മേലോട്ടു വളരുന്ന കൃഷിയിടം; ചെലവ് 75,000 രൂപ

HIGHLIGHTS
  • ഇരുപത് അടി ഉയരത്തിൽ ജിഐ പൈപ്പുകൾ കൊണ്ട് നിർമിച്ച സ്റ്റാൻഡ് അടിസ്ഥാന ഘടന
  • ചോളം, നെല്ല്, പുതിന, മല്ലിയില, ഉഴുന്ന് എന്നിവ കൃഷി ചെയ്തു
vertical-farming-1
പാസ്റ്റർ ജേക്കബ് ജോസഫ് വെർട്ടിക്കൽ ഫാമിൽ
SHARE

ഒരു സെന്റ് ചീരക്കൃഷിയിൽനിന്ന് എത്ര വിളവ് കിട്ടും? ശരാശരി 25- 30 കിലോ. പക്ഷേ ആവശ്യം 150 - 180 കിലോയാണെങ്കിൽ എന്തു ചെയ്യും? വിസ്തൃതി വർധിപ്പിക്കുകയേ മാർഗമുള്ളൂ. ഒരു സെന്റ് സ്ഥലത്ത് അതിലേറെ ഇടം സൃഷ്ടിക്കുന്നത് എങ്ങനെയെന്നല്ലേ? ഒരു സെന്റിനെ പല തട്ടുകളായി മുകളിലേക്കു വികസിപ്പിക്കുക. പാസ്റ്റർ ജേക്കബ് ജോസഫ് എന്ന പ്രിൻസ് ചെയ്തതും അതു തന്നെ. സ്വന്തം ആശയമനുസരിച്ച് 3 വർഷമായി പ്രിൻസ് പച്ചക്കറിക്കൃഷി നടത്തുന്ന വെർട്ടിക്കൽ ഫാം കാണണമെങ്കിൽ തിരുവല്ലയ്ക്കു സമീപം ഇരവിപേരൂരിലെ ഗിൽഗാൽ ആശ്വാസഭവനിൽ എത്തണം. പ്രിൻസും കുടുംബാംഗങ്ങളും നേതൃത്വം നൽകുന്ന ട്രസ്റ്റിനു കീഴിലാണ് ഈ സ്ഥാപനം. 320ലധികം അഗതികളുടെ പുനരധിവാസ കേന്ദ്രമാണിത്. സ്വന്താവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാനായി സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലുമായി 20 ഏക്കറില്‍ ഇവർ കൃഷി ചെയ്യുന്നു.  ഗിൽഗാൽ ഗ്രീൻ എന്ന ഈ കാർഷിക സംരംഭത്തിനു കീഴിൽ 10,000 ചുവട് കാബേജും കോളിഫ്ലവറും കൃഷി ചെയ്തിട്ടുണ്ട്. ഇനിയും 6000 ചുവട് കൂടി നടാനുള്ള തയാറെടുപ്പിലാണ്.  

vertical-farming
പാസ്റ്റർ ജേക്കബ് ജോസഫ് വെർട്ടിക്കൽ ഫാമിൽ

ഒരു സെന്റ് സ്ഥലത്തിനു മീതേ രണ്ടടി വീതം ഇടയകലം നൽകി 10 തട്ടുകളുണ്ടാക്കി ഒരു വെർട്ടിക്കൽ ഫാം നിർമിച്ചു. ഇരുപത് അടി ഉയരത്തിൽ ജിഐ പൈപ്പുകൾ കൊണ്ട് നിർമിച്ച സ്റ്റാൻഡാണ് ഈ ഫാമിന്റെ അടിസ്ഥാന ഘടന. പ്രസ്തുത സ്റ്റാൻഡിൽ 4 ഇഞ്ച് പിവിസി പൈപ്പുകൾ നെടുകെ കീറിയുണ്ടാക്കിയ പാത്തികൾ 10 തട്ടുകളായി തൂക്കിയിട്ടു. ഇതിനു പകരം 6 ഇഞ്ച് റെയിൽ ഹാർവസ്റ്റിങ് പാത്തികളും ഉപയോഗിക്കാമെന്ന് പ്രിൻസ് പറഞ്ഞു. ഈ പാത്തികളിൽ മണ്ണും ചാണകപ്പൊടിയും ചകിരിക്കമ്പോസ്റ്റുമൊക്കെ കലർത്തിയ മിശ്രിതം നിറച്ചായിരുന്നു കൃഷി. നന നൽകാനായി പാത്തികൾക്കു സമാന്തരമായി തുള്ളിനന സംവിധാനവും ഏർപ്പെടുത്തി. മഴ നനയാത്ത വിധത്തിൽ ഫാമിനു മീതേ യുവി സ്‌റ്റബിലൈസ്ഡ് പോളിത്തീൻഷീറ്റ് കൊണ്ട് മേൽക്കൂരയും നൽകി. ഏകദേശം 75000 രൂപ ചെലവ് വന്ന ഈ സംവിധാനം പ്രയോജനപ്പെടുത്തി ഏതു കാലാവസ്ഥയിലും വ്യത്യസ്ത വിളകൾ വിശേഷിച്ച് ഇലക്കറി വിളകൾ കൃഷി ചെയ്യാം.

ചീരയ്ക്കു പുറമെ ചോളം, നെല്ല്, പുതിന, മല്ലിയില, ഉഴുന്ന് എന്നിവ താൻ ഇതിൽ വിജയകരമായി കൃഷി ചെയ്തിട്ടുണ്ടെന്ന് പ്രിൻസ് പറഞ്ഞു. എന്നാൽ ഏറ്റവും  നല്ല വിളവും ആദായവും  നൽകിയത് ചീര തന്നെ. ഒരു മാസം 300 കെട്ട് ചീര ഇപ്രകാരം ഉൽപാദിപ്പിക്കാം. ഒരു കെട്ടിനു കുറഞ്ഞത് 25 രൂപ ലഭിക്കും. ഒരു വിളവെടുപ്പ് കഴിയുമ്പോഴേക്കും അടുത്ത ബാച്ച് തൈകൾ പ്രോട്രേകളിൽ തയാറാക്കി നിർത്തിയാൽ ഒരു വർഷം 12 തവണ കൃഷിയിറക്കാം. തുടർച്ചയായി വിളവിറക്കിയാൽ ആദ്യവർഷംതന്നെ മുതൽമുടക്ക് തിരിച്ചു പിടിക്കാൻ വെർട്ടിക്കൽ ഫാമിലെ ചീരക്കൃഷിയിലൂടെ സാധിക്കുമെന്ന് പ്രിൻസ് ചൂണ്ടിക്കാട്ടി. വിളവെടുപ്പും വളമിടലുമൊക്കെ സൗകര്യമായി നടത്താവുന്ന വിധത്തിൽ ജിഐ സ്റ്റാൻഡില്‍ പടികള്‍ തീർത്തിട്ടുണ്ട്. ഇവയിൽ ചവിട്ടിനിന്ന്  പരിപാലനം അനായാസം നടത്താം. ചുവടു ചേർത്ത് വെട്ടിയെടുക്കുന്നതിനാൽ ഒരു ബാച്ചിൽ ഒരു വിള വെടുപ്പു മാത്രമേയുള്ളൂ. പ്രാരംഭ മുതൽമുടക്ക് അൽപം കൂടുമെങ്കിലും തുടർന്നുള്ള കൃഷിച്ചെലവു  തുച്ഛം. 

ഫോൺ: 9447064922

English summary: Vertical Farming For Vegetables

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA