മോഹൻലാൽ മാത്രമല്ല, കൃഷിയെ സ്നേഹിക്കുന്ന ഒട്ടേറെ താരങ്ങളുണ്ട്

HIGHLIGHTS
  • ജയറാം സംസ്ഥാന ക്ഷീരവകുപ്പിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്
  • നടൻ ജോജു ജോർജും വീട്ടിലേക്കുള്ള പച്ചക്കറി സ്വയം ഉൽപാദിപ്പിക്കുന്നു
mohan-lal
SHARE

മോഹൻലാൽ എറണാകുളത്തെ എളമക്കരയിലെ അടുക്കളത്തോട്ടത്തിൽ ചെയ്ത ജൈവ പച്ചക്കറിക്കൃഷിയെക്കുറിച്ചാണ് കൃഷിയെ സ്നേഹിക്കുന്നവരുടെ ഇപ്പോഴത്തെ സംസാരം. ലോക് ഡൗൺ കാലത്ത് മോഹൻലാൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് ചിത്രമാണ് താരം സമൂഹമാധ്യമത്തിൽ ഇന്നലെ പങ്കുവച്ചത്. മോഹൻലാൽ മാത്രമല്ല മമ്മൂട്ടി, ശ്രീനിവാസൻ, ജയറാം, ജോജു ജോർജ്, അനൂപ് ചന്ദ്രൻ, കൃഷ്ണപ്രസാദ് എന്നിവരെല്ലാം നല്ല കർഷകരാണ്. 

ജൈവകൃഷി കേരളത്തിൽ പ്രചാരത്തിൽ വരാൻ തുടങ്ങിയപ്പോൾ നടൻ ശ്രീനിവാസനാണ് ആദ്യമായി സിനിമയിൽനിന്ന് ആ രംഗത്തേക്കു വന്നത്. എറണാകുളത്തെ കണ്ടനാട്ട് വാങ്ങിയ സ്ഥലത്തു സുഭാഷ് പലേക്കറുടെ കൃഷി രീതിയാണു ശ്രീനിവാസൻ ആരംഭിച്ചത്. വീട്ടിലേക്ക് ആവശ്യമായ നെല്ലും പച്ചക്കറിയുമെല്ലാം കൃഷി ചെയ്യുക മാത്രമല്ല ഷൂട്ടിങ് സെറ്റിൽ ഈ ഭക്ഷണമാണു കഴിക്കാറുള്ളതും. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ പലയിടത്തും ശ്രീനിവാസൻ എത്തിയിരുന്നു. കാസർകോട് നടത്താറുള്ള നാടൻ പശുക്കളുടെ പ്രദർശനത്തിൽ എല്ലാകൊല്ലവും ശ്രീനിവാസൻ പങ്കെടുക്കും. വീട്ടിലെ പാലിന്റെ ആവശ്യത്തിനും കൃഷിക്കു ചാണകത്തിനുമായി അദ്ദേഹത്തിന്റെ വീട്ടിലും കുള്ളൻ പശുക്കളെ വള‍ർത്തുന്നുണ്ട്. 

jayaram-sreenivasan
ജയറാം, ശ്രീനിവാസൻ

വലിയൊരു പശുഫാമിന്റെ ഉടമയായ ജയറാം സംസ്ഥാന ക്ഷീരവകുപ്പിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. ആധുനിക രീതിയിലുള്ള പശുഫാമിൽ അമ്പതോളം പശുക്കളുണ്ട്. ഫാമിനോടനുബന്ധിച്ചുള്ള കൃഷിയിടത്തിൽ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ജയറാം ഈ ഫാമിലാണുണ്ടാകാറുള്ളത്. ഫാമിലേക്കുള്ള പശുക്കളെയെല്ലാം താൻ തന്നെയാണു തിരഞ്ഞെടുത്തതെന്നാണു ജയറാം പറഞ്ഞത്. 

പഴങ്ങളുടെ കൃഷിയിലാണു മമ്മൂട്ടിക്കു താൽപര്യം. വിദേശത്തുനിന്നു കൊണ്ടുവന്ന വ്യത്യസ്തതരം പഴങ്ങളാണു അദ്ദേഹത്തിന്റെ തോട്ടത്തിൽ വളരുന്നത്. 

mammooty-krishnaprasad
കൃഷ്ണപ്രസാദ്, മമ്മൂട്ടി

പാലക്കാട്ടുകാരനായ കൃഷ്ണപ്രസാദ് നെൽകൃഷിയിലാണു ശ്രദ്ധ കൊടുത്തിരിക്കുന്നത്. സിനിമകളുടെ ഇടവേളകളിൽ തുടങ്ങിയ കൃഷി ഇപ്പോൾ മുഴുവൻ സമയമായി. കൃഷിയിലെ ഇടവേളകളിലാണു സിനിമാ അഭിനയം. എം.ടി. വാസുദേവൻനായർ തിരക്കഥയെഴുതിയ വേനൽക്കിനാവുകൾ എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ കൃഷ്ണപ്രസാദിനെ സംസ്ഥാന കൃഷി വകുപ്പ് മാതൃകാ കർഷകനായി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 

സിനിമയിൽ ഹാസ്യമാണു കൈകാര്യം ചെയ്യുന്നതെങ്കിലും നടൻ അനൂപ് ചന്ദ്രൻ കൃഷിയിൽ വളരെ സീരിയസാണ്. ശ്രീനിവാസനെ പോലെ ജൈവകൃഷിയുടെ പ്രചാരകനാണ് അദ്ദേഹം. സിനിമയ്ക്ക് ഇടവേളയിലെ കൃഷിയല്ല അനൂപ് ചെയ്യുന്നത്. സിനിമയെക്കാൾ പ്രാധാന്യം നൽകിയിരിക്കുന്നത് കൃഷിക്കാണ്.

anoop-chandran-joju-george
അനൂപ് ചന്ദ്രൻ, ജോജു ജോർജ്

നടൻ ജോജു ജോർജും വീട്ടിലേക്കുള്ള പച്ചക്കറി സ്വയം ഉൽപാദിപ്പിക്കുന്ന ആളാണ്. ഗ്രോ ബാഗിലെ പച്ചക്കറികൃഷിയുടെ ചിത്രം അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

anumol
അനുമോൾ

നടി അനുമോൾ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് അമ്മയോടൊപ്പം പാടത്തു നെൽകൃഷിക്കിറങ്ങിയതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ലോക്ഡൗൺ സമയത്ത് ചിത്രീകരണം നിലച്ചപ്പോൾ അമ്മയോടൊപ്പം കൃഷിക്കു സമയം കണ്ടെത്തുകയായിരുന്നു താരം. 

മോഹൻലാലിന്റെ കൃഷി കൂടി കണ്ടതോടെ കൂടുതൽ പേർ ഇതൊരു ചലഞ്ച് ആയി എടുക്കാൻ സാധ്യതയേറെയാണ്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയർ തുടക്കമിട്ട ജൈവകൃഷി പ്രോത്സാഹനം ഇപ്പോൾ മോഹൻലാലിലൂടെ കൂടുതൽ പേരിലേക്ക് എത്തിയിരിക്കുകയാണ്. 

English summary: Celebrities Who Took Up Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA