ADVERTISEMENT

‘പരാതി പറയുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് എന്തും തനിയെ ചെയ്യാനാണു ശ്രമം’ ഈ ചിന്താഗതി കണ്ണൂർ ഉളിക്കൽ സ്വദേശിയായ ഷാജി മാത്യുവിനെ എത്തിച്ചത് വലിയൊരു കാർഷിക സാമ്രാജ്യത്തിന്റെ തലവനാകാനുള്ള നിയോഗത്തിലേക്കായിരുന്നു. സ്കൂളിൽ പോയത് വെറും 26 ദിവസം മാത്രം; തളർന്നു കിടപ്പിലായ ശരീരത്തിൽ നിന്നു ചെറിയൊരു മാറ്റം വന്ന് കൈ കുത്തിയെങ്കിലും നടക്കാൻ തുടങ്ങുമ്പോൾ വയസ്സ് 21.  പിന്നീടു നടക്കുകയായിരുന്നില്ല, ആഗ്രഹങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും ഓടിക്കയറുകയായിരുന്നു ഷാജി. 2 വർഷം മുൻപ്, 52–ാം വയസ്സിൽ വീൽചെയറിലേക്കു മാറുമ്പോൾ പോലും തന്റെ സ്വപ്നങ്ങളോടു വിട്ടുവീഴ്ച ചെയ്യാൻ ഷാജി തയാറായിരുന്നില്ല. 

ആ ബാല്യം 

ഉളിക്കൽ പഞ്ചായത്തിലെ തന്നെ കോട്ടപ്പാറ എന്ന സ്ഥലത്തായിരുന്നു ഷാജിയുടെ കുട്ടിക്കാലം. മാതാപിതാക്കൾ പരമ്പാഗത കർഷകർ. ഷാജിയെ അവർ തൊട്ടടുത്തുള്ള സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു. എന്നാൽ അധികനാൾ സ്കൂളിൽ പോയി പഠിക്കാനുള്ള ഭാഗ്യം ഷാജിക്കുണ്ടായിരുന്നില്ല. 26 ദിവസം മാത്രമേ ഷാജി സ്കൂളിൽ പോയി പഠിച്ചിരുന്നുള്ളൂ. പോളിയോ ബാധിതനാകുന്നത് ആ സമയത്താണ്. ശരീരം തളരുകയായിരുന്നു. പിന്നീട്, ബാല്യവും കൗമാരവുമൊക്കെ ആശുപത്രികളിൽ തന്നെ. തിരിച്ചെത്തുന്നതിനുള്ള വഴികൾ പലതു നോക്കി. എന്നാൽ അതിനായുള്ള പരിശ്രമങ്ങൾ വർഷങ്ങൾ നീണ്ടു. 

15 വർഷത്തെ ചികിത്സയ്ക്കു ശേഷമാണു നിലത്തു കൈ കുത്തിയെങ്കിലും നടക്കാൻ കഴിയുന്ന സ്ഥിതിയിലേക്കു ഷാജിയെത്തിയത്. ഇതിനിടെ മാതാപിതാക്കളുടെ കൃഷി മുന്നോട്ടു കൊണ്ടു പോകണമെന്ന ആഗ്രഹം ഷാജി ഉള്ളിൽ ഉറപ്പിച്ചിരുന്നു. 21–ാം വയസ്സിൽ കൈ കുത്തി നടക്കാൻ ആരംഭിച്ചപ്പോൾ മുതൽ കൃഷിയുടെ ചുമതല ഷാജി ഏറ്റെടുത്തു തുടങ്ങി. കോട്ടപ്പാറയിൽ ചെറിയൊരു നഴ്സറി ആരംഭിച്ചായിരുന്നു തുടക്കം. 

shaji-mathew-wheelchair-farmer-4
ഷാജി മാത്യു

കൈകളിലൂന്നി മണ്ണിലേക്ക് 

മണ്ണിൽ കൈകുത്തിയാണു ഷാജി തന്റെ കൃഷിയിടമൊരുക്കിയത്. കോട്ടപ്പാറയിലെ മലമുകളിൽ നിന്ന് ഉളിക്കല്ലിനടുത്ത കോക്കോട് എന്ന സ്ഥലത്തേക്കു താമസം മാറി. നഴ്സറി അവിടേക്കു പറിച്ചു നട്ടു. കാർഷികവിളകൾ ഓരോന്നായി കൃഷി ചെയ്തു തുടങ്ങി. ‌ കാർഷിക വിളകൾ മാത്രമല്ല, ചെടികളും പക്ഷികളും മത്സ്യങ്ങളുമൊക്കെ ഷാജിയുടെ കൃഷിയിടത്തിൽ വളരുന്നുണ്ട്. നഴ്സറിയിൽ വിൽപന നടത്തുന്ന 99 ശതമാനം വിളകളും സ്വയം വികസിപ്പിച്ചെടുക്കുന്നതാണെന്നു ഷാജി പറയുന്നു. കൃഷി ആവശ്യങ്ങൾക്കായി 2006ൽ ഷാജി സ്വന്തമായി വാഹനം വാങ്ങി. ആദ്യം ഡ്രൈവറുണ്ടായിരുന്നെങ്കിലും ഇടയ്ക്കു ഡ്രൈവറെ കിട്ടാതായപ്പോൾ ഷാജി ഡ്രൈവിങ് പഠിച്ചു. വാഹനം കൈകൾ കൊണ്ട് ഓടിക്കാൻ കഴിയുന്ന വിധത്തിലേക്കു മാറ്റങ്ങൾ വരുത്തി. ലൈസൻസ് എടുത്തു. മറ്റാരുടെയും സഹായമില്ലാതെ സ്വയം വാഹനമോടിക്കാൻ തുടങ്ങി. നിലവിൽ സ്വന്തമായുള്ള ഓട്ടമാറ്റിക് വാഹനത്തിലാണു ഷാജിയുടെ യാത്ര. കൈകളൂന്നി ഷാജി തന്റെ കാർഷിക സാമ്രാജ്യം പടുത്തുയർത്തു. ശാരീരിക ബുദ്ധിമുട്ടുകൾ കൂടി വന്നതിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഷാജി വീൽചെയറിലേക്കു മാറി. ‘കൈകൾ കുത്തിയുള്ള യാത്ര ബുദ്ധിമുട്ടായതോടെയാണു വീൽ‌ചെയറിലേക്കു മാറിയത്. എനിക്ക് ഇനിയും ഒട്ടേറെ കാര്യങ്ങൾ കാർഷിക രംഗത്തു ചെയ്യേണ്ടതുണ്ട്. അതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ കലശാകുന്നതിനു മുൻപേ വീൽചെയറിലേക്കു മാറുകയായിരുന്നു’ ഷാജി പറയുന്നു. 

shaji-mathew-wheelchair-farmer-3
വിളവെടുത്ത പയറുമായി ഷാജി മാത്യു

ആ കൈകളിലേക്ക് പുരസ്കാരങ്ങൾ

പോരായ്മകളോടും ശാരീരിക ബുദ്ധിമുട്ടുകളോടും പൊരുതി ഷാജി കെട്ടിപ്പൊക്കിയ കൃഷിയിടത്തേയും ഷാജിയേയും തേടി ഇതിനോടകമെത്തിയത് ഒട്ടേറെ പുരസ്കാരങ്ങളാണ്. 1996–97 വർഷത്തെ സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരമടക്കം ഈ പട്ടികയിലുണ്ട്. 

shaji-mathew-wheelchair-farmer-2
ഷാജി മാത്യു

ജീവിതത്തിലും കൃഷിയിലും തുണയായി കുടുംബം

ഭാര്യ ഷാന്റിയും 3 മക്കളുമടങ്ങുന്നതാണ് ഷാജിയുടെ കുടുംബം. ജീവിതത്തിൽ മാത്രമല്ല, ഷാജിയുടെ കൃഷിയിലും താങ്ങായി കുടുംബമുണ്ട്. മൂത്തമകൾ ഷെൻസിയ വിദേശത്തു ജോലി ചെയ്യുകയാണ്. ഫാഷൻ ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കിയ രണ്ടാമത്തെ മകൾ ഷിബിന ഇപ്പോൾ അച്ഛന്റെ കൃഷിക്ക് എല്ലാ സഹായവും പിന്തുണയും നൽകി ഒപ്പമുണ്ട്. ബിരുദ വിദ്യാർഥിയാണെങ്കിലും ഇളയ മകൻ ഷെനും കൃഷി കാര്യങ്ങളിൽ സഹായിക്കാറുണ്ടെന്നു ഷാജി പറയുന്നു.

English summary: The Inspiring Story of a Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com