മല്ലി തഴച്ചു വളരും, ചെടിച്ചട്ടിയിലും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

coriander-leaves
SHARE

മല്ലിയില വീട്ടില്‍ത്തന്നെ ഉല്‍പാദിപ്പിക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ മല്ലിയില വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ പരിമിതമായ സ്ഥലത്തുപോലും അനായാസം മല്ലി മുളപ്പിച്ച് എടുക്കാവുന്നതേയുള്ളൂ.

ഏതു കൃഷിക്കും ആദ്യ പടി മണ്ണൊരുക്കലാണ്. പുതിയ മണ്ണാണങ്കില്‍ കുമ്മായം ചേര്‍ത്ത് മണ്ണ് സൗകര്യം പോലെ വെയില്‍ കൊള്ളിച്ച ശേഷം വലിയ കല്ലുകളെല്ലാം നീക്കി ചാണകപ്പൊടി, ചകിരിച്ചോറ്, അല്‍പം വേപ്പിന്‍ പിണ്ണാക്ക്, അല്‍പം കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക.

മറ്റൊരു വഴി: നന്നായി കയ്ഫലം കിട്ടിയതും രോഗ ബാധ ഉണ്ടാകാത്തതും ചെളി ഇല്ലാത്തതും നല്ല ഇളക്കമുള്ളതുമായ ഒരു ഗ്രോബാഗിലെ മണ്ണ് എടുക്കുക. അതില്‍ കുറച്ച് ചാണകപ്പൊടി, അല്‍പം കമ്പോസ്റ്റ് എന്നിവ ചേര്‍ക്കുക (മറ്റ് വളങ്ങളും ചേര്‍ക്കാം, ഒന്നും അമിതം ആകണ്ട). ഈ മണ്ണ് എടുക്കാന്‍ മറ്റൊരു കാര്യം കൂടി ഉണ്ട്, ഒരു വളവും ചേര്‍ത്തില്ലെങ്കിലും ഇതിന് വളക്കുറുണ്ട്, മല്ലിക്ക് അതുമതി.

ഗ്രോബാഗിനേക്കാള്‍ നല്ലത് അടുക്കളത്തോട്ടത്തിന് ചട്ടിയോ, വിസ്താരമുള്ള ബേസിനോ ആണ്. മഴ ഏറിയാല്‍ ഇവ മാറ്റി വയ്ക്കാന്‍ സൗകര്യപ്രദമാണ്.

ചട്ടിയില്‍ മുക്കാല്‍ ഭാഗത്തോളം മിക്‌സ് നിറയ്ക്കുക. മല്ലിയുടെ തായ് വേര് ആഴത്തില്‍ പോകും അതാണ് മുക്കാല്‍ ഭാഗം നിറയ്ക്കുന്നത്. മൂന്നോ നാലോ ദിവസം നന്നായി നനയ്ക്കുക. വിത്ത് പാകുന്നതിന്റെ അന്ന് കാലത്തെ നനയ്ക്കുക. വിത്ത് പാകുന്നതിനു മുന്‍പായി മുകളിലെ മണ്ണ് ഇളക്കിയ ശേഷം നിരപ്പാക്കുക, ഇത് പ്രധാനമാണ്.

വിത്ത് പാകാനായി വട്ടത്തില്‍ ഒരു ചാലെടുക്കുക. വിരല്‍ കൊണ്ട് വരച്ചാല്‍ മതിയാകും. ഈ ചാലിലേക്ക് വിത്ത് പാകാം.

  1. വിത്ത് വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തതോ, തേയില വെള്ളത്തില്‍ 20 മിനിട്ട് ഇട്ടതോ ആകാം.
  2. പിളര്‍ത്തിയോ അല്ലാതെയോ പാകാം.
  3. മല്ലി വിത്ത് തന്നെ പാകാന്‍ എടുക്കുക.

എടുത്ത ചാലില്‍ മല്ലി വിത്ത് കൂട്ടത്തോടെ പാകുക. വിതറിയ മല്ലി വിത്തിനു മുകളില്‍ വിത്ത് മൂടത്തക്ക വിധം സംസ്‌കരിച്ച ചകിരിച്ചോര്‍ ഇടുക. ചകിരിച്ചോറിനു മുകളില്‍ വെള്ളം തളിച്ചുകൊടുക്കാം. മുളയ്ക്കുന്നത് വരെ ഇങ്ങനെ നനയ്ക്കാം. വെള്ളം അധികമാകരുത്. മുകള്‍ ഭാഗത്ത് എപ്പോഴും നനവ് മാത്രം മതി.

മുളച്ചു തുടങ്ങിയാല്‍ വെയിലില്‍ വച്ച് കൊടുക്കാം. വെയില്‍ കിട്ടുന്ന സണ്‍ഷേഡിന് താഴെ വച്ചാല്‍ മഴയില്‍നിന്നും രക്ഷപ്പെടാം. ആവശ്യത്തിന് വെയില്‍ കിട്ടാതിരുന്നാല്‍ മുളച്ച് നീണ്ട് ആരോഗ്യമില്ലാതെ വളരും.

മുളച്ചു വരുന്ന തൈകള്‍ക്ക് വെള്ളം സ്‌പ്രേ ചെയ്ത് നല്‍കാം. അല്‍പം വളര്‍ന്നാല്‍ മണ്ണ് കൂട്ടിക്കൊടുത്ത ശേഷം ചട്ടിയുടെ വശങ്ങളില്‍ കൂടി വെള്ളം ഒഴിച്ചു കൊടുക്കാം. അല്ലെങ്കില്‍ ചട്ടിയുടെ നടുവില്‍ ചെറിയ ഒരു പാത്രം വച്ച് അതില്‍ വെള്ളം ഒഴിച്ചാല്‍ നാലു പാടും വെള്ളമെത്തിക്കാം. നന ശ്രദ്ധിച്ചില്ലെങ്കില്‍ ചെടികള്‍ ചരിയും പിന്നെ നന്നായി കിട്ടില്ല.

ആദ്യ വിളവ് എടുക്കുന്നതിന് മുന്‍പായി മാത്രം വളം കൊടുക്കാം. കൂടുതല്‍ വളം ആയാല്‍ ഇലയ്ക്ക് മണം കുറയും. ഇലകള്‍ നുള്ളി എടുക്കുക. മല്ലിക്കാണങ്കില്‍ നന്നായി വളര്‍ന്ന് കഴിഞ്ഞാല്‍ ഫിഷ് അമിനോ കൊടുത്താല്‍ വേഗം പൂവിടും.

English summary: How to Grow Coriander at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA