പച്ചക്കറിത്തോട്ടങ്ങളിൽ ജലം പാഴാകാതിരിക്കാൻ ശ്രദ്ധിക്കാം 10 കാര്യങ്ങൾ

HIGHLIGHTS
  • പുതയിടുന്നത് ജലം നീരാവിയായി നഷ്ടപ്പെടുന്നത് കുറയ്ക്കും
  • ചെടികൾക്ക് തുള്ളിനന രീതിയിലും ജലസേചനം നടത്താം
irrigation-for-plants
SHARE

വേനൽ അടുത്തുകൊണ്ടിരിക്കുന്നു. ജല വിനിയോഗത്തിൽ കരുതൽ ആവശ്യമാണ്. അടുക്കളത്തോട്ടങ്ങളിലും പൂന്തോട്ടങ്ങളിലും ജലം ഒഴിവാക്കാൻ കഴിയാത്തതാണെങ്കിലും കരുതി ഉപയോഗിച്ചില്ലെങ്കിൽ അത് പാഴായിപ്പോകുകയേയുള്ളൂ. അതിനാൽ പച്ചക്കറിത്തോട്ടങ്ങളും പൂന്തോട്ടങ്ങളും നനയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

1. ചെടിയറിഞ്ഞ് ജലം

ഓരോ ഇനം സസ്യത്തിനും വ്യത്യസ്ത അളവിലായിരിക്കും ജലം ആവശ്യമായി വരിക. അതുകൊണ്ടുതന്നെ ഓരോ ചെടിക്കും ആവശ്യമായ അളവിൽ മാത്രം ജലം നൽകുക. അധികജലം നൽകിയാൽ അത് പാഴായിപ്പോവും. ഒപ്പം മണ്ണിലെ ഈർപ്പം പരിശോധിച്ച് ജലം നൽകുന്നതും ഉത്തമമാണ്.

2. ശരിയായ സമയത്ത് ജലസേചനം

ചെടികൾ ജലം വേരുകളിലൂടെ ആഗിരണം ചെയ്യുന്നത് പ്രധാനമായും അന്തരീക്ഷം ചൂടാവുന്നതിനു മുൻപാണ്. അതുകൊണ്ടുതന്നെ അതിരാവിലെ ജലസേചനം നടത്തിയാൽ ചെടികൾക്ക് വേഗം ആഗിരണം ചെയ്യാൻ സാധിക്കും. 

3. പാഴാകാതെ ചെടികൾക്കുതന്നെ

ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ അവയ്ക്ക് ലഭിക്കുന്ന വിധത്തിൽ ചുവട്ടിൽത്തന്നെ ഒഴിക്കാം. അലക്ഷ്യമായി വെള്ളമൊഴിച്ചാൽ നല്ലൊരു ശതമാനം വെള്ളവും പാഴായിപ്പോകും.

4. ചെടികളുടെ ചുവട്ടിൽ ലഘു ജലസംഭരണി

ചെടികൾക്ക് ആവശ്യമായ ജലം ആവശ്യാനുസരണം ആഗിരണം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ചെറു ജലസംഭരണി ഒരുക്കി നൽകാം. പ്ലാസ്റ്റിക് ബോട്ടിലുകളോ ഉപയോഗശൂന്യമായ പാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം. പ്ലാസ്റ്റിക് കുപ്പികളുടെ ചുവടുഭാഗം മുറിച്ചശേഷം അടപ്പ് മാറ്റി തലതിരിച്ച് ചെടിയുടെ ചുവട്ടിൽ കുഴിച്ചുവച്ചാൽമതി. ഇതിലേക്ക് വെള്ളം ഒഴിച്ചുനൽകാം. ജലസാന്നിധ്യമുള്ളിടത്തേക്ക് വേരുകൾ വരാനും കൂടുതൽ ജലം ആഗിരണം ചെയ്യാനും ഇത് സഹായിക്കും. മണ്ണിൽനിന്നുള്ള ജലനഷ്ടം ഇവിടെ കുറയ്ക്കാനാകും.

5. തുള്ളിനന

ചെടികൾക്ക് തുള്ളിനന രീതിയിലും ജലസേചനം നടത്താം. ചെടികളുടെ ചുവട്ടിൽ നിശ്ചിത ഇടവേളകളിൽ ജലം ലഭിക്കുന്നതിനാൽ ജലനഷ്ടം കുറയ്ക്കാനാകും.

6. ചെടിച്ചട്ടികളും ജലനഷ്ടമുണ്ടാക്കും

മൺചട്ടികൾ, സിമന്റ് ചട്ടികൾ എന്നിവയ്ക്ക് ജലം ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ചെടികൾക്കു നൽകുന്ന ജലത്തിന്റെ നല്ലൊരു ശതമാനം ഇത്തരം ചട്ടികളിലേക്ക് വലിച്ചെടുക്കപ്പെടും. ഇനി, ലോഹ നിർമിത ചട്ടികളാണെങ്കിൽ അവ ചൂടായി ജലനഷ്ടത്തിന് വഴിയൊരുക്കും. ഈ സാഹചര്യത്തിൽ പ്ലാസ്റ്റിക് ചട്ടികൾ പോലുള്ളവയാണ് മറ്റുള്ളവയെ അപേക്ഷിച്ച് മെച്ചം.

7. വേണം ജൈവാംശം

മണ്ണിൽ കൂടുതൽ ജൈവാംശമുണ്ടെങ്കിൽ ആ മണ്ണിന് ജലാഗിരണ–സംഭരണ ശേഷി കൂടുതലായിരിക്കും. കമ്പോസ്റ്റ്, ചാണകപ്പൊടി പോലുള്ളവ നൽകി മണ്ണിലെ ജൈവാംശം വർധിപ്പിക്കാം. 

8. പുതയിടാം

ചെടികളുടെ ചുവട്ടിൽ ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ച് പുതയിടുന്നത് ജലം നീരാവിയായി നഷ്ടപ്പെടുന്നത് കുറയ്ക്കും. മാത്രമല്ല പുതിയിടുന്നതുവഴി കളസസ്യങ്ങളുടെ വളർച്ച തടയപ്പെടുകയും അതുവഴിയുള്ള ജലനഷ്ടം കുറയ്ക്കുകയും ചെയ്യും. കുറഞ്ഞത് 2 ഇഞ്ച് കനത്തിലെങ്കിലും പുതയിടുന്നതാണ് നല്ലത്. 

9. മഴവെള്ളം പാഴാക്കാതിരിക്കാം

മഴലഭ്യതയുള്ള സമയങ്ങളിൾ സംഭരിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ നന്ന്. ഇതിനായി ജലസംഭരണികൾ നിർമിക്കാം. കൂടാതെ വിസ്തൃതിയുള്ള കൃഷിയിടങ്ങളിൽ മഴവെള്ളം ഭൂമിയിലേക്ക് താഴുന്നതിനുവേണ്ടി മഴക്കുഴികളും നിർമിക്കാം.

10. കളനശീകരണം പ്രധാനം

ചെടികൾക്കു നൽകുന്ന ജലത്തിന്റെ നല്ലൊരു ശതമാനവും അപഹരിക്കുന്നത് ചുവട്ടിൽ വളരുന്ന കളസസ്യങ്ങളാണ്. കളസസ്യങ്ങൾ ഒഴിവാക്കിയാലും ജലനഷ്ടം കുറയ്ക്കാനാകും.

English summary: 10 Smart Watering Tips for Vegetable Garden, Terrace vegetable garden, Home Vegetable Garden Kerala, Kitchen Vegetable Garden In Kerala, Terrace Vegetable Garden In Kerala, Terrace Vegetable Garden Kerala, Vegetable Cultivation In Kerala, Vegetable Farming In Kerala, Vegetable Farming Kerala, Vegetable Garden At Home Kerala, Vegetable Garden In Kerala, Vegetable Garden Kerala, Vegetable Garden Of Kerala, Vegetable Gardening Ideas In Kerala, Vegetable Gardening In Kerala, Vegetable Plants In Kerala, Vegetable Production In Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA