ADVERTISEMENT

കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ പച്ചക്കറിവിളകൾ നേരിടുന്ന പ്രധാന രോഗമാണ് ബാക്ടീരിയൽ വാട്ടം. സമുദ്രത്തോടു ചേർന്നുകിടക്കുന്ന തീരപ്രദേശങ്ങളിലെ അമ്ലത്വമുള്ള മണ്ണിൽ കണ്ടുവരുന്ന റാൽസ്റ്റോണിയ സൊളനേഴ്സിയാരം എന്ന ബാക്ടീരിയയാണ് വാട്ടരോഗമുണ്ടാക്കുന്നത്. ചെടികളുടെ വേരുകൾക്കും മറ്റും സംഭവിക്കുന്ന ചെറിയ മുറിവുകളിലൂടെ അകത്തു കടക്കുന്ന ബാക്ടീരിയ പെറ്റുപെരുകി ചെടികൾ വളവും വെള്ളവു വലിച്ചെടുക്കുന്നതിനെ തടസപ്പെടുത്തുന്നു. നല്ല ആരോഗ്യത്തോടെ നിന്നിരുന്ന ചെടികൾ പെട്ടെന്നു വാടി നശിച്ചുപോകാൻ ഈ ആക്രമണം ഇടയാക്കുന്നു. 

വഴുതന, തക്കാളി, മുളക് എന്നിവയുടെ നേർക്കാണ് രോഗാക്രമണം രൂക്ഷമായി കണ്ടുവരുന്നതെങ്കിലും കുമ്പളം, കയ്പ, പടവലം തുടങ്ങിയ വിളകളിലും ബാക്ടീരിയൽ വാട്ടം അപൂർവമായി കാണാറുണ്ട്. മണ്ണിലുള്ള ബാക്ടീരിയ ആയതുകൊണ്ടുതന്നെ നിയന്ത്രണം എളുപ്പമല്ല. രോഗം കണ്ടുവരുന്ന സ്ഥലങ്ങളിൽ തുടർച്ചയായി വഴുതന, മുളക്, തക്കാളി എന്നീ വിളകൾ കൃഷി ചെയ്യാതിരിക്കുക, മണ്ണിന്റെ അമ്ലത കുറച്ചുകൊണ്ടുവരിക, ബാക്ടീരിയയെ നശിപ്പിക്കുന്നതിനു മണ്ണിൽ ആന്റിബയോട്ടിക് മരുന്നുകൾ പ്രയോഗിക്കുക, വാട്ടപ്രതിരോധശക്തിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക തുടങ്ങിയവയാണ് ശുപാർശ ചെയ്യുന്ന നിയന്ത്രണമാർഗങ്ങൾ. ഇതിൽ ഏറ്റവും ഫലപ്രദവും ലാഭകരവുമായ മാർഗം, പ്രതിരോധശക്തിയുള്ള ഇനങ്ങൾ കൃഷിചെയ്യുക എന്നതുതന്നെ. 

നമ്മുടെ കാലാവസ്ഥയിൽ വാട്ടരോഗത്തെ ചെറുത്തുനിൽക്കാൻ കഴിയുന്ന വഴുതന, മുളക്, തക്കാളി ഇനങ്ങൾ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. വഴുതനയിൽ ഹരിത, സൂര്യ, ശ്വേത എന്നീ ഇനങ്ങളും തക്കാളിയിൽ ശക്തി, അനഘ, മനുലക്ഷ്മി എന്നിവയും മുളകിൽ ഉജ്വല, അനുഗ്രഹ എന്നീ ഇനങ്ങളും വാട്ടരോഗത്തിനെതിരെ പ്രതിരോധശക്തിയുള്ളവയാണ്. ഈ ഇനങ്ങളെല്ലാം വീട്ടുവളപ്പിലെ കൃഷിക്കും മികച്ചത്. എന്നാൽ, മറ്റു സംസ്ഥാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മുന്തിയ ഹൈബ്രിഡ് ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ ഉൽപാദനക്ഷമതയും കായ്കളുടെ വലുപ്പവും കുറവാണ്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ മേൽപ്പറഞ്ഞ ഇനങ്ങളുടെ ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് ഉത്തമം. 

മണ്ണിൽക്കൂടി പകരുന്ന രോഗങ്ങളെ ചെറുത്തു നിൽക്കാൻ ശേഷിയുള്ള ഇനങ്ങളിൽ പച്ചക്കറിവിളകൾ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിച്ചെടുക്കുന്ന രീതി വിദേശ രാജ്യങ്ങളിൽ സർവസാധാരണമാണ്. ബാക്ടീരിയൽ വാട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യ കേരളത്തിലും സ്വീകരിക്കാമെന്ന് കേരള കാർഷിക സർവകലാശാലയുടെ വൈള്ളാനിക്കര ഹൈടെക് കൃത്യതാകൃഷികേന്ദ്രത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വാട്ടരോഗത്തെയും നിമാവിരകളുടെ ആക്രമണത്തെയും ചെറുക്കാൻ ശേഷിയുള്ള ചുണ്ടയിലെ പ്രതിരോധശക്തിയുള്ള വഴുതന ഇനങ്ങളിലോ ആണ് തക്കാളിയും വഴുതനയും ഗ്രാഫ്റ്റ് ചെയ്യുന്നത്.

ഇതിനായി ചുണ്ടയുടെയും ഒട്ടിക്കാനുദ്ദേശിക്കുന്ന വഴുതന/തക്കാളി എന്നിവയുടെ ഹൈബ്രിഡ് ഇനങ്ങളുടെയും തൈകൾ ട്രേകളിൽ പ്രത്യേകം വിത്തുപാകി തയാറാക്കി എടുക്കണം. പൊതുവേ മുളയ്ക്കാൻ പ്രയാസമുള്ള വിത്തായതിനാൽ ചുണ്ട വിത്ത് നേരത്തേതന്നെ ട്രേകളിൽ പാകാൻ ശ്രദ്ധിക്കണം. രണ്ടാഴ്ചകൊണ്ടവ മുളച്ചുയരും. 8 ആഴ്ചകൊണ്ട് 10–12 സെ.മീറ്റർ ഉയരമെത്തും. ഈ പ്രായത്തിൽ ചുണ്ടത്തൈകൾ ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിക്കാം. വഴുതനത്തൈകളാണെങ്കിൽ 35–40 ദിവസം പ്രായമെത്തുന്നതോടെ ഒട്ടിക്കാനായി തിരഞ്ഞെടുക്കാം. തക്കാളി, വഴുതന എന്നിവയുടെ മുന്തിയ ഇനങ്ങളുടെ തൈകൾ വിത്തു പാകി 20–25 ദിവസംകൊണ്ട് 10–12 സെ.മീറ്റർ ഉയരം വയ്ക്കും. 

English summary: Grafting in Vegetable Crops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com