ADVERTISEMENT

ഗ്രോബാഗുകളുടെ കാലമാണിത്. രണ്ടും മൂന്നും ഏക്കർ സ്ഥലം വെറുതെ കിടപ്പുണ്ടെങ്കിലും നാല് ഗ്രോബാഗ് വീടിനു മുന്നിൽ വച്ച് ഓരോ പാവലോ വഴുതനയോ നട്ടില്ലെങ്കിൽ നാണക്കേടാണെന്നാണ് പലരുടെയും ചിന്ത. സത്യം പറഞ്ഞാൽ ഗ്രോ ബാഗ് ഒരു സംഭവമാണ്. പ്രധാനമായും നഗര ജീവിതക്കാരെയും ഇത്തിരിമാത്രം സ്ഥലം സ്വന്തമായുള്ളവരെയും മട്ടുപ്പാവ് പോലുള്ള സ്ഥലങ്ങളിൽ കൃഷിയിടമൊരുക്കുന്നവരെയും ഒക്കെ ലക്ഷ്യമിട്ടാണ്  ഗ്രോബാഗ് ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ കൃഷിയിടത്തിലെ പുതുതരംഗമായ പോളി ഹൗസുകളിലും ഗ്രോബാഗ് ആണ് താരം. കൃത്യമായ ജലസേചനം, വളപ്രയോഗം തുടങ്ങിയവയ്ക്ക് ഗ്രോബാഗ് കൃഷി ഏറെ മെച്ചമാണ്. 

ഗ്രോ ബാഗുകൾ ഇന്ന് കടകളിൽ വാങ്ങാൻ കിട്ടും. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഗ്രോബാഗിന്റെ കവചമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്. വളവും മണ്ണും ചേർത്ത മിശ്രിതം നിറച്ചും അതിനും സാധിക്കാത്തവർക്ക് ഗ്രോബാഗ് നിറച്ച് ചെടികൾ മുളപ്പിച്ച് നൽകാനും സ്ഥാപനങ്ങളും കർഷകസംഘങ്ങളുമുണ്ട്.  എന്നാൽ വിപണിയിൽ തരംഗമായതോടെ ഗ്രോബാഗ് നിർമാണത്തിലും തട്ടിപ്പുകൾ അരങ്ങേറി. ഗുണനിലവാരമില്ലാത്ത മിശ്രിതം നിറച്ചും അമിത വില ഈടാക്കിയുമൊക്കെ ആളുകളെ പിഴിയുന്നത് സ്ഥിരം സംഭവമായി. 

അൽപമൊന്ന് മെനക്കെടാൻ മനസ്സുണ്ടെങ്കിൽ ഗ്രോബാഗ് വീട്ടിൽ സ്വയം തയാറാക്കാമെന്ന് കൃഷി വിജ്ഞാൻ കേന്ദ്രയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പല തരത്തിലുള്ള പരീക്ഷണങ്ങളിലൂടെയും കർഷകരുടെ അനുഭവജ്ഞാനത്തിലൂടെയും ഗ്രോബാഗ് നിർമാണത്തിൽ എളുപ്പവും ലളിതവുമായ വിദ്യകൾ ഗവേഷകർ ആവിഷ്കരിച്ചിട്ടുണ്ട്. ചെലവ് കുറവ്, മികച്ച ഗുണനിലവാരം എന്നിവ ഈ രീതികളിൽ ഉറപ്പിക്കാം. നിറയ്ക്കാത്ത ഗ്രോബാഗുകൾ ഇന്ന് കടകളിൽ വാങ്ങാൻ കിട്ടും. എന്നാൽ ഇതു തന്നെ ഉപയോഗിക്കണമെന്നില്ല. 10 കിലോ അരി വരുന്ന പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ചാലും മതി. ഒരു ഗ്രോബാഗിൽ നിറയ്ക്കാൻ മൂന്നു കിലോ മണ്ണ്, മൂന്നു കിലോ ചകിരിച്ചോർ, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 50 ഗ്രാം കടലപ്പിണ്ണാക്ക്, 50 ഗ്രാം എല്ലു പൊടി എന്നിവ വേണം. ഇത് നന്നായി മിക്സ് ചെയ്ത് ഗ്രോബാഗിൽ നിറയ്ക്കാം. ഇതേ അനുപാതത്തിൽ എത്ര ഗ്രോബാഗ് നിറയ്ക്കണം എന്ന് കണക്കു കൂട്ടിയെടുക്കണം.

ചാണകം സുലഭമായി കിട്ടുന്നിടത്ത് ചകിരിച്ചോറിന് പകരം ചാണകം ഉപയോഗിക്കാം. ചകിരിച്ചോറും ചാണകവും പകുതി വീതം അളവിൽ ഉപയോഗിച്ചാലും കുഴപ്പമില്ല. ചകിരിച്ചോർ ഉപയോഗിക്കുന്നത് ചെടിക്ക് ആവശ്യത്തിന് വെള്ളം ചെടിയുടെ ചുവട്ടിൽ പിടിച്ചു നിർത്തുന്നതിന് സഹായകമാകും. ഒരു കിലോ  ചകിരിച്ചോറിന് 7 ലീറ്റർ വെള്ളം സംഭരിക്കാനാകുമെന്നാണ് കണക്ക്. ഗ്രോബാഗിൽ മിശ്രിതം നിറയ്ക്കുന്നതിന് മുന്പ് ഉള്ളിൽ വശങ്ങളിലായി രണ്ട് ടീ സ്പൂൺ കുമ്മായപ്പൊടി തൂകുന്നത് നല്ലതാണ്. മണ്ണിലെ അസിഡിറ്റി കുറയ്ക്കാനാണിത്. എല്ലുപൊടി ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും ഈച്ചയുടെയും എലിയുടെയും ശല്യം ഉണ്ടാകാനിടയുണ്ട്. കീടശല്യം കുറയ്ക്കാനാണ് വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കുന്നത്. കൃഷി വിദഗ്ധനായ ഡോ. മുരളീധരൻ പറയുന്നു.

കടലാസ് ചെടിച്ചട്ടി

ചെടിച്ചട്ടിക്കൊക്കെ എന്തൊരു വില. പൂന്തോട്ടങ്ങളെയും വീട്ടുമുറ്റ പച്ചക്കറി കൃഷിയെയും സ്നേഹിക്കുന്ന ഏതൊരാളുടെയും ചിന്ത ഇങ്ങനെയാകും. കൃഷിയൊക്കെയാകാം. ഒന്നു തട്ടിയാൽ പൊട്ടിപ്പോകുന്ന ഈ ചെടിച്ചട്ടികൾക്ക് കാശുമുടക്കി മടുത്തു. വീട്ടുമുറ്റത്തെ തക്കാളി, വഴുതന പോലുള്ള കൃഷികൾക്ക് ഒന്നോ രണ്ടോ സീസൺ മാത്രം ഉപയോഗിക്കാവുന്ന ചെടിച്ചട്ടികൾ പോരെ. അങ്ങനെയെങ്കിൽ നമ്മൾ ദിവസവും കീറിയെറിയുകയും കത്തിച്ച് ഒഴിവാക്കുകയും മാലിന്യമെന്നു പറഞ്ഞ് പുറത്തു തള്ളുകയും ചെയ്യുന്ന പാഴ്ക്കടലാസുകൾ കൊണ്ട് ചെടിച്ചട്ടി നിർമിച്ചാലോ. ഒട്ടേറെ കർഷകരും വീട്ടമ്മമാരും ലളിതമായി ഇങ്ങനെ ചെടിച്ചട്ടികൾ നിർമിച്ച് ഉപയോഗിക്കുന്നുണ്ട്. ഇതിന് വലിയ കഴിവോ കരവിരുതോ ഒന്നും ആവശ്യമില്ല. 

പാഴ്ക്കടലാസുകൾ ഉപയോഗിച്ച് നിർമിക്കുന്ന ചെടിച്ചട്ടിക്കു വേണ്ടി ഒരു കിലോ മൈദ എടുത്ത് തിളച്ച വെള്ളം ചേർത്ത് ഇളക്കി കുഴമ്പു രൂപത്തിലുള്ള പശ തയാറാക്കുക. ഇനി ചപ്പു ചവറുകൾ ഇടാൻ ഉപയോഗിക്കുന്ന ഒരു ബാസ്കറ്റോ, ചെറിയ ബക്കറ്റോ ഒരു ചെടിച്ചട്ടിയോ എടുത്ത് അതിനു മുകളിൽ പത്രക്കടലാസ് ശ്രദ്ധയോടെ വലിച്ച് ഒന്നോ രണ്ടോ പാളി ഒട്ടിക്കുക. ഇനി ആകൃതിക്കു വേണ്ടി ഉപയോഗിച്ച ബാസ്കറ്റ് ശ്രദ്ധാപൂർവം ഊരിയെടുക്കുക. ഇപ്പോൾ ചെടിച്ചട്ടിയുടെ ആകൃതിയിൽ ഒരു കടലാസ് ഫ്രെയിം കിട്ടി. ഇനി പാഴ്ക്കടലാസുകളോ പത്രമോ മാസികയോ കീറിയെടുത്ത് മൈദകൊണ്ടുള്ള പശ പുറത്തുതേച്ച് ക്രമമായി ഒട്ടിച്ചു തുടങ്ങാം. ആവശ്യത്തിന് കനം ആയിക്കഴിയുമ്പോൾ വെയിലിൽ ഉണങ്ങിയെടുക്കാം. ചട്ടിയുടെ വക്ക് ശ്രദ്ധാപൂർവം മടക്കി ഒട്ടിച്ചെടുക്കാം. ഏതാനും അടുക്ക്  കടലാസ് ഒട്ടിച്ചതിനു ശേഷം ഒരു പ്ലാസ്റ്റിക് പാളിയോ കനം കുറഞ്ഞ പ്ലാസിറ്റിക് കവറോ ഉപയോഗിച്ച് പൊതിഞ്ഞശേഷം വീണ്ടും കടലാസ് ഒട്ടിച്ചാൽ ഈർപ്പത്തിന്റെ പ്രശ്നവും പരിഹരിക്കാം. വേനൽക്കാലത്തു മാത്രമേ ഈ ചട്ടികൾ ഉപയോഗിക്കാനാവൂ. 

ചട്ടിയിൽ ചകിരിച്ചോർ ചേർത്ത കനം കുറഞ്ഞ പോട്ടിങ് മിശ്രിതം വേണം നിറയ്ക്കാൻ. നിറച്ച ചട്ടി ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് ഇടയ്ക്കിടെ മാറ്റാൻ ശ്രമിക്കരുത്. അമിതമായി ചെടികൾക്കു ചുവട്ടിൽ വെള്ളം ഒഴിക്കരുത്. ചട്ടി വയ്ക്കുന്ന തറ നനവാർന്നത് ആകാതെ നോക്കണം. ഒരു തവണ വിളവെടുപ്പ് കഴിഞ്ഞാൽ ചെടിച്ചട്ടി പൊട്ടിച്ച് മണ്ണ് മറ്റൊന്നിലേക്ക് മാറ്റാം. 

English summary: Eco Friendly Grow Bags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com