പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കൃഷി ചെയ്യാനായിരുന്നു കൊല്ലം കരുനാഗപ്പള്ളി സ്വദേശി കവറാട്ട് ബിജു ജലാലി (40) ന്റെ തീരുമാനം. അതിന്റെ മുന്നോടിയായി വീടിന്റെ ടെറസിൽ കൃഷി ആരംഭിച്ചു. കുറച്ചുദിവസം കൊണ്ടുതന്നെ ടെറസിലെ കൃഷിയുടെ പ്രശ്നങ്ങൾ തലവേദനയാകാൻ തുടങ്ങി.
ടെറസിൽ വെള്ളം നിന്നു ചോർച്ച സംഭവിക്കുക, ഉറുമ്പുകളുടെ ശല്യം, കായീച്ചയുടെയും വെള്ളീച്ചയുടെയും ശല്യം, കൃത്യമായി നനയ്ക്കേണ്ടതുകൊണ്ടു വീട്ടിൽ നിന്നു മാറിനിൽക്കാൻ പറ്റാതെയാകുക എന്നിങ്ങനെ പലതരം പ്രശ്നങ്ങൾ. ഇതു തന്റെ മാത്രം പ്രശ്നമല്ലെന്നു കണ്ടപ്പോഴാണു ബിജു പുതിയൊരു കാര്യം അന്വേഷിക്കാൻ തുടങ്ങിയത്.
ഈ പ്രശ്നങ്ങളൊന്നുമില്ലാതെ എങ്ങനെ ടെറസിൽ കൃഷി ചെയ്യാമെന്ന അന്വഷണം ബിജുവിനെ കൊണ്ടെത്തിച്ചത് ഒരു സംരംഭകനിലാണ്. ഇഷ്ടംപോലെ കൊണ്ടുനടക്കാവുന്ന തുള്ളിനന സംവിധാനം കണ്ടെത്തി ബിജു ഇപ്പോൾ പ്രവാസകാലത്തേക്കാൾ സമ്പാദിക്കുന്നു.
ആർക്കും എളുപ്പം അഞ്ചു മിനിറ്റുകൊണ്ട് ടെറസിലോ മുറ്റത്തോ ഈ തിരിനന സംവിധാനം ഘടിപ്പിക്കാനാവും. നിലവിൽ ഉള്ള തിരിനന സംവിധാനത്തിൽ നിന്നു വ്യത്യസ്തമാണിത്. നിലവിൽ പൈപ്പ് സ്ഥായിയായി ഘടിപ്പിച്ച് അതിനു മുകളിലാണ് ഗ്രോ ബാഗ് വച്ച് തിരിനന ഒരുക്കുന്നത്. എന്നാൽ ബിജുവിന്റെ കണ്ടെത്തലിൽ തിരിനന സംവിധാനം എപ്പോൾ വേണമെങ്കിലും എടുത്തുമാറ്റാം.

തിരിനന ഒരുക്കുന്നത്...
ചെറിയ ജലസംഭരണി, ഗ്രോബാഗ് അല്ലെങ്കിൽ ചെടിചട്ടി ട്രേ, തിരി, പിവിസി പൈപ്പ്, സെറ്റ് എൻട് ക്യാപ് എന്നിവയാണു വേണ്ടത്. ജലസംഭരണികളുമായി പിവിസി പൈപ്പുകൾ ഘടിപ്പിച്ച് ജലം നിറച്ച് അതിനു മുകളിൽ ട്രേ നിരത്തി ചട്ടിയോ ഗ്രോ ബാഗോ വച്ച് തിരി ഘടിപ്പിച്ചു മണ്ണു നിറയ്ക്കാം. 100 കിലോഗ്രാം ഭാരം വരെയുള്ള പാത്രങ്ങൾ ഈ ട്രേയ്ക്കു മുകളിൽ വച്ചു കൃഷി ചെയ്യാം.
ജലസംഭരണിയുടെ മുകളിലെ ട്രേയിൽ അരികിൽ വെള്ളം ഉള്ളതിനാൽ ഉറുമ്പുകളുടെ ശല്യമുണ്ടാകില്ല. ജലസംഭരണിക്കു മുകളിൽ പ്രാണികൾ കയറാത്ത വലകൾ ഘടിപ്പിക്കുന്ന സംവിധാനത്തിലൂടെ കീടങ്ങളെയും അകറ്റാം. സംഭരണിയിൽ ആദ്യം വെള്ളം നിറച്ചാൽ പിന്നീട് രണ്ടാഴ്ച കൂടുമ്പോൾ മാത്രം വെള്ളം നിറച്ചാൽ മതി. കൃഷി തുടങ്ങിയാൽ കീടങ്ങളുടെയൊന്നും ശല്യമുണ്ടാകില്ലെന്നർഥം. കൃഷി സ്ഥലം മാറ്റുമ്പോഴോ താമസം മാറ്റുമ്പോഴോ തിരിനന സംവിധാനം കൊണ്ടുപോകാൻ സാധിക്കും.
ബിജുവിന്റെ ഫോൺ: 9847475673
English summary: Drip Irrigation for Terrace Garden