ADVERTISEMENT

തൊണ്ടില്‍നിന്ന് ചകിരി വേര്‍തിരിച്ചെടുക്കുമ്പോള്‍ ബാക്കി വരുന്ന പദാര്‍ഥമാണ് ചകിരിച്ചോര്‍. അത് പരിസരങ്ങളില്‍ കെട്ടിക്കിടക്കുമ്പോള്‍ അത്രയും സ്ഥലം ഉപയോഗശൂന്യമാകുകയും, മഴ പെയ്യുമ്പോള്‍ വെള്ളം കെട്ടിനിന്ന് അതില്‍ കൊതുകുകള്‍ പെരുകുകയും ചെയ്യുന്നു. കയര്‍ മേഖലയാകെ അഭിമുഖീകരിച്ചിരുന്ന പ്രശ്നമാണിത്. എന്നാല്‍ ഇന്ന് കഥ മാറിയിരിക്കുന്നു. രാജ്യം കയര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ നേടിയ വിദേശനാണ്യത്തിൽ നല്ലൊരു പങ്ക് ചകിരിച്ചോറിൽ നിന്നാണ്. കയറ്റുമതിയില്‍ ചകിരി/കയറിനെക്കാള്‍ മികച്ചു നില്‍ക്കുന്നത് ഉപോല്‍പന്നമായ ചകിരിച്ചോർ തന്നെ. 

ചകിരിച്ചോര്‍ ഉപയോഗിച്ച് എന്തൊക്കെ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാം? ഇന്ന് ഇതിനു പല ഉത്തരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. അവയില്‍ പ്രധാനമാണ് ചകിരിച്ചോര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ജൈവവളം. ആലപ്പുഴയിലെ കയര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ചകിരിച്ചോര്‍ വെറും 30 ദിവസംകൊണ്ട് ഗുണമേന്മയുള്ള ജൈവവളമാക്കാം. 

ചകിരിച്ചോര്‍ ബ്ലോക്ക്‌

ചകിരിച്ചോര്‍ വിവിധ വലുപ്പത്തിലുള്ള ബ്ലോക്കുകള്‍ ആക്കി മാറ്റാം. മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനു വേണ്ടിയാണ് ബ്ലോക്കുകള്‍ ആക്കി മാറ്റുന്നത്. ഈ ബ്ലോക്കിലേക്ക് വെള്ളം ഒഴിക്കുമ്പോള്‍ വികസിച്ച് ചകിരിച്ചോര്‍ പഴയപടിയാകും. അത് ചെടികള്‍ക്കു വളമായി ഉപയോഗിക്കാം. പോഷകങ്ങള്‍ ആവശ്യത്തിനില്ല എന്നത് ഇതിന്റെ പോരായ്മയാണ്. എന്നാല്‍ ചകിരിച്ചോറിനു മണ്ണിനെക്കാള്‍ എട്ടു മടങ്ങ്‌ കൂടുതല്‍ വെള്ളം ആഗിരണം ചെയ്തു സൂക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ മണ്ണുമായി ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ കടുത്ത വേന‌ൽ ക്കാലത്തുപോലും മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതെയിക്കും. 

ചകിരിച്ചോര്‍ കംപോസ്റ്റ് 

ചകിരിച്ചോര്‍ മാത്രമായാൽ ചെടികൾക്ക് വേണ്ടവിധം പോഷകമൂല്യം കിട്ടുന്നില്ല എന്ന പോരായ്മ പരിഹരിക്കാനാണ് അത് കംപോസ്റ്റാക്കുന്നത്. ചകിരിച്ചോറിലുള്ള ലിഗ്നിന്‍, സെല്ലുലോസ് തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ സാധാരണ അന്തരീക്ഷത്തില്‍ വിഘടിക്കാറില്ല. ബാക്ടീരിയകള്‍ക്ക് ഇതിനെ വിഘടിപ്പിക്കാന്‍ കഴിവു കുറവുമാണ്. എന്നാല്‍ ചില കുമിളുകള്‍ക്ക് ലിഗ്നിനെയും, സെല്ലുലോസിനെയും വിഘടിപ്പിക്കാന്‍ കഴിയും. ആ കഴിവുപയോഗിച്ച് പ്ലൂറോട്ടസ് (Pleurotus) വിഭാഗത്തിലെ ചില ജീവികള്‍ നല്ല രീതിയില്‍ വിഘടനം നടത്തുന്നതായി മനസ്സിലായി. പ്രസ്തുത കുമിളിന്റെ വിത്ത് തയാറാക്കി ചകിരിച്ചോറില്‍ ചേർത്ത് 30 ദിവസം ആവശ്യത്തിന് ജലാംശം നല്‍കിയപ്പോള്‍ അതു വിഘടിച്ച് മികച്ച വളമായെന്നു കണ്ടു. ഇങ്ങനെ കയര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച കൂൺവിത്താണ് പിത്ത് പ്ലസ്. ഇത് വെറും 5 പാക്കറ്റ് ഉപയോഗിച്ച് ഒരു ടണ്‍ ചകിരിച്ചോര്‍ വളമാക്കിമാറ്റാം. 400 ഗ്രാമിന്റെ പിത്ത് പ്ലസ് പാക്കറ്റ് 50 രൂപയ്ക്ക് ഗവേഷണകേന്ദ്രത്തില്‍ ലഭിക്കും. 

ചകിരിച്ചോര്‍ വളമാക്കല്‍

ഒരു ടണ്‍ ചകിരിച്ചോര്‍ വളമാക്കിമാറ്റാന്‍ 5 പാക്കറ്റ് പിത്ത് പ്ലസും, 5 കിലോ യൂറിയയും ആവശ്യമാണ്‌. ഇത് ചെയ്യാന്‍ ഷെഡ്‌ ആവശ്യമില്ല. വെറും മണ്ണില്‍, സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത സ്ഥലം മതി. നിലത്ത് 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയും അടയാളപ്പെടുത്തുക. അവിടേക്ക് ആദ്യം 100 കിലോ ചകിരിച്ചോര്‍ നിരത്തുക. അതിനു മുകളില്‍ ഒരു പാക്കറ്റ് പിത്ത് പ്ലസ് പൊടിച്ച് വിതറുന്നു. വീണ്ടും അതിനു മുകളില്‍ 100 കിലോ ചകിരിച്ചോര്‍ നിരത്തുന്നു. അതിനു മുകളിലായി ഒരു കിലോ യൂറിയ നിരത്തുന്നു. ഇങ്ങനെ ചകിരിച്ചോറും, പിത്ത് പ്ലസും, യൂറിയയും മാറിമാറി നിരത്തുക. അങ്ങനെ 10 നിര ഇടുമ്പോഴേക്കും ഒരു ടണ്‍ ആകും. ആ കൂന നന്നായി നനയ്ക്കുക. കയ്യിലെടുത്തു പിഴിയുമ്പോള്‍ വെള്ളം പോകുന്ന തരത്തില്‍ ജലാംശം നിലനിര്‍ത്തണം. ചൂടുസമയങ്ങളില്‍ ദിവസവും നനയ്ക്കുകയും, മഴ സമയങ്ങളില്‍ ഒഴു കിപ്പോകാതിരിക്കാന്‍ ഓല വെട്ടി മുകളില്‍ ഇട്ട് സംരക്ഷിക്കുകയും വേണം. 30 ദിവസം അത് അങ്ങനെ നില നിര്‍ത്തുക. ചെറിയ തവിട്ടുനിറം മാറി കടുംതവിട്ടു നിറമാകുന്നതാണ് കംപോസ്റ്റ് ആയതിന്റെ സൂചന. ഗുണ നിലവാരം സൂക്ഷ്മമായി അറിയണമെങ്കില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ അളവു പരിശോധിച്ചാൽ മതി. കയര്‍ ഗവേഷണകേന്ദ്രത്തില്‍ അതിനു സൗകര്യമുണ്ട്. 

കയര്‍ കൃഷിമിത്ര 

ചകിരിച്ചോര്‍ വളമാക്കാന്‍ പിത്ത് പ്ലസിനൊപ്പം 5 കിലോ യൂറിയയും ചേർക്കേണ്ടതുണ്ട്. എന്നാല്‍ യൂറിയ ഉപയോഗിക്കുന്നതില്‍ ജൈവകൃഷിക്കാർ വിമുഖത കാണിക്കാറുണ്ട്. അതിനാല്‍ യൂറിയയ്ക്കു പകരം മറ്റു പ്രകൃതിസൗഹൃദ നൈട്രജന്‍ പ്രദായനികള്‍ പരീക്ഷിച്ചു. അസോള, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടം എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തു നിര്‍മിക്കുന്ന വളം ഫലപ്രദമെന്നു കണ്ടു . ഇതിന് ‘കയര്‍ കൃഷിമിത്ര’എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് തയാറാക്കാന്‍ ഒരു ടൺ ചകിരിച്ചോറിന് 5 പാക്കറ്റ് പിത്ത് പ്ലസ്, 2.5 കിലോ അസോള, അത്ര തന്നെ വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടം എന്നിവ ആവശ്യമാണ്‌. ചകിരിച്ചോര്‍ വളം നിര്‍മിക്കുന്നതു പോലെതന്നെ നിലത്ത് 5x3 മീറ്റര്‍ വിസ്തൃതിയില്‍ ചകിരിച്ചോറും, പിത്ത് പ്ലസും വിവിധ തട്ടുകളായി ഇടുന്നു. യൂറിയയ്ക്ക് പകരം 500 ഗ്രാം വീതം അസോളയും, വേപ്പിന്‍പിണ്ണാക്കും, മത്സ്യാവശിഷ്ടവും ചേര്‍ന്ന മിശ്രിതവും. 

English summary: How To Make Coco Peat Compost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com