കൃഷിത്തോട്ടത്തിൽ ‘വെടിക്കെട്ട്’ ആഘോഷം; മിന്നൽ, അമിട്ട്, റോക്കറ്റ്

HIGHLIGHTS
  • പൂവിടുന്നില്ലെന്ന പരാതിയുള്ളവർക്ക് റോക്കറ്റ്
  • അത്യുഷ്ണത്തിലും ശീതകാല പച്ചക്കറികളെ കബളിപ്പിച്ചു വളർത്താൻ ഐസ് വാട്ടർ തെറപ്പി
vegetables
കൃഷിത്തോട്ടം കൂട്ടായ്മയിലെ അംഗമായ സജ്ന മഞ്ജിത് ലാലിന്റെ വിളവെടുപ്പ്
SHARE

കൃഷിക്കാരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും ഫെയ്സ്ബുക്ക് കൂട്ടായ്മയായ കൃഷിത്തോട്ടം (കെടിജി) ഗ്രൂപ്പിലെ ചർച്ചകളിൽ ഇടയ്ക്കിടെ മിന്നലും അമിട്ടും റോക്കറ്റും കടന്നുവരും. ഇതെന്തു കഥയെന്ന് അമ്പരക്കേണ്ട, വിഷരഹിത പച്ചക്കറിക്കായുള്ള പരിശ്രമത്തിൽ ഇവർ കൂട്ടുപിടിക്കുന്ന ചില ജൈവ ത്വരകങ്ങളുടെ പേരുകളാണ് ഇവ. എളുപ്പം തയാറാക്കാവുന്നതും ഏറ്റവും ഫലപ്രദവുമാണ് ഇവയെന്നു തയാറാക്കി ഉപയോഗിച്ചവർ പറയുന്നു. ഈ വെടിക്കെട്ട് ഉൽപ്പന്നങ്ങളുടെ മിടുക്കിന്റെ തെളിവുകൾ ഗ്രൂപ്പിൽ ഒട്ടേറെപ്പേർ ചിത്രങ്ങളും വിഡിയോയുമായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

amittu
അമിട്ട്

അമിട്ട് 

അമിട്ടുപൊട്ടിയാൽ ആകാശമാകെ വർണപ്പൂക്കൾ നിറയുന്നത് കാണാത്തവരുണ്ടാവില്ല. പൂച്ചെടികളിൽ അമിട്ടുകണക്കെ പൂക്കളുണ്ടാക്കാനും ചെടികൾ തഴച്ചുവളരാനും പ്രേരിപ്പിക്കുന്ന വളർച്ചാ ത്വരകമാണ് അമിട്ട്. അമിട്ടു പ്രയോഗിച്ചാൽ ചെടികൾക്കു ‘ഭ്രാന്തുപിടിച്ചപോലെ’ പൂവുണ്ടാകുമെന്നു കൃഷിത്തോട്ടം ഗ്രൂപ്പിന്റെ അഡ്മിനായ ലിജോ ജോസഫ് പറയുന്നു.

2 ഏത്തവാഴപ്പഴത്തിന്റെ തൊലി, 8–10 പേർക്കു ചായയുണ്ടാക്കിയ ശേഷം ഉപേക്ഷിച്ച ചണ്ടി, 4 കോഴിമുട്ടകളുടെ തോട്, ക്ലോറിൻ കലരാത്ത 250 മില്ലി വെള്ളം എന്നിവയാണ് അമിട്ടിന്റെ ചേരുവകൾ. ഇവ മിക്സിയില്‍ നന്നായി അരച്ച് ഈ അളവ് ഒരു തടം ചെടിക്ക് ഒഴിക്കണം. 15 ദിവസത്തിൽ ഒരിക്കല്‍ എന്ന കണക്കിൽ കൊടുത്താല്‍ ചെടി തഴച്ചു വളരുകയും കായ്ക്കുകയും ചെയ്യുമെന്നു ലിജോ പറയുന്നു.

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അമിട്ട് ഗുണ്ടാവുമെന്നും ലിജോ ഓർമിപ്പിക്കുന്നു. പൂച്ചെടികൾക്കാണ് അമിട്ട് ഉത്തമം. 40 ദിവസം കഴിഞ്ഞ പൂച്ചെടികൾക്കു മാത്രമേ ഉപയോഗിക്കാവൂ. തയാറാക്കിയ ഉടൻ ഉപയോഗിക്കണം. സൂക്ഷിച്ചുവെച്ച് പുളിപ്പിക്കരുത്. പച്ചക്കറികൾക്ക് ശ്രദ്ധയോടെ പ്രയോഗിക്കാം. എന്നാൽ 45 ദിവസമെങ്കിലും വളർച്ചയെത്തിയ ചെടികളിലേ പാടുള്ളൂ. ഒരു ചെടിയിൽ പരീക്ഷിച്ച് ഫലം മനസ്സിലാക്കിയ ശേഷം മാത്രമേ മറ്റു ചെടികൾക്ക് ഉപയോഗിക്കാവൂ. 15 ദിവസത്തിൽ ഒരിക്കൽ മാത്രമേ പ്രയോഗിക്കാവൂ എന്നും ഇവർ ഓർമപ്പെടുത്തുന്നു.

