ADVERTISEMENT

'മുന്നൂറ്റമ്പത് ചതുരശ്രയടി സ്ഥലത്ത് അതിന്റെ മൂന്നിരട്ടിയിലേറെ വിസ്തൃതിയില്‍ കൃഷിയിടം, വിളവെടുക്കുന്നത് നൂറു ശതമാനം ശുദ്ധമായ പച്ചക്കറികള്‍, സാധാരണ കൃഷിരീതിയില്‍ ആവശ്യമായതിന്റെ പത്തിലൊന്നു മാത്രം ജലവിനിയോഗം, വിളപരിപാലനത്തിനായി ദിവസം നീക്കിവയ്‌ക്കേണ്ടത് 15-20 മിനിറ്റ്, എല്ലാറ്റിലുമുപരി, വിളവെടുക്കുന്ന പച്ചക്കറികള്‍ക്ക് ഉറപ്പുള്ള വിപണി, മികച്ച ഡിമാന്‍ഡ്, ഉയര്‍ന്ന വില' ഹൈഡ്രോപോണിക്‌സ് കൃഷിയെക്കുറിച്ച് ഏബ്രഹാമിന്റെ വാക്കുകള്‍. 

കോട്ടയത്തിനടുത്ത് മണര്‍കാട് കറ്റുവെട്ടിക്കല്‍ കഴുങ്ങോലത്ത് കെ.എ. ഏബ്രഹാം (സണ്ണി) കൃഷിയിലേക്കു വന്നിട്ട് രണ്ടു വര്‍ഷമേ ആകുന്നുള്ളൂ. വിദേശത്ത് മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഏബ്രഹാം ഹൈഡ്രോപോണിക്‌സ് കൃഷിയിലേക്കു തിരിയാന്‍ കാരണം മേല്‍പ്പറഞ്ഞ മേന്മകള്‍തന്നെ.

കൃഷിയിടം

വീടിനോടു ചേര്‍ന്നു നിര്‍മിച്ച ചെറു ഷെഡ്ഡാണ് ഏബ്രഹാമിന്റെ കൃഷിയിടം. മഴമറയുടെ സുരക്ഷയില്‍ ചെറു യൂണിറ്റുകള്‍ ഒരുക്കാമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോപോണിക്‌സ് കൃഷി ലോകമെങ്ങും നിയന്ത്രിത അന്തരീക്ഷത്തിലാണ് നടക്കുന്നത്. പൂര്‍ണമായും അടച്ചു മൂടിയ ഷെഡ്ഡിനുള്ളിലാണ് ഏബ്രഹാമിന്റെയും കൃഷി. സൂര്യപ്രകാശത്തെ പൂര്‍ണമായും പുറത്തു നിര്‍ത്തി കൃത്രിമ വെളിച്ചത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍ ചെടിവളര്‍ച്ച കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. അതേസമയം എയര്‍കണ്ടീഷന്‍ സൗകര്യം ഒരുക്കാതെതന്നെ ചെടികള്‍ക്കാവശ്യമായ താപനില യൂണിറ്റിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നു.

ന്യൂട്രിയന്റ് ഫിലിം ടെക്‌നിക് (NFT) ഹൈഡ്രോപോണിക്‌സ് രീതിയാണ് ഏബ്രഹാമിന്റേത്. ചെടികള്‍ വളരുന്ന ചാനലിലൂടെ നേര്‍ത്ത പാടപോലെ മാത്രം പോഷകജലം കടത്തിവിടുന്ന രീതി. ചാനലിലെ തുളകളില്‍ സ്ഥാപിച്ചിരിക്കുന്ന നെറ്റ് പോട്ടില്‍ വളരുന്ന ചെടികളുടെ വേരുകള്‍ ചാനലിലൂടെ ചുറ്റിയൊഴുകുന്ന വെള്ളത്തില്‍നിന്ന് പോഷകങ്ങള്‍ വലിച്ചെടുത്ത്, മുകളില്‍ ക്രമീകരിച്ചിരിക്കുന്ന എല്‍ഇഡി ബള്‍ബുകളില്‍നിന്ന് വെളിച്ചം സ്വീകരിച്ച് പ്രകാശസംശ്ലേഷണം (photosynthesis) നടത്തി വളരുന്നു.

മുറിയിലെ വായു പുറന്തള്ളാനും പുറത്തുനിന്ന് വായു അകത്തേക്കു വലിച്ചെടുക്കാനുമായി രണ്ട് എക്‌സോസ്റ്റ് ഫാനുകള്‍ വിരുദ്ധ ദിശകളിലായി ചുമരില്‍ സ്ഥാപിച്ചിട്ടുണ്ട്. മുറിക്കുള്ളിലെ വായുവിനെ ചലിപ്പിക്കാനായി ഫാനുകളുമുണ്ട്. ഈ രീതിയില്‍ മുറിയിലെ താപനില 30 ഡിഗ്രിയില്‍ താഴെ എത്തിക്കാന്‍ കഴിയുമെന്ന് ഏബ്രഹാം. ഇലച്ചെടികളുടെ വളര്‍ച്ചയ്ക്ക് 24 ഡിഗ്രിയിലും താഴെ താപനിലയാണ് യോജ്യം. ചെടികളുടെ വേരുകളില്‍ ഈ താപനില (root zone temperature) നല്‍കാനായി ചാനലിലേക്ക് പോഷകജലം എത്തിക്കുന്ന 500 ലീറ്റര്‍ ടാങ്കിനുള്ളില്‍ വെള്ളം തണുപ്പിക്കാനുള്ള ക്രമീകരണവും ഒരുക്കിയിരിക്കുന്നു. ഇങ്ങനെ ചാനലിലൂടെ സദാ തണുത്ത ജലമൊഴുകുന്നത് അന്തരീക്ഷ താപനില കുറയ്ക്കാനും സഹായകം. വളരെക്കുറഞ്ഞ വൈദ്യുതി മാത്രം ചെലവിട്ട് മുറി തണുപ്പിച്ച് ചെടികള്‍ക്കു ചേര്‍ന്ന അന്തരീക്ഷമൊരുക്കാന്‍ അതുവഴി കഴിയുന്നു.

home-garden-2

അന്യര്‍ക്ക് പ്രവേശനമില്ല  

നിയന്ത്രിത അന്തരീക്ഷത്തില്‍ പുറംലോകവുമായി ബന്ധമില്ലാതെ വളരുന്നതിനാല്‍ കൃഷിയിടത്തില്‍ കീടശല്യമില്ല. മണ്ണിലല്ല വളരുന്നത് എന്നതിനാല്‍ മണ്ണുവഴി എത്തുന്ന രോഗബാധയുമില്ല. ചെടിവളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളും മറ്റു പോഷകഘടകങ്ങളുമെല്ലാം തികച്ചും ശാസ്ത്രീയമായി നിശ്ചിത അളവില്‍ നല്‍കുന്നതിനാല്‍ നൂറു ശതമാനം സുരക്ഷിത ഭക്ഷണം. സൂപ്പര്‍ ഫുഡ് ഗണത്തില്‍പ്പെട്ട കെയ്ല്‍ ഉള്‍പ്പെടെ ഹൈഡ്രോപോണിക്‌സ് യൂണിറ്റില്‍ ഏബ്രഹാം പരിപാലിക്കുന്ന ഇലക്കറികളാകട്ടെ, പോഷകമേന്മയില്‍ മുന്‍നിരക്കാരും. 

മുന്നൂറ്റമ്പത് ചതുരശ്രയടി സ്ഥലമാണ് കൃഷിക്കായി നീക്കി വച്ചിരിക്കുന്നതെങ്കിലും കുത്തനെ(vertical) മുകളിലേക്ക് മൂന്നു നിലകളിലായി ചെടിവളര്‍ത്താനുള്ള ചാനലുകള്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ മുന്നൂറ്റമ്പതിന്റെ 3-4 മടങ്ങ് കൃഷിയിടമാണ് ഫലത്തില്‍ കൈവരുന്നതെന്ന് ഏബ്രഹാം. ഹൈഡ്രോപോണിക്‌സ് കൃഷിയുടെ  പ്രധാന നേട്ടവും അതു തന്നെ. മുകളിലേക്കുള്ള സ്ഥലവിസ്തൃതിക്കു പരിമിതികളില്ലല്ലോ.  

എക്‌സോട്ടിക് രുചികള്‍

മുതല്‍മുടക്ക് ഏറും  ഹൈഡ്രോപോണിക്‌സിന്. അതുകൊണ്ടുതന്നെ സംരംഭം ലാഭകരമാകണമെങ്കില്‍ വിളയിക്കുന്ന പച്ചക്കറികളും വിശിഷ്ട(Exotic) ഗണത്തില്‍പ്പെടുന്നവയാകണം. കെയ്ല്‍, ലെറ്റിയൂസ്, സ്വിസ്ചാഡ്, ബേസില്‍, ബേബി സ്പിനാച്, ബോക്‌ചോയ് എന്നിവയാണ് ഏബ്രഹാമിന്റെ വിളയിനങ്ങള്‍. എല്ലാം സാലഡുകളിലെ വിശിഷ്ടാതിഥികള്‍. കാബേജ് വര്‍ഗത്തില്‍പ്പെട്ട കെയ്ല്‍ നാരുകളും ആന്റി ഓക്‌സിഡന്റുകളും കാത്സ്യവും വിറ്റമിനുകളുംകൊണ്ട് സമൃദ്ധമാണ്. വിസ്മയിപ്പിക്കുന്ന ആരോഗ്യമേന്മകളും പോഷകഗുണങ്ങളും ഉള്ളതിനാല്‍ 'സൂപ്പര്‍ ഫുഡ്' പട്ടികയിലാണ് കെയ്‌ലിനു സ്ഥാനം. സാലഡിനും സൂപ്പിനും സാന്‍വിച്ചിനുമെല്ലാം പ്രയോജനപ്പെടുത്തുന്ന ലെറ്റിയൂസ്, ഇലക്കറികളില്‍ വന്‍ സ്വീകാര്യതയുള്ള സ്വിസ്ചാഡ്, ബോക്‌ചോയ് എന്നിവയെല്ലാം പോഷകമേന്മകളുടെ കാര്യത്തില്‍ ഒന്നിനൊന്നു മികച്ചവ.

വിപണി വിളിക്കുന്നു

മേല്‍പറഞ്ഞ ഇനങ്ങള്‍ സാധാരണ മലയാളിയുടെ മെനുവിലേക്ക് ഇനിയും എത്തിയിട്ടില്ല. എന്നാല്‍ അതിനര്‍ഥം അവയ്ക്കിവിടെ വിപണിയില്ല എന്നല്ല. ഭക്ഷ്യശീലങ്ങള്‍ മാറിയ പുതു തലമുറയും വിദേശങ്ങളില്‍ ജീവിച്ചവരുമുള്‍പ്പെടെ എക്‌സോട്ടിക് രുചികള്‍ തേടുന്ന വലിയൊരു സമൂഹം ഇന്നു കേരളത്തിലുണ്ട്. നാട്ടിലെ നക്ഷത്ര ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെല്ലാം  അനിവാര്യമാണിപ്പോള്‍ ഈ എക്‌സോട്ടിക് വെജിറ്റബിള്‍ ഇനങ്ങള്‍.

ഏബ്രഹാമില്‍നിന്ന് പച്ചക്കറി വാങ്ങുന്ന റിസോര്‍ട്ടുകളും നക്ഷത്ര  ഹോട്ടലുകളുമെല്ലാം തമിഴ്‌നാട്ടില്‍നിന്നും ബെംഗളൂരുവില്‍നിന്നുമായിരുന്നു മുന്‍പ് വാങ്ങിയിരുന്നത്. പുതുമ നഷ്ടപ്പെട്ടും നല്ലൊരു ശതമാനം ഉപയോഗശൂന്യമായുമാണ് അവ ലഭിച്ചിരുന്നത്. മൂന്നിനങ്ങള്‍ ചേര്‍ന്ന 150 ഗ്രാം സാലഡ് പായ്ക്ക് 150 രൂപ വിലയിട്ടാണ് ഏബ്രഹാം വിപണിയിലെത്തിക്കുന്നത്. ഡിമാന്‍ഡിന് അനുസൃതമായി വിപണനം ചെയ്യണമെങ്കില്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. 

സ്ഥല ലഭ്യത കുറയുന്ന കേരളത്തില്‍ ഏറ്റവും ഇണങ്ങിയ കൃഷിമാര്‍ഗം ഹൈഡ്രോപോണിക്‌സ് തന്നെയെന്ന് ഈ സംരംഭകന്‍ ഓര്‍മിപ്പിക്കുന്നു. അതേസമയം ഹൈഡ്രോപോണിക്‌സിന്റെ സാധ്യതകള്‍ മനസ്സിലാക്കാനോ പ്രയോജനപ്പെടുത്താനോ ആവശ്യമായ സഹായം ലഭ്യമാക്കാനോ സര്‍ക്കാര്‍ പദ്ധതികളില്ല. മണര്‍കാട് കൃഷി ഓഫിസര്‍ തോമസ് ബോബി മാത്യൂസില്‍നിന്നു ലഭിച്ച വിദഗ്‌ധോപദേശവും പിന്തുണയും യൂണിറ്റിന്റെ നിര്‍മാണത്തില്‍ ഏറെ സഹായകമായെന്നും ഏബ്രഹാം പറയുന്നു.

ഫോണ്‍: 9824302652

സ്ഥലപരിമിതിയെ മറികടക്കാന്‍ ഹൈടെക് കൃഷി

''വാണിജ്യാടിസ്ഥാനത്തില്‍ മാത്രമല്ല, വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കാനും മികച്ച മാര്‍ഗമാണ് ഹൈഡ്രോപോണിക്‌സ്. കൃത്യമായ പോഷകങ്ങള്‍ നിര്‍ദിഷ്ട അളവില്‍ മാത്രം നല്‍കി വിളയിക്കുന്നവ ആയതിനാല്‍ മികച്ച ഗുണമേന്മയുണ്ടാവും ഹൈഡ്രോപോണിക്‌സ് വിളകള്‍ക്ക്. വാണിജ്യാടിസ്ഥാനത്തില്‍, ഉയര്‍ന്ന മുതല്‍മുടക്കോടെ ഈ കൃഷിരീതിക്കു തുനിയുന്നവര്‍ മികച്ച സാങ്കേതികജ്ഞാനം നേടിയിരിക്കണം.'' തോമസ് ബോബി മാത്യൂസ്, മണര്‍കാട് കൃഷി ഓഫിസര്‍.

English summary: High Tech Method of Vegetable Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com