ADVERTISEMENT

ഓര്‍ക്കിഡ്, അഗ്ലോനിമ, അകത്തളച്ചെടികള്‍, ഫേണ്‍സ്, മറ്റ് അലങ്കാര ഇലച്ചെടികള്‍, ഫലവൃക്ഷങ്ങള്‍... കടല്‍ കടന്നും വിമാനത്തിലുമൊക്കെ കേരളത്തിലെത്തുന്ന വിദേശചെടികളുെട നിര നീണ്ടതാണ്. പത്തു വര്‍ഷം മുന്‍പ്  കേട്ടുകേള്‍വിയില്ലാത്ത നൂറുകണക്കിനു ഫലവൃക്ഷങ്ങള്‍ മലയാളമണ്ണില്‍ വേരുറപ്പിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് ഓര്‍ക്കിഡുകളാണ് തായ്‌ലന്‍ഡില്‍നിന്നും മറ്റും കേരളത്തിലെ വീട്ടമ്മാരുടെ പോളിഹൗസുകളില്‍ കുടിയേറുന്നത്. വാട്‌സാപ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലുമൊക്കെ പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ മാത്രം മതി വിദേശചെടികളോടുള്ള ഭ്രമം മനസ്സിലാക്കാന്‍.

മികച്ചതും പുതുമയുള്ളതുമായ ഇനങ്ങള്‍ കണ്ടെത്തി വളര്‍ത്താനുള്ള പ്രവണത പണ്ടേയുള്ളതാണ്. കൃഷിയാവശ്യങ്ങള്‍ക്കായും വിനോദത്തിനായുമൊക്കെ പുരയിടത്തില്‍ നാം നട്ടിട്ടുള്ള ചെടികള്‍തന്നെ ഉദാഹരണം. മറ്റു രാജ്യങ്ങളില്‍നിന്നു വരുന്നതാകുമ്പോള്‍ പുതുമയും കൗതുകവും വര്‍ധിക്കുമെന്നു മാത്രം.  പപ്പായ, കശുമാവ്, റബര്‍, കൊക്കോ, കാപ്പി, തേയില എന്നിങ്ങനെ നമ്മുടെ കൃഷിയിടങ്ങളിലെ താരങ്ങളേറെയും വിദേശികളാണ്. തദ്ദേശീയ ഇനങ്ങള്‍ക്ക് ദോഷമുണ്ടാക്കാതെയും രോഗ, കീടബാധകള്‍ കൊണ്ടുവരാതെയും പുതിയ വിളകളെ സ്വീകരിക്കുന്നത് നാടിനു നല്ലതുതന്നെ. വിശേഷിച്ച് വാണിജ്യസാധ്യതയുള്ള ഇനങ്ങള്‍. എന്നാല്‍ ഹോബിയെന്ന നിലയില്‍ വിദേശ ഇനങ്ങള്‍ ശേഖരിക്കുന്നവരാണ് ഇന്നു കേരളത്തിലേറെയും.

കടല്‍ കടന്നെത്തുന്ന ലക്ഷക്കണക്കിനു തൈകളില്‍ 80 ശതമാനവും ഓര്‍ക്കിഡുകളാണ്. ഓര്‍ക്കിഡ് പ്രേമി കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ ഇറക്കുമതിയും കൂടുന്നു. തായ്‌ലന്‍ഡാണ് ഓര്‍ക്കിഡ് പ്രേമികളുടെ ഇഷ്ടസങ്കേതം. താരതമ്യേന കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഇനങ്ങള്‍ എത്തിക്കാമെന്നതിനാല്‍ കേരളത്തിലെ ഓര്‍ക്കിഡ് നഴ്‌സറികള്‍ തായ്‌ലന്‍ഡ് ചെടികളാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. അവിടെപ്പോയി നല്ല ഇനങ്ങള്‍ തിരഞ്ഞടുക്കുന്നവരും ഓണ്‍ലൈനില്‍ വാങ്ങുന്നവരുമുണ്ട്. വിദേശ ഇനങ്ങള്‍ ഇവിടെ വംശവര്‍ധന നടത്തുന്നതിനെക്കാള്‍ മെച്ചം ഇറക്കുമതി ചെയ്യുന്നതുതന്നെയാണെന്ന് തൃശൂര്‍ മൂന്നുപീടികയിലെ പേള്‍ ഓര്‍ക്കിഡ്‌സ് ഉടമ മൂസ പറഞ്ഞു. ഉദ്യാനശ്രേഷ്ഠ അവാര്‍ഡ് ജേതാവായ ഭാര്യ സാബിറയ്‌ക്കൊപ്പം 15 വര്‍ഷത്തോളമായി അലങ്കാരസസ്യങ്ങളുടെ ഇറക്കുമതി നടത്തുകയാണ് ഇദ്ദേഹം. അഗ്ലോനിമ പോലുള്ള അലങ്കാരസസ്യങ്ങളും ഇറക്കുമതി ചെയ്യാറുണ്ട്. ഒരു വര്‍ഷം അറുപതിനായിരത്തോളം ഓര്‍ക്കിഡുകള്‍ തന്റെ കൈകളിലൂെട ഇവിടെയെത്തുന്നുണ്ടെന്ന് മൂസ പറയുന്നു. ഇതേ തോതില്‍ ഇറക്കുമതി സസ്യങ്ങളുടെ വിപണനം നടത്തുന്ന 16-17 പേരെങ്കിലും സംസ്ഥാനത്തുണ്ടത്രെ. ചെറുകിട ഇറക്കുമതിക്കാര്‍ വേറെയും. മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് പുതിയ ഇനങ്ങള്‍ എത്തിക്കാനുള്ള മത്സരവും ഇവര്‍ക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പുതിയ ഇനങ്ങള്‍ക്കായി വിദേശ ഓര്‍ഡര്‍ നല്‍കേണ്ടി വരും. തായ്‌ലന്‍ഡില്‍നിന്നു മാത്രമല്ല, ചൈനയില്‍നിന്നും ചെടികള്‍ വരാറുണ്ട്. നിയമാനുസൃതമായി മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേരളത്തിലെ നഴ്‌സറികള്‍ പൊതുവെ ഇറക്കുമതി നടത്താറുള്ളത്. കേവലം 150 രൂപ മുതല്‍ പതിനായിരം രൂപവരെ വിലയുള്ള ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും ഈ  തൈകള്‍ അയയ്ക്കുന്നു. അപൂര്‍വ ഇനങ്ങള്‍ ശേഖരിക്കുന്നവരാണ് വില കൂടിയ ഓര്‍ക്കിഡ് ഇനങ്ങളുെട ആവശ്യക്കാര്‍.

flower-show-ktm-7

ഫലവൃക്ഷങ്ങളാണ് കേരളത്തില്‍ കൂടുതലായി എത്തുന്ന മറ്റൊരിനം. പത്തുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് വിദേശ പഴവര്‍ഗങ്ങളുടെ വില്‍പന പല മടങ്ങായി. എന്നാല്‍ അലങ്കാരച്ചെടികളില്‍നിന്നു വ്യത്യസ്തമായി ഇവയുടെ തൈകള്‍ കേരളത്തിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ല. ഇറക്കുമതി ചെയ്ത ഇനങ്ങള്‍   ആന്ധ്രയിലെയും ബംഗാളിലെയുമൊക്കെ വന്‍കിട നഴ്‌സറികളില്‍നിന്നു വാങ്ങിയശേഷം അവയില്‍നിന്നു തൈകളുണ്ടാക്കുന്ന രീതിയാണ് പൊതുവെയുള്ളത്.  കൂടാതെ, ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കരമാര്‍ഗവും തൈകളെത്തുന്നു. നമ്മുടെ സാഹചര്യങ്ങളില്‍ വളര്‍ത്തി, ഫലം ലഭിക്കുമെന്ന് ഉറപ്പാക്കിയശേഷം തൈകളുണ്ടാക്കുന്നതിനാല്‍ കൃഷിക്കാര്‍ക്കു നഷ്ടസാധ്യതയില്ലെന്ന് നഴ്‌സറിയുടമകള്‍ അവകാശപ്പെടുന്നു. ഉല്‍പാദനച്ചെലവ്  കുറയുമെന്നതു മാത്രമല്ല, വന്‍തോതിലുള്ള  ഇറക്കുമതിയുടെ അപകടങ്ങള്‍ ഒഴിവാക്കാനും ഇതുപകരിക്കുന്നു.

