ഒരു മരം നിറയെ കൊറോണ വൈറസ്; ഇത് നാട്ടുകാരുടെ സ്വന്തം ‘കൊറോണ കായ്’

HIGHLIGHTS
  • കാമുകഹൃദയങ്ങളെ ഒന്നിപ്പിക്കും കടമ്പുമരം
  • പുരാണങ്ങളിൽ പുണ്യവൃക്ഷമായിമായി കരുതുന്ന കടമ്പ് പൂജാപുഷ്പം കൂടിയാണ്
kadamb-flower
കാസർകോട് കൊളത്തൂർ പെർളടുക്കത്തെ ടാഷ്ക്കോയിലെ ഔഷധസസ്യ തോട്ടത്തിൽ കടമ്പ് മരം പൂത്തപ്പോൾ.
SHARE

ഒരു മരം നിറയെ കൊറോണ വൈറസ് പൂത്തു നിൽക്കുന്നതുപോലെ തോന്നും, നാട്ടുകാർ ഇതിനെ ‘കൊറോണ കായ്’ എന്നും വിളിപ്പേരിടുകയും ചെയ്തു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും കഥകളിലും കവിതകളിലും സിനിമാ ഗാനങ്ങളിലും ഒക്കെ ഏറെ കേട്ടറിഞ്ഞ എന്നാൽ അധികമാരും കാണാത്ത കടമ്പ് പൂത്തതാണ് കോവിഡ് കാലത്തു നാട്ടുകാർക്കു കൗതുകക്കാഴ്ചയായത്. കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ ധാരാളം സ്ഥലങ്ങളിൽ കടമ്പ് പൂത്ത കാഴ്ച കാണാം.

കൊറോണ വൈറസിന്റെ ചിത്രവുമായി ഏറെ സാമ്യമുണ്ട് എന്നതാണ് കടമ്പു പൂത്ത കാഴ്ച ആളുകളിൽ കൗതുകം ജനിപ്പിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ളതാണ് ഇവയുടെ പൂക്കൾ. ഗോളാകൃതിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്നതും വെളുത്ത മുള്ളുകളുള്ളതുമായ രൂപമാണ് ഇതിന് കൊറോണ വൈറസിനോടു രൂപസാദൃശ്യം നൽകുന്നത്. ടെന്നിസ് ബോളിന്റെ രൂപത്തോടും ഏറെ സാദൃശ്യമുള്ളതിനാൽ ഇതിനെ ടെന്നിസ് ബോൾ ട്രീ എന്നും വിളിക്കാറുണ്ട്. ഏറെ ഔഷധ ഗുണമുള്ള കടമ്പു മരം ഹിന്ദുമത വിശ്വാസപ്രകാരം പ്രാധാന്യമുള്ള വൃക്ഷമാണ്. 

കാമുകഹൃദയങ്ങളെ ഒന്നിപ്പിക്കും കടമ്പുമരം

പുരാണങ്ങളിൽ പുണ്യവൃക്ഷമായിമായി കരുതുന്ന കടമ്പ് പൂജാപുഷ്പം കൂടിയാണ്. ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തിയും കടമ്പിനെക്കുറിച്ച് പറഞ്ഞു കേൾക്കാറുണ്ട്. ശ്രീകൃഷ്ണൻ രാധയ്ക്കും ഗോപികമാർക്കും ഒപ്പം സമയം ചെലവഴിച്ചിരുന്നത്‌ കടമ്പുമരച്ചുവട്ടിലായിരുന്നു. ഈ വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അകന്നിരിക്കുന്ന കാമുകഹൃദയങ്ങളെ ഒന്നിപ്പിക്കാൻ കടമ്പുമരച്ചോട്ടിൽ ഇരിക്കുന്നത് ഗുണം ചെയ്യുമെന്നും പഴമക്കാർ പറയുന്നു.

കടമ്പുമരത്തിലാണ് കൃഷ്ണൻ ഗോപികമാരുടെ വസ്ത്രങ്ങൾ ഒളിപ്പിച്ചതെന്നും പറയപ്പെടുന്നു. യമുന നദിക്കരയിലെ കടമ്പുമരത്തിനു മുകളിൽനിന്നാണ് കൃഷ്ണൻ കാളിയമർദനത്തിനായി നദിയിൽ ചാടിയത്. അമൃതുമായി ദേവലോകത്തുനിന്നു പുറപ്പെട്ട ഗരുഡൻ ക്ഷീണം തീർക്കാൻ ഇതേ കടമ്പുമരത്തിനു മുകളിൽ കുറച്ചുസമയമിരുന്നതായി പറയപ്പെടുന്നു. ഈ സമയത്ത് ഇത്തിരി അമൃത് യാദൃശ്ചികമായി കടമ്പിൽ വീണു. ഈ അമൃത് കാരണമാണ് കാളിയ വിഷമേറ്റ് എല്ലാ മരങ്ങളും കരിഞ്ഞുണങ്ങിയപ്പോൾ കടമ്പു മാത്രം ബാക്കിയായതെന്നും പറയപ്പെടുന്നു. ഇന്ദ്രപ്രസ്ഥത്തിൽ വളർത്തിയിരുന്ന വൃക്ഷങ്ങളിൽ ഒന്നായിരുന്നു കടമ്പ് എന്നും വിശ്വാസമുണ്ട്. മഹാഭാരതത്തിലും കൂടാതെ രാമായണത്തിലും ചിലപ്പതികാരത്തിലും കടമ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കടമ്പിൻ പൂക്കളിൽനിന്ന് ‘കാദംബരി’ എന്നുപേരുള്ള ഒരുതരം മദ്യം വാറ്റിയെടുത്തിരുന്നതായും പറയപ്പെടുന്നു.

kadamb-flower-and-tree
കാസർകോട് കൊളത്തൂർ പെർളടുക്കത്തെ ടാഷ്ക്കോയിലെ ഔഷധസസ്യ തോട്ടത്തിൽ കടമ്പ് മരം പൂത്തപ്പോൾ.

കടമ്പു പൂക്കുന്ന മഴക്കാലം

മഴക്കാലത്താണ് കടമ്പു മരം പുഷ്പിക്കുന്നത്. ചിത്രശലഭങ്ങളുടെ വിരുന്നുകാലം കൂടിയാണിത്. ഈർപ്പമുള്ള നിത്യ ഹരിത വനങ്ങളിലും ജലാശയങ്ങളുടെ തീരത്തും മാത്രം കണ്ടുവരുന്ന കടമ്പ് കഴിഞ്ഞ ദിവസം കാസർകോട് പെർളടുക്കത്തെ മൊട്ടക്കുന്നിലെ പാറപ്പുറത്ത് വിരിഞ്ഞ കാഴ്ച മരത്തിന്റെ പ്രത്യേകത അറിയുന്നവരെ പോലും അദ്ഭുതപ്പെടുത്തുന്നു. ആറ്റിൻകരയിലാണ് സാധാരണയായി കടമ്പ് മരം കൂടുതലായി കണ്ടുവരുന്നത്. തൃശൂരിലും തിരുവനന്തപുരത്തും കാസർകോടുമെല്ലാം കടമ്പ് പൂത്ത വാർത്തകൾ പുറത്തുവരുന്നുണ്ട്.

തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നാണ് കാസർകോട് പെർളടുക്കത്ത് കടമ്പുതൈകൾ കൊണ്ടുവന്നത്. പത്തു വർഷത്തോളം പ്രായമായ കടമ്പ് ആദ്യമായാണ് ഇവിടെ പൂക്കുന്നത്. തെച്ചിയും വെള്ളിലയും ഉൾപ്പെടുന്ന റൂബിയേസി സസ്യ കുടുംബത്തിലെ സിങ്കോണോയിഡേ വിഭാഗത്തിൽ പെടുന്ന ഇലപൊഴിയും മരമാണ് കടമ്പ്.  ഇരുപതു മീറ്റർവരെ ഉയരത്തിൽ വളരുന്ന ഇതിനെ  തേക്ക് എന്നും വിളിക്കാറുണ്ടെങ്കിലും തേക്ക് തടിയുടെ അത്ര ബലമില്ല. അപൂർവമായി തടി ഫർണിച്ചർ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്. തീപ്പെട്ടി നിർമാണത്തിന് അനുയോജ്യമാണ് ഇതിന്റെ തടി. 

അത്രമേൽ പ്രണയാർദ്രം ഈ മരം

വളരെയേറെ സുന്ദരവും സുഗന്ധപൂരിതവും പ്രണയാർദ്രവുമായ ഈ കടമ്പിനെ ഏതു കാമുകഹൃദയങ്ങൾക്കാണ് ഇഷ്ടപ്പെടാതിരിക്കാൻ കഴിയുക. സൗന്ദര്യവസ്തുക്കളുടെയും സുഗന്ധ ദ്രവങ്ങളുടെയും നിർമാണത്തിന് പുറമെ ആയുർവേദത്തിൽ മരുന്ന് നിർമാണത്തിനും ഇതിന്റെ ഇല, പൂവ്, കായ, തൊലി, വേര് എന്നിവ ഉപയോഗിക്കുന്നു പനി, പേശിവേദന, ശ്വാസകോശരോഗങ്ങൾ, ഉദരരോഗങ്ങൾ, അൾസർ, മഞ്ഞപ്പിത്തം, ഗർഭസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഔഷധമായി ഇവ ഉപയോഗിക്കുന്നു. കടമ്പിൻ പൂമൊട്ടുകൾ സ്ത്രീകൾ ഉച്ചിയിൽ ചൂടാറുണ്ട്.  മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒരുകാലത്ത് കടമ്പു വൃക്ഷങ്ങൾ ധാരാളമായി വളർന്നിരുന്ന ഇടമായിരുന്നുവെന്നാണ് ഐതിഹ്യത്തിലുള്ളത്.

English Summary: All You Need to Know About Burt flower Tree aka Kadambu Maram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA