കൃഷിക്കു വീട്ടില്‍ത്തന്നെ തയാറാക്കാം പഞ്ചഗവ്യം

HIGHLIGHTS
  • ജൈവ കര്‍ഷകരുടെ സുപ്രധാന വളക്കൂട്ടാണ് പഞ്ചഗവ്യം
  • വളര്‍ച്ച ത്വരകമായും ജൈവഹോര്‍മോണയും പഞ്ചഗവ്യം വിളകളില്‍ പ്രവര്‍ത്തിക്കും
panchagavyam
SHARE

ജൈവ കര്‍ഷകരുടെ സുപ്രധാന വളക്കൂട്ടാണ് പഞ്ചഗവ്യം. വിളകളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നേരത്തെ പൂവിടാനും സമൃദ്ധമായി പൂക്കള്‍ ഉണ്ടാവാനും ഉണ്ടായത് കൊഴിഞ്ഞു പോകാതിരിക്കാനുമെല്ലാം പഞ്ചഗവ്യം ഗുണം ചെയ്യും. ഉല്‍പാദന വര്‍ധനയ്ക്കും മണ്ണില്‍നിന്ന് കൂടുതല്‍ പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള കഴിവു വര്‍ധിപ്പിക്കുന്നതിനും, കുമിള്‍ രോഗങ്ങള്‍, നീരൂറ്റിക്കുടിക്കുന്ന ചെറുപ്രാണികള്‍ എന്നിവയെ ചെറുക്കന്നതിനുമെല്ലാം പഞ്ചഗവ്യം പ്രയോജനം ചെയ്യും. ഒട്ടേറെ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളുമുണ്ട് ഈ വളക്കൂട്ടില്‍. വളര്‍ച്ച ത്വരകമായും ജൈവഹോര്‍മോണയും പഞ്ചഗവ്യം വിളകളില്‍ പ്രവര്‍ത്തിക്കും. പഞ്ചഗവ്യം നല്‍കുന്ന വിളകളുടെ വേരുപടലത്തില്‍ ഉപകാരികളായ ധാരാളം സൂക്ഷ്മജീവികളുടെ നിറസാന്നിധ്യവുമുണ്ട്. ഖരരൂപത്തിലുള്ള ജൈവവളങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ ദ്രവരൂപത്തിലുള്ള പഞ്ചഗവ്യം ചെടികള്‍ക്കു വലിച്ചെടുക്കാന്‍ കഴിയുന്നു. 

തയ്യാറാക്കാക്കാം

പശുവില്‍നിന്ന് ലഭിക്കുന്ന അഞ്ച് ഘടകങ്ങളായ പച്ചച്ചാണകം, മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയാണ് പഞ്ചഗവ്യത്തിന്റെ ചേരുവകള്‍. നാടന്‍ പശുവിന്റെ ചാണകം 5 കിലോ (കൃത്രിമ കാലിത്തീറ്റ കൊടുക്കാത്ത പശുവിന്റെ ചാണകമായാലും മതി) പുതിയ ഗോമൂത്രം - 5 ലീറ്റര്‍, കറന്നെടുത്ത ഉടനെയുള്ള നാടന്‍പാല്‍ - 3 ലീറ്റര്‍, വീട്ടില്‍ തയ്യാറാക്കിയ നാടന്‍ തൈര് - 3 ലീറ്റര്‍, ശുദ്ധമായ കലര്‍പ്പില്ലാത്ത നെയ്യ് - 1 കിലോ, കരിക്കിന്‍ വെള്ളം 2 ലീറ്റര്‍, പാളയംകോടന്‍ പഴം 5 എണ്ണം (ഏകദേശം അരക്കിലോ), ഗുണമേന്മയുള്ള കറുത്ത ശര്‍ക്കര 500 ഗ്രാം അരിഞ്ഞു പൊടിച്ചത്.

30 ലീറ്റര്‍ കൊള്ളുന്ന പ്ലാസ്റ്റിക് പാത്രമോ, മണ്‍പാത്രമോ എടുത്ത് അതില്‍ ആദ്യം പച്ചച്ചാണകവും നെയ്യും ഒരുമിച്ചു കുഴച്ചെടുക്കുക. ഈ മിശ്രിതം വായു കടക്കാത്ത വിധം കറുത്ത, കട്ടിയുള്ള തുണികൊണ്ട് മൂടിക്കെട്ടി തണലത്ത് നാല് ദിവസം വയ്ക്കുക. പുറമെ നിന്നുള്ള യാതൊരു ജീവികളും കടക്കാന്‍ ഇടവരരുത്. അങ്ങനെ സംഭവിച്ചാല്‍ പുഴുക്കള്‍ നിറയും, പഞ്ചഗവ്യത്തിന്റെ ഗുണമേന്മ ഇല്ലാതാകും. അഞ്ചാം ദിവസം അതിരാവിലെ അടച്ചുവെച്ച തുണി മാറ്റി കറന്നെടുത്ത പാല്‍ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. തുടര്‍ന്ന് നന്നായി പുളിച്ച തൈര്, ശേഷം ഗോമൂത്രം എന്നിവ കുറേശ്ശെ ഒഴിച്ച് ഇളക്കി കൊടുക്കാം.

അരിഞ്ഞുവച്ച ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് ലായനിയാക്കി അതിലേക്ക് പഴം കൈകൊണ്ട് നന്നായി ഉടച്ചതും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ ശര്‍ക്കര-പഴം- കരിക്കിന്‍വെള്ളം മിശ്രിതം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്നതിലേക്ക് ഒഴിച്ച് നന്നായി ഇളക്കണം. ശ്രദ്ധിക്കുക, ഇളക്കാന്‍ ഉപയോഗിക്കുന്ന മരക്കമ്പ് നല്ല വൃത്തിയുള്ളതും മണ്ണും മറ്റും പുരളാത്തതുമായിരിക്കണം. ദിവസവും രാവിലെയും വൈകിട്ടും മിശ്രിതം ഇളക്കി കൊടുക്കണം. വായുസഞ്ചാരം കൂട്ടി സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇളക്കല്‍ ഉപകരിക്കും. 15 ദിവസം തണലത്തുതന്നെ വച്ച് 16-ാം ദിവസം പഞ്ചഗവ്യം തയാര്‍. 60 ദിവസം വരെ തണലില്‍ മൂടി സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

ഉപയോഗ ക്രമം

മിശ്രിതത്തില്‍നിന്ന് 200 മില്ലി എടുത്ത് പത്ത് ലിറ്റര്‍ ശുദ്ധജലത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് വിളകളുടെ ഇലകളില്‍ തളിച്ചു കൊടുക്കാം. പച്ചക്കറികള്‍ക്ക് നാലില പ്രായത്തില്‍ത്തന്നെ തളിക്കാം. കൂടുതല്‍ കരുത്തും പച്ചപ്പും കൈവരും. കീടങ്ങള്‍ അകലും. നനയ്ക്കു ശേഷമാണ് തളിക്കേണ്ടത്.

പച്ചക്കറി വിത്തുകള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ 30 മില്ലി പഞ്ചഗവ്യം ലയിപ്പിച്ച ലായനിയില്‍ കുതിര്‍ത്ത ശേഷം നടുന്നത് കിളിര്‍ക്കല്‍ വേഗത്തിലാക്കും. ഒരു ലീറ്റര്‍ പഞ്ചഗവ്യം പത്ത് ലീറ്റര്‍ ജലത്തില്‍ നേര്‍പ്പിച്ച് അരിച്ച് എല്ലാ വിളകളുടെയും തടത്തില്‍ ഒഴിച്ചു കൊടുക്കാം. തടത്തില്‍നിന്ന് ഒന്നര അടി വിട്ടു വേണം ഒഴിക്കേണ്ടത്. പഞ്ചഗവ്യ പ്രയോഗത്തിനുശേഷം വിളകള്‍ക്ക് പുതയിടണം. സൂര്യപ്രകാശം നേരിട്ടു പതിക്കുന്നത് ഒഴിവാക്കാനാണിത്. പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍, പുഷ്പവിളകള്‍, നെല്ല്, വാഴ, സുഗന്ധവിളകള്‍ തുടങ്ങി എല്ലാ വിളകള്‍ക്കും ഇത് പ്രയോഗിക്കാം. സ്വന്തം കൃഷിയിടത്തില്‍ പഞ്ചഗവ്യം വര്‍ഷങ്ങളായി  പ്രയോഗിക്കുന്ന കര്‍ഷകനാണ് കോഴിക്കോട് ആനക്കാംപൊയില്‍ സ്വദേശിയായ ഡോമിനിക്.

English summary: How to Prepare Panchagavyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA