിക്കുന്ന തടത്തിനു മീതെ മരം വെട്ടിയിട്ട നിലയിൽ

‌20,000 രൂപ പാട്ടത്തിനു പുറമേ 3 ഏക്കർ കാടുപിടിച്ചു കിടന്ന സ്ഥലം കൃഷിയോഗ്യമാക്കാൻ 1,30,000 രൂപ മുടക്കി. 3 ഏക്കറിലേക്കു വേണ്ട വിത്തിനു മുടക്കി 1 ലക്ഷം രൂപയിലധികം. വളത്തിന് 80,000 രൂപയും. ഇതിനു പുറമേ 1 മാസത്തെ കഷ്ടപ്പാടും. ഇതിനൊന്നും ഒരു വിലയും ഇല്ലേ?

ലോക് ഡൗൺ സമയത്ത് സുഹൃത്തുക്കളായ ബിജുവും ശ്യാമും കൂടിയാണ് ഞങ്ങളോടൊപ്പം മഞ്ഞൾ കൃഷി തുടങ്ങിയത്. വർക്‌ഷോപ്പ് ഉടമയായ ബിജുവും മാർക്കറ്റിങ് ജോലിയിലുള്ള ശ്യാമും പുതിയ സംരംഭമായിട്ട് തുടങ്ങിയ കൃഷിയാണ് ഈ രീതിയിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. 

കർഷകരുടെ ബലം എന്നത് ആത്മബലമാണ്. അതിനെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തികളാണിതൊക്കെ. കർഷകന്റെ അധ്വാനത്തിന് കുറച്ചെങ്കിലും വില നൽകണം. അവന്റെ വിയർപ്പിന്റെ അംശമാണ് നമ്മുടെ ജീവൻ. അത് മനസിലാക്കാത്ത സമൂഹമായി കേരളം മാറുന്നു. 

ranjith-alp-ks
മഞ്ഞൾ നട്ടിരിക്കുന്ന തടത്തിനു മീതെ മരം വെട്ടിയിട്ട നിലയിൽ

അധികാരികളുടേയും ജനങ്ങളുടെയും മനോഭാവം മാറ്റിയില്ലെങ്കിൽ വ്യവസായം മാത്രമല്ല കൃഷിയും കേരളത്തിൽ വിജയിക്കില്ല. 

ചേർത്തല പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. DYSP, കളക്ടർ, കൃഷി ഓഫീസർ എന്നിവർക്കു കോപ്പിയും നൽകിയിട്ടുണ്ട്. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ സാറിനും കൃഷി ഡയറക്ടർ വാസുകി ഐഎഎസിനും സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ സാറിനും എംപി എ.എം. ആരിഫിനും പരാതി നൽകുന്നുണ്ട്.

ഈ പരാതികൾ നൽകുന്നത് ഞങ്ങൾക്ക് വേണ്ടി മാത്രല്ല കൃഷിയേസ്നേഹിക്കുന്ന കൃഷിയിലേക്കിറങ്ങാൻ പോവുന്ന പുതിയതും പഴയതുമായ കർഷകർക്കു വേണ്ടിയാണ്. കർഷകന്റ കഷ്ടപ്പാടിന്റെ വില അത് നശിപ്പിക്കുന്നവർ മനസിലാക്കണം. 

ആനയ്ക്കു വേണ്ടി മാത്രമല്ല, കർഷകനു വേണ്ടിയും ശബ്ദമുയർത്തണം.

English summary: Problems Faced by Farmers in Kerala, Farmers, Vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com