ചെടികള്‍ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് എന്താണ് അപകടമെന്നല്ലേ? അശാസ്ത്രീയമായ സസ്യ ഇറക്കുമതി പല ദോഷങ്ങളുമുണ്ടാക്കുന്നതായി കാണാം. ചെടികളിലൂടെ പകരുന്ന രോഗ, കീടബാധകള്‍ തന്നെ പ്രധാനം. കളസസ്യങ്ങളുടെ വ്യാപനവും തെറ്റായ സസ്യ ഇറക്കുമതിയുടെ  ഫലമാണ്. ഇവയ്‌ക്കെല്ലാം ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുെട നാട്ടില്‍തന്നെയുണ്ട്.  ഇപ്പോള്‍ കേരളത്തില്‍ പല ഭാഗത്തും ദുരിതം വിതയ്ക്കുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ ഏറ്റവും മികച്ച തെളിവ്. കേരളത്തില്‍ തീരെ ഇല്ലാതിരുന്ന ഈ കീടം ചില ചെടികള്‍ക്കൊപ്പം  ഇവിടേക്കു കടന്നുകൂടിയതാണത്രെ. ഇലയിലോ തണ്ടിലോ പറ്റിപ്പിടിച്ചിരുന്ന  ഒച്ചുകുഞ്ഞുങ്ങള്‍ ചെടികള്‍ക്കൊപ്പം മലയാള മണ്ണിലേക്കു വന്നതാണ് ഇപ്പോഴത്തെ ദുരിതങ്ങള്‍ക്കു കാരണം. എഴുപതുകളില്‍ ഗവേഷണാവശ്യത്തിനായി കേരളത്തിലേക്കു കൊണ്ടുവന്ന  ചെടികളിലൂടെയാണത്രെ ആദ്യമായി ആഫ്രിക്കന്‍ ഒച്ച് കേരളത്തിലെത്തിയത്. എന്നാല്‍ അടുത്ത കാലത്ത്  അവയുടെ സാന്നിധ്യം അമിതമായി വര്‍ധിച്ചത് പിന്നീടുണ്ടായ ഇറക്കുമതികളിലൂടെയുമാവാം. പപ്പായയിലെ മീലിമൂട്ട, തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ച എന്നിവയൊക്കെ വിദേശത്തുനിന്ന് നമ്മുെട നാട്ടിലെത്തിയതാണ്.  

കീടങ്ങളും  രോഗങ്ങളും മാത്രമല്ല , കളസസ്യങ്ങളും ഇങ്ങനെ കടന്നുവരാറുണ്ട്. നമ്മുെട കൃഷിയിടങ്ങളിലെ നിത്യശല്യമായ ധൃതരാഷ്ട്രപ്പച്ച, കമ്യൂണിസ്റ്റ് പച്ച, ലന്റാന, ജലസസ്യങ്ങളായ ആഫ്രിക്കന്‍ പായല്‍, കുളവാഴ, കബംബ, വരിനെല്ല് എന്നീ അധിനിവേശ സസ്യങ്ങള്‍ ഉദാഹരണം. ചെടികളുെട ചുവട്ടിലെ മണ്ണില്‍ കളവിത്തുകളുണ്ടെങ്കില്‍ പില്‍ക്കാലത്ത് അവ കിളിര്‍ത്ത്  നാടു മുഴുവന്‍ വ്യാപിക്കാം. ഇതൊഴി വാക്കാനായി മണ്ണിനു പകരം ചകരിച്ചോറ് പോലുള്ള മാധ്യമങ്ങളില്‍ പാകിയ തൈകള്‍ മാത്രമേ ഇപ്പോള്‍ ഇറക്കുമതി അനുവദിക്കാറുള്ളൂ.

home-garden-10

ക്വാറന്റീന്‍

കോവിഡ് കാലത്ത് നാം നന്നായി പരിചയപ്പെട്ട സാങ്കേതികപദമാണ് ക്വാറന്റീന്‍. അനഭിലഷണീയ ജീവികളും ചെടികളും സൂക്ഷ്മജീവികളുമൊക്കെ അന്യദേശങ്ങളില്‍ നിന്നെത്തി വ്യാപകമാകുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം പ്രശ്‌നകാരികളുടെ വാഹകരാകാന്‍ സാധ്യതയുള്ളതെന്തും സംരക്ഷിത സാഹചര്യത്തില്‍ നിരീക്ഷണവിധേയമാക്കുന്നു. ദോഷകരമായ ഘടകങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അവയെ പുറംലോകത്തേക്കു കടത്തിവിടുന്നു. ഇതാണ് ക്വാറന്റീന്‍. കൊറോണാ വൈറസിന്റെ വാഹകരാകാന്‍ സാധ്യതയുള്ളവര്‍ ക്വാറന്റീന്‍ കാലത്ത് അടച്ചുപൂട്ടിയിരിക്കുന്നതുപോലെ വിദേശ ത്തുനിന്നെത്തുന്ന എല്ലാ ജീവരൂപങ്ങളും നിശ്ചിത കാലം അടച്ചുപൂട്ടിയ സാഹചര്യത്തില്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ വിളവൈവിധ്യവും ജൈവസുരക്ഷയും ഉറപ്പാക്കുന്നതിനാണ് ക്വാറന്റീന്‍ നിയമങ്ങള്‍. ചെടി കളായാലും ജീവികളായാലും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകുമ്പോള്‍ ഇവ പാലിച്ചേ മാതിയാവൂ. ഇപ്രകാരം അയയ്ക്കുന്ന ചെടികള്‍ രോഗകാരികളായ സൂക്ഷ്മജീവികളെയോ കീടങ്ങ ളെയോ വഹിക്കുന്നില്ലെന്ന് ഉറപ്പാക്കാനായി എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കാറുണ്ട്. ചെടി കയറ്റുമതി ചെയ്യുന്ന രാജ്യം നല്‍കുന്ന ജൈവസുരക്ഷാ സാക്ഷ്യപത്രം അഥവാ ഫൈറ്റോ സാനിട്ടറി സര്‍ട്ടിഫിക്കറ്റ്  ആണ് ഇവയില്‍ ആദ്യത്തേത്. ഇറക്കുമതി ചെയ്യുന്ന രാജ്യത്തിനു സാമ്പത്തിക ദോഷമുണ്ടാക്കുന്ന രോഗകാരികളെയോ കളസസ്യങ്ങളെയോ കീടങ്ങളെയോ തൈകളോടൊപ്പം കാണാനായില്ലെന്ന സാക്ഷ്യ പത്രമാണിത്. ഇപ്രകാരം സാക്ഷ്യപത്രവുമായി എത്തിയാല്‍പോലും ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് ഈ ചെടികള്‍ നിശ്ചിത കാലം ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫൈറ്റോ സാനിട്ടറി സര്‍ട്ടിഫിക്കറ്റ് എത്രമാത്രം വിപുലവും കര്‍ശനവുമാണെന്നതനുസരിച്ച് ക്വാറന്റീന്‍  ദിവസങ്ങള്‍ കൂടുകയോ കുറയുകയോ ചെയ്യാം. ജൈവ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാവില്ല ചെടികളുെട ഇറക്കുമതിക്ക്. നഴ്‌സറി ലൈസന്‍സ്, ഇറക്കുമതി ലൈസന്‍സ് എന്നിവ കൂടിയുള്ളവര്‍ക്കു മാത്രമേ വിദേശസസ്യങ്ങള്‍ ഇവിടേക്കു കൊണ്ടുവരാനാകൂ. ന്യൂസിലന്‍ഡ്‌പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ക്വാറന്റീന്‍ ചട്ടങ്ങള്‍ അത്ര കര്‍ശനമല്ല. അന്യരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ ഷൂവിലെപൊടി പോലും അവര്‍ നിരീക്ഷിക്കുന്നുണ്ട ത്രെ!

home-garden-rinku-2

കേരളത്തിലേക്കു വലിയ തോതില്‍  വിദേശസസ്യങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഇവിടത്തെ  വിമാനത്താവള ങ്ങളില്‍ സസ്യ ഇറക്കുമതിക്ക് അനുമതിയില്ല. തന്മൂലം ചെന്നൈ, ബെംഗളൂരു എയര്‍പോര്‍ട്ടുകളെയാണ് കേരളത്തിലെ നഴ്‌സറികള്‍ ഇറക്കുമതിക്കായി ആശ്രയിക്കുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗവും  വിദേശചെടികള്‍ ഇന്ത്യയിലെത്തുന്നുണ്ട്. സ്വന്തമായി ഇറക്കുമതി ലൈസന്‍സുള്ളവര്‍ക്കു പുറമെ, ലൈസന്‍സുള്ളവരുടെ സഹായത്തോടെ ഇറക്കുമതി നടത്തുന്നവരുമുണ്ട്. കേരളത്തിനു പുറത്ത് ക്വാറന്റീന്‍ നിയമങ്ങള്‍ അത്ര കര്‍ശനമല്ലാത്തതിനാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പവുമാണ്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞാല്‍ ചെടികള്‍ വിട്ടുകിട്ടും. ഇറക്കുമതി ചെയ്യുന്നവര്‍ സ്വന്തമായുണ്ടാക്കിയ ക്വാറന്റീന്‍ ഷെഡുകളില്‍ ചെടികള്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയിലാണിത്. ഇപ്രകാരം പോളിഹൗസുകളില്‍ സൂക്ഷിക്കുന്ന തൈകള്‍ നിശ്ചിതകാലം സൂക്ഷിക്കുന്നുണ്ടെന്നും അവയ്ക്ക് രോഗ,കീടബാധകളില്ലെന്നും ഉറപ്പാക്കാന്‍ വിദഗ്ധ പരിശോധനയുണ്ടാകും. മറ്റു സംസ്ഥാനങ്ങളിലെ വന്‍കിട നഴ്‌സറികളില്‍നിന്നു വിദേശചെടികള്‍ വാങ്ങുന്നവര്‍ക്ക് ക്വാറന്റീന്‍ പൂര്‍ണമായും ഒഴിവാക്കാം. പുല്ല് മുതല്‍ പന വരെ അവര്‍ ഇറക്കുമതി ചെയ്തു നല്‍കും- നിയമാനുസൃതമായും അല്ലാതെയും ഇത് നടക്കുന്നുണ്ടത്രെ. എന്നാല്‍ ഇപ്രകാരം  വരുന്ന തൈകളുെട നിലവാരം ഉറപ്പാക്കാന്‍ സംവിധാനമില്ല. വിദേശത്തുനിന്നു വരുന്നതൊക്കെ നല്ലതാണെന്ന ധാരണയില്‍ വാങ്ങിക്കൂട്ടുകയേ നിവൃത്തിയുള്ളൂ. 

flower-show-ktm-6

അറിയണം കൃഷിരീതി

കൗതുകത്തിന്റെ പേരില്‍ വാങ്ങുന്ന പല ചെടികളുടെയും പരിപാലനത്തെക്കുറിച്ച് നിശ്ചയമില്ലാത്തവരും ഏറെ. യോജിച്ച മണ്ണും കാലാവസ്ഥയും പരിപാലനമുറകളുമൊക്കെ ചോദിച്ചറിഞ്ഞശേഷമാവണം വിദേശ ഇനങ്ങള്‍ വാങ്ങുന്നത്.  ഭക്ഷ്യാവശ്യത്തിനെന്ന വ്യാജേന വിദേശ ഫലവര്‍ഗങ്ങള്‍ കൊണ്ടുവന്നശേഷം അവയിലെ വിത്തു പാകി തൈകളുണ്ടാക്കുന്നവരുണ്ട്.

കായികപ്രവര്‍ധനത്തിലൂടെയുണ്ടാക്കുന്ന തൈകള്‍ക്കുമാത്രമെ മാതൃസസ്യത്തിന്റെ ഗുണങ്ങള്‍ പൂര്‍ണമായി കാണുകയുള്ളൂ. അതുകൊണ്ടുതന്നെ വാണിജ്യകൃഷിക്കായി അത്തരം തൈകള്‍ വാങ്ങുന്നതാണ് നല്ലത്. എന്നാല്‍ അപൂര്‍വ ഇനങ്ങളുെട ശേഖരമുണ്ടാക്കുന്നവര്‍ക്ക് ഇതൊരു പ്രശ്‌നമല്ല. പരമാവധി വൈവിധ്യമാണ് അവരുടെ ലക്ഷ്യം. ഇത്തരം സസ്യശേഖരമുള്ളവര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വിപണനവും നടത്തിവരുന്നു. അലങ്കാര ഇലച്ചെടികളും കള്ളിച്ചെടി ഇനങ്ങളും അകത്തളച്ചെടികളുമൊക്കെ ഇപ്രകാരം കൈമാറ്റം ചെയ്യുന്നുണ്ട്.  പുതുതലമുറ കര്‍ഷകരാണ് ഇത്തരം സംരംഭങ്ങള്‍ക്കു പിന്നില്‍. ചെടികള്‍   എത്തിച്ചുനല്‍കാന്‍ കൊരിയര്‍ കമ്പനികള്‍ സന്നദ്ധമായത് ഇത്തരം സംരംഭകര്‍ക്ക് വലിയ അവസരമാണ് തുറന്നു നല്‍കിയത്. സമൂഹ മാധ്യമങ്ങളുെടയും മറ്റും തുണയോടെ ഇന്ത്യയിലെമ്പാടും വിപണി കണ്ടെത്താന്‍ അവര്‍ക്കു സാധിക്കുന്നു.

flower-show-ktm-8

നിയമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് ചെടികള്‍ ഇറക്കുമതി ചെയ്യുകയെന്നത് വലിയ തലവേദനയായി മാറിയിട്ടുണ്ടെന്ന് നഴ്‌സറിയുടമകള്‍. സങ്കീര്‍ണവും കാലതാമസമുള്ളതുമായ പ്രക്രിയയാണിത്. ഇറക്കുമ തിയുമായി ബന്ധപ്പെട്ട പല ചട്ടങ്ങളും യുക്തിസഹമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്ത ഇനങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം ക്വാറന്റീന്‍ ഷെഡ് വേണമെന്ന നിബന്ധന ഒരു ഉദാഹരണം. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ചെടികള്‍ നീക്കിക്കഴിഞ്ഞാലും മറ്റൊരു ഇനത്തിനായി അത് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. അടുത്ത കാലം വരെ ഇങ്ങനെ ഒരു നിബന്ധന ഇല്ലായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് ചിലരെങ്കിലും നിയമത്തിന്റെ വഴിയില്‍നിന്നു മാറി നടക്കുന്നത്. നിയമാനുസൃത മാര്‍ഗത്തില്‍ ചെടികള്‍ ഇറക്കുമതി ചെയ്യുന്നതിന് ലളിതവും ഫലപ്രദവുമായ നടപടിക്രമം സൃഷ്ടിക്കുകയാണ് ഇതിനു പരിഹാരം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതും ക്വാറന്റീന്‍ ചട്ടങ്ങള്‍ പാലിക്കുന്നതുമായ നഴ്‌സറികളില്‍നിന്നു മാത്രം ചെടികള്‍ വാങ്ങുന്നതിലൂെട നമ്മുടെ കൃഷിയിടത്തിന്റെ മാത്രമല്ല, നാടിന്റെതന്നെ  ജൈവസുരക്ഷയാണ് ഉറപ്പാക്കുന്നതെന്ന് ഓര്‍മിക്കാം.

English summary: Importing plants into Kerala: processes and challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com