കേരളത്തനിമയിൽ കൃഷിയെ സ്നേഹിക്കുകയും വീട്ടിലേക്കാവശ്യമായ പഴം–പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മലയാളികളെ കാണാം അങ്ങ് ഓസ്ട്രേലിയയിലെ ടൗൺസ്വില്ലിൽ. വീട്ടിലെ കൃഷി കൂടാതെ സർക്കാരിൽനിന്ന് ഒരു രൂപപോലും മുടക്കില്ലാതെ സ്ഥലം പാട്ടത്തിനെടുത്ത് അവിടെയും കൃഷിചെയ്ത് പൊന്നുവിളയിക്കുകയാണ് ടൗൺസ്വില്ലിലുള്ള മലയാളികൾ.
കപ്പ, കാച്ചിൽ, കോവൽ, പാവൽ, പയർ, വെണ്ട, ഇഞ്ചി, പടവലം തുടങ്ങി എല്ലാ ഇനം പച്ചക്കറികളും ഇവർ ഇവിടെ കൃഷി ചെയ്യുന്നു. ഒപ്പം വാഴയുമുണ്ട്. ഒരു കിലോ ഇഞ്ചിക്ക് ഓസ്ട്രേലിയൻ മാർക്കറ്റിൽ 45 ഡോളർ (2500 രൂപ) ആണ് വില. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ വാട്സാപ് കൂട്ടായ്മകളിലൂടെ വിൽക്കാറുമുണ്ട്. ചെറിയ അടുക്കളത്തോട്ടം മുതൽ 25 ഏക്കർ സ്ഥലത്തുവരെ കൃഷി ചെയ്യുന്ന മലയാളികളുണ്ട് ടൗൺസ്വില്ലിൽ.

ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് സ്റ്റേറിലെ ചെറു ഗ്രാമമാണ് ടൗൺസ്വില്ലെ. മലയാളികൾ ഏറെയുള്ള പ്രദേശം. ഇവിടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്ന മലയാളികളിലൊരാളാണ് കല്ലാനിക്കൽ ജോമോൻ തോമസ്. ഓസ്ട്രേലിയയിൽ പത്തുവർഷമായി താമസിക്കുന്ന ജോമോൻ തൊടുപുഴ സ്വദേശിയാണ്. താമസിക്കുന്ന വീടിനു ചുറ്റും നല്ലൊരു പച്ചക്കറിത്തോട്ടംതന്നെ ചിട്ടപ്പെടുത്തിയെടുക്കാൻ ജോമോന് കഴിഞ്ഞിട്ടുണ്ട്. വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, പയർ, വെണ്ട, വഴുതന, കൂർക്ക എന്നുതുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വളർത്തുന്നുണ്ട്. പ്രധാനമായും ഗാർഡൻ ബെഡ് ഒരുക്കിയാണ് കൃഷി. പരിചരണത്തിനും വിളവെടുപ്പിനും ഇത്തരത്തിലുള്ള കൃഷിരീതി സഹായിക്കും. പച്ചക്കറികൾ കൂടാതെ പ്ലാവ്, തെങ്ങ്, ഒട്ടേറെ ഫലവൃക്ഷങ്ങൾ എന്നിവയും നട്ടുവളർത്തുന്നുണ്ട്. ചാണകവും എല്ലുപൊടിയുമാണ് വളങ്ങളായി നൽകുന്നത്. ഒപ്പം വീട്ടിലെ മാലിന്യാവശിഷ്ടങ്ങൾ ഉപയോഗിച്ചുള്ള കമ്പോസ്റ്റും ഉപയോഗിക്കുന്നുണ്ട്. കാർഷികകുടുംബത്തിൽനിന്നു വളർന്നുവന്ന ജോമോൻ കൃഷിയെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, കുട്ടികളിലേക്ക് കാർഷിക സംസ്കാരം പകർന്നു നൽകാനും ജോമോൻ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചാണ് കൃഷി ചെയ്യുക. അധികമുള്ള പച്ചക്കറികൾ ഫാർമേഴ്സ് മാർക്കറ്റ് എന്ന വാട്സാപ് കൂട്ടായ്മവഴിയാണ് വിൽക്കുക.

അങ്കമാലി സ്വദേശികളായ പോളിയും ഭാര്യ മേരിയും ഓസ്ട്രേലിയയിൽ എത്തിയിട്ട് പത്തു വർഷം പിന്നിട്ടു. സ്ഥലം പാട്ടത്തിനെടുത്താണ് ഇവരുടെ കൃഷി. വാഴ, മഞ്ഞൾ, ചേമ്പ്, ഇഞ്ചി, കൂർക്ക, ചീര, പയർ, വെണ്ട, മുളക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ടൗൺസ്വില്ലെ സിറ്റി കൗൺസലിൽനിന്നാണ് സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്നത്. കൃഷി ചെയ്യാൻ സ്ഥലം ആവശ്യമുണ്ടെങ്കിൽ കൗൺസിലിൽ അപേക്ഷ സമർപ്പിക്കണം. സ്ഥലം ലഭ്യമാകുമ്പോൾ അവർ അറിയിക്കും. സ്ഥലം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം കൃഷിക്കായി ഏറ്റെടുത്താൽ മതി. അതേസമയം, സ്ഥലം നൽകുന്നത് തീർത്തും സൗജന്യമാണെന്ന് പോളി പറയുന്നു. കൃഷിക്കാവശ്യമായ വെള്ളവും അനുവദിച്ചുനൽകുന്നത് കൗൺസിലാണ്.

ചാലക്കുടി സ്വദേശിയായ തോമ്മാച്ചൻ ടൗൺസ്വില്ലിൽ എത്തിയിട്ട് 9 വർഷമായി. ഇവിടെ പാട്ടത്തിന് സ്ഥലമെടുത്ത് കപ്പ, കൂർക്ക, മത്തൻ, വെണ്ട, പയർ, വാഴ എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു.

കേരളത്തിൽ മികച്ച വിളവ് തരുന്ന കുരുമുളക്, പ്ലാവ്, മാവ്, വാഴ, ചെറുകിഴങ്ങ്, കാച്ചിൽ, ചേമ്പ് എന്നിവയാണ് പിറവം സ്വദേശിയായ ജോമോൻ പുന്നച്ചന്റെ കൃഷിയിടത്തിലെ താരങ്ങൾ. ഇവ കൂടാതെ കോഴികളും അലങ്കാരപ്പക്ഷികളും മത്സ്യങ്ങളും ഇവിടെയുണ്ട്.
ഓസ്ട്രേലിയൻ മലയാളികളുടെ കൃഷിയും കൃഷിരീതികളും കാണാം. വിഡിയോ ചുവടെ,
English summary: Organic Farming in Australia