ADVERTISEMENT

കൊറോണയും ലോക്ഡൗണും മലയാളി മനസ്സിനും ഹരിതകാന്തിയേകി. അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോൾ പച്ചക്കറിയെക്കുറിച്ച് ചിന്തിച്ച മലയാളി നേരെ കയറിയത് മട്ടുപ്പാവിലേക്ക്. അവിടെ എല്ലാം വിളയിച്ച് ലോക്ഡൗണിനെ പച്ചകാട്ടി ചിരിച്ചകറ്റിയവർ തീർത്തത് പുതിയൊരു കൃഷി സംസ്കാരം. രണ്ട് പച്ചക്കറിയെങ്കിലും  ടെറസിലും മുറ്റത്തും വിളയിക്കാത്തവർ നാട്ടിൽ അപൂർവം. നിറഞ്ഞ് കായ്ച്ച പച്ചക്കറികൾ സ്വാദോടെ കഴിച്ച മലയാളി മാറ്റിവച്ചത് വർഷങ്ങളായി വിഷഛായയിൽ അന്യസംസ്ഥാനങ്ങളിൽ വിളഞ്ഞവയെ. 

ഒരു സെന്റെങ്കിലും ഭൂമിയും കോൺക്രീറ്റ് ചെയ്‌ത മട്ടുപ്പാവുമുണ്ടെങ്കിൽ കൃഷി ചെയ്യാമെന്നും നല്ല പച്ചക്കറികൾ വിളയിക്കാമെന്നുള്ള ശീലത്തിന്റെ പുത്തൻ പാഠത്തിനു വിത്ത് പാകിയത് ലോക് ഡൗൺ. തിരക്കും മടിയും സമയക്കുറമെന്നുക്കെയുള്ള പഴഞ്ചൻ വരട്ടുന്യായങ്ങൾക്ക് കോവിഡ് ഫുൾസ്റ്റോപ്പിട്ടതോടെ പച്ചക്കറിക്കായി അന്യസംസ്ഥാനക്കാരനു മുന്നിൽ കൈനീട്ടേണ്ട അവസ്ഥയ്ക്ക് കുറച്ചൊരു ശമനമായി. മട്ടുപ്പാവിലും ഗ്രോബാഗിലുമെല്ലാം വിളഞ്ഞ നല്ല പച്ചക്കറിയുടെ രുചി നാവിൽ നിന്നകറ്റാതെ നമ്മൾ തിരിച്ചു നടക്കുന്നത് പുതിയൊരു ജീവിത രീതിയിലേക്കാണ്. നമ്മുടെ കാലാവസ്‌ഥയിൽ വളരില്ലെന്നു കരുതിയ പല വിളകളും ഇന്ന് സുലഭമായി മട്ടുപ്പാവിലും മുറ്റത്തും വിളയുന്നു. അതെല്ലാം കർഷകരുടെ ഇച്‌ഛാശക്‌തിയുടെ ഫലങ്ങളാണ്. പിന്നെ, കൃഷിഭവനുകളിൽ നിന്നുള്ള നിലയ്ക്കാത്ത പിന്തുണയും. 

കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് സഹായവുമായി കർഷക കൂട്ടായ്മയും സാമൂഹിക കർഷക സംഘടനകളും കരുതലിന്റെയും തണലിന്റെയും പന്തലൊരുക്കുന്നു. വിത്തുകളും കാർഷിക രീതികളും രോഗ പ്രതിരോധ  മാർഗങ്ങളും സോഷ്യൽ മീഡിയകളിലൂടെയും നേരിട്ടും പങ്കുവയ്ക്കപ്പെടുന്നതോടെ ടെറസിലെ കൃഷി കൂടുതൽ ആയാസരഹിതമാവുന്നതോടൊപ്പം വിളവിലും പരിചരണത്തിലും പ്രതീക്ഷയുടെ പുത്തൻ പച്ചപ്പുമായി.  

കൃഷിരീതികൾ

1. ഗ്രോബാഗുകൾ

വീട്ടുകൃഷിക്ക് ഏറ്റവും ഫലപ്രദം ഗ്രോ ബാഗുകളാണെന്ന് കൃഷിവിദഗ്‌ധർ വിലയിരുത്തുന്നു. ചാക്ക് കൃഷിയും സജീവമാണെങ്കിലും ഗ്രോ ബാഗ് കൃഷിക്കാണ് കൂടുതൽ സ്വീകാര്യത. സംസ്ഥാന കൃഷിവകുപ്പ് ഹോർട്ടി കോർപുമായി ചേർന്ന് പഞ്ചായത്തുകൾ വഴി ഗ്രോ ബാഗും വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവർത്തകർ ഇവ വീടുകളിൽ നേരിട്ടെത്തിക്കുന്നുമുണ്ട്. വേരു പിടിപ്പിച്ച തൈകൾ സഹിതമുള്ള ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്ന പദ്ധതികൾക്കാണ് നിലവിൽ സർക്കാരും ഊന്നൽ കൊടുക്കുന്നത്. വീട്ടുകൃഷിയെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ കൂടുതൽ തൈകളും വിത്തുകളും ഇപ്പോൾ ലഭ്യമാക്കുന്നു. ഗ്രോ ബാഗുകളിൽ തന്നെയുള്ള പുത്തൻ പരീക്ഷണങ്ങളും നിരവധിയുണ്ട്. 

2. പച്ചക്കറിപ്പന്തലുകൾ

ശാസ്‌ത്രീയമായ റെഡിമെയ്‌ഡ് പന്തലുകൾ വീട്ടിൽ വന്നു സജ്ജീകരിച്ചുകൊടുക്കുന്ന കൃഷിസംഘങ്ങളും ഏജൻസികളും വ്യക്തികളും നഗരങ്ങളിലും നാട്ടിൻ പ്രദേശങ്ങളിലും ധാരാളം. പോളിഹൗസുകൾ തുടങ്ങാൻ താൽപര്യമുള്ളവർക്കു വേണ്ട സാങ്കേതിക സഹായങ്ങൾ കൃഷിവകുപ്പിൽനിന്നു ലഭിക്കും. ഇതിനായി സബ്‌സിഡിയും സർക്കാർ നൽകുന്നുണ്ട്. കൃഷിക്ക് വേണ്ട മാർഗനിർദേശങ്ങളും കൃഷിഭവൻ നേരിട്ട് നൽകുന്നു. 

3. വെർട്ടിക്കിൽ ഫാമിങ്

ഫ്ലാറ്റുകൾ മുതലായ സ്‌ഥലപരിമിതിയുള്ള സ്‌ഥലങ്ങളിൽ ഈ രീതി ഫലപ്രദമാണ്. ചാക്കിലോ മറ്റോ മണ്ണു നിറച്ച് വശങ്ങളിൽ പച്ചക്കറി നടുന്ന രീതിയാണിത്. 

4. പൈപ്പ് ഫാമിങ്

പൈപ്പുകളിൽ തുളയിട്ട് മണ്ണും വളവും നിറച്ചുള്ള കൃഷിയും അടുക്കളത്തോട്ട കൃഷിക്ക് ഫലപ്രദമാണ്. സ്‌ഥലം തീരെ കുറച്ചു മതിയെന്നതാണ് ഇതിന്റെ ഗുണം. 

ഗ്രോ ബാഗുകൾ വയ്‌ക്കുന്നവർ അതിൽ പിന്നീട് വളം പ്രയോഗിക്കാതെ വെറുതെ നനച്ചു മാത്രം കൊടുക്കുന്നത് ആരോഗ്യകരമല്ല. കൃത്യമായ വളം പ്രയോഗിച്ചാൽ മികച്ച വിളവ് ഗ്രോ ബാഗിൽനിന്നു ലഭിച്ചുകൊണ്ടേയിരിക്കും. 

മട്ടുപ്പാവ് കൃഷിയിൽ ഏറ്റവും കൂടുതൽ വിളയുന്നത് പയർ, പാവൽ വെള്ളരി, കോവൽ,  പടവലം തക്കാളി, ചീര, മത്തൻ, വെള്ളരി, മുളക് എന്നിവയാണ്. ഒപ്പം വിവിധ വാഴയിനങ്ങളും യഥേഷ്ടമുണ്ട്. കൂടാതെ കപ്പയും ചേമ്പും ചേനയും മധുരക്കിഴങ്ങും നല്ലതുപോലെ വിളയുന്നു.

രോഗ പ്രതിരോധം

കഞ്ഞിവെള്ളം, തുളസിച്ചെടി, കർപ്പൂര പുക, പുകയിലക്കഷായം, പാൽക്കായം മിശ്രിതം, വേപ്പെണ്ണ-ആവണക്കെണ്ണ-വെളുത്തുള്ളി മിശ്രിതം, ആര്യവേപ്പ് ഇല. 

ജൈവവളങ്ങൾ 

ചാണകപ്പൊടി, ചാരം, പഞ്ചഗവ്യം, അമൃത്‌പാനി, ജീവാമൃതം, ഫിഷ് അമിനോ അമ്ലം, മണ്ണിര കംപോസ്‌റ്റ്, ചാണക ബയോഗ്യാസ്,  ആട്, മുയൽ, കോഴി തുടങ്ങിയവയുടെ വിസർജ്യം.

English summary: Lockdown Vegetable Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com