ADVERTISEMENT

കൊച്ചി നഗരഹൃദയത്തിലെ വീടിന്റെ മട്ടുപ്പാവിൽ 8 വർഷമായി ജൈവ രീതിയില്‍ കൃഷി ചെയ്യുകയാണ് സി.വി. വിജയഘോഷ്‌. പാലാരിവട്ടം ചക്കുങ്കൽ റോഡിലെ മുല്ലശ്ശേരി വീട്ടുവളപ്പില്‍ ജൈവ കൃഷി ഉൽപന്നങ്ങളുടെ വിപണനകേന്ദ്രവുമുണ്ട്. പ്രായമോ സാമ്പത്തികഭദ്രതയോ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നുെവന്നതോ സ്ഥലപരിമിതിയോ ഒന്നും കൃഷിയോടുള്ള താല്‍പര്യത്തിനു തടസ്സമാകാന്‍ 66കാരനായ വിജയഘോഷ് അനുവദിക്കുന്നില്ല.  

കേവലം 6 സെന്റ് സ്ഥലത്തെ, 3000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇരുനില കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഇല്ലാത്ത വിളയൊന്നുമില്ല. എല്ലാത്തരം പച്ചക്കറികളും പഴവർഗങ്ങളായ വാഴ, വെള്ള അത്തി, ചാമ്പക്ക, മുരിങ്ങ, പപ്പായ, മാതളം, നെല്ലി, മുന്തിരി, പേര, സപ്പോട്ട, മുസമ്പി, ഓറഞ്ച്, സ്വീറ്റ് അമ്പഴം, റംബൂട്ടാൻ തുടങ്ങിയവയും നെല്ലും വരെയുണ്ട് ടെറസിൽ. കൂടാതെ കോഴി, മത്സ്യം, തേനീച്ച വളര്‍ത്തല്‍, മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണം, അടുക്കള മാലിന്യ സംസ്കരണം എന്നിവയും.  

vijayakhosh-1
വിജയഘോഷും കുടുംബവും മട്ടുപ്പാവിലെ കൃഷിയിടത്തിൽ

കൃഷിയിൽ ഒരു മുൻപരിചയവും ഇല്ലാത്ത വിജയഘോഷ് യാദൃച്ഛികമായാണ് കൃഷിക്കാരനായത്. സൗജന്യമായി ലഭിച്ച വിത്തുകളാണ് ആദ്യ പ്രചോദനം. പിന്നെ ഫെയ്സ്ബുക്കിലെ കൃഷികൂട്ടായ്മകളിലും കൃഷിക്ലാസുകളിലും പങ്കെടുത്തും കാർഷികവിദഗ്ധരുടെ ഉപദേശം തേടിയും ഇവിടെവരെ എത്തി. ഇപ്പോൾ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യം കഴിഞ്ഞുള്ളതും വിൽക്കും, ഘോഷ് പറയുന്നു. 

വേറെ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നതെന്നു ഘോഷ്. വിഷമില്ലാത്ത ഭക്ഷണം, ശാരീരികവും മാനസികവുമായ ആരോഗ്യം ഇത്രയുമായിരുന്നു തുടക്കത്തില്‍ ലക്ഷ്യം. ഇപ്പോൾ വിൽപനയിലൂടെ  വരുമാനവും ലക്ഷ്യമിടുന്നുണ്ട്. ‌ഭാര്യ ‌ലതികയും ഒപ്പമുള്ള ഇളയ മകൻ വിശാഖ്, ഭാര്യ ജെൻസി കുരുവിള, അവരുടെ കുട്ടി അയാൻ എന്നിവരും കൃഷിയിൽ അതീവ തല്‍പരർ. മൂത്ത മകൻ വിനീത്, ഭാര്യ റെബേക്ക ആൻ ലുക്ക്, കുട്ടി വിയാൻ എന്നിവര്‍ ജര്‍മനിയിലാണ്. 

vijayakhosh
വിജയഘോഷും കുടുംബവും മട്ടുപ്പാവിലെ കൃഷിയിടത്തിൽ

ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, പച്ചില, കരിയില, ജൈവ അവശിഷ്ടങ്ങൾ, അടുക്കളമാലിന്യം എന്നിവയാണ് വളം. കീടനിയന്ത്രണം ജൈവരീതിയിൽ മാത്രം. കോവിഡ് വന്നതോടെയാണ് വീട്ടിൽ വിപണനശാല തുറന്നത്. ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകളിൽ ഇട്ട പോസ്റ്റ്‌ ആണ് ഇതിനു വഴിയൊരുക്കിയതെന്നു വിജയഘോഷ്. ഒന്നിടവിട്ട ദിവസങ്ങളിൽ 500 രൂപയ്ക്കു വരെ വിൽപന നടക്കാറുണ്ട്. ഇടനിലക്കാരില്ലാത്തതിനാൽ മോശമല്ലാത്ത വരുമാനവുമുണ്ട്. തൃക്കാക്കരയിൽ കർഷക കൂട്ടായ്മ ഞായറാഴ്ചതോറും നടത്തുന്ന 'നാട്ടുചന്ത'യിലും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും. 

ജൈവകൃഷിയുടെ  പ്രചാരണത്തിനായി Vijayaghosh cv എന്ന പേരിൽ  ഒരു ഫെയ്സ്ബുക് പേജ് നടത്തുന്നു.  കുമ്മായത്തിനു പകരം ഉപയോഗിക്കാവുന്ന കക്കപ്പൊടി സൗജന്യനിരക്കിൽ വിതരണം ആരംഭിച്ചിട്ടുണ്ട്. വിത്തുകൾ സൗജന്യമായും തൈകൾ വിലയ്ക്കും നല്‍കിവരുന്നു. അടുക്കളത്തോട്ട പരിപാലനത്തില്‍ റെസിഡൻസ് അസോസിയേഷൻ, വാട്സാപ് ഗ്രൂപ്പുകൾ എന്നിവയ്ക്കായി ക്ലാസ് ( ഇപ്പോൾ ഓൺലൈനിൽ ) എടുക്കാറുണ്ട് . കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കായി  എല്ലാ ദിവസവും രാത്രി 8 മുതൽ 9.30 വരെ ഫോൺ ഇൻ പ്രോഗ്രാമും നടത്തുന്നു.  

ഫോൺ: 9496119080 

English summary: Vegetable Garden on Terrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com