ADVERTISEMENT

'ചുണ്ടയ്ക്ക കൊടുത്തു ചുരയ്ക്ക വാങ്ങുക' എന്നൊരു പ്രയോഗമുണ്ടു നാട്ടിന്‍പുറത്ത്. പക്ഷേ ചുണ്ട നട്ടു തക്കാളി വിളവെടുക്കുന്ന കൃഷി നാട്ടിന്‍പുറങ്ങളില്‍ അത്ര പരിചിതമല്ല. പക്ഷേ പവിത്രേശ്വരം പഞ്ചായത്തിലെ വെള്ളാരംതിട്ട എന്ന സ്ഥലത്ത് ഉപ്പൂട് ശരവണയില്‍ പി. ശശിധരന്‍പിള്ള(66)യുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ എത്തിയാല്‍ കാണാം, ചുണ്ട നട്ടു തക്കാളി വിളവെടുക്കുന്ന കൗതുകകൃഷി. ചുണ്ടയിലും വഴുതനയിലും ഗ്രാഫ്റ്റ് ചെയ്തു വളര്‍ത്തിയെടുക്കുന്നതു തക്കാളിയാണ്. ആറേക്കര്‍ വരുന്ന കൃഷിയിടത്തിന്റെ  അതിരു ചേര്‍ന്നു നൂറോളം മൂട് തക്കാളിയാണു ശശിധരന്‍പിള്ള ഇത്തരത്തില്‍ വളര്‍ത്തിയെടുത്തത്. ഇപ്പോള്‍ വിളവെടുപ്പിന്റെ കാലമാണ്. 4 ചെടികളിലെ വിളവെടുത്തപ്പോള്‍ത്തന്നെ വലിയ ഒരു മുറം നിറഞ്ഞു. 

ഗ്രാഫ്റ്റിങ്ങും സ്വന്തം കല 

ചുണ്ടയില്‍ ഗ്രാഫ്റ്റ് ചെയ്ത തക്കാളി തൈകള്‍ വാങ്ങാന്‍ കിട്ടുമെങ്കിലും സ്വന്തമായി ഗ്രാഫ്റ്റ് ചെയ്‌തെടുത്ത തൈകളാണു ശശിധരന്‍പിള്ളയ്ക്കു പ്രിയം. അത്യുല്‍പാദന ശേഷിയുള്ള തക്കാളിവിത്തുകള്‍ പാകി കിളിര്‍പ്പിച്ചാണു ഗ്രാഫ്റ്റിങ്ങിനുള്ള തൈകള്‍ തയാറാക്കുന്നത്. ചുണ്ട അല്ലെങ്കില്‍ വഴുതന ഇതിനു മുന്‍പു തന്നെ പാകി കിളിര്‍പ്പിച്ചിരിക്കും. കുറഞ്ഞത് 20 ദിവസമെങ്കിലും വളര്‍ച്ചയെത്തിയ ചുണ്ടയില്‍ രണ്ടാഴ്ച വളര്‍ച്ചയെത്തിയ തക്കാളി ത്തൈ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിച്ചാണു തൈകള്‍ തയാറാക്കുന്നത്. പിന്നീടു നടാനായി എടുക്കും.

വളപ്രയോഗം ഇങ്ങനെ

മണ്ണില്‍ ഡോളമൈറ്റ് കലര്‍ത്തി രണ്ടാഴ്ചയ്ക്കു ശേഷമാണു തൈകള്‍ നടുന്നത്. ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ്, ചാമ്പല്‍, രാജ്‌ഫോസ് എന്നിവയുടെ മിശ്രിതം അടിവളമായി നല്‍കും. കവിട്ട പൊട്ടുന്ന സമയത്തു ചാമ്പല്‍ കൂടിയ അളവില്‍ കലര്‍ത്തി ഇതേ മിശ്രിതം വീണ്ടും നല്‍കും. ചാണകം, വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ വെള്ളത്തില്‍ കലര്‍ത്തി പുളിപ്പിച്ചു നേര്‍പ്പിച്ച് 10 ദിവസം ഇടവേളയില്‍ ഓരോ ചെടിക്കും നല്‍കും. 

ആയുസ്സു കൂടും, വിളവെടുപ്പും

ചുണ്ടയിലും വഴുതനയിലും ഗ്രാഫ്റ്റ് ചെയ്‌തെടുത്ത തക്കാളിക്കു മികച്ച രോഗപ്രതിരോധ ശേഷിയാണെന്നു ശശിധരന്‍പിള്ള അനുഭവത്തിന്റെ ബലത്തില്‍ പറയുന്നു. വേരിലൂടെ പകരുന്ന രോഗബാധയൊന്നും ഇത്തരം തൈകളെ ബാധിക്കില്ല. തക്കാളിക്കൃഷിയുടെ തണ്ടൊടിക്കുന്ന ബാക്ടീരിയല്‍ വാട്ടവും അടുക്കില്ല. ചെടികളുടെ ആയുസ്സു കൂടുതലായതിനാല്‍ കൂടുതല്‍ കാലം വിളവെടുക്കാമെന്ന ഗുണവുമുണ്ട്. ഗ്രാഫ്റ്റ് ചെയ്ത ചെടികള്‍ ഒരു വര്‍ഷത്തിലേറെ വിളവു നല്‍കും. സാധാരണ തക്കാളിച്ചെടി ഇതിന്റെ പകുതി പോലും നിലനില്‍ക്കില്ല. ഭാര്യ ലതയാണു കൃഷിക്കു പൂര്‍ണപിന്തുണ നല്‍കുന്നത്. പവിത്രേശ്വരം കൃഷി ഓഫിസര്‍ എം.എസ്. ധന്യയുടെ പ്രോത്സാഹനവും കൃഷിപരീക്ഷണത്തില്‍ തുണയാകുന്നു. പഴവര്‍ഗ കൃഷിയിലും ഒരു കൈ പയറ്റാനുള്ള ഒരുക്കത്തിലാണു ശശിധരന്‍പിള്ള. 4 ഏക്കര്‍ സ്ഥലത്തു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയും തുടങ്ങി.

English summary: Grafting method increases tomato yields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com