കേരളത്തിലുണ്ട് ഒരു മുള ഗ്രാമം; അറിയാം ചില വയനാടൻ മുളവിശേഷങ്ങൾ

HIGHLIGHTS
  • 25 മുതൽ 30 വർഷം വരെയാണ് ഒരു മുളങ്കൂട്ടത്തിന്റെ ശരാശരി ആയുസ്
bamboo-3
SHARE

കേരളത്തിൽ ഒരു മുള ഗ്രാമമുണ്ട്. പച്ചപ്പിന്റെ നിറസൗന്ദര്യവുമായി നിലകൊള്ളുന്ന മുളങ്കൂട്ടങ്ങളുടെ നാടായ വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ എന്ന ഗ്രാമമാണ് അത്. ഒരു ചെറിയ കൂട്ടം സ്ത്രീത്തൊഴിലാളികൾക്ക് മുളയുൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ  പരിശീലനം നൽകിക്കൊണ്ടാണ്   ഉറവ് നാടൻ ശാസ്ത്ര സാങ്കേതികവിദ്യാ പഠന കേന്ദ്രത്തിന്റെ തുടക്കമെങ്കിലും ഇന്ന്  മുളയുമായി ബന്ധപ്പെട്ട എട്ടോളം മേഖലകളിൽ ഉറവ് സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന മുളയിനങ്ങളോടു കൂടിയ മുള നഴ്സറി, പ്ലാന്റേഷൻ പ്രവർത്തനങ്ങൾ, മുളയധിഷ്ഠിത ഉൽപ്പന്ന നിർമാണം, കലാരൂപങ്ങൾ, നൈപുണ്യ വികസന പരിശീലന പരിപാടികൾ, പൊതു സംസ്കരണ/ വിതരണ കേന്ദ്രം, മുളയധിഷ്ഠിത  കെട്ടിട നിർമാണം, നയപരമായ ഇടപെടലുകൾ, കൺസൾട്ടൻസി പ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ് ഇവയിൽ പ്രധാനം.

ഏറ്റവും വേഗത്തിൽ വളരുന്നതും, മറ്റു വൃക്ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനത്തിൽ അധികം ഓക്സിജൻ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന മുളയുടെ പരിസ്ഥിതി പുനസ്ഥാപന പ്രാധാന്യങ്ങൾ കണക്കിലെടുത്തും, മുള അടിസ്ഥാനമാക്കിയുള്ള ഉൽപാദന യൂണിറ്റുകൾക്ക് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുമാണ് ഉറവ് നഴ്സറി ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. 

bamboo-2

കെട്ടിട നിർമാണം, കരകൗശല വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ലാൻഡ്സ്‌കേപ്പിങ്, ബയോഫെൻസിങ്, പാഴ്നിലങ്ങളുടെ പുനരുത്തേജനം എന്നിവക്കെല്ലാം ഉതകുന്ന അൻപതിൽപ്പരം വൈവിധ്യമാർന്ന മുളത്തൈകൾ ഉറവ് മുള നഴ്സറിയിൽ ലഭ്യമാണ്. കേരളത്തിന്റെ തനതു മുളയിനങ്ങളായ മുള്ളുമുള, ഈറ്റ എന്നിവയ്ക്ക് പുറമെ  കെട്ടിടനിർമാണത്തിനു ഏറ്റവും അധികം പ്രചാരമുള്ള കോളമ്പിയൻ മുളയിനമായ ഗഡുവ അംഗുസ്‌റ്റിഫോളിയ, മുളകളിലെ രാജാവ് എന്നറിയപ്പെടുന്ന ആനമുള (Dendrocalamus giganteus), അസം മുള (Bambusa balcooa), ബിലാത്തി മുള (Dendrocalamus brandissi), ലാത്തി മുള, വള്ളിമുള, അലങ്കാര മുളകളിൽ പ്രധാനികളായ ഗോൾഡൻ ബാംബൂ, ബ്ലാക്ക് ബാംബൂ, വൈറ്റ് ലീഫ് ബാംബൂ എന്നിങ്ങനെ പോകുന്നു മുളയിനങ്ങളുടെ നിര.  

തൈകൾ വിതരണം ചെയ്യുന്നതിനു പുറമെ, കരാർ അടിസ്ഥാനത്തിൽ പ്ലാന്റേഷൻ, പ്ലാന്റേഷൻ മാനേജ്മെന്റ് പ്രോഗ്രാമുകളും ഉറവ് ഏറ്റെടുക്കാറുണ്ട്. മാത്രമല്ല, മുള വളർത്തുന്ന കർഷകരിൽനിന്ന് മൂപ്പെത്തിയ മുള തിരിച്ചു വാങ്ങി വരുമാനമാർഗം കണ്ടെത്തി കൊടുക്കുന്നത്തിനും ഉറവ് ശ്രമിക്കുന്നുണ്ട്. 

bamboo

ചെലവ് കുറഞ്ഞതും, പരിചരണം കുറച്ചുമാത്രം ആവശ്യമുള്ളതും, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം ആവശ്യമില്ലാത്തതുമായ കാർഷിക വിള കൂടിയാണ് മുള. വ്യാവസായിക പ്രാധാന്യമുള്ള  അസം മുള, ബിലാത്തി മുള, ഗഡുവ മുള മുതലായ മുളയിനങ്ങൾ ഒരേക്കറിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിനും അഞ്ച് വർഷംവരെ പരിപാലിക്കുന്നതിനും അൻപതിനായിരം മുതൽ എഴുപതിനായിരം  രൂപ വരെയാണ് പരമാവധി ചെലവ് വരുന്നത്. മേൽപ്പറഞ്ഞ മുളയിനങ്ങൾ കൃഷി ചെയ്യുകയാണെങ്കിൽ അഞ്ചാമത്തെ വർഷം മുതൽതന്നെ വരുമാനം ലഭിച്ചുതുടങ്ങും. എട്ടാമത്തെ വർഷം ആവുമ്പോഴേക്കും വരുമാനം ഉയരും. 25 മുതൽ 30 വർഷം വരെയാണ് ഒരു മുളങ്കൂട്ടത്തിന്റെ ശരാശരി ആയുസ്.

bamboo-1

മുളയിനങ്ങളും ഉപയോഗങ്ങളും:

  • അലങ്കാര മുളയിനങ്ങൾ 

ഗോൾഡൻ ബാംബൂ, ബ്ലാക്ക് ബാംബൂ, മഞ്ഞ മുള, മൊണാസ്റ്ററി ബാംബൂ, ബുദ്ധമുള വൈറ്റ് ഡ്രാഗൺ തുടങ്ങി പതിനഞ്ചിൽ പരം അലങ്കാര മുളയിനങ്ങൾ.

  • ബയോ ഫെൻസിങ്

ബാംബുസ വേറിഗേറ്റ (വൈറ്റ് ലീഫ് ബാംബൂ), പെൻസിൽ ബാംബൂ, ടുൾട ബംബു (ഷോർട്ട്), പെന്നോട  മുതലായവ.

  • കാർഷിക ആവശ്യങ്ങൾക്കുള്ള മുളയിനങ്ങൾ (തോട്ടി, ഏണി, വാഴക്കുത്ത് മുതലായ ആവശ്യങ്ങൾക്ക്)

ഇല്ലിമുള, കല്ലൻ മുള, എരങ്കോൽ, തൊട്ടിമുള, ബാംബുസ ന്യുട്ടൺസ് മുതലായവ.

  • വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന മുളയിനങ്ങൾ (കെട്ടിടനിർണ്ണമണം, ഫർണിച്ചറുകൾ, ബാംബൂ ടൈൽസ് ഇവക്കെല്ലാം ഉപയോഗിക്കുന്നവ)

അസം മുള, ബിലാത്തി മുള, ഗഡുവ മുള, ആസ്‌പർ, ഉയി മുള (സ്റ്റോക്‌സി) തുടങ്ങി പത്തിൽപരം വാണിജ്യ പ്രാധാന്യമുള്ള മുളയിനങ്ങൾ.

  • കരകൗശല വസ്തുക്കളുടെ നിർമാണത്തിന് ഉതകുന്ന മുളയിനങ്ങൾ

ഈറ്റ, മലയോട, ആനമുള, പെന്നോട, ഗഡുവ മുള, ഇല്ലി മുള മുതലായവ.

  • മണ്ണൊലിപ്പ് തടയാനും തീര സംരക്ഷണത്തിനും

മൂളി ബാംബൂ (മെലോക്കന്ന ബാസിഫറ), ചൈനീസ് മുള, ഗഡുവ മുള, ഈറ്റ, ബിലാത്തി മുള, മഞ്ഞ മുള, പച്ച മുള  തുടങ്ങി ഒട്ടുമിക്ക മുളയിനങ്ങളും മണ്ണൊലിപ്പ് തടയുകയും തീരസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

  • മുളങ്കൂമ്പ്‌ ഭക്ഷ്യയോഗ്യമായ മുളയിനങ്ങൾ

ഇല്ലിമുള, ആസ്‌പർ, ബിലാത്തി മുള, കല്ലൻമുള മുതലായി നിരവധി മുളയിനങ്ങളുടെ മുളങ്കൂമ്പുകൾ ഭക്ഷ്യയോഗ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക വിദ്യാ പഠന കേന്ദ്രം, തൃക്കൈപ്പറ്റ പിഒ, വയനാട്, കേരള – 673577

ഫോൺ: 07902793203, 07902748293, 07903748292

മെയിൽ: uravu.india@gmail.com

വെബ്സൈറ്റ്: https://www.uravu.in/

English summary: Different Types Of Bamboo and Its Uses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA