ജൈവ പച്ചക്കറിവിൽപനയ്ക്ക് കുതിപ്പേകാൻ ആലപ്പുഴയിലെ കുടുംബശ്രീ മോഡൽ

HIGHLIGHTS
  • വിൽപനയ്ക്കെത്തുക കുടുംബശ്രീയുടെ തന്നെ ജൈവ പച്ചക്കറി
  • ഏറ്റവുമധികം പിജിഎസ് സർട്ടിഫൈഡ് ഗ്രൂപ്പുകൾ ആലപ്പുഴയിൽ
kudumbasree-vegetable-market
SHARE

ആലപ്പുഴ നഗരസഭാ മേഖലകളിൽ പച്ചക്കറി കിയോസ്കുകളുമായി കുടുംബശ്രീയെത്തുമ്പോൾ ഇവിടങ്ങളിൽ വിൽപനയ്ക്കെത്തുക കുടുംബശ്രീയുടെ തന്നെ ജൈവ പച്ചക്കറി. കുടുംബശ്രീക്കു കീഴിൽ ഏകദേശം 201 ക്ലസ്റ്ററുകളിലായി 5525 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തുന്നുണ്ട്. 11465 കൃഷിഗ്രൂപ്പുകൾക്കായി 402 ക്ലസ്റ്റർ ലെവൽ കോ ഓർഡിനേറ്റർമാരാണു സംസ്ഥാനത്താകെ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്.  വിളകൾക്കു നാഷനൽ സെന്റർ ഫോർ ഓർഗാനിക് ഫാമിങ്(എൻസിഒഎഫ്) അംഗീകൃത റീജനൽ കൗൺസിലുകളാണ് അംഗീകാരം നൽകുന്നത്. കേരളത്തിൽ ആകെ 20 അംഗീകൃത റീജനൽ കൗൺസിലുകളാണുള്ളത്.  പദ്ധതിക്കു സഹായത്തിനായി ഓരോ ബ്ലോക്കിലും ബയോ ഫാർമസികളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇത്തരം 152 ഫാർമസികളാണുള്ളത്. പിജിഎസ്(പാർട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം) റജിസ്ട്രേഷനും ഇതിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുമടക്കം സഹായങ്ങൾ ക്ലസ്റ്റർലെവൽ കോ ഓർഡിനേറ്റർമാരും റീജനൽ കൗൺസിലുകളുമാണു നടത്തുന്നത്. ഓരോഘട്ടത്തിലും റീജനൽ കൗൺസിൽ അംഗങ്ങൾ നേരിട്ടു വിലയിരുത്തി കേന്ദ്രസർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പുലർത്തുന്നുണ്ടോ എന്നു നിശ്ചയിച്ചാണു പിജിഎസ് സർട്ടിഫിക്കറ്റ് നൽകുന്നത്. 

പതിനായിരം ഹെക്ടറിലേക്കു കൃഷി വ്യാപിപ്പിക്കാനും ഒരുലക്ഷത്തോളം വനിതകളെ ഈ രംഗത്തേക്കെത്തിക്കാനുമാണു കുടുംബശ്രീ മിഷന്റെ പദ്ധതി.

പിജിഎസ് സർട്ടിഫിക്കറ്റ് ആലപ്പുഴ മുന്നിൽ

സംസ്ഥാനത്തു തന്നെ ഏറ്റവുമധികം പിജിഎസ് സർട്ടിഫൈഡ് ഗ്രൂപ്പുകൾ ആലപ്പുഴയിലാണ്. ജില്ലയിലെ 1156 ഗ്രൂപ്പുകളിൽ 56 ഗ്രൂപ്പുകൾക്കാണ് അംഗീകാരം. സംസ്ഥാനത്ത് ആകെ 2963 ഗ്രൂപ്പുകൾക്കാണു പിജിഎസ് പോർട്ടലിൽ സ്ഥാനം. കഞ്ഞിക്കുഴി മേഖലയിലാണ് ആലപ്പുഴയിൽ ഏറ്റവുമധികം ജൈവ കൃഷി ഗ്രൂപ്പുകൾ. എൻസിഒഎഫ് അംഗീകൃത റീജനൽ കൗൺസിലായ മണർകാട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണു ജില്ലയിലെ ഓർഗാനിക് കൃഷിയിടങ്ങളിലെ വിളകൾ വിലയിരുത്തുന്നത്. പയർ, പാവൽ, പീച്ചിങ്ങ, വെണ്ട, തക്കാളി തുടങ്ങിയവയാണു ജില്ലയിലെ പ്രധാന ജൈവ വിളകൾ.

ജൈവിക പ്ലാന്റ് നഴ്സറി

കുടുംബശ്രീയുടെ കീഴിലുള്ള കൃഷിസംഘങ്ങൾക്കടക്കം മികച്ച നിലവാരമുള്ള പച്ചക്കറി–ഫലവൃക്ഷത്തൈകൾ എത്തിക്കുന്നതിന് ആരംഭിച്ച സംരംഭമാണു ജൈവിക നഴ്സറികൾ. സംസ്ഥാനത്താകെ 426 നഴ്സറികളാണുള്ളത്. 1278 വനിതകൾക്ക് ഇതുവഴി വരുമാനമെത്തുന്നു. ഇതിൽ ആലപ്പുഴജില്ലയിലുള്ളത് 35 നഴ്സറികളാണ്. ജില്ലാമിഷൻ നൽകിയ 50,000 രൂപ വായ്പ ഉപയോഗിച്ചാണ് 5 സെന്റ് മുതൽ രണ്ടര ഏക്കർവരെയുള്ള നഴ്സറികൾ ഒരുക്കിയത്. അലങ്കാരച്ചെടികൾ, തെങ്ങ്, കുരുമുളക്, പ്ലാവ്, മാവ് തുടങ്ങിയവയുടെ മികച്ചയിനം തൈകളാണ് ഇവിടങ്ങളിലുള്ളത്. വിവിധ കൃഷിഭവനുകൾ വഴി വിതരണം ചെയ്യുന്നതും ജൈവികനഴ്സറിയിലെ തൈകൾ തന്നെയാണ്. കഞ്ഞിക്കുഴി ബ്ലോക്കിലാണു ജില്ലയിൽ ഏറ്റവുമധികം നഴ്സറികളുള്ളത്,18 എണ്ണം.

വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ നഴ്സറി ആരംഭിക്കാം. ജില്ലാമിഷൻ ഇതിനായി സഹായവും പരിശീലനവും നൽകും. 

പരിസ്ഥിതി ദിനത്തിൽ കൃഷിഭവനുകൾ വഴി വിതരണം ചെയ്തതു ജൈവിക നഴ്സറിയിലെ തൈകളായിരുന്നു. ഓരോ നഴ്സറിയിൽ നിന്നും ഏകദേശം 50,000 തൈകളാണു വിതരണം ചെയ്തത്.

കുടുംബശ്രീ നഗരച്ചന്ത മാർച്ച് മുതൽ

കുടുംബശ്രീ നഗരച്ചന്തയെന്ന പേരിൽ 100 കിയോസ്കുകളാണ് ആദ്യഘട്ടത്തിൽ.  90 യൂണിറ്റുകൾക്കു സ്ഥലം കണ്ടെത്തി. ഒരു യൂണിറ്റിന് നിർമാണച്ചെലവ് 2 ലക്ഷം രൂപയും റിവോൾവിങ് ഫണ്ട് 86,000 രൂപയും നൽകും. പ്രത്യേക ജീവനോപാധി പദ്ധതി(സ്പെഷൽ ലൈവ്‌ലിഹൂഡ് പ്രോജ്ട്) വഴിയാണിതു നടപ്പാക്കുന്നത്. 

അതതു ജില്ലാമിഷനുകളും സിഡിഎസുകളും ചേർന്നാണു കിയോസ്ക് നിർമാണവും പ്രവർത്തനങ്ങളും ഏകോപിപ്പിക്കേണ്ടത്. കിയോസ്കിന്റെ മാതൃക സംസ്ഥാന മിഷൻ നൽകും. നഗരസഭാ മേഖലകളിലെ കുടുംബശ്രീകളെയാണ് നടത്തിപ്പിനായി തിരഞ്ഞെടുക്കുക. അതതു സിഡിഎസുകൾക്കാണു ചുമതല. 80 ചതുരശ്ര അടിയാണു കൗണ്ടർടോപ്പ് അടക്കം കിയോസ്കിന്റെ വലിപ്പം. ഇതിൽ ബില്ലിങ് മെഷീൻ, ഡിസ്പ്ലേ റാക്കുകൾ, ജ്യൂസർ, കോഫി വെൻഡിങ് മെഷീൻ, ഡിജിറ്റൽ വെയിങ് മെഷീൻ എന്നിവയുണ്ടാകും.

സിഡിഎസ് മെംബർ സെക്രട്ടറി, ചെയർപഴ്സൻ,കാർഷിക ഉപസമിതി കൺവീനർ, ജില്ലാമിഷനിലെ കൃഷി എഡിഎംസി, ജില്ലാപ്രോജക്ട് മാനേജർ, ബ്ലോക്ക് കോ ഓഡിനേറ്റർ എന്നിവരടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റിയാണു ഗ്രൂപ്പുകൾക്കു മാർഗനിർദേശം നൽകുന്നത്. 

വിറ്റുവരവിന്റെ നിശ്ചിത ശതമാനം സിഡിഎസും അതതു ഗ്രൂപ്പുകളും എടുക്കുന്ന രീതിയോ ഗ്രൂപ്പുകൾക്കു നിശ്ചിത വേതനം നിശ്ചയിക്കുകയോ ചെയ്യാനാണു പദ്ധതിയെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ വ്യക്തമാക്കി.

ആലപ്പുഴയിൽ നാലിടത്ത്

ജില്ലയിൽ ചേർത്തല നഗരസഭാ പരിധിയിൽ ഒരു കിയോസ്കും ആലപ്പുഴ നഗരസഭാമേഖലയിൽ നാലു കിയോസ്കുകളും ആരംഭിക്കാനാണു പദ്ധതി. സ്വകാര്യബസ് സ്റ്റാൻഡിനു സമീപത്തും കളർകോടും ജില്ലാമിഷൻ ഓഫിസിനു സമീപത്തുമായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാമിഷൻ വ്യക്തമാക്കി. 

English summary: Kudumbasree Vegetable Kiosks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA