ADVERTISEMENT

അലങ്കാരമീനുകള്‍ തുള്ളിക്കളിക്കുന്ന അക്വേറിയം വീടിന് അലങ്കാരമാണ്. മീനുകള്‍ മാത്രമുള്ള അക്വേറിയം കൂടക്കൂടെ വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ടാണ് പലരെയും ഈ ഹോബിയില്‍നിന്ന് അകറ്റുന്നത്. എന്നാല്‍ അക്വേറിയത്തിനു മുകളില്‍ ഒരു ചെടി കൂടി വളര്‍ത്തി ഭംഗി കൂട്ടുന്നതിനൊപ്പം അക്വേറിയം ആവര്‍ത്തിച്ചു വൃത്തിയാക്കേണ്ടതില്ലെന്നും വന്നാലോ? 

പച്ചക്കറികളും മത്സ്യവും ഒന്നിച്ചു വളര്‍ത്തുന്ന അക്വാപോണിക്സ് എന്ന സാങ്കേതികവിദ്യ നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിക്കഴിഞ്ഞു. അതിന്റെ മിനിയേച്ചര്‍ പതിപ്പാണ് ഒരു മീനും ഒപ്പം ഒരു ചെടിയും വളര്‍ത്തുന്ന വിദ്യ. മീനിനൊപ്പം അതിന്റെ ഭക്ഷ്യാവശിഷ്ടം വളമാക്കി ചെടിയും വളര്‍ത്തുന്ന ഈ സംവിധാനത്തില്‍ അക്വേറിയത്തിലെ ജലം ഒരു പരിധിവരെ സ്വയം വൃത്തിയാകുകയും ചെയ്യുന്നു. ചെടിക്കു വളം വേറേ വേണ്ടാ. നനയ്‌ക്കേണ്ടതുമില്ല.

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള പീസ് ലില്ലി, ബോസ്റ്റണ്‍ ഫേണ്‍, മണി പ്ലാന്റ് തുടങ്ങിയ അകത്തളച്ചെടികളാണ് ഈ രീതിയില്‍ വളര്‍ത്താന്‍ ഏറ്റവും യോജ്യം.  ചെടിയുടെ വേരുകള്‍ അക്വേറിയത്തിലെ ജലത്തിലേക്ക് ഇറങ്ങിവളര്‍ന്ന് അതില്‍ കലര്‍ന്നിരിക്കുന്ന, മീനിന്റെ ഭക്ഷ്യാവശിഷ്ടങ്ങളും വിസര്‍ജ്യവും വളമായി വലിച്ചെടുക്കുന്നു. ഇവയിലെല്ലാം  അമോണിയ ഉള്‍പ്പെടെയുള്ള നൈട്രജന്‍ സംയുക്തങ്ങളാണ് അടങ്ങിയിട്ടുള്ളത്. പലതും വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന അവസ്ഥയിലായിരിക്കും. ചെടിയുടെ വേരുകളില്‍ സ്വാഭാവികമായി പറ്റിപ്പിടിച്ചു വളരുന്ന ബാക്ടീരിയ ഇത്തരം സംയുക്തങ്ങളെ അനായാസം  ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ജലത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യം ഇങ്ങനെ  ഒരു പരിധിവരെ  ഒഴിവാകുന്നു. അതിനാല്‍ അക്വേറിയത്തിലെ വെള്ളം ശുദ്ധിയാക്കുന്ന ഫില്‍റ്റര്‍ സംവിധാനം ഇവിടെ ആവശ്യമായി വരുന്നില്ല. അകത്തളച്ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുലവണങ്ങളും ജലവും അക്വേറിയത്തില്‍നിന്നുതന്നെ ലഭിക്കുകയും ചെയ്യും. 

തയാറാക്കുന്ന വിധം

വെള്ളത്തില്‍ വേരുകള്‍ ഇറക്കിവച്ചാല്‍ കേടാകാതെ വളരുന്ന എല്ലാത്തരം അകത്തളച്ചെടികളും മിനിയേച്ചര്‍ അക്വാപോണിക്‌സ് ഒരുക്കാന്‍ തിരഞ്ഞെടുക്കാം. പീസ് ലില്ലി, ബോസ്റ്റണ്‍ ഫേണ്‍,  മണി പ്ലാന്റ്,  ഡ്രസീന, സ്‌പൈഡര്‍ പ്ലാന്റ്, ഫിലോഡെന്‍ഡ്രോണ്‍, സിങ്കോണിയം എല്ലാം ഈ വിധത്തില്‍ വളര്‍ത്താം. അക്വേറിയത്തില്‍ വളര്‍ത്താന്‍ ഫൈറ്റര്‍ ഫിഷ് അഥവാ ബീറ്റാ ഫിഷ്, മീന്‍ വളരാന്‍ ആവശ്യത്തിനു വലുപ്പമുള്ള ഗ്ലാസ് അല്ലെങ്കില്‍ പ്ലാസ്റ്റിക് ബൗള്‍, പ്ലാസ്റ്റിക് നെറ്റ് പോട്ട് എന്നിവ വേണം. ചെടി നിവര്‍ത്തിനിര്‍ത്തി ഉറപ്പിക്കാന്‍ ടെറാക്കോട്ട ബോളോ പെബിള്‍ മെറ്റലോ  ബേബി മെറ്റലോ ഉപയോഗിക്കാം.  നല്ല വലുപ്പമുള്ള ബൗള്‍ ആണെങ്കില്‍ ഫൈറ്റര്‍ ഫിഷിനു പകരം 3 - 4 ഗപ്പികളെ വളര്‍ത്താം. 

കരുത്തോടെ വളരുന്നതും 5-6  വേരുകളുള്ളതുമായ ചെടി വേണം തിരഞ്ഞെടുക്കാന്‍. ഗ്ലാസ് ബൗളിന്റെ വായ്വട്ടത്തില്‍ ഇറക്കിവയ്ക്കാന്‍ പറ്റിയ നെറ്റ് പോട്ട് ആണ് വേണ്ടത്. നെറ്റ് പോട്ടില്‍ നടാനുള്ള ചെടി   വേരുകള്‍ക്കു ക്ഷതമുണ്ടാകാത്ത വിധത്തില്‍ നഴ്‌സറിച്ചട്ടിയിലെ  നടീല്‍മിശ്രിതത്തില്‍നിന്നു പറിച്ചെടുക്കണം. തുടര്‍ന്ന് വേരുകള്‍ക്കു ചുറ്റുമുള്ള മണ്ണ് മുഴുവനും ശ്രുദ്ധാപൂര്‍വം നീക്കി, നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം. നെറ്റ് പോട്ടില്‍ ചെടി നടുമ്പോള്‍  അതിന്റെ അടിവശത്തുള്ള ദ്വാരങ്ങള്‍ വഴി ചെടിയുടെ, പറ്റുന്നത്രയും വേരുകള്‍ താഴേക്ക് ഇറക്കി ഞാത്തിയിടണം. ബാക്കിയുള്ളവ നെറ്റ് പോട്ടില്‍ തന്നെ വച്ചശേഷം നന്നായി കഴുകി വൃത്തിയാക്കിയ പെബിള്‍ അല്ലെങ്കില്‍ ടെറാക്കോട്ടാ ബോളുകള്‍ വേരുകള്‍ക്കു ചുറ്റും നിറച്ച്  ചെടി മറിയാതെ നിവര്‍ത്തി നിര്‍ത്തണം. ഇങ്ങനെ നട്ട ചെടിയുടെ, താഴേക്ക് ഞാന്നു കിടക്കുന്ന വേരുകള്‍ ബൗളിലെ വെള്ളത്തില്‍ നന്നായി മുങ്ങിക്കിടക്കുന്ന വിധത്തിലാണ് നെറ്റ് പോട്ട് ബൗളിനു മുകളില്‍ വയ്ക്കേണ്ടത്. 

ബൗളില്‍  ചെടിയുടെ വേരുകള്‍ തിങ്ങി നിറയാതെ നോക്കണം. അങ്ങനെ വന്നാല്‍ മീനുകള്‍ക്ക് സ്വസ്ഥമായി വിഹരിക്കാനാവില്ല. നന്നായി കഴുകി വൃത്തിയാക്കിയ, പല നിറത്തിലുള്ള പെബിള്‍ അല്ലെങ്കില്‍ മാര്‍ബിള്‍ ചിപ്പുകള്‍ ബൗളിന്റെ അടിഭാഗത്ത് നേരിയ കനത്തില്‍ നിറച്ച് കൂടുതല്‍ ആകര്‍ഷകമാക്കാം. ഇതിനു ശേഷം മീന്‍ വളര്‍ത്താന്‍ പറ്റിയ ശുദ്ധജലം ബൗളില്‍ നിറച്ചുകൊടുക്കാം. ഇനി ബൗളിലെ വെള്ളത്തിലേക്ക് മീനിനെ ഇറക്കി വിടാം. നെറ്റ് പോട്ട് ബൗളില്‍ ഇറക്കിവച്ചാല്‍ വേരുകള്‍ മാത്രമേ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കാവൂ. ഫൈറ്റര്‍ ഫിഷ് ജലത്തിന്റെ ഉപരിതലത്തില്‍നിന്നാണ് പ്രാണവായു എടുക്കുന്നത്. അതുകൊണ്ട് ബൗള്‍ മുഴുവനായി വെള്ളം നിറയ്ക്കാതെ അല്‍പം സ്ഥലം മുകളില്‍ ഇടുന്നത് മീനിന് ആവശ്യമായ ശുദ്ധവായു ലഭിക്കാന്‍ ഉപകരിക്കും. 

അക്വാപോണിക്‌സിന് അക്വേറിയത്തെ അപേക്ഷിച്ച് ലളിതമായ പരിചരണം മതി. ബൗളിലെ ജലം ബാഷ്പീകരണം വഴി നഷ്ടപ്പെടുന്നതിനു പകരം വെള്ളം നിറച്ചു കൊടുക്കണം. മീനിനു തീറ്റ ആവശ്യാനുസരണം മാത്രം നല്‍കുക. വെള്ളം മോശമായെന്നു കണ്ടാല്‍ പകരം ശുദ്ധജലം നിറച്ചുകൊടുക്കണം. ഇതിനൊപ്പം ചെടിയുടെ വേരുകള്‍ വെള്ളത്തില്‍ കഴുകി വൃത്തിയാക്കുകയും വേണം.  അക്വാപോണിക്‌സില്‍ ഉപയോഗിക്കുന്ന അകത്തളച്ചെടികളുടെ വേരുകള്‍ ഒന്നും ഫൈറ്റര്‍ ഫിഷോ ഗപ്പിയോ തിന്നു നശിപ്പിക്കാറില്ല. മിനിയേച്ചര്‍ അക്വാപോണിക്‌സ് വച്ചിരിക്കുന്നിടത്തു പ്രകാശം തീരെ കുറവാണെങ്കില്‍ ചെടിയുടെ തണ്ടുകള്‍ അനാകര്‍ഷകമായി നീളം വയ്ക്കാനോ പുതുതായി ഉണ്ടാകുന്ന ഇലകള്‍ സാധാരണയിലും ചെറുതാകാനോ ഇടയുണ്ട്. അപ്പോള്‍ കൂടുതല്‍ പ്രകാശം കിട്ടുന്നിടത്തേക്കു മാറ്റിവയ്ക്കുക. കുട്ടികളുടെ മുറിയില്‍ വയ്ക്കുന്ന അക്വാപോണിക്സിന്റെ ബൗള്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ ഫൈബര്‍ നിര്‍മിതമാണെങ്കില്‍ താഴെ വീണു പൊട്ടുന്നത് ഒഴിവാക്കാം.

English summary: Indoor garden ideas for home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com