ADVERTISEMENT

മണ്ണില്ലാതെ കൃഷി ചെയ്യാനുള്ള മാർഗങ്ങൾ പലതുണ്ട് ഹൈടെക് കൃഷിയിൽ; ഹൈഡ്രോപോണിക്സും എയ്റോപോണിക്സുമൊക്കെ ഉദാഹരണങ്ങൾ. എന്നാൽ, ചാത്തന്നൂരിലെ മണ്ണില്ലാക്കൃഷി ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. മണ്ണിനു പകരം പാഴ്ക്കടലാസുകൾ പ്രയോജനപ്പെടുത്തിയുള്ള ലളിതമായ കൃഷിമാർഗമാണത്. പഴയ പത്രക്കടലാസുകളോ അലക്ഷ്യമായി വലിച്ചെറിയുന്ന കടലാസു കഷണങ്ങളോ ഒക്കെ പച്ചക്കറിക്കൃഷിക്കു പ്രയോജനപ്പെടുന്ന പ്രകൃതിസൗഹൃദ രീതി. കടലാസുതുണ്ടുകളും ജൈവവളവും മാത്രം ചേർന്ന നടീൽമിശ്രിതത്തിൽ വളരുന്ന പച്ചക്കറികളുടെ വിളവിന്റെ കാര്യത്തിലും സംശയം വേണ്ട; ഒന്നാന്തരം പ്രകടനം. എന്നു മാത്രമല്ല മറ്റെല്ലാ ഗ്രോബാഗ് കൃഷിമാർഗത്തെക്കാളും ഒരുപടി മുന്നിൽ. തിരിനന കൂടി ചേരുന്നതോടെ കൃഷിക്കുള്ള അധ്വാനവും നന്നേ കുറവ്.

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കൃഷി ഓഫീസറായിരിക്കെ മൂന്നു കൊല്ലം മുമ്പ് മനസിലെത്തിയ ആശയം. ഇന്നത് തെക്കൻ ജില്ലകളിൽ പലയിടത്തും പരീക്ഷിക്കപ്പെടുകയും പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. ചാത്തന്നൂർ കൃഷി ഓഫീസർ എം.എസ്. പ്രദീപിന്റെയും സഹപ്രവർത്തകരുടെയും ഉത്സാഹത്തിൽ ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന്റെ മട്ടുപ്പാവിൽ നാനൂറു ഗ്രോബാഗുകളിലായി ചീരയും വെണ്ടയും വഴുതനയും പച്ചമുളകും തക്കാളിയും തലയുയർത്തി നിൽക്കുന്നതും ഈ മണ്ണില്ലാക്കൃഷിയുടെ കരുത്തിൽ. 

newspaper-farming
പാഴ്‌വസ്തുക്കൾ ഗ്രോബാഗിൽ നിറയ്ക്കുന്നു

മണ്ണിനു പകരം കടലാസ്

പഴയ പത്രക്കടലാസ് അതല്ലെങ്കിൽ മറ്റു പാഴ്ക്കടലാസുകൾ, ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ്, കുമ്മായം അല്ലെങ്കിൽ ഡോളോമേറ്റ് എന്നിവയാണ് ഗ്രോബാഗിലേക്കു വേണ്ട ചേരുവകൾ. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, ഗ്രോബാഗിൽ ഒഴിക്കുന്ന വെള്ളം ടെറസിലേക്ക് ഒഴുകിപ്പടർന്ന് ടെറസ് കേടാവാനുള്ള സാധ്യത ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ട് തിരിനനയാണ് ഈ മണ്ണില്ലാക്കൃഷിയുടെ നന മാർഗമായി സ്വീകരിച്ചിരിക്കുന്നത്. തിരിനനയ്ക്ക് സാധാരണ ഉപയോഗിക്കുന്നത് ഗ്ലാസ് വൂൾ കൊണ്ടുള്ള തിരിയെങ്കിൽ ഇവിടെ അതും വ്യത്യസ്തമാണ്. ഗ്ലാസ് വൂൾ കൈകാര്യം ചെയ്യുമ്പോൾ ചിലർക്കെങ്കിലും അലർജിയുണ്ടാവാറുണ്ട്. അതിനുപകരം തുണി കുഴൽപോലെ തയ്ച്ചെടുത്ത് അതിൽ നല്ല മുറുക്കത്തിൽ ചകിരിച്ചോർ നിറച്ച് മുകൾഭാഗവും ചേർത്ത് തയ്ചാണ് തിരിനിർമാണം.  

