സസ്യങ്ങള്‍ക്കു നന ഗുളിക രൂപത്തില്‍; എവിടെനിന്നു വാങ്ങാം?

HIGHLIGHTS
  • ചെറിയ ഗ്രോബാഗുകളില്‍ ഒരു ഗുളിക ഇട്ടാല്‍ മതി
  • പ്രകൃതിക്ക് ദോഷമില്ലാത്ത വിധം വിഘടിച്ച് മണ്ണില്‍ ചേര്‍ന്നു കൊള്ളും
hydrogel-capsule
SHARE

ചെടികള്‍, കൃഷിയിടങ്ങള്‍, ഗ്രോബാഗുകള്‍ എല്ലാ ദിവസവും നനയ്ക്കുന്നത് ചിലര്‍ക്കെങ്കിലും തലവേദനയാണ്. അവധിക്ക് നാട്ടിലോ ദീര്‍ഘയാത്രകള്‍ക്ക് ദൂര സ്ഥലങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ ഒക്കെ പോയിട്ട് തിരിച്ചു വരുമ്പോള്‍ വാടിത്തളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ കാണുമ്പോള്‍ നെഞ്ചുതകരുന്നവരും ഏറെ. ചെടികള്‍ നനയ്ക്കുന്നതിനുവേണ്ടി മാത്രം ദൂരയാത്രകള്‍ ഒഴിവാക്കുന്ന കൃഷിപ്രിയരും ഉണ്ട്. ഇത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ ഇതാ ഒരു ഗുളിക മതി. പാലക്കാട് കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഹൈഡ്രോ ജെല്‍ ക്യാപ്‌സ്യൂളുകളാണ് കൃഷിയിടത്തിലെ പുതിയ താരം. പരിസ്ഥിതിക്കിണങ്ങിയ സ്റ്റാര്‍ച്ച് അധിഷ്ടിതമായ ചേരുവയാണ് ഓരോ ഹൈഡ്രോ ജെല്‍ ക്യാപ്‌സ്യൂളിലും ഉള്ളത്. ഇത് മണ്ണിനെ ഈര്‍പ്പമുള്ളതാക്കി മാറ്റാന്‍ സഹായകമായ വിധം വെള്ളത്തെ സംഭരിച്ചുവയ്ക്കുന്നു.

ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആണ് മണ്ണില്‍ ജലാംശം കൂടുതല്‍ സമയം സംഭരിച്ചു വയ്ക്കാന്‍ ഉതകുന്ന ഹൈഡ്രോ ജെല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. 'പൂസാ ഹൈഡ്രോ ജെല്‍' എന്ന് അറിയപ്പെട്ടിരുന്ന ഇത് ആദ്യം തരി രൂപത്തിലായിരുന്നു.

ഇതിനെ ക്യാപ്‌സ്യൂളിനുള്ളില്‍ നിറച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാക്കിയത് പാലക്കാട് കെവികെയിലെ ഡോ. കെ.എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്. ഓരോ ക്യാപ്‌സ്യൂളും 34 ഗ്രാം തൂക്കമുള്ളതാണ്. ഒരു ക്യാപ്‌സ്യൂളിന് 3 രൂപ വില വരും. ഇത് ഓരോ ചെടിയുടെയും വലുപ്പത്തിനനുസരിച്ച് വേരുപടലത്തിനോട് ചേര്‍ത്ത് മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. തരി രൂപത്തിലുള്ളതാണെങ്കില്‍ ചെടികള്‍ക്കു ചുവട്ടില്‍ ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. തരി രൂപത്തിലുള്ളതിലും ഗുണകരം ക്യാപ്‌സ്യൂള്‍ ആണെന്ന് മലപ്പുറം ആനക്കയത്തുള്ള ക്യഷി വിജ്ഞാന്‍ കേന്ദ്രയിലെ ഫാം മാനേജര്‍ ജുബൈല്‍ പാഞ്ഞു. തരി രൂപത്തിലുള്ളത് ആണെങ്കില്‍ മണ്ണില്‍ പലയിടത്തായി ചിതറിക്കിടക്കും. ഗുളികയാണെങ്കില്‍ ചെടിയുടെ വേരുകള്‍ക്ക് ഗുളികയുള്ള സ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാകും. മണ്ണില്‍ വെള്ളത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഗുളികകളില്‍ സംഭരിച്ചു വച്ച വെള്ളം വേരുകള്‍ ആവശ്യത്തിന് ഉപയോഗിച്ചുകൊള്ളും. ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ഇവ വളരെ ഉപകാരപ്രദമാണെന്ന് കൃഷി വിദഗ്ധര്‍ പറയുന്നു.

ചെറിയ ഗ്രോബാഗുകളില്‍ ഒരു ഗുളിക ഇട്ടാല്‍ മതി. വലിയ ചട്ടികളില്‍ രണ്ടെണ്ണം. ഒരു വാഴയ്ക്ക് 4 ക്യാപ്‌സ്യൂളുകള്‍ നാലിടത്തായി മണ്ണില്‍ ഇട്ടു കൊടുക്കണം. കുരുമുളക്, ജാതി, കമുക് പോലുള്ളവയ്ക്ക് 4 മുതല്‍ 10 വരെ ക്യാപ്‌സൂളുകള്‍ മതി.

തെങ്ങിന് 20 എണ്ണം 20 സ്ഥലത്തായി ഇടണം. ഒരു ക്യാപ്‌സ്യൂള്‍ 3 മാസക്കാലം മണ്ണില്‍ പ്രവര്‍ത്തിക്കും. ഒരെണ്ണത്തിന് അതിന്റെ തൂക്കത്തിന്റെ 400 മടങ്ങ് വെള്ളം സംഭരിക്കാനാകും. ഗുളിക നല്‍കി എന്നതു കൊണ്ട് നന വേണ്ട എന്നല്ല. നനയുടെ ഇടവേള കൂട്ടാമെന്ന മെച്ചമാണുള്ളത്. ദിവസവും നനയ്ക്കുന്നിടത്ത് രണ്ടു ദിവസം കൂടുമ്പോഴോ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുന്നിടത്ത് ആഴ്ചയിലൊരിക്കലോ നന മതി എന്ന് അര്‍ഥം. വേരുപടലങ്ങളോട് ചേര്‍ന്നുതന്നെ വെള്ളം സംഭരിച്ചു വയ്ക്കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും പൂവിടലുമെല്ലാം വേഗത്തില്‍ നടക്കും. മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അതേ പദാര്‍ഥമാണ് ഹൈഡ്രോ ജെല്‍ ക്യാപ്‌സ്യൂളിന്റെ പുറംകവചത്തിലും ഉപയോഗിക്കുന്നത്. അതിനാല്‍ പ്രകൃതിക്ക് ദോഷമില്ലാത്ത വിധം വിഘടിച്ച് മണ്ണില്‍ ചേര്‍ന്നു കൊള്ളുമെന്ന് പാലക്കാട് കെവികെയിലെ ടെക്‌നിഷ്യന്‍ വി.പി. ജയിംസ് പറഞ്ഞു.

പാലക്കാട് കെവികെയുടെ സ്റ്റാളിലും മിക്ക കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളിലും ഇത് വില്‍പനയ്ക്കുണ്ട്. ഒരു ക്യാപ്‌സ്യൂളിന് 3 രൂപയാണ് വില. ദൂരെയുള്ളവര്‍ക്ക് ആവശ്യമുള്ള ക്യാപ്‌സ്യൂളുകളുടെ വിലയും അതിന്റെ കുറിയര്‍ ചാര്‍ജും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കെ.വി.കെ., കേരള അഗ്രികള്‍ചര്‍ യൂണിവേഴ്‌സിറ്റി, മേലെ പട്ടാമ്പി, 6793 06 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍ ആയി നല്‍കിയാല്‍ അയച്ചുതരും. 

വിവരങ്ങള്‍ക്ക്: 944 6029 235.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA