പോളിഹൗസില്‍ മോഹിനിച്ചീര; ഒരു സീസണില്‍ 6.5 ടണ്‍, വില കിലോയ്ക്ക് 60 രൂപ

HIGHLIGHTS
  • ആറു വര്‍ഷമായി മോഹിനി ജോസഫിനെ ചതിച്ചിട്ടില്ല
  • ഉല്‍പാദന വര്‍ധനയും വിപണനസൗകര്യവും യോജിച്ചാല്‍ നേട്ടം
joseph-manimala
ജോസഫ് മണിമല
SHARE

പോളിഹൗസ് കൃഷിയോട് പഴയ കമ്പമില്ല കേരളത്തിലെ കൃഷിക്കാര്‍ക്കും കൃഷിവകുപ്പിനും. എന്നാല്‍ വിളയും വിപണിയും കൃത്യമായി ഏകോപിപ്പിച്ചാല്‍ കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ ഉല്‍പാദനവും മികച്ച വരുമാനവും നേടാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കും എന്നു തെളിയിക്കുന്നു കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി കട്ടിപ്പാറയിലുള്ള ജോസഫ് മണിമല.

മോഹിനിച്ചീരയാണ് പോളിഹൗസില്‍ ജോസഫിന്റെ സ്ഥിരം വിള. കഴിഞ്ഞ ആറു വര്‍ഷമായി ഇതേയിനംതന്നെ. ആണ്ടില്‍ മൂന്നു കൃഷി. ഒരു സീസണില്‍ ശരാശരി 6.5 ടണ്‍ ഉല്‍പാദനം. കിലോ 60 രൂപയ്ക്കു വില്‍പന. കൃഷി എളുപ്പം, വിപണി അതിലേറെ എളുപ്പം. ഏഴു വര്‍ഷം പിന്നിട്ട പോളിഹൗസാകട്ടെ, ഇപ്പോഴും പുതുമയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. വശങ്ങളിലെ നെറ്റ് മാത്രമാണ് ഇടയ്ക്കു മാറ്റേണ്ടി വന്നിട്ടുള്ളത്. നിശ്ചിത ഇടവേളകളില്‍ മേല്‍ക്കൂരയിലെ യുവി ഷീറ്റ് കഴുകുന്നതിനാല്‍ മികച്ച സൂര്യപ്രകാശ ലഭ്യതയുമുണ്ട്. വെള്ളത്തിലൂടെ വളം കൂടി നല്‍കാനുള്ള ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, മഞ്ഞുനന നല്‍കാനുള്ള ഫോഗര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കുന്നു.

ഇരുപതു ലക്ഷം രൂപ ചെലവില്‍ 1282 ചതുരശ്രമീറ്റര്‍ (31 സെന്റ്) വിസ്തൃതിയില്‍ പണിത പോളിഹൗസിലെ ആദ്യ വിള സാധാരണയിനം ചീരയായിരുന്നു. കൃഷിക്കു വേണ്ടി വാങ്ങിയ ചാണകം പക്ഷേ ചതിച്ചു. ചാണകത്തിലൂടെ കടന്നു കയറിയ ക്ഷുദ്രകീടങ്ങള്‍ പോളിഹൗസില്‍ പെരുകി കൃഷി അപ്പാടെ നശിച്ചു. പോളിഹൗസ് തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയെത്തിയെന്നു ജോസഫ്.

ചീരയും നടീല്‍മിശ്രിതവും അപ്പാടെ പുറത്തേക്കു മാറ്റി പുതിയ നടീല്‍മിശ്രിതം നിറച്ച് സാലഡ് വെള്ളരി കൃഷി ചെയ്തു. പോളിഹൗസില്‍ കൃഷി ചെയ്‌തെടുക്കുന്ന വെള്ളരിയുടെ ഉല്‍പാദനച്ചെലവും വിപണിവിലയും തമ്മില്‍ പൊരുത്തം കുറഞ്ഞതോടെ വീണ്ടും ചീരയിലെത്തി ജോസഫ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുള്ള ഉല്‍പാദനശേഷി കൂടിയ ചീരയിനമായ മോഹിനിയാണ് രണ്ടാം വരവില്‍ പരീക്ഷിച്ചത്.

ആകര്‍ഷകമായ പച്ച നിറമുള്ള ചീരയിനമണ് മോഹിനി. ആറു വര്‍ഷമായി മോഹിനി ജോസഫിനെ ചതിച്ചിട്ടില്ല. എന്നു മാത്രമല്ല, മോഹിപ്പിക്കുന്ന വിളവും വിലയും നല്‍കുന്നുമുണ്ട്. ചീരയ്ക്കിടയില്‍ നാംധാരി കമ്പനിയുടെ പയറിനമായ സുമന്തും കൃഷി ചെയ്യുന്നു. ചീരയ്ക്ക് ചോല(shade) വരാത്ത രീതിയില്‍ രണ്ടു മീറ്റര്‍ അകലമിട്ടാണ് പയര്‍കൃഷി. തീര്‍ന്നില്ല, പോളിഹൗസിന്റെ ഉള്ളിലെ അതിരുകളില്‍ 200 ചുവട് കരിമുണ്ടയിനം കുരുമുളകും കൃഷി ചെയ്തിരിക്കുന്നു ജോസഫ്.

ചീരയാണ് താരം

ഭൂരിപക്ഷം പേരും വാങ്ങാന്‍ ഇഷ്ടപ്പെടുന്ന പച്ചക്കറിയിനമാണ് ചീരയെന്നു ജോസഫ്. അതേസമയം താല്‍പര്യമുണ്ടെങ്കിലും മണ്ണുപുരണ്ട വേരും പുഴു തിന്ന ഇലയുമായി മാര്‍ക്കറ്റില്‍ വാടിക്കരിഞ്ഞു കിടക്കുന്ന ചീര കാണുമ്പോള്‍ പലരും മനസ്സു മാറ്റും. തുറസ്സായ സ്ഥലത്ത് ചീരക്കൃഷി ചെയ്യുമ്പോഴുള്ള പ്രശ്‌നവും ഇതുതന്നെ. എന്നാല്‍ പോളിഹൗസില്‍ വളര്‍ന്നു വിളയുന്ന മോഹിനിക്ക് മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ടാവും.

പോളിഹൗസില്‍ കീടാക്രമണം തീരെ ഇല്ലെന്നല്ല. എങ്കിലും നന്നേ കുറവ്. ചീരയ്ക്കു നല്‍കുന്ന മുഖ്യവളമായ ജീവാമൃതം കീടങ്ങളെ ചെറുക്കാന്‍ വളരെയേറെ സഹായകമെന്നു ജോസഫ്. ജീവാമൃതക്കൂട്ടിലെ ഗോമൂത്രത്തിന്റെ രൂക്ഷ ഗന്ധം കീടവികര്‍ഷണിയായി പ്രവര്‍ത്തിക്കും. ചീരയുടെ വളര്‍ച്ചവേഗം, ഉല്‍പാദനമികവ്, ഗുണമേന്മ, രുചി, ഭംഗി എന്നിവയെല്ലാം വര്‍ധിപ്പിക്കാന്‍ ജീവാമൃതത്തിനു കഴിയുന്നുവെന്നും ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. ജീവാമൃതം നിര്‍മിക്കാനായി നാടന്‍ പശുക്കളെയും പരിപാലിക്കുന്നുണ്ട്.

പൂര്‍ണമായും ജൈവപോഷകങ്ങള്‍ മാത്രമാണ് ചീരയ്ക്കു നല്‍കുന്നത്. ഓരോ കൃഷിക്കു മുന്‍പും ചാണകം / കോഴിക്കാഷ്ഠം കുമ്മായവും ചേര്‍ത്ത് മിനി ടില്ലര്‍ ഉപയോഗിച്ച് കൃഷിയിടം പൂട്ടിയടിച്ച ശേഷമാണ് വിത്തിടീല്‍. ഏതാണ്ട് 800 ഗ്രാം വിത്താണ് 31 സെന്റ് പോളിഹൗസിലേക്കു വേണ്ടി വരുന്നത്.

വിത്തിട്ട് 30-ാം ദിവസം 4 അടി ഉയരം വരെ എത്തും ഒട്ടുമിക്ക തൈകളും. ചുവട്ടില്‍ വച്ചുതന്നെ മുറിച്ചെടുക്കും. ശേഷം കൂമ്പുഭാഗം മുതല്‍ ഒന്നരയടി നീളത്തില്‍ മുറിച്ചെടുത്ത് വില്‍പനയ്ക്കായി പായ്ക്ക് ചെയ്യുന്നു. ബാക്കിയുള്ളത് പശുവിനും കോഴിക്കും തീറ്റയായി നല്‍കും. മൂന്നു മാസത്തോളം നീളും വിളവെടുപ്പ്. മണിമല പോളിഹൗസ് ചീര എന്നു ബ്രാന്‍ഡ് ചെയ്ത് സമീപപ്രദേശങ്ങളിലെ പച്ചക്കറിക്കടകളില്‍ എത്തിക്കുന്ന മോഹിനിച്ചീരയ്ക്ക് ഇന്നുവരെ വിപണിയില്‍നിന്നു തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ലെന്നും ജോസഫ് പറയുന്നു. 

ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടു ക്വിന്റല്‍ വരെ എത്താറുണ്ട് വിളവെടുപ്പ്. ചീരയ്ക്ക് ഇടവിളയായുള്ള പയര്‍കൃഷി മൂന്നു മാസംകൊണ്ട് തീരുമെങ്കിലും വിളവെടുപ്പു തുടങ്ങിയാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ശരാശരി 25 കിലോ വരെ പറിക്കാനുണ്ടാവും കിലോ 40 രൂപയ്ക്ക് അതും വില്‍ക്കാം.

joseph-manimala-1
ജോസഫ് മണിമല

പോളിഹൗസിലെ കുരുമുളകുകൃഷിയാണ് ജോസഫിന്റെ മറ്റൊരു വിജയ പരീക്ഷണം. ഒരിഞ്ചു വ്യാസമുള്ള പിവിസി പൈപ്പില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ വളര്‍ത്തിയ രണ്ടു ചെടികളില്‍നിന്നായി വര്‍ഷം 8 കിലോ ഉണക്ക കുരുമുളക് ലഭിച്ചതോടെയാണ് കുരുമുളകിന്റെ പോളിഹൗസ് സാധ്യത ബോധ്യമായതെന്നു ജോസഫ്. ഒരു ചെടിയില്‍നിന്ന് 4 കിലോ. അതായത്, ഇന്നത്തെ വിലയ്ക്ക് 1200 രൂപ. വിളവെടുപ്പു കൂലിയായി 200 രൂപ നീക്കിവച്ചാലും നേട്ടം തന്നെ. അതോടെ തൈകളുടെ എണ്ണം വര്‍ധിപ്പിച്ചു. താല്‍പര്യപ്പെട്ടെത്തുന്നവര്‍ക്ക് കുരുമുളകു തൈകള്‍ വില്‍ക്കുന്നതിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു ഈ കര്‍ഷകന്‍.

ഏതായാലും പോളിഹൗസ് പൊളിയാണെന്നു പറയാന്‍ ജോസഫ് തയാറല്ല. എന്നു മാത്രമല്ല, ഓരോ പ്രദേശത്തിനും യോജിച്ച വിളയും കൃത്യമായ വിപണിയും കണ്ടെത്താന്‍ കഴിഞ്ഞാല്‍ സുസ്ഥിര വരുമാനം നല്‍കുന്ന സംരംഭമായി അതു മാറുകയും ചെയ്യുമെന്ന് ജോസഫിന്റെ ഉറപ്പ്.

ഉല്‍പാദന വര്‍ധനയും വിപണനസൗകര്യവും യോജിച്ചാല്‍ നേട്ടം

''പരാജയപ്പെടേണ്ട സാങ്കേതികവിദ്യയല്ല പോളിഹൗസ്‌കൃഷി. അനുയോജ്യമായ വിള കണ്ടെത്താനും ബ്രാന്‍ഡു ചെയ്തുള്ള വിപണനത്തിലൂടെ മികച്ച വില സ്വന്തമാക്കാനുമുള്ള ശ്രമമാണ് ആവശ്യം'' -  ജോസഫ് മണിമല

ഫോണ്‍: 0495 2270237

English Summary:  Polyhouse Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA