ADVERTISEMENT

രണ്ടര സെന്റിലെ കൃഷിക്കാരനാണ് പള്ളുരുത്തിയിലെ ഷിബു ഭരതൻ. എന്നാൽ, അഞ്ചുസെന്റോ അരയേക്കറോ സ്വന്തമായുള്ളവർക്കു പോലുമില്ലാത്തത്ര വിളകളാണ് തന്റെ പുരയിടത്തിൽ ഈ യുവാവ് നട്ടുവളർത്തിയിരിക്കുന്നത്.  ഒന്നര ദശകം നീണ്ട തപസ്യയിലൂെട  വൈവിധ്യമാർന്ന ഫലവൃക്ഷങ്ങൾ നിറഞ്ഞ  ഏദൻതോട്ടംതന്നെ സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ഷിബുവിന്റെ നേട്ടം.

രണ്ടര സെന്റിൽ എത്ര ഫലവൃക്ഷങ്ങളുണ്ടാവാം. ഏറിയാൽ രണ്ട് അല്ലെങ്കിൽ മൂന്ന്. കൂടുതലായാൽ ഫലമുണ്ടാവില്ലെന്നു മാത്രം അല്ലേ? എന്നാൽ ഷിബുവിന്റെ രണ്ടര സെന്റിൽ ആകെ 42 തരം ഫലവൃക്ഷങ്ങളാണുള്ളത്. ചില വൃക്ഷങ്ങളുടെ ഒന്നിലധികം ഇനങ്ങളുള്ളതിനാൽ  ആകെ 56 ഇനങ്ങളുണ്ടെന്നും പറയാം. റംബുട്ടാനും മംഗോസ്റ്റിനും മുതൽ ഓറഞ്ചും അവക്കാഡോയും സാന്തോളും മിറക്കിൾ ഫ്രൂട്ടും പീനട്ട് ബട്ടർ ഫ്രൂട്ടും  ഡ്രാഗൺഫ്രൂട്ടുമടക്കം വിദേശിയും സ്വദേശിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. തായ്‌ലൻഡ് മാവ് മുതൽ  സാദാ മൂവാണ്ടൻ വരെ മാവിനങ്ങൾ പത്ത്. ലളിത് ഇനം പേര,  മനില ചെറി, തായ്‌ലൻഡ് കേറ്റ് ഫ്രൂട്ട്, മാതളനാരകം, ഫിഗർലൈം എന്നിങ്ങനെ പട്ടിക നീളുകയാണ്. അവയിൽ പകുതിയിലേറെയും ഫലം നൽകിത്തുടങ്ങിയവയാണ്. ഇപ്പോൾ ചെന്നാലും പത്തോളം ഫലവൃക്ഷങ്ങളിൽനിന്നു പഴങ്ങൾ പറിക്കാനാവും.‌

മക്കൾക്ക് നല്ല ചാമ്പങ്ങ തിന്നാൻ കഴിയണമെന്ന ആഗ്രഹത്തോടെ, മുറ്റത്ത് സ്ഥാപിച്ച  ഡ്രമ്മിൽ ഒരു നാടൻ ചാമ്പ നട്ടുവളർത്തിയാണ് തുടക്കം. പിന്നാലെ  മുന്തിരിയും നട്ടു. രണ്ടും നല്ല രീതിയിൽ ഫലം നൽകിയതോടെ ഷിബുവിന് ഒരു കാര്യം വ്യക്തമായി– ശരിയായ പരിചരണം നൽകിയാൽ വിദേശപഴവർഗങ്ങളിൽ പലതും നാട്ടിൽ വിളയും. അങ്ങനെ ഒരു സ്വപ്നപദ്ധതിക്ക് തുടക്കമിട്ടു. വിവിധ നാടുകളിലും വിവിധ നഴ്സറികളിലും കണ്ടെത്തിയ ഫലവൃക്ഷങ്ങൾ ഓരോന്നായി പള്ളുരുത്തിയിലെ വീട്ടുവളപ്പിൽ എത്തിത്തുടങ്ങി. ഓരോ  തൈ എത്തിയപ്പോഴും  സ്ഥലമെവിടെ  എന്നു സംശയിച്ചു അയൽക്കാർ. എന്നാൽ പ്ലാസ്റ്റിക് ഡ്രമ്മുകളിൽ തൈകൾ നട്ട് ഒരടി അകലത്തിൽ നിരത്തി ഷിബു സ്ഥലപരിമിതി മറികടന്നു. 

shibu
ഇതെന്റെ പറുദീസ: ഷിബു കുടുംബാംഗങ്ങളോടൊപ്പം

ഷിബുവിന്റെ കൃഷിരീതികളും ശ്രദ്ധേയമാണ്. തീരദേശമായ പള്ളുരിത്തിയിൽ ഡ്രമ്മുകളിൽ നിറയ്ക്കാൻ മണ്ണ് കണ്ടെത്തുന്നതുതന്നെ ശ്രമകരമായ കാര്യം. പലപ്പോഴും വില നൽകി പൂഴി വാങ്ങുകയാണ് പതിവ്. അല്ലെങ്കിൽ  കാനകളിൽനിന്നു കോരി റോഡരികിലിട്ടിരിക്കുന്ന മണ്ണ് എടുക്കേണ്ടിവരും.  മലിനമായ ഈ മണ്ണ് മുറ്റത്ത് ഷീറ്റ് വിരിച്ചു നിരത്തിയശേഷം   പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കും. തുടർന്ന് കുമ്മായം കലർത്തി 5 ദിവസം  വെയിലത്തുണങ്ങും. മലിനമായ മണ്ണിലെ രോഗകാരികളായ സൂക്ഷ്മജീവികളെയും മറ്റും നശിപ്പിക്കുകയാണ് ലക്ഷ്യം.  തുടർന്ന് ഡ്രമ്മുകളിൽ ശേഖരിക്കുന്ന മണ്ണിൽ 3 ദിവസം വെള്ളമൊഴിക്കും. മണ്ണ് കഴുകി ശുദ്ധമാക്കുന്നതിനാണിതെന്ന് ഷിബു പറയുന്നു. കഴുകിയെടുത്ത മണ്ണിൽ വേപ്പിൻപിണ്ണാക്ക് ചേർത്ത് വീണ്ടും 5 ദിവസം വയ്ക്കും. രോഗ, കീടശല്യങ്ങളെ അകറ്റാൻ ഇതാവശ്യമാണ്. ഇത്രയും വിശദമായ തയാറെടുപ്പിനുശേഷമാണ് ചാണകപ്പൊടിയും  എല്ലുപൊടിയും കൂടി ചേർത്തശേഷം തൈകൾ നടുന്നത്

നടാനുള്ള തൈകൾ തിരഞ്ഞെടുക്കുന്നതിനും ഷിബു ഏറെ ജാഗ്രത കാണിക്കാറുണ്ട്. ഒരു പ്ലാവിൻതൈ വാങ്ങാൻ പോലും 15 നഴ്സറികളെങ്കിലും സന്ദർശിക്കുമെന്ന് അദ്ദേഹം പറയുന്നു. ബഡ് തൈകൾ ശരിയായി ചേർത്തൊട്ടിച്ചതാണോയെന്നും ഇലകൾക്കും തണ്ടിനുമൊക്കെ വേണ്ടത്ര കരുത്തുണ്ടോയെന്നുമൊക്കെ പരിശോധിക്കും. തൃശൂരും കോട്ടയത്തും പത്തനംതിട്ടയിലുമൊക്കെ പല  യാത്രകൾ നടത്തിയാണ് ഇത്രയും തൈകൾ കണ്ടെത്തിയത്. 

കോട്ടയത്ത് ഒരു വ്യക്തിയിൽനിന്നു വാങ്ങിയ, 5000 രൂപ വിലയുള്ള റൂബി റെഡ് ലോംഗനാണ് പെയിന്റിങ് തൊഴിലാളിയായ ഷിബുവിന്റെ തോട്ടത്തിലെ ഏറ്റവും വിലയേറിയ ഐറ്റം. ആയിരം രൂപയിലധികം വിലയുള്ള പല തൈകളും വാങ്ങിയിട്ടുണ്ടെന്നു പറയുന്ന ഷിബു മറ്റു ചെലവുകളെല്ലാം ഫലവൃക്ഷങ്ങൾക്കായി ഒഴിവാക്കിയിരിക്കുകയാണ്. കമ്പനികൂടലും സിനിമകാണലും ഹോട്ടൽഭക്ഷണവുമൊക്കെ ഒഴിവാക്കി ഈ ഏദൻതോട്ടത്തിൽ കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവഴിക്കുന്നതിലാണ് തന്റെ സന്തോഷമെന്നു ഷിബു. വിഷരഹിതപച്ചക്കറി പോലെ വിഷരഹിത പഴവർഗക്കൃഷിയും നഗരഭവനങ്ങളിൽ സാധ്യമാണെന്നു ഷിബു അഭിപ്രായപ്പെട്ടു. താൽപര്യമുള്ളവർക്ക് ഇതിനാവശ്യമായ സഹായങ്ങൾ നൽകാനും അദ്ദേഹം തയാറാണ്. ഇതിനകം പലർക്കും ഷിബു ഡ്രമ്മുകളിലെ ഫലവൃക്ഷത്തോട്ടം തയാറാക്കി നൽകിക്കഴിഞ്ഞു. 

ഫോൺ: 9847595909, 9846025557

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com