അടുക്കളത്തോട്ടത്തിന് ഒരുക്കാം ജൈവസംരക്ഷണം

HIGHLIGHTS
  • നടീൽ മിശ്രിതം തയാറാക്കുമ്പോൾ മുതൽ ശ്രദ്ധ വേണം
  • ചെറുതായി കീറിയെടുത്ത ചകിരി, കരിയില എന്നിവ അടിയിൽ നിറയ്ക്കണം
vegetable
SHARE

അടുക്കളത്തോട്ടം ഒരുക്കുന്നത് ഗ്രോബാഗുകളിലാണോ? എങ്കിൽ നടീൽ മിശ്രിതം തയാറാക്കുമ്പോൾ മുതൽ ശ്രദ്ധ വേണം. മണ്ണ്, മണൽ/ചകിരിച്ചോർ കമ്പോസ്റ്റ്/ ലവണാംശം കഴുകിക്കളഞ്ഞ പാറപ്പൊടി, ചാണകപ്പൊടി ഇവ തുല്യ അനുപാതത്തിൽ ചേർത്ത് നടീൽ മിശ്രിതം തയാറാക്കാം. ചെറുതായി കീറിയെടുത്ത ചകിരി, കരിയില എന്നിവ അടിയിൽ നിറയ്ക്കണം. 

ഇതോടൊപ്പം അടിവളമായി 100 ഗ്രാം എല്ലുപൊടി/50 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 10 മുതൽ 20 ഗ്രാം വരെ വേപ്പിൻ പിണ്ണാക്ക്, 20 ഗ്രാം കുമ്മായം/ഡോളോമൈറ്റ് എന്നിവ ചേർക്കാം. ട്രൈക്കോഡർമ ഒരു ഗ്രോബാഗിന് 20 ഗ്രാം  ചേർക്കാം. 

പുരയിടങ്ങളിൽ കൃഷി ചെയ്യുമ്പോൾ നീർവാർച്ചയ്ക്ക് ഉതകുന്ന വിധം കൂനകളിലോ വരമ്പുകളിലോ വേണം ചെടികൾ നടാൻ. സെന്റൊന്നിന് 2 കിലോഗ്രാം കുമ്മായം ചേർത്ത് 15 ദിവസം നനച്ചു കൊടുത്ത  നിലത്ത്   80–100 കിലോ ജൈവ വളം ചേർത്തതിനു ശേഷം വേണം തൈകൾ നടാൻ.

വിത്തിടുമ്പോൾ തന്നെ രോഗപ്രതിരോധശേഷി നേടേണ്ടത് അത്യാവശ്യമാണ്. വിത്തുകൾ പരമാവധി 12 മണിക്കൂർ നേരം സ്യൂഡോമൊണാസ് ഫ്ലൂറസൻസ് (20ഗ്രാം ഒരു ലീറ്റർ) ലായനിയിൽ മുക്കി വച്ചതിനു ശേഷം നടാം. തൈകളാണെങ്കിൽ 15 മിനിറ്റ് നേരം ഈ ലായനിയിൽ മുക്കിവയ്ക്കണം.

ജൈവവളക്കൂട്ടുകളും  കീടനാശിനികളും

രോഗങ്ങളെയും കീടങ്ങളെയും  പ്രാരംഭ ദശയിൽ തന്നെ നിയന്ത്രിച്ചാൽ ജൈവമാർഗത്തിലൂടെ വിഷരഹിതമായ അടുക്കളത്തോട്ടം നിലനിർത്താൻ സാധിക്കും.  

വീട്ടിൽ തന്നെ തയാറാക്കാവുന്ന ജൈവവളക്കൂട്ടുകൾ.

  • ചാണക സ്ലറി

പച്ചച്ചാണകം 1 കിലോ ഗ്രാം, 1 കിലോ ഗ്രാം കടലപ്പിണ്ണാക്ക്, അര കിലോ വേപ്പിൻപിണ്ണാക്ക് എന്നിവ ഒരു ലീറ്റർ ഗോമൂത്രത്തിൽ കലക്കി 5 ദിവസം വായു കടക്കാതെ അടച്ചുവച്ചതിനു ശേഷം 9 ഇരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് ആഴ്ചയിലൊരിക്കൽ ചെടികളുടെ ചുവട്ടിൽ വളമായി ഒഴിച്ചു കൊടുക്കാം.

  • ഫിഷ് അമിനോ ആസിഡ്

ഒരു കിലോ ഗ്രാം മത്തി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു കിലോ ശർക്കരയും ചേർത്തു നന്നായി ഇളക്കി ഒരു മൺകലത്തിൽ 10 ദിവസം അടച്ചു സൂക്ഷിക്കുക. 10 ദിവസം കഴിയുമ്പോൾ മിശ്രിതം തവിട്ടു നിറത്തിലുള്ള കൊഴുത്ത ദ്രാവകമായി പരുവപ്പെടും.

ഇത് 5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചെടികളുടെ ഇലകളിൽ ആഴ്ചയിലൊരിക്കൽ വളമായി തളിക്കാം. നീരൂറ്റികുടിക്കുന്ന പ്രാണികൾക്കെതിരെ  ജൈവകീടനാശിനിയായി ഉപയോഗിക്കുമ്പോൾ 20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് കൊടുക്കാം.

ജൈവ കീടനിയന്ത്രണം

മണ്ഡരി, മുഞ്ഞ, പച്ചത്തുള്ളൻ, വെള്ളീച്ച, ചാഴി, തുടങ്ങിയ പ്രാണികളുടെ ആക്രമണം നേരിടാൻ ചുവടെ പറയുന്ന ജൈവ നിയന്ത്രണ മാർഗങ്ങളിൽ ഏതെങ്കിലുമൊന്ന് ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിൽ പ്രയോഗിക്കാം.

  • വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം

ഒരു ലീറ്റർ ഇളം ചൂടു വെള്ളത്തിൽ 5 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ച് ഇതിൽ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേർക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ഇതിൽ ചേർത്തു നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് ഇലകളുടെ രണ്ട് വശത്തും തളിച്ച് കൊടുക്കുക. നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഇത് ഫലപ്രദമാണ്.

  • വേപ്പെണ്ണ എമൽഷൻ

60 ഗ്രാം ബാർ സോപ്പ് അര ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി ഒരു ലീറ്റർ വേപ്പെണ്ണയിൽ ചേർത്തിളക്കി പത്തിരട്ടി വെള്ളത്തിൽ ചേർത്ത് പയറിനെ ആക്രമിക്കുന്ന ചിത്ര കീടം, ഇലപ്പേൻ എന്നിവയ്ക്കെതിരെ തളിക്കാം.

  • ഗോമൂത്രം – കാന്താരിമുളക് മിശ്രിതം

ഒരു കൈനിറയെ കാന്താരി മുളകരച്ച് ഒരു ലീറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ച് ചേർത്തിളക്കണം. ഈ മിശ്രിതം 10 ലീറ്റർ വെള്ളം ചേർത്തു നേർപ്പിച്ച് അരിച്ചെടുത്ത് മൃദുല ശരീരികളായ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം.

  • പുകയിലക്കഷായം

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാൽ ലീറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വയ്ക്കുക. അതിനു ശേഷം പുകയിലക്കഷണങ്ങൾ പിഴിഞ്ഞ് ചണ്ടി മാറ്റുക. 60 ഗ്രാം ബാർ സോപ്പ് ചെറിയ കഷണങ്ങളാക്കി കാൽ ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. 

ഈ ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്തു ചെടികളിൽ തളിക്കാം. മുഞ്ഞ, മീലിമൂട്ട, ഇലതീനിപ്പുഴുക്കൾ, ശൽക്ക കീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാം.

  • പപ്പായ ഇല സത്ത്

100 മില്ലി ലീറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ട് വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടി പിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാലിരട്ടി വെള്ളം ചേർത്തു തളിക്കാം. ഇലതീനി പുഴുക്കളെ അകറ്റാൻ ഫലപ്രദമാണ്.

  • കായീച്ച കെണി 

വെള്ളരി വർഗ വിളകളിൾ കാണപ്പെടുന്ന കായീച്ചയെ നിയന്ത്രിക്കുന്നതിന് ഫിറമോൺ കെണി 15 സെന്റിന് ഒന്ന് എന്ന കണക്കിൽ വയ്ക്കുക. ഇത് ആൺ ഈച്ചകളെ നിയന്ത്രിക്കും. പെണ്ണീച്ചകളെ നിയന്ത്രിക്കാൻ പഴക്കെണി, തുളസിക്കെണി എന്നിവ ഉപയോഗിക്കാം. 

മേൽപറഞ്ഞവയെല്ലാം ആഴ്ചയിലൊരിക്കൽ കൃത്യതയോടുകൂടി ആവർത്തിച്ചാൽ നിങ്ങളുടെ അടുക്കളത്തോട്ടത്തിനു ജൈവകവചമായി.

തയാറാക്കിയത്: ഡോ. കെ. ബിനി, ഡോ. അനു ജി. കൃഷ്ണൻ,  ലിസ് ജെ. മമ്പള്ളിൽ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം. ഫോൺ: 9496794723, 9447467714.

English summary: Organic Fertilizers and Pesticides

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA