ADVERTISEMENT

പച്ചക്കറിക്കു സർക്കാർ പ്രഖ്യാപിക്കുന്ന തറവില ആശ്വാസമാണെന്നു കർഷകർ. ഇപ്പോൾ കിട്ടുന്ന വിലയേക്കാൾ അൽപം ഉയർന്നതാണു തറവില. പക്ഷേ ഉൽപാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ തറവില പലപ്പോഴും കുറവാണ്. കൃഷിനാശം മൂലം സംഭവിക്കുന്ന നഷ്ടമോ ഉൽപാദനച്ചെലവിലെ വർധനയോ തറവിലയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു കർഷകർ പറയുന്നു.

ലോക്ഡൗണിനെ തുടർന്നു ഉൽപന്നങ്ങളുടെ വില കുറഞ്ഞതോടെ ചെറുകിട കർഷകർ കൃഷിസ്ഥലങ്ങളിലെ ഭൂരിഭാഗം ജോലികളും തനിയെ ചെയ്തു തുടങ്ങിയിരുന്നു. ഇതിനുശേഷം പെയ്ത ശക്തമായ മഴയിൽ പലരുടെയും കൃഷി നശിച്ചു. ഓണവിപണി മോശമല്ലായിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞതുമില്ല. 

ലോക്ഡൗണിലെ നഷ്ടങ്ങൾക്കു കണക്കുണ്ട്, പക്ഷേ, കാലാവസ്ഥാ വ്യതിയാനവും ഉൽപന്നങ്ങൾക്കു ലഭിക്കുന്ന വിലക്കുറവും മൂലം കഴിഞ്ഞ മൂന്നു വർഷമായി ഇവർ അനുഭവിക്കുന്ന ദുരിതത്തിനു കണക്കില്ല. ഇവരുടെ ആവശ്യം ലളിതമാണ്– ‘ഉൽപന്നങ്ങൾക്കു മാന്യമായ താങ്ങുവില.’

f-long-beans
ടി.ജെ. ജോസഫ്

അച്ചിങ്ങ കിലോയ്ക്ക്  തറവില: 28–34 രൂപ, കർഷകർക്ക് വേണ്ടത്: 40 രൂപ

നിലം ഒരുക്കി വിത്തിട്ടതിനു ശേഷം അച്ചിങ്ങ പന്തലിൽ കയറി പിടിക്കുന്നതുവരെ ഒട്ടേറെ ചെലവുണ്ട്. പലതും എഴുതി കണക്കു കൂട്ടാനാകില്ലല്ലോ. ലോക്ഡൗൺ നാളുകളിൽ ബെംഗളൂരുവിൽനിന്നു കിലോയ്ക്ക് 20 രൂപ വിലയുള്ള പയർ വ്യാപകമായി ഇറക്കുമതി ചെയ്തതോടെ ഞങ്ങളുടെ കാര്യം കഷ്ടമായി. ഇതിനിടെ കൃഷിയിടത്തിനടുത്തു തമ്പടിച്ച തത്തക്കൂട്ടം പയർ കൊത്തിത്തിന്നാൽ കൂടി തുടങ്ങിയതോടെ 4 മാസം മുൻപ് 100 മൂട് പയർ വെട്ടിക്കളഞ്ഞു. കൃഷിയിൽനിന്നു ലഭിച്ചത് നാമമാത്രമായ തുക മാത്രം. - ടി.ജെ. ജോസഫ്, തോണിപ്പുരയ്ക്കൽ, മീനടം 

f-pineapple
ജോൺസൺ കൊട്ടുകാപ്പള്ളി

കൈതച്ചക്ക തറവില: 15, വേണ്ടത്: 23

ഒരേക്കറിൽ പൈനാപ്പിൾ കൃഷി ചെയ്യാൻ രണ്ടര ലക്ഷത്തോളം രൂപ ചെലവാകും. നിലം ഒരുക്കാൻ 50,000 രൂപ കൂലിയും, നിലത്തിനുള്ള പാട്ടത്തുകയായി 60,000 രൂപയും നൽ‌കണം. ഒരു കിലോ പൈനാപ്പിൾ വിൽപനയ്ക്ക് എടുക്കുമ്പോൾ ശരാശരി 22 രൂപയാണു ചെലവ്. നാട്ടിലെ തൊഴിലാളികളെ പൈനാപ്പിൾ കൃഷിക്കു ലഭ്യമല്ല. അതിഥി തൊഴിലാളികൾക്കു താമസ സൗകര്യവും ഉയർന്ന കൂലിയും നൽകിയാണു കൃഷി നടത്തുന്നത്. പൈനാപ്പിൾ സംഭരിക്കാനുള്ള നടപടി ഇല്ലാത്തതും പ്രശ്നമാണ്. - ജോൺസൺ കൊട്ടുകാപ്പള്ളി, ഞീഴൂർ

f-banana
പി.വി. ജോർജ് പ്ലാത്തോട്ടത്തിൽ

ഏത്തക്കായ തറവില: 30, വേണ്ടത്: 40

ഒരു ഏത്തവാഴ നട്ടു വളർത്തി കുല വെട്ടാൻ പാകത്തിൽ എത്തിക്കണമെങ്കിൽ 250 മുതൽ 300 രൂപ വരെ ചെലവാകും. ഒരു വാഴവിത്തിനു തന്നെ 20 രൂപയാകും. പിന്നീടു ചാണകം, രാസവളം, പിണ്ണാക്ക് എന്നിവ ഇടണം. 6 മുതൽ 8 മാസത്തിനു ശേഷമാണു വാഴ കുലയ്ക്കുക. 10 കിലോ തൂക്കമുള്ള കുലയെങ്കിലും കിട്ടിയാലേ മുടക്കു മുതൽ ലഭിക്കൂ. കഴിഞ്ഞ 2 വർഷമായി പ്രകൃതിക്ഷോഭം മൂലം നഷ്ടം വർധിക്കുന്നു. - പി.വി. ജോർജ്, പ്ലാത്തോട്ടത്തിൽ, വയലാ

f-bittergourd
ടിബിൻ കുഴുപ്പിൽ

പാവൽ തറവില: 25-30, വേണ്ടത്: 40
പടവലം തറവില: 12.96–13, വേണ്ടത്: 25

50 മൂട് പാവൽ കൃഷി ചെയ്യാൻ ഇപ്പോൾ 60,000 മുതൽ 75,000 രൂപ വരെ ചെലവു വരും.

പാവലിന്റെയും പടവലത്തിന്റെയും പന്തലിന്റെ കാലു നാട്ടാനുള്ള പന വെട്ടി എത്തിക്കാൻ തന്നെ 6000 രൂപയോളം വേണം. പിന്നീടു പന്തൽ ഇടൽ, നൂൽ വലിച്ചു കെട്ടൽ തുടങ്ങിയ ജോലിക്കു പണിക്കാരെ വയ്ക്കണം. വളം ചെയ്യൽ, പാവലോ പടവലമോ കായ്ച്ചു കഴിഞ്ഞാൽ പ്രാണികളെ തുരത്താനുള്ള കീടനാശിനി തളിക്കൽ... ഇതിനൊക്കെ നല്ല തുക വേണം. പ്രാണി കുത്തിയ പാവയ്ക്ക കടക്കാർ പോലും എടുക്കില്ലല്ലോ? - ടിബിൻ കുഴുപ്പിൽ, പകലോമറ്റം, കുറവിലങ്ങാട്

f-Tapioca
ബെന്നി ഇടമലക്കുന്നേൽ

കപ്പ തറവില: 9.68–12, വേണ്ടത്: 20

നിലം പാട്ടത്തിനെടുത്താണു കൃഷിയെങ്കിൽ പാട്ടക്കാശു കൊടുക്കണം, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നികത്തിയ നിലം പണിക്കാരെ ഉപയോഗിച്ചു കൃഷി യോഗ്യമാക്കണം. അതിനു ശേഷം പടിപടിയായി കൂന കൂട്ടി ചാണകപ്പൊടി ഇട്ടുവേണം കപ്പ നടാൻ. ഇതിനും ജോലിക്കാരെ വയ്ക്കണം. 700 രൂപയാണു ദിവസക്കൂലി.

ഒന്നര മാസത്തിനു ശേഷം ഇട കിളയ്ക്കണം, പിന്നീടു വളം ചെയ്യണം. ഒരു മൂടു കപ്പ 6–8 കിലോ വരെ ഉണ്ടാകും. ഇതിൽനിന്നു ലഭിക്കുന്ന തുക കൊണ്ടുവേണം എല്ലാ ചെലവും നടത്താൻ. കപ്പയ്ക്കു കാറ്റു പിടിച്ചാൽ കൃഷിയിൽനിന്ന് ഒരു രൂപ പോലും ആദായം കിട്ടില്ല. -  ബെന്നി ഇടമലക്കുന്നേൽ, ചക്കാമ്പുഴ

English summary: Farmers Response about Minimum Support Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com