ADVERTISEMENT

കുറഞ്ഞ ചേരുവകൾകൊണ്ട് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന സസ്യവളർച്ചാത്വരകമാണ് കോഴിമുട്ട മിശ്രിതം അഥവാ എഗ്ഗ് അമിനോ ആസിഡ്. സസ്യവളർച്ചയെ സഹായിക്കുന്ന പോഷക മിശ്രിതവും, ദ്രാവക ജൈവ വളവുമാണിത്. കീട,രോഗബാധ അകറ്റുന്നതിനും ഇതു ഫലപ്രദം. ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും, പൂ കൊഴിച്ചിൽ തടയുന്നതിനും, ധാരാളം കായ്കൾ ഉണ്ടാകുന്നതിനും, കായ്കളും പൂക്കളും പുഷ്ടിപ്പെട്ട് വലുതാകുന്നതിനും ഇതുപകരിക്കും. പച്ചക്കറികൾക്കും  അലങ്കാരച്ചെടികൾക്കും ബഡ് ചെയ്തതോ, ഗ്രാഫ്റ്റ് ചെയ്തതോ ആയ ഫലവൃക്ഷ ങ്ങൾക്കും എഗ്ഗ്അമിനോ ആസിഡ് പ്രയോഗിക്കാം.

ചേരുവകൾ

നാടൻ കോഴിമുട്ട 15 എണ്ണം. പഴകിയതും പൊട്ടിയതും ഫ്രിഡ്ജിൽ സൂക്ഷിക്കാത്തതുമായ മുട്ട ഉപയോഗിക്കാം. വാടാത്തതും നല്ല വലുപ്പവും നീരുമുള്ളതുമായ ചെറുനാരങ്ങ ഒരു കിലോ. കലർപ്പില്ലാത്ത നാടൻ കറുത്ത ശർക്കര 500 ഗ്രാം (ഒരു കോഴിമുട്ടയ്ക്ക്  6 ചെറുനാരങ്ങയും 40 ഗ്രാം ശർക്കരയും  എന്ന തോതില്‍ മതി). വാവട്ടം കുറഞ്ഞതും നന്നായി അടച്ചു വയ്ക്കാൻ പറ്റുന്നതുമായ  പ്ലാസ്റ്റിക്  പാത്രം നന്നായി കഴുകി വൃത്തിയാക്കി വെയിലത്തുവച്ച് ഈ ർപ്പം കളഞ്ഞത് (കട്ടിയുള്ള ഭരണി ആയാലും മതി).  മൂടിവയ്ക്കാൻ കട്ടിയുള്ള കറുത്ത തുണി.

തയാറാക്കല്‍

മുട്ടയും ചെറുനാരങ്ങയും നനവുള്ള തുണികൊണ്ട് അഴുക്കും ചെളിയും  തുടച്ച് വൃത്തിയാക്കുക. ജലാംശം തീരെ പാടില്ല. മുട്ടകൾ പൊട്ടാതെ പാത്രത്തിൽ അടുക്കിവയ്ക്കുക, ചെറുനാരങ്ങ മുറിച്ച് നന്നായി ഞെക്കിപ്പിഴിഞ്ഞ് കുരു നീക്കി, മുട്ട  വച്ച പാത്രത്തിലേക്ക് സാവധാനമിട്ട് പൂർണമായും മുട്ട മുങ്ങിക്കിടക്കുന്നതുവരെ  ചെറുനാരങ്ങാനീര് ഒഴിച്ചതിനു ശേഷം പാത്രം നന്നായി അടച്ച്  സൂര്യകാശമേൽക്കാത്ത മുറിയില്‍ കറുത്ത തുണികൊണ്ടു മൂടി 15 ദിവസം വയ്ക്കണം.

പതിനാറാം ദിവസം അടപ്പ് തുറന്ന് നന്നായി അരിഞ്ഞതോ, പൊടിച്ചതോ ആയ ശർക്കര ചേർത്ത് നന്നായി ചേർത്തിളക്കണം.  ഇത് ഇങ്ങനെ 10 ദിവസം വയ്ക്കണം.   ശേഷം എടുത്ത് നന്നായി അരിച്ച് 2 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് അരിച്ച് വിളകളിൽ, വിശേഷിച്ച് ഇലകളുടെ മുകൾവശത്തും അടിവശത്തും തളിച്ചുകൊടുക്കാം. 10 ദിവസം കൂടുമ്പോള്‍ ഇതു പ്രയോഗിക്കാം. ചെടികളുടെ ചുവട്ടിൽ നനവുള്ളപ്പോള്‍ ഇത് 5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചുവട്ടിൽനിന്ന് ഒരടി മാറി തടത്തിൽ  ഒഴിച്ചുകൊടുത്താൽ ഉപകാരികളായ സൂക്ഷ്മജീവികൾ മണ്ണിൽ  പെരുകുന്നതിനു സഹായകമാകും.   

ഫോണ്‍: 8606208008

English summary: Egg Amino Acid: Excellent for Pest Control and Crop Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com