സവാള വില കുത്തനെ കയറുന്നു; അടുക്കളത്തോട്ടത്തിൽ സവാളക്കൃഷി പരീക്ഷിച്ചാലോ?

HIGHLIGHTS
  • സെപ്റ്റംബർ മുതൽ സവാളക്കൃഷിക്ക് അനുയോജ്യം
  • ഇലയ്ക്കു വേണ്ടി വർഷം മുഴുവൻ കൃഷി ചെയ്യാം
onion
SHARE

സവാള വില കുതിക്കുന്നു. കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയ ശീതകാല വിളകൾ വിജയകരമായി പരീക്ഷിച്ച നമുക്ക് സവാളക്കൃഷി പരീക്ഷിച്ചാലോ?

സെപ്റ്റംബർ മുതൽ സവാളക്കൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷ താപനില കുറവുള്ള കാലത്ത് മാത്രമേ മണ്ണിനടിയിലുള്ള ഉള്ളിക്ക് വലുപ്പം വയ്ക്കൂ. എന്നാൽ, സാധാരണ സ്ഥലങ്ങളിൽ ഇലയ്ക്കു വേണ്ടി വർഷം മുഴുവൻ കൃഷി ചെയ്യാം.  

പെരുമഴക്കാലവും വെള്ളക്കെട്ടുമുള്ള പ്രദേശങ്ങൾ അനുയോജ്യമല്ല. മഴമറകളിൽ നടാം. നന്നായി കിളച്ചൊരുക്കിയ നിലത്തും മണ്ണു മിശ്രിതം നിറച്ച കൂടുകളിലും തൈകൾ നടാം. അഞ്ചു മാസത്തിനകം വിളവെടുക്കാം.

തവാരണകളിലോ (നഴ്സറി) വിത്തു നടീൽ തട്ടങ്ങളിലെ ചെറു കുഴികളിലോ ഒന്നൊന്നായി ഇടണം. തവാരണ തയാറാക്കുമ്പോൾ നന്നായി കിളച്ചൊരുക്കി, അൽപം കുമ്മായം വിതറി മണ്ണിന്റെ പുളിരസം കളഞ്ഞ്, രണ്ടാഴ്ചയെങ്കിലും കഴിഞ്ഞ ശേഷം ഉണങ്ങിയ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് കട്ടയില്ലാതെ ഒരുക്കിയെടുക്കണം.  

തവാരണയിൽ പാകിയ വിത്തുകൾ ഒന്ന്–ഒന്നര മാസമാകുമ്പോൾ പറിച്ചു നടാം. പറിച്ചു നടുന്നത് നവംബർ ആദ്യ വാരത്തിനകം ചെയ്തിരിക്കണം. 

വെള്ളക്കെട്ടില്ലാത്തതും നല്ല നീർ വാർചയുമുള്ള സ്ഥലം തിരഞ്ഞെടുക്കണം. നന്നായി കിളച്ചു കട്ടകളും കല്ലുകളുമെല്ലാം പെറുക്കി മാറ്റണം. സെന്റൊന്നിന് ഒന്നര കിലോ കുമ്മായം ചേർക്കണം.  ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ്, ഉണങ്ങിയ ചാണകപ്പൊടി, കരിയിലപ്പൊടി, ചകിരിച്ചോറ് കംപോസറ്റ് എന്നിവയ്ക്കൊപ്പം വേപ്പിൻ പിണ്ണാക്ക് ചേർത്തിളക്കി ഒരടി പൊക്കമുള്ള വാരങ്ങൾ കോരുക. 

ഇങ്ങനെ തയാറാക്കിയ വാരങ്ങളിലോ മണ്ണു നിറച്ച കൂടകളിലോ ചാക്കുകളിലോ തൈകൾ 10 സെന്റീമീറ്റർ അകലത്തിലും വരികൾ തമ്മിൽ അരയടി അകലത്തിലും നടാം. 

മണ്ണിൽ ഈർപ്പം നിൽക്കുന്ന രീതിയിൽ ഇടയ്ക്കിടെ ചെറുതായി വെള്ളം തളിക്കണം. നന അധികമാകരുത്. 

നിലം കിളയ്ക്കുമ്പോൾ തന്നെ അടിവളമായി സെന്റ് ഒന്നിന് 100 കിലോ ജൈവവളം (ചാണകം–മണ്ണിര കംപോസ്റ്റ് തുടങ്ങിയ) ചേർക്കണം. അടിവളമായി ചാണകം (500 ഗ്രാം), വേപ്പിൻ പിണ്ണാക്ക് (100 ഗ്രാം), എല്ലുപൊടി (100 ഗ്രാം), ചകിരിച്ചോറ് കംപോസ്റ്റ് (300 ഗ്രാം) എന്നിവ ചേർത്ത മിശ്രിതം, ഒരു ചാക്കിന് (ഒരു കൂടയ്ക്ക്) മൊത്തം  1 കിലോ എന്ന തോതിൽ നൽകാം. 

രണ്ടാഴ്ചകളുടെ ഇടവേളകളിൽ നാലു തവണ കൂടി ഈ മിശ്രിതം പ്രയോഗിക്കണം. 

ഇനങ്ങൾ

ആർക്ക കല്യാൺ, അഗ്രി ഫൗണ്ട് ഡാർക്ക് റെഡ്, ഇൻഡാം–1, എൻ–53  

തയാറാക്കിയത്

ഡോ. ജോമി ജേക്കബ്, ‌ബയോ ടെക്നോളജി ആൻഡ് മോഡൽ ഫ്ലോറി കൾചർ സെന്റർ, തിരുവനന്തപുരം. ഫോൺ:  9447324012

jomyjacobtvm@gmail.com

English summary: How to Grow Onions at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA