ADVERTISEMENT

ഇതുവരെ നാം ഓണമുണ്ടതുപോലെയായിരിക്കില്ല ഇത്തവണയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാ വില്ല. ആഘോഷങ്ങളെല്ലാം മാറ്റി ആരോഗ്യസംരക്ഷണത്തിനുള്ള തീവ്രയത്നത്തിലാണ് മലയാളനാട്. അതു കൊണ്ടുതന്നെ ഓണസദ്യയെക്കുറിച്ചുള്ള പതിവ് വായ്ത്താരികൾക്കൊന്നും ഇവിടെ ഇടമില്ല. മറുനാടുകളില്‍ നിന്നു പച്ചക്കറി ആവശ്യത്തിനു കിട്ടുമോയെന്ന ആശങ്ക മാറ്റിവച്ച് സ്വന്തം മുറ്റത്തെയോ അയലത്തെയോ പച്ചക്കറികൾ മാത്രം മതി ഓണമുണ്ണാൻ എന്നു തീരുമാനിക്കുകയാവും ഇത്തവണ ബുദ്ധി. 

സ്വന്തം അടുക്കളത്തോട്ടമെന്നത് കേരളത്തിൽ ഏതു വീടിന്റെയും അടിസ്ഥാനഘടകമായി മാറിക്കഴിഞ്ഞു.   3 സെന്റിലായാലും 30 സെന്റിലായാലും മനസുവച്ചാൽ വീട്ടാവശ്യത്തിനു പച്ചക്കറി  ഉൽപാദിപ്പിക്കാനാകു മെന്നു തെളിയിച്ച ആയിരങ്ങൾ ഇന്നു കേരളത്തിലുണ്ട്. സ്ഥലമില്ലെന്ന പരാതിപോലെ തന്നെയാണ് സമയമില്ലെന്ന പരാതിയും. എന്നാല്‍ എത്ര സമയക്കുറവുള്ള വർക്കും ചുരുങ്ങിയ സമയത്തില്‍ അടുക്കളത്തോട്ടം നന്നായി പരിപാലിക്കുന്നതിനു സഹായകമായ സാങ്കേതിക മുന്നേറ്റം നടന്നുകഴിഞ്ഞു. നിശ്ചിത ഇടവേളകളിൽ പ്രവർത്തിക്കുന്ന തുള്ളിനന–ഫെർട്ടിഗേഷൻ സംവിധാനങ്ങൾ ലഭ്യമായ സാഹചര്യത്തിൽ അടുക്കളത്തോട്ടം പരിപാലിക്കാൻ സാധിക്കും. ദിവസം അര മണിക്കൂർപോലും വേണ്ടാ.   

എല്ലാ വീട്ടിലും അടുക്കളത്തോട്ടമുണ്ടാകാം. എന്നാൽ എല്ലാ അടുക്കളത്തോട്ടങ്ങളും ഒരേപോലെയാവില്ല.  ചിലർ അഞ്ചു സെന്റിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറി മറ്റു ചിലർ അരയേക്കറിൽനിന്നാവും കണ്ടെത്തുക. ചിലർ രണ്ടാഴ്ച കൊണ്ട് വിളവെടുപ്പ് അവസാനിപ്പിക്കുമ്പോൾ ചില അടുക്കളത്തോട്ടങ്ങളിൽ വർഷം മുഴുവൻ  ഉൽപാദനമുണ്ടാവും. ചിലര്‍ രണ്ടിനം മാത്രം നട്ടുവളർത്തുന്നത്രയും സ്ഥലത്ത് പത്തും പതിനഞ്ചും ഇനങ്ങൾ നന്നായി വളർത്തുന്നവരുമുണ്ട്. അടുക്കളയിലേക്കു വേണ്ട പച്ചക്കറി എന്നതിനപ്പുറം ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭ്യമാക്കാൻ  വൈവിധ്യമുള്ള പോഷകത്തോട്ടങ്ങൾ സ്ഥിരമായി പരിപാലിക്കേണ്ടതുണ്ട്. വ്യക്തമായ ധാരണയോടെ ശാസ്ത്രീയമായി  ആസൂത്രണം ചെയ്താൽ നിങ്ങളുടെ അടുക്കളത്തോട്ടത്തിലും ഇത് സാധ്യമാക്കാം. 

തൊടിയിലോ മുറ്റത്തോ മട്ടുപ്പാവിലോ നടാം

തൊടിയിൽ വേണ്ടത്ര ഇടം കണ്ടെത്താൻ കഴിയുമെങ്കിൽ അതുതന്നെ നല്ലത്.  അതിനു സാഹചര്യമില്ലെങ്കില്‍ മുറ്റത്തും മട്ടപ്പാവിലുമൊക്കെ ഇടം കണ്ടെത്താം. എവിടെയായാലും സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാനം. തുറസായ പ്രദേശത്ത് കുറഞ്ഞത് 6 മണിക്കൂർ വെയിൽ ലഭിക്കുന്ന, വെള്ളക്കെട്ടില്ലാത്ത സ്ഥലമാണ് അടുക്കളത്തോട്ടത്തിനു യോജ്യം. നനയ്ക്കാനും അനുദിന പരി പാലനത്തിനുമുള്ള സൗകര്യവും നോക്കണം.

തൊടിയിൽ കൃഷിത്തോട്ടമൊരുക്കുന്നതിനു മുന്നോടിയായി നന്നായി കിളച്ച് മണ്ണിളക്കണം. കേരളത്തിൽ പൊതുവെ അമ്ലത കൂടിയ മണ്ണായതിനാൽ  കുമ്മായം അഥവാ ഡോളമൈറ്റ് ചേർക്കുന്നത് ഭാവിയിൽ വളപ്രയോഗത്തിന്റെ ഫലം മെച്ചപ്പെടുത്തും. സെന്റിന് 2 കിലോ  കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കു ശേഷം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി വിത്തോ തൈയോ നടാം. മുറ്റത്തും മട്ടുപ്പാവിലും ഇടം കണ്ടെത്തുന്നവർക്ക് ചട്ടിയിലോ ഗ്രോബാഗിലോ പച്ചക്കറി നട്ടുവളര്‍ത്താം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിന്റ് പാട്ടകൾ, തെര്‍മോകോള്‍, മീൻപെട്ടി, ടയര്‍ എന്നിവയും ഉപയോഗിക്കാം. നടീല്‍മിശ്രിതം  തയാറാക്കാന്‍ രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരിച്ചോർ എന്നിവ കൂട്ടിക്കലർത്തണം. 

‌എന്തു നടണം, എങ്ങനെ നടണം

വേണ്ടത്ര സ്ഥലസൗകര്യമുണ്ടെങ്കിൽ മൂന്നിലൊരു ഭാഗം പഴവർഗങ്ങൾക്കും, മുരിങ്ങ, കറിവേപ്പ് മുതലായ ദീർഘകാല പച്ചക്കറികൾക്കുമായി നീക്കിവയ്ക്കാം. സ്ഥലലഭ്യതയനുസരിച്ച് ചാമ്പ, പേര,  വാഴ,  പപ്പായ, പൈനാപ്പിൾ, കാരംബോള, നെല്ലി, ചൈനീസ് ഓറഞ്ച്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, മൾബറി, ആത്തച്ച‌ക്ക ഇനങ്ങൾ,  ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പഴവര്‍ഗങ്ങള്‍ നടാം.  ചെറുമരങ്ങൾക്ക് ഇടവിളയായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, മാങ്ങായിഞ്ചി, കപ്പ,  കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്താൽ പരമാവധി സ്ഥലവിനിയോഗമാകും.

ബാക്കി സ്ഥലം ചെറിയ പ്ലോട്ടുകളായി തിരിച്ച് മറ്റു പച്ചക്കറികൾ നടാം. പച്ചക്കറികൾ സീസണനുസരിച്ചു കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. അമര, ചതുരപ്പയർ മുതലായവ ഇപ്പോൾ നട്ടാൽ ഡിസംബർ–ജനുവരി മാസങ്ങളിൽ പൂവിടും. കിഴങ്ങുവർഗങ്ങളും, ഇഞ്ചി, മഞ്ഞൾ എന്നിവയും വർഷകാലാരംഭത്തിലാണ് നടേണ്ടത്. ഒക്ടോബർ–നവംബർ മാസങ്ങൾ തക്കാളി, കാബേജ്, കോളിഫ്ലവർ, സാലഡ് വെള്ളരി, വള്ളിപ്പയർ, പടവലം, തണ്ണിമത്തൻ, വെള്ളരി എന്നിവയുടെ കൃഷിക്ക് യോജ്യമാണ്. ജനുവരി–ഫെബ്രുവരി മാസത്തിൽ വേനൽവിളകളായ ചുവന്ന ചീര, പയർ, കണിവെള്ളരി, മത്തൻ, കുമ്പളം എന്നിവയാണ് നടേണ്ടത്.‌ ഏപ്രിൽ–മേയ് മാസങ്ങളിൽ വെണ്ട, പയർ, മുളക്, വഴുതന, മത്തൻ, കുമ്പളം, പച്ചച്ചീര, പാവൽ എന്നിവ നട്ടാൽ ഓഗസ്റ്റ്–സെപ്റ്റംബർ കാലങ്ങളിൽ വിളവെടുക്കാം. 

പയറും ചീരയും വർഷം മുഴുവൻ കൃഷി ചെയ്യാമെങ്കിലും മഴക്കാലത്ത് മഴമറയ്ക്കുള്ളിൽ കൃഷി ചെയ്യുന്ന താണ് ഉചിതം. അമര, ചതുരപ്പയർ തുടങ്ങിയവ മഴക്കാലത്താണ് നടേണ്ടതെങ്കിലും കുറ്റി അമര വർഷം മുഴുവൻ നടാം. വഴുതന, മുളക്, വെണ്ട എന്നിവ മേയ്–ജൂൺ  മാസങ്ങളിൽ നടുന്നതാണ് നല്ലത്.  ഒരു സ്ഥലത്ത് ഒരേ വിളകൾ തുടർച്ചയായി നടുന്നത് ഒഴിവാക്കണം.

സ്വന്തമായി ജൈവവള നിര്‍മാണം, വളമിടീല്‍, ജൈവ കീടനിയന്ത്രണരീതികള്‍, അടുക്കളത്തോട്ടത്തിലെ 15 തെറ്റു ശരിയും എന്നിവയുള്‍പ്പെടെ പരിപാലനത്തിന്റെ വിശദവിവരങ്ങള്‍ കര്‍ഷകശ്രീ ഓഗസ്റ്റ് ലക്കത്തില്‍ വായിക്കാം. കൃഷിവകുപ്പിന്റെ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിപ്രകാരം ചീര, വെണ്ട, പയര്‍ എന്നിവയുടെ വിത്തുപായ്ക്കറ്റ് ഈ ലക്കത്തിനൊപ്പം സൗജന്യമായി ലഭിക്കും.

English summary: Onathinu Oru Muram Pachakkari

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com