വീട്ടിലെ റമ്പുട്ടാന് ഞങ്ങളുടെ രണ്ടാമത്തെ മകളുടെ പ്രായം: നടൻ കൃഷ്ണകുമാർ

HIGHLIGHTS
  • വിളവെടുക്കേണ്ടത് എപ്പോൾ?
  • 70 ശതമാനം അബോർഷനുള്ള മരം
krishnakumar-1
SHARE

പഴങ്ങളോടുള്ള ഇഷ്ടം മൂലം പുരയിടത്തിൽ മുഴുവൻ റമ്പുട്ടാൻ നട്ടുപിടിപ്പിച്ച വ്യക്തിയാണ് നടൻ കൃഷ്ണകുമാർ. അടുത്തിടയ്ക്ക് മകൾ അഹാന തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച റമ്പുട്ടാൻ വിശേഷങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുപോലെതന്നെ ഒട്ടേറെ സംശയങ്ങളും അഹാനയുടെ വിഡിയോയുടെ താഴെ കമന്റായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ ആ സംശയങ്ങൾക്കുള്ള മറുപടിയായാണ് കൃഷ്ണകുമാർ തന്റെ യുട്യൂബ് ചാനലിൽ വിഡിയോയുമായി പ്രത്യക്ഷപ്പെട്ടത്.

റമ്പുട്ടാന്റെ ഒട്ടേറെ ഇനങ്ങൾ കൃഷ്ണകുമാറിന്റെ വീടിനു ചുറ്റും വളരുന്നു. ഇപ്പോൾ സീസൺ ആയതിനാൽ ഭൂരിഭാഗവും കായ്ച്ച് പഴുത്തുതുടങ്ങിയിട്ടുണ്ട്.

തങ്ങൾക്ക് റമ്പുട്ടാനോടുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് കൃഷ്ണകുമാർ പറയുന്നു. കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും രണ്ടാമത്തെ മകൾ ദിയയുടെ പ്രായമുണ്ട് ഇവരുടെ റമ്പുട്ടാൻ പ്രണയത്തിന്. രണ്ടാമത്തെ മകൾ ദിയയെ സിന്ധു ഗർഭംധരിച്ചിരുന്ന സമയത്ത് തിരുവനന്തപുരം പട്ടത്തുവച്ച് ഇതുവരെ കാണാത്ത തരം പഴം ശ്രദ്ധയിൽപ്പെ‌‌ടുകയും സിന്ധുവിന്റെ നിർബന്ധപ്രകാരം വാങ്ങുകയുമായിരുന്നു. 1998ലായിരുന്നു അത്. വീട്ടിലെത്തി മുള്ളുപോലുള്ള തൊലി കളഞ്ഞ് പഴം കഴിച്ചപ്പോൾ ഇഷ്ടപ്പെട്ടു. കുരു കളയുകയും ചെയ്തു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുരു മുളച്ചുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അത് പിന്നീട് പറിച്ചു നട്ട് വളർത്തിയെടുക്കുകയായിരുന്നു. അന്ന് തങ്ങൾ അമ്പലമുക്കിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു.

krishnakumar-3

രണ്ടു മൂന്നു വർഷത്തിനുശേഷം പുതിയ വീടുവച്ച് മരുതുംകുഴിയിലേക്ക് താമസം മാറിയപ്പോൾ വളർന്നുവന്ന റമ്പുട്ടാൻ മരങ്ങളും കൊണ്ടുവന്നു. മൂന്നു മരങ്ങളായിരുന്നു ഉണ്ടായിരുന്നത്. രണ്ടെണ്ണം ഇപ്പോഴും ഏറ്റവും വലിയ മരങ്ങളായി നിൽക്കുന്നു. അതിനൊപ്പമുണ്ടായിരുന്ന ഒരെണ്ണം ചട്ടിയിലാണ് വച്ചത്. അത് പ്രൂൺ ചെയ്ത് നിർത്തുന്നു. പിന്നീട് ഒട്ടേറെയിനം റമ്പുട്ടാൻ ഉണ്ടെന്നു മനസിലാക്കി അവയുടെ തൈകൾ വാങ്ങി പറമ്പിൽ എത്തിച്ചു. 

തങ്ങൾ ആദ്യം ചെയ്തപോലെ റമ്പുട്ടാന്റെ വിത്തു നട്ട് വളർത്താൻ ശ്രമിക്കരുതെന്നാണ് കൃഷ്ണകുമാർ പ്രേക്ഷകർക്കു നൽകുന്ന നിർദേശം. റമ്പുട്ടാനിൽ ആൺ, പെൺ വ്യത്യാസം ഉള്ളതുതന്നെ കാരണം. കുരു മുളപ്പിച്ചു വളർത്തി വർഷങ്ങൾ കാത്തിരുന്ന് അത് ആൺമരം ആണെന്ന് തിരിച്ചറിയുമ്പോൾ വലിയ നിരാശയാണ് സമ്മാനിക്കുക. അതുകൊണ്ടുതന്നെ, ബഡ്ഡ് ചെയ്ത തൈകൾ വാങ്ങിക്കണം. മാത്രമല്ല ഭൂമിയിൽ നട്ടെങ്കിൽ, അതും നല്ല വെയിൽ ലഭിക്കുന്നിടത്ത് നട്ടാൽ മാത്രമേ മികച്ച വിളവ് ലഭിക്കുകയുള്ളൂവെന്നും കൃഷ്ണകുമാർ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.

വളപ്രയോഗം

പ്രധാനമായും വിളവെടുത്തു തുടങ്ങിയ മരങ്ങൾക്കാണ് വളപ്രയോഗം നടത്തുക. വിളവ് കഴിഞ്ഞതിനുശേഷം മരങ്ങൾ പ്രൂൺ ചെയ്യും. അതിനുശേഷം ചാണകപ്പൊടി പ്രധാന വളമായി നൽകും. മൂന്നു വയസിനു മുകളിൽ പ്രായമുള്ള ചെടിയാണെങ്കിൽ 5–10 കിലോ ചാണകപ്പൊടിയാണ് നൽകുക. നൈട്രജനും ഫോസ്ഫറസും റമ്പുട്ടാന് ആവശ്യമുള്ളതിനാൽ ചാണകപ്പൊടിക്കൊപ്പം ഒരു കിലോ രാജ്ഫോസും ചേർക്കും. ഒരു മാസം കഴിയുമ്പോൾ ചെടിയുടെ പ്രായം അനുസരിച്ച് എൻപികെ ഇട്ടുകൊടുക്കും. മൂന്നു വർഷം പ്രായമായതിന് 250 ഗ്രാം എൻപികെ മതി. ഇതിനുശേഷം രണ്ടു മാസം കഴിയുമ്പോൾ പൊട്ടാഷ് നൽകും. അതും വലുപ്പം അനുസരിച്ചുതന്നെയാണ് നൽകുന്നത്. മൂന്നു വർഷം പ്രായമുള്ളതിന് 250 ഗ്രാം മതിയാകും. പ്രായം കൂടുന്തോറും എൻപികെയുടെയും പൊട്ടാഷിന്റെയും അളവിൽ മാറ്റം വരുത്തണം. വളം നൽകുന്ന സമയത്ത് നനയും ആവശ്യമാണ്.

പൂക്കുന്നതിനു തൊട്ടു മുൻപ് നന നിർത്തും. അത് പൂവിടാൻ മരങ്ങളെ സഹായിക്കും. അതുപോലെ പൂവിട്ടുകഴിഞ്ഞാൽ നല്ല നനയും ആവശ്യമാണ്. 

krishnakumar

വിളവെടുക്കേണ്ടത് എപ്പോൾ?

നാല് അവസ്ഥകളാണ് റമ്പുട്ടാനുള്ളത്. ആദ്യം പച്ച, പിന്നെ മഞ്ഞ, പിന്നെ ചുവപ്പ് എന്നിങ്ങനെയാണ് ആദ്യ മൂന്നു വളർച്ചാഘട്ടം. മൂന്നാം ഘട്ടത്തിനുശേഷം കായയുടെ പുറത്തെ മുള്ളുപോലുള്ള ഭാഗവും ചുവപ്പിലേക്കെത്തുമ്പോൾ വിളവെടുക്കാം. ഈ സമയത്താണ് പഴത്തിന് മധുരവും തൂക്കവും ഉള്ളിലെ കാമ്പിന് ഉറപ്പും ഉണ്ടാവുക. 

പഴക്കുല മുറിച്ചെടുക്കുമ്പോൾ കുലയിൽനിന്ന് അര അടിയെങ്കിലും അകലെവച്ച് മുറിക്കാം. അടുത്ത തവണ ഇവിടെനിന്ന് പുതിയ ശിഖരങ്ങൾ പൊട്ടും. 

krishnakumar-2

70 ശതമാനം അബോർഷനുള്ള മരം

റമ്പൂട്ടാൻ പൂക്കുന്ന സമയത്ത് പലർക്കും അനുഭവപ്പെടാറുള്ള പ്രശ്നമാണ് പൂക്കൾ പൊഴിഞ്ഞു പോകുക എന്നത്. എന്നാൽ, ഇത് സ്വാഭാവികമാണെന്ന് കൃഷ്ണകുമാർ പറയുന്നു. ഏതാണ് 70 ശതമാനത്തോളം അബോർഷനുള്ള ഫലവൃക്ഷമാണ് റമ്പുട്ടാനെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്. കായ പിടിച്ചാലും പൊഴിച്ചിലുണ്ടാവാറുണ്ട്. അത് നമുക്ക് തടയാനാകുമെന്നും കൃഷ്ണകുമാർ പറയുന്നു. ഇതിനായി സൾഫേറ്റ് ഓഫ് പൊട്ടാഷ് വാങ്ങി 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് 20 ദിവസത്തെ ഇടവേളയിൽ മൂന്നു തവണ തളിച്ചുകൊടുത്താൽ മതി. ഇതിനൊപ്പം മൈക്രോന്യൂട്രിയന്റുകൾ 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചുകൊടുക്കുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്താൽ കായ്പൊഴിച്ചിൽ നിൽക്കുമെന്ന് കൃഷ്ണകുമാർ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. 

English summary: Krishna Kumar's Rumbuttan Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA