ADVERTISEMENT

എത്രതരം പഴങ്ങളെക്കുറിച്ചറിയാം എന്നു ചോദിച്ചാൽ ഉത്തരം അങ്ങു നീണ്ടുപോകും. പക്ഷേ, എത്രതരം പഴങ്ങൾ രുചിച്ചിട്ടുണ്ടെന്നു ചോദിച്ചാലോ? ഉത്തരം വിരലിലെണ്ണാവുന്നതായി ചുരുങ്ങും. എന്നാൽ, മലപ്പുറം കോഡൂർ പെരിങ്ങോട്ടുപുലം പഴയിടത്തുവീട്ടിൽ റഷീദിനോടു ചോദിച്ചാൽ മുന്നൂറിലധികം എന്നായിരിക്കും ഉത്തരം. കാരണം റഷീദിന്റെ 70 സെന്റ് പറമ്പിൽ കായ്ക്കുന്നത് മുന്നൂറിലധികം പഴവർഗങ്ങളാണ്. 

കേൾക്കുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും കാഴ്ചയിൽ അതങ്ങു മാറും. തന്റെ തോട്ടം കാണാൻ വരുന്നവർക്ക് റഷീദ് ആദ്യം പറിച്ചു നൽകുക മിറക്കിൾ ഫ്രൂട്ടാണ്. കാഴ്ചയിൽ ചെറുത്. പറയത്തക്ക രുചിയൊന്നുമുണ്ടാകില്ല. എന്നാൽ നാവിൽ അദ്ഭുതം സംഭവിക്കാനിരിക്കുന്നേയുള്ളൂ. നല്ല പുളിയുള്ള മാങ്ങയോ ചെറുനാരങ്ങയോ ആയിരിക്കും പിന്നീടു റഷീദ് നൽകുക. മിറക്കിൾ ഫ്രൂട്ടിന്റെ അദ്ഭുതം പ്രവർത്തിക്കുന്നേയുള്ളൂ. എത്ര പുളിയുള്ളതാണെങ്കിലും നാവിൽ മധുരമായിരിക്കും. പേരുപോലെ തന്നെയാണ് മിറക്കിൾ ഫ്രൂട്ട്. പ്രമേഹരോഗികൾക്കും കീമോ തെറപി കഴിഞ്ഞവർക്കും നൽകാവുന്നതാണ് ഈ ഫലം. വിദേശത്തു നിന്നുകൊണ്ടുവന്ന ഇതുപോലെയുള്ള പഴങ്ങളാണ് റഷീദിന്റെ തോട്ടം നിറയെ.

fruits-garden-1
റഷീദ് തോട്ടത്തിൽ

അബിയു, മിൽക് ഫ്രൂട്ട്, ജബുട്ടിക്കാബ, ലോങ്ങാൻ, മിറക്കിൾ ഫ്രൂട്ട്, സെഡാർബെ ചെറി, റൊളീനിയ, മേമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, മട്ടോവ, അരസബോയ്, ഒലോസപ്പോ, സലാക്ക്, അലാട്ട ചെറി, ഗ്രൂമിച്ചാമ, മറാങ്, ഡുക്കു, ലാങ്സാറ്റ്, ഡ്രാഗൺ, ഐസ്ക്രീം ബീൻ, ഗാബ് ഫ്രൂട്ട്, മപ്രാങ്ങ്,  സ്വീറ്റ് ലൂബി, വെള്ള ഞാവൽ, ഗവർണർ പ്ലം, മറ്റീഷ്യ, അസായ് ബെറ, സാന്തോൾ, വെൽവറ്റ് ആപ്പിൾ, സ്പാനിഷ് ലൈം, ബൊളീവിൻ മാങ്കോസ്റ്റിൻ, പുലാസാൻ,അച്ചാചെറു തുടങ്ങി നാം കേട്ടിട്ടുപോലുമില്ലാത്ത ചെടികൾ. 

മലപ്പുറം ടൗണിൽ പഴം മൊത്തക്കച്ചവടക്കാരനായ റഷീദ് എട്ടുവർഷം മുൻപ് പുതിയ വീടു വച്ചപ്പോഴാണു പഴങ്ങളോടു താൽപര്യം വന്നത്. നാട്ടിലെ നഴ്സറികളിൽനിന്നു ലഭിക്കുന്ന മാങ്കോസ്റ്റിനായിരുന്നു ആദ്യം നട്ടത്. വിദേശത്തു പോയപ്പോൾ അവിടെനിന്നു രുചിച്ച പല പഴങ്ങളുടെയും വിത്തുകൾ നാട്ടിൽ കൊണ്ടുവന്നു മുളപ്പിച്ചു. വിദേശ ഇനം പഴങ്ങൾ വളർത്തുന്നവരെക്കുറിച്ചറിഞ്ഞ് അവരുടെ തോട്ടങ്ങൾ സന്ദർശിക്കുകയായി പിന്നീട്. അങ്ങനെയാണു ആന്ധ്രയിലെയും ബംഗാളിലെയും നഴ്സറികളിൽ നിന്നു വിദേശയിനം പഴച്ചെടികൾ കൊണ്ടുവരാൻ തുടങ്ങിയത്. 

fruits-garden-2
റഷീദ് തോട്ടത്തിൽ

തായ്‌ലൻഡ്, കംബോഡിയ, ബ്രസീൽ, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂർ, ശ്രീലങ്ക എന്നിങ്ങനെ കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ സ്ഥലങ്ങളിൽ നിന്നുള്ള ചെടികളാണു കൂടുതലും കൊണ്ടുവന്നത്. 

ജബുട്ടിക്കബ (Jabuticaba) എന്നൊരു ചെടിയുണ്ട്. ബ്രസീലിൽനിന്നു വന്ന ഈ ചെടിക്കു മരമുന്തിരിയെന്നാണ് ഇവിടെ പേര്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളയും. നമ്മുടെ നാട്ടിൽ മുന്തിരി വള്ളിയിലാണെങ്കിൽ ഇതു മുന്തിരികായ്ക്കുന്ന മരമാണ്. ഗ്രാഫ്റ്റ് ചെയ്തു പുഷ്പിച്ച ചെടിക്ക് 25,000 രൂപ വരെ വിലയുണ്ടെന്നാണു റഷീദ് പറയുന്നത്. വർഷത്തിൽ ആറുതവണ കായ്ക്കും. 35 ദിവസം കൊണ്ട് വിളവെടുക്കാം. ഈ ചെടി റഷീദിന്റെ തോട്ടത്തിലെത്തിയിട്ട് മൂന്നുവർഷമായി. ഗ്രാഫ്റ്റ് ചെയ്ത് മൂന്നാംവർഷം തൊട്ടു കായ്ക്കും. കൂടുതൽ സൂര്യപ്രകാശമുള്ള സ്ഥലത്താണു മരമുന്തിരി നന്നായി വളരുക. 

ലിച്ചിവർഗത്തിൽപ്പെട്ട വൈറ്റ് ലോംഗനും കേരളത്തിലെ കാലാവസ്ഥയിൽ നന്നായി കായ്ക്കുന്ന ചെടിയാണ്. ഗ്രാഫ്റ്റ് ചെയ്ത ചെടിക്ക് 1500 രൂപയാണു വില. അതുപോലെ ഒലോസപ്പോയ്ക്ക് 2000 രൂപയാണു വില. മുട്ടപ്പഴം പോലെയായിരിക്കും കാഴ്ചയ്ക്ക്. ശർക്കരയുടെ രുചിയും. 

ഡ്രാഗൺ ഫ്രൂട്ടിനാണ് ഇപ്പോൾ കേരളത്തിൽ കൂടുതൽ ആവശ്യക്കാരുള്ളത്. ഇതിന്റെ 30 തരം റഷീദിന്റെ തോട്ടത്തിലുണ്ട്. വിദേശത്തു നിന്നു വലിയ വില കൊടുത്തു കൊണ്ടുവന്നതാണ്. മലപ്പുറം നഗരത്തിലുള്ള 10 സെന്റ് സ്ഥലത്തെ കെട്ടിടത്തിനു മുകളിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നുണ്ട് ഇവയെല്ലാം. 

മിക്ക പഴങ്ങളുടെയും വ്യത്യസ്ത ഇനങ്ങൾ റഷീദിന്റെ കൈവശമുണ്ട്. പ്ലാവിന്റെ 20 തരമുണ്ട്. ആറുമാസം കൂടുമ്പോൾ കായ്ക്കുന്നതു മുതൽ മാങ്ങയുടെ വലുപ്പമുള്ള ചക്ക വരെയുണ്ടാകുന്നത്. അതേപോലെ മാവിന്റെ മുപ്പതോളം ഇനങ്ങളുണ്ട്. നാട്ടുമാങ്ങ മുതൽ കറുത്തമാങ്ങവരെ അതിൽപ്പെടും. സപ്പോട്ടയുടെ 10 തരവും ചെറുനാരങ്ങയുടെ 30 തരവും. 

വിദേശത്തുനിന്നു കൊണ്ടുവരുന്ന ചെടികളുടെ കമ്പുകൾ ഇവിടെയുള്ള സമാന ചെടികളിൽ ഗ്രാഫ്റ്റ് ചെയ്ത് പുതിയ ഇനങ്ങൾ ഉണ്ടാക്കുന്നുണ്ട് റഷീദ്. ഒന്നും വാണിജ്യാടിസ്ഥാനത്തിലല്ല. വിവിധതരം പഴങ്ങൾ ഇഷ്ടപ്പെടുന്ന വാട്സാപ് കൂട്ടായ്മയിൽ അംഗമാണു റഷീദും. ഈ കൂട്ടായ്മ വഴിയും പലതരം ചെടികൾ ലഭിച്ചിട്ടുണ്ട്.

ജൈവവളമാണു എല്ലാ ചെടികൾക്കും നൽകുന്നത്. കൃത്യസമയത്തു പ്രൂണിങ് (കൊമ്പു വെട്ടിയൊതുക്കൽ), വളപ്രയോഗം, നന എന്നിവയെല്ലാം ശ്രദ്ധിക്കമെന്നാണ് റഷീദ് പറയുന്നത്. ഭാര്യ നസീബയ്ക്കാണു വീട്ടിലെ നഴ്സറിയുടെ ചുമതല. 

പ്ലാസ്റ്റിക് ബാരലിലാണു പല ചെടികളും വളർത്തുന്നത്. പുതിയ വീടു വയ്ക്കുമ്പോൾ പലരും മുറ്റത്തുവയ്ക്കാൻ ഇത്തരം ചെടികൾക്കു മോഹവില പറയും. ഇതു നല്ലൊരു ബിസിനസ് സാധ്യതയാണെന്നാണു റഷീദ് പറയുന്നത്. ലോക്ഡൗൺ സമയത്തു പലരം കൃഷിയിലേക്കിറങ്ങിയതോടെ റഷീദിന്റെ തോട്ടം കാണാൻ വരാറുണ്ട്. ബാരലിൽ കായ്ച്ചു നിൽക്കുന്ന പാവും മാവും കടച്ചക്കയും കുടമ്പുളിയുമെല്ലാം കണ്ടാൽ ചോദിക്കുന്ന വില തരാമെന്നു പറയും. 

കൃഷിയെ കച്ചവടമായി റഷീദ് കാണുന്നില്ല. ചെടികൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കും. 

ഫോ‍ൺ: 8606600060

ശ്രദ്ധിക്കേണ്ടത്

  • വിദേശയിനം ചെടികൾ നടുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് റഷീദ് അനുഭവത്തിൽ നിന്നു പറയുന്നത്.
  • നഴ്സറികളിൽ കായ്ച്ചുനിൽക്കുന്ന ചെടികൾ കണ്ട് വാങ്ങി വീട്ടിൽ നട്ടപ്പോൾ കായ്ക്കുന്നില്ലെന്നു പലരും പറയുന്നൊരു പരാതിയുണ്ട്. ഇത്തരം അപ്പോൾ തന്നെ അതു വാങ്ങാൻ ശ്രമിക്കരുത്. ഈ ചെടിയെക്കുറിച്ചു നന്നായി പഠിക്കുക. ചെടിയെക്കുറിച്ച് ഗൂഗിൾ ചെയ്താൽ എല്ലാ വിവരവും ലഭിക്കും. അതു നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമാണോ, എപ്പോൾ നടണം, എങ്ങനെ പരിചരിക്കണം എന്നൊക്കെ പഠിച്ചുവേണം  ചെടി വാങ്ങാൻ. 
  • പ്ലാവ്, മാവ് എന്നിവയുടെ വ്യത്യസ്ത ഇനത്തിന്റെ പേരിൽ പലതരം തട്ടിപ്പുകൾ ഇവിടെ നടക്കുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്ത ചെടി കായ്ക്കുന്ന മരത്തിൽ നിന്നാണോ കമ്പ് എടുത്തത് എന്നറിയണം. അല്ലെങ്കിൽ എത്ര വളം ചെയ്താലും കാര്യമില്ല ഫലം ലഭിക്കില്ല. 
  • ഫലവൃക്ഷങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകൾ ശ്രദ്ധിച്ചാൽ തട്ടിപ്പിൽ നിന്നു ഒരുപരിധി വരെ രക്ഷപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com