ADVERTISEMENT

പഴങ്ങളും പച്ചക്കറികളും പുറത്തുനിന്നു വാങ്ങുന്ന പതിവില്ല പ്യാരിക്ക്. പുരയിടത്തിലൂടെ ഒന്നു നടന്നു വന്നാൽ മതി, മുറം നിറയെ പച്ചക്കറികളും പഴങ്ങളും അടുക്കളയിലെത്തും. പച്ചക്കറിക്കൃഷി വീട്ടാവശ്യത്തിനു മാത്രം ഒതുങ്ങുമെങ്കിലും പഴവർഗക്കൃഷി അങ്ങനെയല്ല, ഒരേക്കർ വരുന്ന പുരയിടം നിറയെ നാടനും വിദേശിയുമായി ഒട്ടേറെ പഴച്ചെടികൾ; റംബൂട്ടാൻ മുതൽ ലോംഗൻ വരെ, പാഷൻഫ്രൂട്ടു മുതൽ മിറക്കിൾ ഫ്രൂട്ടു വരെ. 

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ അല്ലപ്ര മുതിരക്കാലയിലെ വീട്ടമ്മ പ്യാരി ജോസ് വിനോദത്തിനു തുടങ്ങിയതാണ് പഴവർഗക്കൃഷി. പുരയിടത്തിലെ മുഖ്യയിനം റംബൂട്ടാൻതന്നെ. നാടനും വിദേശിയും ഉൾപ്പെടെ കായ്ക്കുന്ന 35 മരങ്ങൾ. റംബൂട്ടാന് ആദ്യകാലങ്ങളിൽ ലഭിച്ചത്ര ഉയർന്ന വില ഇപ്പോഴില്ല എന്നതു ശരിതന്നെ. എങ്കിൽപോലും മൊത്തവില കിലോ 130–150 ഒട്ടും മോശമല്ലെന്നു പറയുന്നു പ്യാരി. വിളവെടുപ്പോ വിപണി തേടി അലയലോ ഒന്നും ആവശ്യമില്ല. വീട്ടിലെത്തി കച്ചവടക്കാർതന്നെ വിളവെടുത്ത് കൃഷിയിടത്തിൽവച്ചു തന്നെ വിലയും നൽകി കൊണ്ടുപൊയ്ക്കൊള്ളും. നിലവിൽ ഈ സൗഭാഗ്യമുള്ള അധികം വിളകളില്ലെന്നും പറയുന്നു പ്യാരി.

നാടൻ റംബൂട്ടാനാണ് കിലോയ്ക്ക് 130 രൂപ ലഭിക്കുന്നത്. നാടൻ ഇനം മരമായി വളർന്നുയർന്നു പോയതുകൊണ്ട് പഴങ്ങൾ വലയിട്ട് സംരക്ഷിക്കലൊന്നും നടപ്പില്ല. അതിനാൽ വിളയുന്നതിൽ പാതി പക്ഷികളെടുക്കും. എങ്കിലും ലാഭം. ഹൈബ്രിഡ് ഇനത്തിന്റെ പഴത്തിന് കിലോയ്ക്ക് 150 രൂപയുണ്ട്. കൃഷിക്കാരന് ലഭിക്കുന്ന വിലയിൽ കുറവു വന്നിട്ടുണ്ടെങ്കിൽപോലും ഉപഭോക്താക്കൾ കടയിൽനിന്നു വാങ്ങുമ്പോഴുള്ള വിലയിൽ ഇക്കഴിഞ്ഞ നാളുകളിലൊന്നും ഇടിവു വന്നിട്ടില്ല. ശരാശരി 200 രൂപ മുടക്കണം ഒരു കിലോ റംബൂട്ടാൻ കടയിൽനിന്നു വാങ്ങാൻ. റംബൂട്ടാനിൽ പ്രതീക്ഷ തുടരാം എന്നർഥം.

ആണ്ടിൽ ഒന്നോ രണ്ടോ വട്ടം മാത്രം ജൈവവളപ്രയോഗം നടത്തി കാര്യമായ പരിപാലനമൊന്നുമില്ലാതെതന്നെ കഴിഞ്ഞ വർഷം 800 കിലോയോളം റംബൂട്ടാൻ വിൽക്കാൻ കഴിഞ്ഞെന്നു പ്യാരി. ഈ വർഷം കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം അൽപം കുറഞ്ഞെന്നു മാത്രം.

വിൽപനയേക്കാൾ, വീട്ടാവശ്യത്തിനും ഒപ്പം ബന്ധുക്കൾക്കും സ്നേഹിതർക്കുമെല്ലാം സമ്മാനിക്കാനും പഴങ്ങൾ സമൃദ്ധമായി ലഭിക്കുന്നു എന്നതാണ്  നേട്ടം. ശുദ്ധമായ പഴങ്ങളെക്കാൾ മധുരമുള്ള സമ്മാനം മറ്റെന്തുണ്ട് എന്നു ചോദിക്കുന്നു ഈ വീട്ടമ്മ. നിറഞ്ഞു കായ്ക്കുന്ന രണ്ട് മാങ്കോസ്റ്റീൻ, സമൃദ്ധമായി  വിളയുന്ന സപ്പോട്ട, സീതപ്പഴം, മുസംബി, മിറക്കിൾ ഫ്രൂട്ട്, ഒപ്പം കായ്ഫലത്തിലേക്കെത്തുന്ന ലോംഗൻ, പുലോസാൻ, ദുരിയാൻ എന്നിവയും വിവിധയിനം പ്ലാവുകൾ, ചാമ്പയിനങ്ങൾ, മാവിനങ്ങൾ എന്നിവയുമെല്ലാം ചേർന്ന് ഒരേക്കർ പഴക്കാടിന്റെ ഉടമയായിരിക്കുന്നു പ്യാരി.

ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഒട്ടുമിക്ക വിദേശ പഴവർഗങ്ങളും കേരളത്തിലും നന്നായി വളരും. മനസ്സു വച്ചാൽ അവയിൽ പലതും പരിമിതമായ സ്ഥലമുള്ളവർക്കുപോലും വളർത്തിയെടുക്കാമെന്ന് പ്യാരി. മിക്ക പഴവർഗങ്ങളും ഉയർന്ന പോഷകമൂല്യമുള്ളവയാണ്. കുറഞ്ഞ ചെലവിൽ കുടുംബത്തിന്റെ മൊത്തം ആരോഗ്യസംരക്ഷണത്തിന് ഈ പഴങ്ങൾ ഉപകരിക്കുകയും ചെയ്യും.

പഴവർഗങ്ങൾക്കൊപ്പം മറ്റൊരു കൗതുകക്കാഴ്ച കൂടിയുണ്ട് ഈ പുരയിടത്തിൽ; അതിരുകളിൽ തല ഉയർത്തി നിൽക്കുന്ന 19 ഊദ് മരങ്ങൾ. അത്തർ നിർമാണത്തിന് ആവശ്യമുള്ള ഊദിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ കൗതുകം തോന്നി 18 വർഷം മുൻപ് പ്യാരിയും ഭർത്താവ് ജോസും ചേർന്ന് നട്ടുവളർത്തിയതാണ്. ഊദ് മരത്തിൽ ബയോ സീറം കുത്തിവച്ച് 2 വർഷത്തിനു ശേഷം മരം മുറിച്ച് കാതൽ പ്രയോജനപ്പെടുത്തിയാണ് പെർഫ്യും നിർമാണം. 2 വർഷം മുൻപ് 7 മരങ്ങളിൽ ബയോ സീറം കുത്തിവച്ചിട്ടുണ്ടെന്നും പ്യാരി. 

ഊദായാലും പഴവർഗങ്ങളായാലും, വിപണിയോ വിലയോ അല്ല വേറിട്ട ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം തന്നെ പ്രധാനമെന്ന് പ്യാരിയും കോൺട്രാക്ടറായ ജോസും പറയുന്നു.

ഫോൺ: 8848430582

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com