മിന്നൽ

വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, പച്ചച്ചാണകം, ഗോമൂത്രം ഇവ തുല്യ അളവിലെടുത്ത് നന്നായി കൂട്ടിയോജിപ്പിച്ച് വെള്ളവും ചേർത്ത് മൂന്നു ദിവസം അടച്ചുവയ്ക്കുക. ദിവസവും ഇളക്കി കൊടുക്കുക. മൂന്നാം ദിവസം ഈ മിശ്രിതത്തിൽ നിന്ന് ഒരു കപ്പ് എടുത്ത് 10 കപ്പ് വെള്ളവും ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിക്കാം.  ആഴ്ചയിൽ ഒരിക്കൽ ഈ ജൈവവളം കൊടുത്താൽ ചെടികൾ നല്ല പച്ചപ്പോടെ വളരുകയും കരുത്തുണ്ടാവുകയും ചെയ്യും.

minnal-rocket
മിന്നൽ (ഇടത്ത്), റോക്കറ്റ് (വലത്ത്)

റോക്കറ്റ്

പച്ചക്കറി ചെടികൾ പൂവിടുന്നില്ലെന്ന പരാതി പല കർഷകർക്കും ഉണ്ടാകാം. റോക്കറ്റാണ് അതിനു പരിഹാരമെന്നാണ് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നത്. പൂവ് കൊഴിഞ്ഞുപോകാതിരിക്കാനും റോക്കറ്റ് ഉത്തമമാണ്.

ഒരു ലീറ്റർ വെള്ളത്തിൽ 20 മില്ലി തൈരും (2 ടേബിൾ സ്പൂൺ) , 5 ഗ്രാം പാൽക്കായവും ചേർത്താൽ റോക്കറ്റ് തയാർ. ആഴ്ചയിലൊരിക്കൽ ഇലകളിലും തണ്ടുകളിലും തളിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഏത് ചെടിയും അടിമുടി പൂവിട്ട് കായ പിടിക്കും.

ഐസ് വാട്ടർ തെറപ്പി

അത്യുഷ്ണത്തിലും ശീതകാല പച്ചക്കറികളെ കബളിപ്പിച്ചു വളർത്തുന്ന വിദ്യയാണ് ഇത്. സമയമായിട്ടും കായ പിടിക്കാത്ത കാബേജ്, കോളിഫ്ലവർ, സ്ട്രോബെറി എന്നിവയ്ക്കെല്ലാം ഐസ് വാട്ടർ തെറപ്പി ചെയ്യാം. ഫ്രിജിൽവെച്ചു തണുപ്പിച്ച വെള്ളം ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതാണ് ഈ വിദ്യ. ഇലകളിലും തണ്ടിലും തണുത്തവെള്ളം സ്പ്രേ ചെയ്യുകയും വേണം.

lijo-krishithottam
ലിജോ ജോസഫ്

വിഷരഹിത പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ട് തളിപ്പറമ്പ് സ്വദേശി ലിജോ ജോസഫ് 2015ൽ തുടക്കമിട്ട കൃഷിത്തോട്ടം എന്ന ഫെയ്സ്ബുക് കൂട്ടായ്മയിൽ ഇപ്പോൾ മൂന്നു ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. കൃഷിരീതികള്‍ പഠിക്കാനും പഠിപ്പിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായാണ് കൃഷിത്തോട്ടം ഗ്രൂപ്പിനെ അംഗങ്ങൾ കാണുന്നുത്. സംശയങ്ങൾക്ക് ഉടന്‍ മറുപടി ലഭിക്കുമെന്നത് പുതുതായി കൃഷി തുടങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. പരമ്പരാഗത കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പുതുതലമുറയിലെ ജൈവകര്‍ഷകരുമെല്ലാം അംഗങ്ങളായുള്ളതിനാൽ കൃഷി സംബന്ധിച്ച എന്തു സംശയവും ഇവിടെ ചോദിക്കാം. വിത്തുകൾക്കു പുറമെ ഗ്രോബാഗുകളും തൈകളുമെല്ലാം ഗ്രൂപ്പ് വഴി കൈമാറ്റം ചെയ്യുന്നുണ്ട്. പൂര്‍ണമായും സൗജന്യമായി വിത്ത് വിതരണം നടത്താന്‍ കണ്ണൂരിലും തൃശ്ശൂരിലും പത്തനംതിട്ടയിലും വിത്ത് ബാങ്കുകളും സജ്ജീകരിച്ചിട്ടുണ്ട്.

English summary: Home Made Growth Promoters For Plants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA