ADVERTISEMENT

പ്രകൃതിയുടെ ആരെയും ആകർഷിക്കുന്ന സൗന്ദര്യഭാവമാണ് പൂക്കൾ. വശ്യസൗന്ദര്യമുള്ള പൂക്കൾക്ക് എന്നും പ്രചാരമുണ്ട്. അത്തരം പൂക്കളിൽ പ്രധാനപ്പെട്ടവയാണ് ഓർക്കിഡുകൾ. ചുരുങ്ങിയ സ്ഥലത്ത് പരിപാലിക്കാം, പരിചരണവും കുറവ്. എല്ലാറ്റിനും ഉപരി മനംമയക്കുന്ന സൗന്ദര്യം... ഇവയെല്ലാമാണ് കൊല്ലം പുനലൂർ ഹരീശ്രീ ഭവനിൽ എസ്. അംബികയെ ഓർക്കിഡുകളുടെ തോഴിയാക്കി മാറ്റിയത്. ഓർക്കിഡുകളെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടു. അന്നുണ്ടായിരുന്നതിലും വ്യത്യസ്തമായ ഇനങ്ങൾ പുനലൂരിലെ ഹരിശ്രീ ഭവന് അഴകാകുന്നു.

മുപ്പതോളം ഇനങ്ങളിലായി ഏകദേശം നൂറിലധികം ഓർക്കിഡ് ചെടികളാണ് അംബികയുടെ ശേഖരത്തിലുള്ളത്. ഇവകൂടാതെ ഒട്ടേറെ ഇനം പത്തുമണിച്ചെടികൾ, 3 ഇനം ആമ്പലുകൾ, താമര, മുല്ല, ചെത്തി ഇനങ്ങൾ എന്നിവയെല്ലാം ഇവിടെ വളരുന്നു. കുപ്പികളിലും ചെറിയ പാത്രങ്ങളിലുമായിട്ടാണ് പത്തുമണിച്ചെടികൾ വളരുന്നത്. ചെറിയ കുളങ്ങളിൽ ആമ്പലും താമരയും നട്ടിരിക്കുന്നു. ഈ കുളങ്ങളിൽ ഗപ്പികളുമുണ്ട്.

ambika-3

രണ്ടു മക്കളാണ് അംബികയ്ക്ക്. ഹരീഷ് കുമാറും ശ്രീകുമാറും. ഇരുവരും ജോലിയായി വിദേശ രാജ്യങ്ങളിലാണ്. രണ്ടാമത്തെ മകൻ ശ്രീകുമാർ കുടുംബസമേതം ജപ്പാനിലാണ്. ഇടയ്ക്ക് ജപ്പാനിൽ അംബിക സന്ദർശനം നടത്താറുമുണ്ട്. ലോക്‌ഡൗൺ തുടങ്ങുന്നതിന് മൂന്നു മാസം മുമ്പാണ് ജപ്പാനിൽനിന്ന് നാട്ടിലെത്തിയത്. ജപ്പാനിൽനിന്ന് തന്റെ ഉദ്യാനത്തിന് ആവശ്യമായ പ്ലാസ്റ്റിക് പോട്ടുകളും ഉപകരണങ്ങളും അംബിക കൊണ്ടുവരാറുണ്ട്. ഇവിടെ ലഭ്യമായതിലും വ്യത്യസ്തതയുള്ള പോട്ടുകളാണ് അവിടുള്ളതെന്ന് അംബിക പറയുന്നു.

ചെടികളുടെ പരിചരണത്തിൽ അംബികയ്ക്ക് സ്വന്തമായൊരു ശൈലിയുണ്ട്. രാവിലെ 6 മണിക്ക് ഉണരുന്നതാണ് ശീലം. ഉണർന്നുകഴിഞ്ഞാൽ പിന്നെ രണ്ടു മണിക്കുറോളം സമയം ചെടികൾക്കുവേണ്ടി ചെലവഴിക്കും. വാടിയ ഇലകൾ നീക്കം ചെയ്ത് വെള്ളവും വെളവും നൽകും. തേങ്ങാവെള്ളം പുളിപ്പിച്ചശേഷം അതിൽ നാലിരട്ടി വെള്ളം ചേർത്ത് ഓർക്കിഡുകൾക്ക് സ്പ്രേ ചെയ്തു കൊടുക്കും. കൂടാതെ പച്ചച്ചാണകം വെള്ളത്തിൽ കലക്കി അതിൽ വേലിപ്പത്തലിന്റെ ഇലയും ചേർത്ത് പത്തു ദിവസം സൂക്ഷിച്ച് തയാറാക്കിയ മിശ്രിതത്തിന്റെ തെളി അരിച്ചെടുത്ത് നേർപ്പിച്ച് ‌തളിച്ചു നൽകുന്നുണ്ട്. മാത്രമല്ല കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് അതിൽ എല്ലുപൊടികൂടി ചേർത്ത് നാലു ദിവസം പുളിപ്പിക്കാനായി വയ്ക്കും. ഇത് അരിച്ചെടുത്ത് നേർപ്പിച്ച് ഓർക്കിഡുകളിൽ തളിക്കാറുണ്ട്. ചാണകം മാത്രം വെള്ളത്തിൽ കലക്കി അതിന്റെ തെളിയെടുത്തും ഓർക്കിഡുകൾക്ക് വളമായി നൽകുന്നുണ്ട്. തെളി എടുത്തത്തിനുശേഷം മിച്ചമുള്ള സ്ലറി മറ്റു ചെടികൾക്കും പച്ചക്കറികൾക്കും ചുവട്ടിൽ വളമായി നൽകും.

ambika-1

വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം ഒരേക്കർ വരുന്ന ഈ പുരയിടത്തിൽ വിളയിക്കുന്നുണ്ട് അംബിക. വഴുതന, മുളക്, നിത്യവഴുതന, തക്കാളി, ഇഞ്ചി, മഞ്ഞൾ എന്നിവയെക്കൂടാതെ വ്യത്യസ്ത ഇനത്തിൽപ്പെട്ട വാഴകളും ഇവിടെയുണ്ട്. ചെറിയ കുലകൾ വീട്ടിലെ ആവശ്യത്തിനെടുക്കും. ശേഷിക്കുന്നവ വിൽക്കുകയാണ് പതിവ്. മഞ്ഞളും ഇഞ്ചിയുമെല്ലാം ഗ്രോബാഗുകളിൽ ടെറസിലാണ് വളരുന്നത്. മഞ്ഞൾ ഉണങ്ങിപ്പൊടിച്ച് സൂക്ഷിക്കുന്നു. 

English summary: Orchid Garden, Home Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com