അതിവേഗം തൈകൾ നിർമിക്കാം, നിര്‍മാണക്കൂട് വികസിപ്പിച്ച് കാർഷിക ഗവേഷണകേന്ദ്രം

HIGHLIGHTS
  • ഇരുമ്പുകമ്പി ഉപയോഗിച്ച് കമാനരൂപത്തിലുള്ള ചട്ടമാണ് ആദ്യം വേണ്ടത്
multiplication-chamber
ബഡ്ഡ് ചെയ്ത തൈകൾ പരിപാലിക്കുന്ന ചേംബർ
SHARE

ഒട്ട്, ബഡ് തൈകള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും തയാറാക്കാന്‍ പുതിയ സാങ്കേതികവിദ്യ, റാപ്പിഡ് മള്‍ട്ടിപ്ലിക്കേഷന്‍ ചേംബര്‍ (Rapid Multiplication Chamber). റൂട്ട് സ്‌റ്റോക്ക് തയാറാക്കി ആവശ്യമുള്ള ഇനങ്ങളുടെ സയോൺ കമ്പുകൾ 15 സെ. മീ നീളത്തിൽ മുറിച്ചെടുത്ത് ഇലകളഞ്ഞ് ഒട്ടിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇങ്ങനെ ഉണ്ടാക്കുന്ന ഗ്രാഫ്‌റ്റ് തൈകൾ വിപണന യോഗ്യമാകുന്നതിന് 70 മുതൽ 90 ദിവസം വരെ വേണ്ടിവരും. ഈ കാലയളവ് 50–60 ദിവസമായി  കുറയ്‌ക്കുന്നതാണ് പുതിയ രീതി.

ഒട്ട് –ബഡ് തൈകളുടെ ഉല്‍പാദനത്തിനായി രൂപകല്‌പന ചെയ്‌ത പുതിയ സംവിധാനമൊരുക്കാന്‍ 1.5 മീറ്റർ വീതി 2.5 മീറ്റർ നീളം 90 സെ. മീ ഉയരത്തില്‍ ഇരുമ്പുകമ്പി ഉപയോഗിച്ച്  കമാനരൂപത്തിലുള്ള ചട്ടമാണ് ആദ്യം വേണ്ടത്. മുകളിൽ ഷീറ്റ് മൂടുന്നതിനു വേണ്ടി ചട്ടത്തിന്റെ ഇടയിൽ കമ്പികൾ 45 സെ. മീ ഇടവിട്ട് നീളത്തിലും വിലങ്ങനെയും വെൽഡ് ചെയ്‌ത് ഉറപ്പിക്കണം. ഇങ്ങനെ തയാറാക്കിയ ചട്ടം മൂടുന്നതിന് (മുകളിൽ വിരിക്കുന്നതിന്) അൾട്രാവയലറ്റ് രശ്‌മികൾ പതിച്ചാൽ നശിക്കാത്ത യുവി ഷീറ്റ് 3.5 മീറ്റർ നീളത്തിലും  2.5 മീറ്റർ വീതിയിലും  വെട്ടിയുണ്ടാക്കണം. 

multiplication-chamber-1
കൂടൊരുക്കാനുള്ള ചട്ടം

അറുപതു ശതമാനം തണലുള്ള സ്‌ഥലത്താണ് ഈ കൂട് വയ്ക്കേണ്ടത്. മുൻകൂട്ടി തയാറാക്കിയ ഗ്രീൻ ഹൗസുകൾ ഇതിനായി ഉപയോഗിക്കാം.  ഗ്രാഫ്‌റ്റ് ചെയ്‌ത തൈകൾ തറനിരപ്പിൽ മണ്ണിൽ (സിമന്റ് തറകളോ, ഇന്റർലോക്ക് തറകളോ പാടില്ല)  അടുക്കി വയ്ക്കേണ്ടതാണ്. തറഭാഗം വളരെ നന്നായി നനച്ചിരിക്കണം. മുകളിൽ പറഞ്ഞ തരം ഒരു കൂട്ടിൽ 750 ഒട്ടുതൈകൾ (6’ X 8’ വലുപ്പമുള്ള കവർ) വയ്ക്കാം. കൂടു മൂടുന്നതിനു മുൻപ്, അടുക്കിവച്ച തൈകളുടെ മുകളിലും തറഭാഗത്തും നന്നായി നനയ്‌ക്കണം. തുടർന്ന് കൂടിനുള്ളിലെ  ഷീറ്റിനു മുകളിലും നനയ്‌ക്കുക. കുമിൾനാശിനി ചേർത്ത ലായനി തളിക്കുന്നത് കുമിൾരോഗങ്ങൾ തടയുന്നതിനു നന്ന്.  ഉടൻതന്നെ കൂട് പൂര്‍ണമായും മൂടുന്നു. യുവി ഷീറ്റിന്റെ മിച്ചം വരുന്ന ഭാഗം മണ്ണിലേക്കു താഴ്‌ത്തി വായു ഒട്ടുംതന്നെ ഉള്ളിൽ കയറാത്ത വിധം വേണം മൂടാന്‍. തുടർന്നു നിരീക്ഷിച്ചാൽ കൂടിന്റെ ഷീറ്റ് ഇട്ട ഭാഗത്ത് ജലകണികകൾ നിറഞ്ഞ്  മഞ്ഞുപോലെ  കാണാം. ദിവസവും രാവിലെയും വൈകുന്നേരവും കൂടിനു ചുറ്റും നനയ്‌ക്കണം.

ഏറ്റവും കൂടിയ ഈർപ്പവും ചൂടും കൃത്രിമമായി ഉണ്ടാക്കിയാണ് ഈ രീതിയിൽ ഒട്ടു തൈ ഉല്‍പാദനം വിജ‌യകരമാക്കുന്നത്. സപ്പോട്ട, കുടമ്പുളി, മാംഗോ സ്‌റ്റീൻ, ജാതി, മാവ് എന്നീ വിളകളിൽ ഈ നൂതന രീതിയിലൂടെ ഏറ്റവും  വിജയകരമായി ഒട്ടുതൈകൾ ഉല്‍പാദിപ്പിക്കാമെന്ന് മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തി ൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടു. മറ്റു ഫലവൃക്ഷങ്ങളിലും ഈ രീതി അവലംബിച്ചു വരുന്നു.  കുരുമുളക്, കുറ്റിക്കുരുമുളക്, പച്ചക്കറി, അലങ്കാരച്ചെടികൾ എന്നിവയിലും ഈ രീതി ഫലപ്രദമാണ്.

മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലെ ഫാം സൂപ്രണ്ട്  കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളില്‍ ഫാം മാനേജർമാരായ ബിജു കുരുവിള,  ജോൺകുട്ടി ജോർജ്‌, കേന്ദ്രം മേധാവി ഡോ. എ. ലത, ഫാം ഇൻ ചാർജ്‌ ഡോ. ആശ വി. പിള്ള   എന്നിവർ പങ്കാളികളായി. കർഷകർക്കും നഴ്‌സറി സംരംഭകര്‍ക്കും  ഈ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കാന്‍ സ്‌ഥാപനം തയാര്‍.  

വിലാസം: കാർഷിക ഗവേഷണകേന്ദ്രം,  മണ്ണുത്തി, തൃശൂര്‍. 

ഫോൺ: 9446370726

English summary: Plant Growth Chamber

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA