ഒറ്റത്തെങ്ങിൽ 350 തേങ്ങ; നഗര നടുവിൽ കുല ഉയർത്തി നിൽക്കുന്ന അദ്ഭുതത്തെങ്ങ്

HIGHLIGHTS
  • ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു തെങ്ങ്
coconut-tree
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച തെങ്ങ്
SHARE

ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു തെങ്ങുണ്ട് എറണാകുളം നഗരത്തിൽ. വർഷം ശരാശരി 350 തേങ്ങ വിളയുന്ന തെങ്ങ്! ഈ തെങ്ങെന്താണ് ഇങ്ങനെ പെരുമാറുന്നത് എന്നു ജോർജ് പലരോടും ചോദിച്ചിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും വന്ന് തെങ്ങിന് ഇടംവലം നടന്നു, മണ്ണിലും മണ്ടയിലും പരതി, പക്ഷേ, ഉത്തരം കിട്ടിയില്ല. ഏതായാലും ഒരു വർഷം ഏറ്റവും കൂടുതൽ ഉൽപാദനം കാഴ്ചവച്ച തെങ്ങ് എന്ന ബഹുമതിയുമായി ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നു ജോർജിന്റെ ഈ  കൗതുകത്തെങ്ങ്. 

കസ്റ്റംസ് സൂപ്രണ്ടായി വിരമിച്ച ജോർജ് മാത്യു പുല്ലാട്ടിന്റെ എറണാകുളം മരടിലുള്ള ഒൻപതര സെന്റ് പുരയിടത്തിൽ ഒട്ടേറെ കൃഷിയിനങ്ങൾക്കിടയിൽ ഇത്തിരിസ്ഥലത്ത് ഞെരുങ്ങിയാണ് ഈ തെങ്ങ് വളരുന്നത്. അൽപം മാറി സ്ഥാപിച്ചിരിക്കുന്ന ബയോഗ്യാസ് പ്ലാന്റിൽനിന്ന് ഊറിയെത്തുന്ന സ്ലറിയല്ലാതെ മറ്റൊരു വളവും ഇതുവരെ ലഭിച്ചിട്ടില്ല ഈ തെങ്ങിന്. ആകെയുള്ള 5 തെങ്ങിൽ ഒന്നിനു മാത്രമാണ് ഈ ഉൽപാദന മികവുള്ളത്. ഇനമേതാണെന്ന് കൃത്യമായി നിർണയിക്കാൻ ജോർജിനോ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കോ കഴിഞ്ഞിട്ടില്ല. തേങ്ങയും മോശമല്ല; ചകിരി കുറഞ്ഞ് ഉൾക്കാമ്പു കൂടിയത്. ഏതായാലും മറ്റു നാലു തെങ്ങുകള്‍ക്കും വർഷം 100–120 തേങ്ങ വിളവുള്ളപ്പോൾ 350 ന് മുകളിൽ തേങ്ങയുമായി തല, അല്ല, കുല ഉയർത്തി നിൽക്കുന്ന ഈയൊരെണ്ണം. 

george-pullat
ജോർജ് പുല്ലാട്ട്

നഗര നടുവിൽ ഇത്തിരിവട്ടത്തിലാണ് താമസമെങ്കിലും വർഷങ്ങളായി കൃഷിയിൽ തൽപരരാണ് ജോർജും കുടുംബവും. ഇരുപതിലേറെ വർഷം മുൻപ് മരടിൽ വീടുവച്ച കാലത്തുതന്നെ ടെറസ്കൃഷി മുന്നിൽകണ്ട് വാർക്ക കൂടുതൽ ബലപ്പെടുത്തിയിരുന്നു. വർഷങ്ങളായി നിത്യവും ഒരു കറിക്കുള്ള പച്ചക്കറി ലഭിക്കുന്നു ടെറസിൽനിന്ന്. 

വീടിന്റെ നിർമാണകാലത്തുതന്നെ കാർപോർച്ചിന്റെ അടിയിൽ മത്സ്യക്കുളവുമൊരുക്കിയിരുന്നു.  ജയന്റ് ഗൗരാമിയും തിലാപ്പിയയും വാളയും വളരുന്നു ഈ കുളത്തിൽ. പോറ്റി വളർത്തുന്ന മത്സ്യത്തെ പൊരിച്ചു കഴിക്കാൻ മനസ്സു വരാത്തതുകൊണ്ട് വളർച്ചയെത്തുമ്പോൾ വിൽക്കുന്നുവെന്ന് ജോർജ്. 

george-pullat-1
ജോർജ് പുല്ലാട്ട് ടെറസിലെ കൃഷിയിടത്തിൽ

നഗരത്തിൽ പരിമിതമായ സ്ഥലത്ത് ജീവിക്കുന്നവരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയാണല്ലോ മാലിന്യസംസ്കരണം. വീട്ടുമാലിന്യങ്ങൾ ഉപേക്ഷിക്കാൻ ഒളിച്ചും പാത്തും നടക്കേണ്ട കാര്യമില്ല, പകരം കൃഷി ചെയ്താൽ മതിയെന്നു ജോർജ്. കടപ്ലാവും മാവുമുൾപ്പെടെ ഒട്ടേറെ ഫലവൃക്ഷങ്ങളും കൃഷിയിനങ്ങളുമുള്ള ഈ ഇത്തിരി പുരയിടത്തിൽ ഒരു ബയോഗ്യാസ് യൂണിറ്റിനും മണ്ണിരക്കമ്പോസ്റ്റിനും കൂടി ഇടം നൽകിയിരിക്കുന്നു ഈ കർഷകൻ.

അടുക്കളയവശിഷ്ടങ്ങൾ നേരെ ബയോഗ്യാസ് യൂണിറ്റിലെത്തുന്നു. വിളവെടുപ്പു കഴിഞ്ഞ സസ്യാവശിഷ്ടങ്ങളുൾപ്പെടെ ചപ്പുചവറുകളെല്ലാം മണ്ണിരകൾക്കുള്ളതാണ്. ബയോഗ്യാസ് യൂണിറ്റിൽനിന്ന് ദിവസം ഒന്നരമണിക്കൂർ പാചകം ചെയ്യാനുള്ള വാതകം ലഭിക്കും. രണ്ടു യൂണിറ്റിൽനിന്നും വർഷം മുഴുവൻ കൃഷിക്കാവശ്യമുള്ള വളവും ലഭിക്കും. ടെറസ്സിൽ മഴവെള്ളസംഭരണി സ്ഥാപിച്ച് ജലസംരക്ഷണത്തിലും മാതൃക തീർക്കുന്നു നഗരമധ്യത്തിലെ ഈ കർഷക കുടുംബം.

ഫോൺ: 9400441177

English summary: Coconut The Wonder Tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA