ADVERTISEMENT

വീട്ടുചികിത്സയ്ക്ക് ഉപകാരപ്പെടുന്ന 10 മരുന്നുചെടികള്‍, പരിപാലനം, ഔഷധഗുണങ്ങള്‍

കോവിഡ് 19 എന്ന വൈറസ് രോഗം ലോകജനതയെ ഒന്നാകെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഇതിനെ നമ്മൾ തോൽപിച്ചാലും കൊറോണപോലുള്ള മാരക വൈറസുകൾ സമീപഭാവിയിൽ തന്നെ വീണ്ടും ഭീഷണിയാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശരീരത്തിന്റെ ആരോഗ്യവും രോഗപ്രതിരോധശേഷിയും മികവുറ്റ രീതിയിൽ നിലനിർത്തുകയെന്നതാണ് നമുക്കു പൊതുവെ ചെയ്യാനാകുന്നത്. ഇക്കാര്യത്തിൽ ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണശീലം തന്നെ. അതിനൊപ്പം പ്രധാനമാണ് രോഗങ്ങളെ അകറ്റി നിർത്തുകയെന്നതും. വീട്ടിൽ ഒരു അടുക്കളത്തോട്ടവും ഔഷധ സസ്യത്തോട്ടവുമൊരുക്കുന്നത് ഇക്കാര്യത്തില്‍ നമുക്കേറെ ഗുണകരമാകും. അടുക്കളത്തോട്ടംപോലെ തന്നെ വീട്ടുവളപ്പിലോ ടെറസിലോ ലഭ്യമായ സ്ഥലത്ത് ഔഷധസസ്യത്തോട്ടവുമൊരുക്കാം.

ചെടികൾ നടുമ്പോൾ

തണൽ വേണ്ട ചെടികൾ തണലുള്ളിടത്തും സൂര്യപ്രകാശത്തിൽ വളരുന്നവ അവയ്ക്കു പറ്റിയ സ്ഥലത്തും നടണം. കാലവർഷാരംഭമാണു ചെടികൾ നടാൻ പറ്റിയ സമയം. ജൈവവളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഔഷധസസ്യങ്ങൾക്കു സ്വയം പ്രതിരോധശേഷിയുള്ളതിനാൽ കീടനാശിനി ഉപയോഗിക്കേണ്ട തില്ല. വേനൽക്കാലത്തു നനയ്ക്കണം. ഏകവർഷ വിളകളാണെങ്കില്‍  മാതൃസസ്യങ്ങളിൽനിന്നു നടീൽവ സ്തുക്കൾ ശേഖരിച്ചു വീണ്ടും നടണം. ഇവ ചട്ടിയിലോ ഗ്രോബാഗിലോ നടാം. നമ്മുടെ ഔഷധത്തോട്ട ത്തി ൽ അത്യാവശ്യം വേണ്ട ഔഷധികളെ പരിചയപ്പെടാം.

10 ഔഷധ സസ്യങ്ങൾ

1. പനിക്കൂർക്ക

മാംസളമായ ഈ ചിരസ്ഥായി സസ്യത്തിനു കഞ്ഞിക്കൂർക്ക, കർപ്പൂരവള്ളി എന്നീ പേരുകളുമുണ്ട്. എല്ലാ ഭാഗത്തും നല്ല വാസനയുള്ള ഇവയുടെ ഇലകൾ വാട്ടി കുട്ടികൾക്കു ജലദോഷം, പനി, മൂക്കടപ്പ്, കഫക്കെട്ട് എന്നിവ ഉള്ളപ്പോൾ നെറുകയിൽ പതിച്ചുവയ്ക്കുകയും ഇലനീര് തേൻ ചേർത്തു കൊടുക്കുകയും ചെയ്യാം. പനിക്കൂർക്കയിലനീരും തുളസിയില നീരും സമം തേൻ ചേർത്തു കഴിച്ചാൽ പനി, ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ പെട്ടെന്നു മാറും. നല്ല തടിച്ച മാംസളമായ തണ്ടു മുറിച്ചു നിലത്തോ ഗ്രോബാഗിൽ പോട്ടിങ് മിശ്രിതം നിറച്ചോ നടാം. ജലദോഷത്തിനും തൊണ്ടവേദനയ്ക്കും പനിക്കൂർക്കയില ചതച്ചു വെള്ളത്തിൽ തിളപ്പിച്ച് ആവി കൊണ്ടാൽ മതി. ക്ഷുദ്രജീവികൾ കടിച്ചാൽ ഇലയരച്ചു കുഴമ്പാക്കി പുരട്ടുക.

2. പുളിയാറില

പുളിരസമുള്ള കൊച്ചുസസ്യമാണ് പുളിയാറില. ഇലകൾ ത്രികോണാകൃതിയിൽ തണ്ടിനോടു യോജിച്ചു കാണുന്നു. പൂക്കൾ മഞ്ഞനിറമുള്ളതും വളരെ ചെറുതുമാണ്. ഫലത്തിനുള്ളിൽ ധാരാളം വിത്തുകളുണ്ടാകും. ശരീരത്തിലെ വിഷാംശം നീക്കാനും ദഹനശക്തി വർധിപ്പിക്കാനും അർശസ്, മൂത്രാശയരോഗങ്ങൾ, ത്വഗ്രോഗങ്ങൾ എന്നിവ പരിഹരിക്കാനും സഹായകം. പണ്ടു മുത്തശ്ശിമാർ ആഴ്ചയിലൊരിക്കൽ പുളിയാറില അരച്ചു ചമന്തിയായോ മോരിൽ കലക്കിയോ വീട്ടിലെ അംഗങ്ങൾക്കു കൊടുക്കുമായിരുന്നു. ഇത് ഉദരരോഗങ്ങൾക്കു മികച്ച പ്രതിവിധിയാണ്. വയറിളക്കം മാറ്റാൻ ഇലനീര് മോരിൽ ചേർത്തു കഴിച്ചാൽ മതി. തലവേദനയ്ക്കു പുളിയാറില അരച്ചു ചൂടാക്കി വെളുത്തുള്ളി നീരും ചേർത്തു തലയിലിട്ടാൽ മതി. ചതവും വേദനയും നീരുമുള്ള ഭാഗത്തു പുളിയാറില അരച്ചിട്ടാൽ ആശ്വാസം കിട്ടും. മഴക്കാലത്തു ചട്ടിയിലോ മണ്ണിലോ തൈകൾ നട്ടുപിടിപ്പിക്കാം. ഒരു തവണ കിളിർത്താൽ പിന്നീടു വിത്തുകൾ മുളച്ചു സ്വാഭാവികമായി ധാരാളം ഉണ്ടാകും.

herbal-plants-1
പനിക്കൂർക്ക, കച്ചോലം, പുളിയാറില, നീലയമരി

3. കച്ചോലം

ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സസ്യങ്ങളുടെ കുടുംബത്തിൽപ്പെടുന്നതാണ് കച്ചോലം. നിലത്തു പതിഞ്ഞു വളരുന്ന ഇവയുടെ ഇലയ്ക്കു നല്ല കട്ടിയും സുഗന്ധവുമുണ്ട്. കിഴങ്ങാണ് ഔഷധയോഗ്യം. പച്ചയായും അരി‍ഞ്ഞുണക്കിയും ഔഷധാവശ്യത്തിന് ഉപയോഗിക്കുന്നു. ഇഞ്ചി കൃഷി ചെയ്യുന്നതുപോലെ വാരങ്ങളിലോ പോളി ബാഗിലോ നന്നായി ജൈവവളങ്ങൾ ചേർത്തു മുളയോടു കൂടിയ കിഴങ്ങുകഷണങ്ങൾ നടാം. കളകൾ നീക്കി യഥാവിധി നോക്കിയാൽ 10 മാസത്തോടു കൂടി ഇലകൾ കരി‍ഞ്ഞുണങ്ങുന്നതാണ് വിളവെടുപ്പിനു പാകമായെന്നതിന്റെ ലക്ഷണം. കുട്ടികൾക്കു വയറുവേദനയ്ക്കു കിഴങ്ങ് അരച്ചു കിട്ടുന്ന നീര് 2–3 നേരം കൊടുക്കുക. വിരശല്യത്തിനും ഫലപ്രദം. ഛർദിയുണ്ടായാൽ ഉണങ്ങിയ കച്ചോലം പൊടിച്ചു തേനിൽ കുഴച്ചു കഴിച്ചാൽ മതി. ഉദരരോഗങ്ങൾക്കു കിഴങ്ങു പൊടിച്ച് ഇഞ്ചിയും ചേർത്തു നാരങ്ങാ വെള്ളത്തിൽ ചേർത്തു കഴിക്കുക. ഹെര്‍ബൽ ഷാംപൂവിൽ കച്ചോലം പൊടിച്ചു ചേർത്തു തലയിൽ തേച്ചാൽ താരൻ മാറും. വായ്നാറ്റമുള്ളവർ ഉണങ്ങിയ കച്ചോലം വെറ്റിലയിൽ വച്ചു ചവച്ചരച്ചു നീരിറക്കിയാൽ നല്ല സുഗന്ധം ലഭിക്കും.

4. ആടലോടകം

എല്ലാ വീടുകളിലും നിർബന്ധമായും വച്ചുപിടിപ്പിക്കേണ്ട കുറ്റിച്ചെടി. ശ്വാസകോശ രോഗങ്ങൾ മാറ്റാൻ ഇതിന് അസാമാന്യ കഴിവുണ്ട്. ഇതിന്റെ ഇലയ്ക്കും വേരിനും ഔഷധത്തോട്ടത്തിന്റെ അരികിൽ കുഴിയെടുത്ത് ഇതിന്റെ തലപ്പു കുത്തി കൊടുത്താൽ മതി. കടുത്ത ആസ്മ, ചുമ, വലിവുള്ളവർ ഇല വാട്ടിപ്പിഴിഞ്ഞു നീരെടുത്തു തേനോ, കൽക്കണ്ടമോ ചേർത്തു ക്രമമായി ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും. കഫക്കെട്ടോടു കൂടി ചുമയുള്ളവർ ഉണങ്ങിയ ആടലോടകത്തില പൊടിച്ചു തേൻ ചേർത്തു കഴി ക്കാം. ഈ കോവിഡ് കാലത്തു തൊണ്ടയിലെ അണുബാധ മാറ്റാൻ ആടലോടക നീര് ഉപകരിക്കും. സ്ത്രീ കളുടെ അമിത രക്തസ്രാവത്തിനും ആടലോടകത്തില നീര് ഫലപ്രദമാണ്. ആസ്മ രോഗികൾ ഇല വാട്ടിപ്പിഴിഞ്ഞു കുരുമുളകു പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതു നല്ല ശമനമുണ്ടാക്കും. രക്തശുദ്ധിക്കും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ മാറ്റാനും ആടലോടകം സഹായകം.

5. നീലയമരി

ഈ കുറ്റിച്ചെടിയുടെ ഇല കേശവർധിനികളായ നീലഭൃംഗാദി തൈലം കയ്യുണ്യം, ചെമ്പരത്തി എണ്ണ എന്നിവയിലെ മുഖ്യ ഘടകമാണ്. തുറസ്സായ സ്ഥലത്തു നന്നായി വളരുന്ന ഇവയുടെ ഇലകൾക്കു നീലനിറമാണ്. കടുകുപോലെയുള്ള വിത്തുകൾ പാകമാകുമ്പോൾ ശേഖരിച്ചു 12 മണിക്കൂർ വെള്ള ത്തിൽ കുതിർത്തു പാകിയാൽ നന്നായി മുളച്ചുവരും. 5 മാസംകൊണ്ടു പൂവിടും. അതിനു മുൻപു തന്നെ ഇലകൾ തണ്ടോടുകൂടി ശേഖരിച്ച് എണ്ണകളുണ്ടാക്കാം. കൂടാതെ രക്തസ്രാവം, അൾസർ, കരൾ രോഗ ങ്ങൾ, മൂത്രാശയരോഗങ്ങൾ, വാതം എന്നിവയ്ക്ക് ആയുർവേദത്തിൽ നീലയമരി ഉപയോഗിക്കുന്നു. അകാലനര, മുടികൊഴിച്ചിൽ എന്നിവയെ ചെറുക്കാനും മുടി വളർച്ചയ്ക്കും എണ്ണ കാച്ചി ഉപയോഗിക്കാം. കരൾ രോഗങ്ങൾ, പ്ലീഹ വീക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുള്ളവർ ഇലനീര് തേൻ ചേർത്തു ദിവസം രണ്ടുനേരം കഴിക്കണം. പാമ്പുകടിയോ മറ്റു വിഷബാധയോ ഏറ്റാൽ അവിടെ ഇലയരച്ചിടുകയും നീര് കഴിക്കുന്നതും ആശ്വാസം നൽകും.

6. തഴുതാമ

വീട്ടുവളപ്പിലെ ഔഷധത്തോട്ടത്തിൽ നിശ്ചയമായും വേണ്ട സസ്യമാണു തഴുതാമ അഥവാ പുനർനവ. ഇതിന്റെ എല്ലാ ഭാഗവും ഔഷധയോഗ്യമാണ്. ഇലകൾ ഒന്നാംതരം ഇലക്കറിയും. ശരീരത്തിലെ വിസർജനഗ്രന്ഥികളെ ഉത്തേജിപ്പിച്ചു മാലിന്യങ്ങൾ പുറന്തള്ളുന്നതോടൊപ്പം ഹൃദയപേശികളുടെ സങ്കോച വികാസക്ഷമത മെച്ചപ്പെടുത്തുകയും ഹൃദയപേശികൾക്കു കൂടുതൽ ബലം നൽകുകയും ചെയ്യുന്നു. മൂത്രാശയരോഗങ്ങൾ മാറ്റി മൂത്രവിസർജനം വർധിപ്പിക്കുന്നു. നിലത്തു പടർന്നു വളരുന്ന ഇതിന്റെ തണ്ടിന്റെയും പൂക്കളുടെയും നിറമനുസരിച്ചു കേരളത്തിൽ രണ്ട് ഇനങ്ങളുണ്ട്. തഴുതാമയില പതിവായി തോരൻ വച്ചു കഴിച്ചാൽ അൾസർ, ഉദരരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾക്കു ശമനം. ശരീരത്തിലുണ്ടാകുന്ന നീരു മാറ്റാൻ സമൂലമരച്ച് 5 ഗ്രാം വീതം ദിവസവും രണ്ടുനേരം സേവിക്കണം. തഴുതാമ വേര് അരച്ചു കാച്ചിയ പാലിൽ ചേർത്തു ദിവസവും ഉപയോഗിച്ചാൽ മൂത്രസംബന്ധമായ രോഗങ്ങൾ മാറും. മൂത്രക്കല്ല്, മൂത്രനാളീ വീക്കം, ഗ്രന്ഥി വീക്കം എന്നിവയ്ക്കും തഴുതാമക്കഷായം ആശ്വാസമേകും. തണ്ടുമുറിച്ചോ വിത്തുകളിൽ നിന്നോ തൈകളുണ്ടാക്കാം.

7. തുമ്പ

വായുകോപം, വിരശല്യം എന്നിവയ്ക്കു തുമ്പ ഇ‍ടിച്ചു പിഴിഞ്ഞ നീര് പ്രതിവിധിയാണ്. വിഷ ജന്തുക്കൾ കടിച്ചാൽ വേദനയും നീരും മാറ്റാൻ തുമ്പയിടിച്ചു പിഴിഞ്ഞ നീര് നന്ന്. ഇതു പച്ചമഞ്ഞളും ചേ ർത്ത് അരച്ചു പുരട്ടിയാൽ മതി. കടുത്ത തലവേദനയ്ക്കു തുമ്പയില നെറ്റിയിൽ വച്ചുകെട്ടുക. പ്രസവത്തോടനുബന്ധിച്ചു ഗർഭാശയ ശുദ്ധി വരുത്താൻ തുമ്പച്ചാറിനു കഴിയും. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഛർദിയും കൃമിശല്യവും മാറ്റാൻ തുമ്പനീര് നന്ന്. വിത്തു പാകി കിളിർപ്പിക്കാം.

herbal-plants-2
ആടലോടകം, തഴുതാമ, തുമ്പ, ബ്രഹ്മി

8. ബ്രഹ്മി

പടർന്നു വളരുന്ന ചെറുസസ്യം. ചെളി നിറഞ്ഞതും ജല സാമീപ്യമുള്ളതുമായ സ്ഥലത്തു നന്നായി വളരുന്നു. തണ്ടു മുറിച്ചു നട്ടാൽ മൂന്നാം മാസം മുതൽ വിളവെടുക്കാം. കുട്ടികളുടെ ഓർമശക്തി കൂട്ടാനും ബുദ്ധിവികാസത്തിനും ബ്രഹ്മിനീര് വെണ്ണയോ നെയ്യോ ചേർത്തു രാവിലെ കഴിക്കണം. പ്രായ മായവർക്കുള്ള ഓർമക്കുറവിനു തണലിൽ ഉണങ്ങിയ ബ്രഹ്മി 5 ഗ്രാം വീതം തേനിലോ പാലിലോ ചേർത്തു കഴിക്കാം.

9. മുയൽ ചെവിയൻ

മഴക്കാലത്തു കയ്യാലകളിലും റോഡ് വക്കിലും വളരുന്ന ദശപുഷ്പങ്ങളിൽപ്പെടുന്ന കൊച്ചു സസ്യമാണ് മുയൽച്ചെവിയൻ. മുയലിന്റെ ചെവിയോടു സാമ്യമുള്ള ഇലകളായതിനാലാണ് പേരു വന്നത്. തൊണ്ടവേദന, ടോൺസിലൈറ്റിസ്, പനി, നേത്രരോഗങ്ങൾ, വിരശല്യം തുടങ്ങിയ രോഗങ്ങൾക്കു പ്രതിവിധി. ടോൺസിലൈറ്റിസ് ഉള്ളപ്പോൾ ഇലനീര് ഉപ്പു ചേർത്തു തൊണ്ടയിൽ പുരട്ടുകയും 2–3 തുള്ളി സേവിക്കുകയും ചെയ്താൽ ആശ്വാസം ലഭിക്കും. കണ്ണിനു ചതവോ, മുറിവോ ഉണ്ടായാൽ ഇല പിഴിഞ്ഞു നീര് വൃത്തിയാക്കി കണ്ണിലൊഴിക്കുക. ഇല ചതച്ചു കഷായമാക്കി കഴിച്ചാൽ പനി മാറും. നീരു 3 ദിവസം സേവിച്ചാൽ വയറ്റിലെ കൃമിശല്യം മാറും. ഒരു തവണ നട്ടാൽ ചുറ്റുപാടും വിത്തുകൾ വീണു തൈകളുണ്ടായി വരും.

10. അശോകം

നിത്യഹരിത ഇലകളും മനോഹരമായ പൂക്കളും കാരണം മികച്ച അലങ്കാരവൃക്ഷം കൂടിയാണ്. സ്ത്രീജന്യ രോഗങ്ങൾക്ക് ഇതിന്റെ തൊലി മരുന്നാണ്. പ്രസവശേഷം സ്ത്രീ ശരീരത്തെ പൂർവസ്ഥിതിയിലെത്തിക്കാൻ അശോകത്തൊലി ചേർന്ന അശോകാരിഷ്ടം കഴിച്ചാൽ മതി. അമിത രക്തസ്രാവത്തിനു തൊലി പാൽക്കഷായമായി കഴിക്കാം. പൂവ് വെണ്ണയിൽ മൂപ്പിച്ചു പുരട്ടിയാൽ കുട്ടികളുടെ ചൊറി, കരപ്പൻ, മറ്റു ത്വഗ്രോഗങ്ങൾ എന്നിവ മാറും. വിത്തു മുളപ്പിച്ചു തൈകളുണ്ടാക്കാം.

വിലാസം: കൃഷിവിഭാഗം മേധാവി, നാഗാർജുന, തൊടുപുഴ

ഫോൺ: 99618 83205

English summary: The Top Ten Medicinal Herbs for the Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com