കോവിഡ് എന്റെ കൃഷിലോകം മുഴുവന്‍ തകര്‍ത്തു: അനുഭവം പങ്കുവച്ച് വീട്ടമ്മ

vegetable-garden
SHARE

കോവിഡ് രോഗം കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പച്ചക്കറിത്തോട്ടവും പക്ഷിമൃഗാദികളുമുള്ളവര്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. രോഗത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരിക്കുമ്പോള്‍ പച്ചക്കറികള്‍ക്ക് ആവശ്യമായ പരിചരണവും വെള്ളവും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ അപ്പാടെ നശിക്കുന്ന സ്ഥിതിയിലെത്തും. കോവിഡ് മൂലം തന്റെ പച്ചക്കറിക്കൃഷി പൂര്‍ണമായും നശിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് വീട്ടമ്മയായ ബീന സജി. 

കഴിഞ്ഞ ഡിസംബര്‍ 25ന് വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ കോവിഡ് എന്റെ കൃഷിലോകം മുഴുവന്‍ തകര്‍ത്തു. ഓരോരുത്തരെയായി കോവിഡ് കീഴടക്കി. ഒടുവില്‍ എന്റെ ഊഴം. കോവിഡ് ടെസ്റ്റിനല്ലാതെ രണ്ട് മാസത്തോളം വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ ഗ്രോബാഗിലും അല്ലാതെയുമായി വളര്‍ത്തിയ പച്ചക്കറി ചെടികള്‍ മുഴുവന്‍ നശിച്ചു. നന കിട്ടാതെ വാഴകള്‍ വാടിത്തൂങ്ങി. 30 കാന്താരികള്‍ നിന്നയിടത്ത് ഇപ്പോഴുള്ളത് വെറും അഞ്ചെണ്ണം. ക്വാറന്റൈനില്‍ കയറുന്നതിന് മുന്‍പ് വള്ളിയില്‍ കയറി പൂവിട്ട 100 ചുവട് പയറും 30 ചുവട് പാവലും കരിഞ്ഞുണങ്ങുന്നത് ജനാലയിലൂടെ നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. പഴുത്തുകിടന്ന ഞാലിക്കുലകള്‍ പക്ഷികളും അണ്ണാന്മാരും മതിവരുവോളം കഴിച്ചു. വെണ്ട, ചീര എല്ലാം നശിച്ചുപോയി. ഡിസംബര്‍ ആദ്യം നട്ട 50 ചുവട് വാഴ ഏറെക്കൂറെ ഉണങ്ങി. കപ്പ അഞ്ച് ചുവട് നട്ടത് പറിക്കാതെ ഇപ്പോഴും നില്‍ക്കുന്നു. 

അതിനിടെ ഏപ്രിലില്‍ വന്ന കാറ്റും മഴയും മൂന്ന് റെഡ് ലേഡി അടക്കം അഞ്ച് പപ്പായ വട്ടം ഒടിച്ചു. പന്തലില്‍ കയറി കായ്ച്ചുകിടന്ന പാഷന്‍ ഫ്രൂട്ട് അതേപടി നിലംപൊത്തി. 

ഇത്തവണ മഴ വന്നതോടെ ഗ്രോബാഗുകള്‍ കൃഷിക്കായി വീണ്ടും ഒരുക്കി. എന്നാല്‍, കോവിഡാനന്തര പ്രശ്നങ്ങള്‍ പഴയപോലെ ഒന്നും ഉഷാറാക്കുന്നില്ല. അല്‍പസമയം നിന്നാല്‍ നടുവേദന, മുട്ടുവേദന, വെയ്റ്റ് എടുക്കാന്‍ മേല, ശ്വാസംമുട്ടല്‍ എല്ലാം പ്രശ്നമുണ്ടാക്കുന്നു. എങ്കിലും അല്‍പാല്‍പമായി ചെയ്യുന്നു. അതിനിടെ, ടൗട്ടെ കൊണ്ടുവന്ന കനത്ത മഴ പാകിയ വിത്തെല്ലാം അഴുകികളഞ്ഞോ എന്ന് സംശയം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ പാകിയ വെണ്ടയും കാന്തരിയും പച്ചമുളകും ഇതുവരെ കിളിര്‍ത്തില്ല. 

കൃഷി നല്‍കുന്ന മാനസിക ശാരീരിക ഉന്മേഷമാണ് എനിക്ക് ഏറ്റവും വലുത്. ചാണകപ്പൊടി അടക്കം വിലയ്ക്കു വാങ്ങിയാണ് കൃഷി. 10 ചാക്കിന് തന്നെ 2500 രൂപയാണ് വില. വളമില്ലാതെ നില്‍ക്കുന്ന വാഴയ്ക്ക് അടുത്ത മഴയ്ക്ക് മുന്‍പ് ഇടണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അനുവദിക്കുന്നില്ല. എങ്കിലും ഞാന്‍ ചെയ്യും.

English summary: Covid problems in Home Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA