അടുക്കളത്തോട്ടത്തിൽനിന്ന് ആദായക്കൃഷിയിലേക്കു വളർന്ന് വീട്ടമ്മ

HIGHLIGHTS
  • വീട്ടാവശ്യത്തിനും വരുമാനത്തിനും പുരയിടക്കൃഷി
  • പച്ചക്കറികളിൽ ഏറ്റവും ലാഭകരം നാടൻകുറ്റിപ്പയറെന്ന് ജലജ
jalaja
SHARE

ആശ്രമത്തിലെ എലിശല്യം നീക്കാൻ പൂച്ചയെ വാങ്ങിയ സന്യാസിയുടെ കഥ പോലെയാണ് ജലജയുടെ കൃഷിക്കാര്യം. എലിയെ പിടിക്കാൻ പൂച്ച, പൂച്ചയ്ക്കു പാലുകൊടുക്കാൻ പശു, പശുവിനുള്ള വയ്ക്കോലിനായി വയൽകൃഷി... അങ്ങനെ അങ്ങനെ സന്യാസിക്കൊടുവിൽ നിലത്തിരിക്കാൻ നേരമില്ലെന്നായി എന്നു കഥ. പത്തുവർഷം മുൻപ് മുന്നോ നാലോ ഗ്രോബാഗിൽ തുടങ്ങിയ അടുക്കളത്തോട്ടം മൂന്നേക്കറിലെ സമ്മിശ്രക്കൃഷിയായി വളരുമെന്ന് ജലജയും കരുതിയതല്ല.  

നേരമ്പോക്കിനു തുടങ്ങിയതാണ് ടെറസ്സിൽ പച്ചക്കറിക്കൃഷി. ടെറസ്കൃഷി മെല്ലെ തരിശുകിടന്ന മൂന്നേക്കറിലേക്കു വളർന്നു. കൃഷിക്കുള്ള ജൈവവളത്തിനായി പശുവവളർത്തൽ തുടങ്ങി. വിളകൾ നനയ്ക്കാനുള്ള പോഷകജലം കൂടി ലക്ഷ്യമിട്ട്  മത്സ്യക്കൃഷി തുടങ്ങി. കൃഷിയിടത്തിലെ വിളാവശിഷ്ടങ്ങളും മറ്റും കൊത്തിത്തിന്നു കുറഞ്ഞ ചെലവിൽ വളരുമല്ലോ എന്നു കരുതി കോഴിവളർത്തലിലെത്തി. കോഴിക്കും പശുവിനും മത്സ്യത്തിനുമുള്ള ചെലവുകുറഞ്ഞ പോഷകത്തീറ്റ എന്ന നിലയിൽ അസോളക്കൃഷി ആരംഭിച്ചു. 

കൃഷിക്കൊപ്പം വിപണിയും വളർന്നു. ശുദ്ധ കാർഷിക വിഭവങ്ങൾ ഫാം ഫ്രഷ് ആയി ലഭിക്കുമെന്നു വന്നതോടെ നാട്ടുകാർ മുൻകൂറായി പണം നൽകി ജലജയുടെ ഫാമിലെ കാർഷികോൽപന്നങ്ങൾ ബുക്കുചെയ്യാൻ തുടങ്ങി. ചുരുക്കത്തിൽ, വെറുതെയിരുന്ന ജലജയ്ക്കിപ്പോൾ വെറുതെ കളയാൻ തരി പോലും നേരമില്ലെന്നായി. എങ്കിലും തൃശൂർ വലവൂർ ശിബിരത്തിലെ ഈ വീട്ടമ്മ ഇപ്പോൾ പണ്ടത്തെക്കാൾ പതിൻമടങ്ങ് സന്തോഷവതിയാണ്. കൃഷി നൽകുന്ന ആനന്ദം അത്ര വലുതെന്നു ജലജ. 

ലോക്ഡൗൺ കാലത്താണ് കൃഷി വിപുലമാക്കുന്നതിനെക്കുറിച്ചു ജലജ ചിന്തിക്കുന്നത്. വീടിനടുത്തുതന്നെ സ്വന്തമായുള്ള മൂന്നേക്കറിലേക്കുകൂടി കൃഷി തുടങ്ങിയപ്പോൾ വിദേശത്തുള്ള ഭർത്താവും ഒപ്പം മക്കളും ജലജയ്ക്ക് പിന്തുണ നൽകി. മൂന്നേക്കറിൽ ആകെയുണ്ടായിരുന്നത് തെങ്ങുകളായിരുന്നു. ഇടവിളയായി പച്ചക്കറിക്കൃഷി തുടങ്ങി. ക്രമേണ കൃഷിയും കൃഷിയിനങ്ങളും വർധിപ്പിച്ചു. ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ ചാണകം പരിമിതമായി മതിയായിരുന്നു. കൃഷി വിപുലമായതോടെ വില്വാദ്രി, ഗീർ, കാസർകോട് കുള്ളൻ ഇനങ്ങളിലുള്ള മൂന്നു നാടൻപശുക്കളെ വാങ്ങി. 

പച്ചക്കറികളിൽ പയർ

പച്ചക്കറികളിൽ ഏറ്റവും ലാഭകരം നാടൻകുറ്റിപ്പയറെന്ന് ജലജ. മികച്ച വില, എന്നും ആവശ്യക്കാർ. തൊട്ടു പിന്നിലുണ്ട് വെണ്ടയും വഴുതനയും. രോഗ–കീടക്രമണങ്ങളെ പ്രതിരോധിച്ച് മികച്ച ഉൽപാദനം നൽകും രണ്ടിനവും. എല്ലാക്കാലത്തും വിപണിയും ലഭിക്കും. കൃഷിയിടത്തിൽ അൽപം സ്ഥലം കിട്ടുന്നിടത്തെല്ലാം നട്ടുവളർത്തുന്ന കാന്തരിയും മികച്ച നേട്ടമെന്ന് ജലജ. കഴിഞ്ഞൊരു വർഷം മാത്രം വിറ്റത് 5000 രൂപയുടെ കാന്താരിമുളക്. 

ഇഞ്ചിയും മഞ്ഞളുമാണ് ലാഭകരമായ മറ്റു രണ്ടിനങ്ങൾ. ജൈവ മഞ്ഞൾപ്പൊടിക്കും ആവശ്യക്കാർ ഒട്ടേറെ. പച്ചമഞ്ഞൾ പുഴുങ്ങി ഉണങ്ങി പൊടിപ്പിച്ചെടുക്കുന്നത് അത്ര ക്ലേശകരമായ കാര്യമല്ല. കടയിൽനിന്നു വാങ്ങുന്ന മിക്ക ബ്രാൻഡഡ് പൊടിയിനങ്ങളിൽപോലും മായമുണ്ടെന്ന വാർത്തയുള്ളതിനാൽ വാങ്ങാൻ വീട്ടമ്മമാർക്കും താൽപര്യം. പുരയിടക്കൃഷിയിൽ ഇവയൊക്കെ ഏതാനും സെന്റുകളിൽ മാത്രമെ കൃഷി ചെയ്യാറുള്ളൂ എന്നതിനാൽ പ്രാദേശികമായിത്തന്നെ ഇവ വിറ്റഴിക്കാനാവുമെന്നും ജലജ.

സങ്കരയിനത്തിൽപ്പെട്ടവയും വർഷം 300 മുട്ടവരെ നൽകുന്നതുമായ ബിവി 380 മുട്ടക്കോഴി, ഔഷധപ്രാധാന്യമുള്ള കരിങ്കോഴി, തനി നാടൻകോഴി എന്നിവയും ജലജയുടെ ഫാമിലുണ്ട്. നാടൻമുട്ട തേടി ആവശ്യക്കാർ ഫാമിലെത്തുന്നു. വീട്ടമ്മമാർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനത്തിന് ഉതകും മുട്ടക്കോഴിയും. തിലാപ്പിയയും കട്‌ലയും രോഹുവും വളരുന്ന മത്സ്യക്കുളവുമുണ്ട് കൃഷിയിടത്തിൽ.

കൃത്യമായ ആസൂത്രണത്തിലൂടെയുള്ള കൃഷിയും കൃഷിയിനങ്ങളും എന്നതിനെക്കാൾ മികച്ചൊരു സമ്മിശ്രക്കൃഷിയിടം പരിപാലിക്കുക എന്നതിലാണ് ജലജയുടെ ശ്രദ്ധ. അതത് കാലത്ത് മികച്ചതെന്നു തോന്നുന്ന വിളകൾ കൃഷിയിറക്കുക, വീട്ടാവശ്യത്തിനുള്ളത് കഴിഞ്ഞ് ബാക്കി വിൽക്കുക; അതാണ് രീതി. ശുദ്ധമായ ഭക്ഷ്യവിഭവങ്ങളോട് ആളുകളിൽ താൽപര്യം വർധിച്ചതിനാൽ എന്തു വിളയിച്ചാലും പ്രാദേശികമായിത്തന്നെ വിൽക്കാനുമാവും. കായ്ഫലം കുറഞ്ഞ കുറെ തെങ്ങുകൾ മാത്രമുണ്ടായിരുന്ന മൂന്നേക്കർ സ്ഥലം മികച്ച കൃഷിയിടമായി പരിണമിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും ജലജ.

കരുതലോടെ കൃഷി

വൈറ്റ് സിമന്റ്, സാധാരണ സിമന്റ്, ഫെവിക്കോൾ എന്നിവ മിക്സ് ചെയ്ത് എല്ലാ വർഷവും ടെറസ്സിൽ അടിക്കുമെന്ന് ജലജ. മാർച്ച്–ഏപ്രിൽ മാസത്തോടെ ഒരു വർഷത്തെ ടെറസ്കൃഷി ഏതാണ്ട് അവസാനിക്കും. ഒരോ ഗ്രോബാഗിലെയും വിളവു തീരുന്ന മുറയ്ക്ക് അവയിലെ നടിൽമിശ്രിതം കുടഞ്ഞിട്ട് കുമ്മായവും ചാണകപ്പൊടിയും ചേർത്ത് സമ്പുഷ്ടീകരിച്ച് വീണ്ടും നിറച്ച് അടുത്ത കൃഷിക്ക് സജ്ജമാക്കും. ഈ രീതിയിൽ ഒരു ഗ്രോബാഗ് മുന്നു വർഷം വരെ ഉപയോഗിക്കാനാവുമെന്ന് ജലജ. ഈ ഇടവേളയിലാണ് ഏല്ലാവർഷവും വൈറ്റ് സിമന്റും സാധാരണ സിമന്റും ഫെവിക്കോളും ചേർന്ന മിശ്രിതം ടെറസ്സിൽ അടിക്കുന്നത്. ഈർപ്പം ഇറങ്ങുന്നത് തടഞ്ഞ് ടെറസ്സിനെ സുരക്ഷിതമാക്കാൻ ഇതു സഹായിക്കും. കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും ചേർത്ത ചാണകം പുളിപ്പിച്ചെടുത്തതിന്റെ തെളിയാണ് ടെറസ്കൃഷിയിൽ മുഖ്യ പോഷകം. 

ഫോൺ: 9447615517

English summary: Successful Woman farmer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA