ADVERTISEMENT

1. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടർച്ചയായി കൃഷി ചെയ്യരുത്.

2. ഒരേ കുടുംബത്തിൽപ്പെടുന്ന വിളകൾ ഒന്നിച്ച് നടാതിരിക്കുക. ഉദാ: മുളക്, വഴുതന, തക്കാളി.

3. രോഗകീടങ്ങളെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇനങ്ങൾ, ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കണം.

4. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുവേണം പച്ചക്കറിക്കൃഷി. 

5. സാമ്പാർ ചീര, കാന്താരി, ചേന, ചേമ്പ്, കാച്ചിൽ, കൂവ, കോവൽ, മധുര ചീര എന്നിവ ചെറിയ തണലുള്ള ഭാഗത്ത് നടാം.

6. വിത്തു പാകുന്നതിനു മുൻപ് മണ്ണ് വെയിൽ കൊള്ളിച്ചോ തടത്തിൽ തീയിട്ടോ അണുവിമുക്തമാക്കുക.

7. സങ്കരയിനങ്ങളിൽനിന്ന് വിത്ത് ശേഖരിക്കാൻ പാടില്ല.

8. ഏറ്റവും അവസാനം ഉണ്ടാകുന്ന കായ്കൾ വിത്തിനെടുക്കരുത്.

9. ഗ്രോ ബാഗിൽ ആദ്യം പകുതിഭാഗം പോട്ടിങ് മിശ്രിതം നിറച്ചാൽ മതിയാകും. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു മിശ്രിതം ചേർത്തുകൊടുക്കണം.

10. മിശ്രിതം നിറയ്‌ക്കുമ്പോൾ ഗ്രോ ബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളി വച്ച് ചുവട് വൃത്താകൃതിയിലാക്കണം.

11. വിത്ത് നടുന്നതിന് മുൻപ് 12 മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കുന്നത് പെട്ടെന്ന് മുളയ്‌ക്കാൻ സഹായിക്കും.

12. ചെടികൾ ശരിയായ അകലത്തിൽ നടുന്നത് വായു തടസ്സമില്ലാതെ ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.

13. ആവശ്യമില്ലാത്ത ശാഖകൾ കോതിനിർത്തുക.

14. പച്ചക്കറികൾ നാലില പ്രായമാകുമ്പോൾ പറിച്ചു നടാം.

15. വൈകുന്നേരമാണ് തൈകൾ പറിച്ചു നടേണ്ടത്.

16. നീർവാർച്ച ഉറപ്പാക്കണം.

17. വിത്ത് തടത്തിലെ ഉറുമ്പ്‌ശല്യം ഒഴിവാക്കാൻ മഞ്ഞൾപ്പൊടി കറിക്കായം മിശ്രിതം ഉപയോഗിക്കണം.  

18. ആവശ്യാനുസരണം മാത്രം നനയ്‌ക്കുക.

19. വിത്തുകൾ റഫ്രിജറേറ്റിൽ സൂക്ഷിച്ചാൽ കിളിർപ്പ് ദീർഘകാലം നിലനിർത്താം.

20. നടുന്ന അവസരത്തിൽ 50–100 ഗ്രാം വേപ്പിൻപിണ്ണാക്ക് വിള അനുസരിച്ച് തടത്തിൽ ചേർക്കുക.

21. പയറുചെടികൾ മണ്ണിന്റെ ഫലഭൂയിഷ്‌ഠിത വർധിപ്പിക്കും.

22. പുതയിടുന്നത് മണ്ണിലെ ഈർപ്പാംശവും വളക്കൂറും നിലനിർത്താൻ സഹായിക്കും.

23. വളർച്ച അധികമായി എന്നു കണ്ടാൽ തലപ്പ് നുള്ളിക്കളയുന്നത് കൂടുതൽ ശിഖരങ്ങളുണ്ടാകാനും വിളവ് വർധിപ്പിക്കാനും കഴിയും.

24. കോവൽ, മുരിങ്ങയ്‌ക്ക എന്നിവയ്‌ക്ക് അധികം ജലം ആവശ്യമില്ല.

25. കഠിനമായ മഴയും ഈർപ്പവും തക്കാളിക്കൃഷിക്കു യോജിച്ചതല്ല.

26. പച്ച ചീരയും, ചുവന്ന ചീരയും ഇടകലർത്തി നടുന്നത് രോഗബാധ കുറയ്‌ക്കാൻ സഹായിക്കും.

27. ചീരയ്‌ക്ക് ജലസേചനം നടത്തുമ്പോൾ ഇലകളിൽ തളിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

28. വെണ്ട  മഴക്കാലത്തും കൃഷി ചെയ്യാൻ പറ്റിയ വിളയാണ്.

29. കോവൽ ചെടിയിൽ ആൺ–പെൺ വ്യത്യാസം ഉള്ളതിനാൽ മാതൃസസ്യത്തിന്റെ വള്ളികൾ മുറിച്ചാണ് തൈകൾ ഉൽപാദിപ്പിക്കേണ്ടത്.

30. ചീരയ്‌ക്ക് ചാരം അധികമായാൽ പെട്ടെന്ന് കതിർ വരാൻ കാരണമാകും.

31. മണ്ണിൽ നനവ് ഉറപ്പാക്കിയ ശേഷം ചെടിച്ചുവട്ടിൽ നിന്ന് അൽപം അകലം വിട്ടു വേണം വളമിടാൻ.

32. വളം ചേർത്ത് വേരിളക്കം തട്ടാതെ മണ്ണിളക്കി കൊടുക്കുന്നത് വേരോട്ടത്തിനും വളർച്ചയ്‌ക്കും സഹായിക്കും.

33. 10 ഗ്രാം ചാണകം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയതിന്റെ തെളി ചെടികളിൽ തളിക്കുന്നത് ഉത്തമമാണ്.

34. കടലപ്പിണ്ണാക്ക് കുതിർത്തതിന്റെ തെളി മണ്ണിലൊഴിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യം വർധിപ്പിക്കും.

35. ജൈവവളങ്ങൾ കൊണ്ട് ഉൽപാദിപ്പിക്കുന്ന കായ്കൾ കൂടുതൽ കാലം കേടുകൂടാതിരിക്കും.

36. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായം ചേർക്കണം.

37. കുമ്മായം ചേർക്കുമ്പോൾ ഇലകളിൽ വീഴാതെ ശ്രദ്ധിക്കണം. 

38. കുമ്മായം ചേർത്തു കഴിഞ്ഞ് ഒരാഴ്‌ച കഴിഞ്ഞേ രാസവളം ചേർക്കാവൂ. 

39. ജൈവകീടനാശിനികൾ രാവിലെയോ വൈകിട്ടോ വേണം പ്രയോഗിക്കാൻ.

40. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക.

41. പച്ചിലവളങ്ങൾ ഉപയോഗിക്കുന്നത് വിളവ് കൂടുന്നതിന് സഹായിക്കും.

42. ജൈവവളങ്ങളുടെ കൂടെ ട്രൈകോഡെർമ ചേർത്തു നൽകുക.

43. പച്ചക്കറികളുടെ ചുവട്ടിൽ അഴുകുന്ന ജൈവാവിശിഷ്‌ടങ്ങൾ ഇടരുത്.

44. ജീവാണുവളങ്ങൾ, മിത്രകുമിളുകൾ എന്നിവ ഉപയോഗിക്കുമ്പോൾ മണ്ണിൽ ഈർപ്പം ഉറപ്പാക്കുക.

45. ചീര വിളവെടുപ്പിന് പാകമാകുമ്പോൾ പിഴുതെടുക്കാതെ മുറിച്ചെടുത്തിട്ട് വളം ചേർത്തുകൊടുത്താൽ വീണ്ടും വിളവെടുക്കാം.

46. വൈറസ് രോഗം ബാധിച്ച ചെടികൾ ഉടൻതന്നെ പിഴുതുമാറ്റി നശിപ്പിക്കുക.

47. പാവൽ, പടവലം, വെള്ളരി, മത്തൻ ഇവ കൃഷി ചെയ്യുന്നത് രൂക്ഷമായ വേനൽക്കാലത്ത് ഒഴിവാക്കണം.

48. പാവൽ, പടവലം തുടങ്ങിയവയുടെ കായ്കൾ കൂടുകൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുക.

49. പയറിലോ, മുളകിലോ ഉറുമ്പിനെ കണ്ടാൽ മുഞ്ഞബാധ സംശയിക്കണം.

50. നേർപ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയിൽ സ്‌പ്രേ ചെയ്തും നീരൂറ്റികുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

51. മിശിറിൻകൂട് (നീറ്) ചെടികളിൽ വയ്‌ക്കുന്ന കീടനിയന്ത്രണത്തിന് സഹായിക്കും.

52. ബന്ദിച്ചെടികൾ വെണ്ടയ്‌ക്കൊപ്പം നടുന്നത് കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

53. രോഗകീടബാധയേറ്റ സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കുക. 

54. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ അവ തുരന്ന ഭാഗത്തിനു താഴ വച്ച് മുറിച്ചു നശിപ്പിച്ചുകളയുക.

55. മഞ്ഞക്കെണി / മഞ്ഞ കാർഡ് എന്നിവ തോട്ടത്തിൽ വച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം.

56. സൂര്യാസ്തമയത്തിനുശേഷം 8 മണിക്കകം വിളക്കു കെണികൾ വയ്‌ക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കും.

57. ജൈവകീടനാശിനി പ്രയോഗിക്കുമ്പോൾ തണ്ടിലും ഇലയുടെ അടിയിലും ചെടിയുടെ ചുവട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

58. ചാരം വിതറുന്നത് പൊട്ടാഷ് ലഭിക്കാനും കീടശല്യം കുറയ്‌ക്കാനും സഹായിക്കും.

59. ജൈവകീടനാശിനികൾ ഇടവിട്ട് തളിക്കുന്നതു കീടങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

60. ഗോമൂത്രം നാലിരട്ടി വെള്ളം ചേർത്തു വിളകൾക്ക് ആഴ്‌ചയിലൊരിക്കൽ തളിക്കുന്നതു കീടങ്ങളെ അകറ്റും.

61. 20 ഗ്രാം സുഡോമോണസ് ഒരു ലീറ്റർ  വെള്ളത്തിൽ എന്ന കണക്കിൽ 15 ദിവസം ഇടവിട്ട് സ്‌പ്രേ ചെയ്യുക.

62. നീരൂറ്റിയെടുക്കുന്ന കീടങ്ങൾക്കെതിരെ വെളുത്തുള്ളി, വേപ്പെണ്ണ – സോപ്പു മിശ്രിതം ഉപയോഗിക്കുക.

63. ഇലതീനിപ്പുഴുക്കൾ, തണ്ടും കായും തുരക്കുന്ന കീടങ്ങൾ എന്നിവയ്‌ക്കെതിരെ വേപ്പിൻകുരു സത്ത് ഉപയോഗിക്കുക.

64. ട്രൈക്കോഡർമ എന്ന മിത്രകുമിൾ മണ്ണിൽ ചേർത്താൽ രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാൻ സഹായിക്കും.

തയാറാക്കിയത്: 

ഡോ. എം. ഇന്ദിര (പ്രഫസർ, ഹെഡ്), ആർ. രാഖി (അസിസ്റ്റന്റ് പ്രഫസർ ), തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രം. 

വാട്സാപ് മാത്രം: 9539863690

English summary: Home Gardening Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com