ഗ്രോബാഗ് കൃഷിയിൽ നന എളുപ്പമാക്കും തിരിനന രീതി. ഗ്രോബാഗിൽനിന്ന് അടിയിലേക്കു നീളുന്ന തിരി ഗ്രോബാഗ് സ്ഥാപിക്കുന്ന പൈപ്പ്ലൈൻ ചാനലിലൂടെ ഒഴുകുന്ന വെള്ളം വലിച്ചെടുത്ത് ചെടിക്കു നൽകുന്ന രീതിയാണിത്. പരിമിതമായ വെള്ളം മാത്രമെ തിരി വലിച്ചെടുക്കൂ എന്നതിനാൽ നനയിലെ ജലനഷ്ടം ഒഴിവാക്കാൻ ഈ രീതി സഹായകമാകും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പൈപ്പ്‌ലൈനിൽ വെള്ളം നിറച്ചാൽ മതിയെന്നതിനാൽ നിത്യവും നനയ്ക്കാനുള്ള അധ്വാനവും സമയവും ലാഭം. വെള്ളത്തിൽ അലിയുന്ന വളങ്ങൾ പൈപ്പ്ലൈനിൽ കലർത്തികൊടുക്കാമെന്നതും സൗകര്യം. ജീവാമൃതവും നേർപ്പിച്ച ഗോമൂത്രവും ആവശ്യമെങ്കിൽ വെള്ളത്തിൽ അലിയുന്ന രാസവളങ്ങളും ഈ ഫെർട്ടിഗേഷൻ ഈ രീതി വഴി ചെടിയ്ക്കു ലഭ്യമാക്കാം. 

ഗ്രോബാഗിന്റെ അടിഭാഗത്ത് ദ്വാരമിട്ട് ഈ തിരി കടത്തിയ ശേഷം കടലാസ് ഒരിഞ്ചുകനത്തിൽ നിറയ്ക്കുന്നു. പത്രക്കടലാസിന് കാര്യമായ വിലകിട്ടാത്തതുകൊണ്ട് മിക്ക വീടുകളിലും അത് മൂലയിൽ കിടപ്പുണ്ടാവും. അതെടുത്തു മടക്കു നിവർത്തി ഗ്രോബാഗിൽ ഇടാം. അതിനുമുകളിൽ ചാണകപ്പൊടി. വീണ്ടും ഒരിഞ്ചു കനത്തിൽ കടലാസ്. അതിനും മുകളിൽ ചകിരിച്ചോർ കമ്പോസ്റ്റ്. ഇങ്ങനെ ഗ്രോബാഗ് നിറയും വരെ ഒരോന്നു ലെയറുകളായി നിറയ്ക്കുന്നു. എറ്റവും മുകളിൽ ഡോളമെറ്റോ കുമ്മായമോ വിതറും. ഇങ്ങനെ നിറച്ച ഗ്രോബാഗുകൾ തിരിനനയ്ക്കായി സ്ഥാപിക്കുന്ന പിവിസി പൈപ്പ് ലൈനിന്റെ മുകളിൽ ക്രമീകരിക്കുന്നു.

newspaper-farming-3
തിരിനനയ്ക്കുള്ള തിരികൾ

നാലോ അഞ്ചോ ദിവസത്തിനു ശേഷം, പ്രോട്രെയിൽ മുളപ്പിച്ചെടുത്ത തൈകൾ ഗ്രോബാഗിലേക്കു നടാം. നട്ട് ആദ്യ നാലഞ്ചു ദിവസങ്ങൾ നേരിട്ടുതന്നെ നന നൽകാം. താമസിയാതെ നടീൽമിശ്രിതം അൽപം താഴേക്ക് ഒതുങ്ങും. അതിനുസരിച്ച് മുകളിൽ വീണ്ടും പാഴ്ക്കടലാസുകൾ പുതപോലെയിടുന്നു. 

പാഴ്ക്കടലാസ് നടീൽ മാധ്യമമാക്കുന്ന ഗ്രോബാഗുകളിൽ വെണ്ട, ചീര, തക്കാളി, മുളക്, വഴുതന, കാബേജ്, കോളിഫ്ളവർ എന്നിവയുടെ പ്രകടനം മികച്ചതെന്ന് ഷിബുകുമാർ. സാധാരണ ഗ്രോബാഗ് കൃഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടിരട്ടി വിളവുവരെ ലഭിച്ച അനുഭവങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. പത്രക്കടലാസ് മാത്രമല്ല, സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്നതുൾപ്പെടെ, നിത്യവും നാം ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന കടലാസുകൾ ചുരുട്ടിക്കൂട്ടി വലിച്ചെറിയാനോ കത്തിച്ചു കളയാനോ ഒരുമ്പെടും മുമ്പ് ഓർക്കുക, ആ പാഴ്ക്കടലാസുകളിൽ പച്ചപ്പിന്റെ സമൃദ്ധി ഒളിച്ചിരിപ്പുണ്ട്.

‘ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകൾ കൃഷിക്കാർ പങ്കുവയ്ക്കാറുണ്ട്. നഗരത്തിൽ താമസിക്കുന്നവർക്കു മണ്ണു ലഭിക്കാനുള്ള പ്രയാസം, മണ്ണു നിറച്ച ഗ്രോബാഗുകൾ ടെറസ്സിലെത്തിക്കുന്നതിന്റെ കഷ്ടപ്പാട്, മണ്ണിലൂടെ ചെടിക്കുണ്ടാകുന്ന രോഗങ്ങൾ അങ്ങനെ പല പ്രശ്നങ്ങൾ. മണ്ണിനു പകരം മുഖ്യ നടീൽ മാധ്യമമായി കടലാസ് വന്നതോടെ മേൽപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു’ – വി.എൻ. ഷിബുകുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ 

ഫോൺ: 7012430227 (വി.എൻ. ഷിബുകുമാർ)

English summary: Newspaper in veggie garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com