ADVERTISEMENT

കൃത്യതാക്കൃഷിയിൽ മാത്രമല്ല, കൃഷിയിൽതന്നെ പുതുമുഖങ്ങളാണ് തൃശൂർ വരടിയം ഇട്യാണത്ത് ശിവരാമനും തച്ചമ്പറമ്പിൽ ആൽബർട്ടും. പൊതുപ്രവർത്തകനും അവണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു ശിവരാമൻ. പിന്നീട് സ്വയംതൊഴിൽ സംരംഭമായി ഇഷ്ടിക നിർമാണ യൂണിറ്റ് ആരംഭിച്ചു. ദീർഘകാലം വിദേശത്തു ജോലിയിലായിരുന്നു ആൽബർട്ട്. കേരള കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ വിഭാഗം ഡീൻ ആയിരുന്ന ഡോ. സി. നാരായണൻകുട്ടിയെ പരിചയപ്പെട്ടതാണ് കൃഷിയിലും കൃത്യതാരീതിയിലുമെത്താൻ ഇടയാക്കിയതെന്ന് ശിവരാമൻ. 

മുന്നൊരുക്കം

അവണൂരിൽത്തന്നെ രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഇരുവരുടെയും കൃഷി. പാട്ടഭൂമിയിൽ 30 വർഷത്തിലേറെ പ്രായമുള്ള തെങ്ങുകളുണ്ടെങ്കിലും ശുപാര്‍ശിത അകലത്തിൽത്തന്നെ അവ കൃഷി ചെയ്തിരുന്നത് ഇടവിളക്കൃഷി സൗകര്യപ്രദമാക്കി. കൃത്യതാക്കൃഷിരീതിക്ക് അനുയോജ്യമായി കൃഷിയിടം ക്രമീകരിക്കലായിരുന്നു ആദ്യപടി. കാടു വെട്ടി, നിലം നിരപ്പാക്കി. രണ്ടേക്കർ സ്ഥലത്തേക്ക് ഏകദേശം 350 കിലോ കുമ്മായം ഉഴുതു ചേർത്ത് മണ്ണിന്റെ അമ്ലത കുറച്ചു. യന്ത്രംകൊണ്ട് ഏരികളും തീർത്തു.

ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവ സ്യൂഡോമോണാസ് ചേർത്ത് രണ്ടാഴ്ച കൂട്ടിയിട്ട ശേഷം ഏരികളുടെ മധ്യത്തിൽ ചാലു തീർത്ത് അതിൽ നിറച്ചു. തുള്ളിനന മതിയാവാത്ത പടവലംപോലുള്ള ഇനങ്ങൾക്കായി അരയേക്കർ മാറ്റിവച്ച്, ബാക്കി ഒന്നരയേക്കറിൽ ഏകദേശം 1,10,000 രൂപ ചെലവിട്ട് ഡ്രിപ് യൂണിറ്റ് ക്രമീകരിച്ചു. ഡ്രിപ്പിനു മുകളിൽ മൾച്ചിങ്(പുത)ഷീറ്റ് വിരിച്ചതോടെ കൃഷിയിടം തയാർ. 

കൃത്യതയോടെ നടീൽ

മുഴുവൻ സ്ഥലവും ഒറ്റയടിക്ക് കൃഷി ചെയ്യുന്നതിനു പകരം ചെറിയ ഇടവേളകളിൽ ഓരോ ഇനമായി കൃഷി ചെയ്യാനാണ് ഇരുവരും തുനിഞ്ഞത്. വിപണനത്തിൽ മുൻപരിചയമില്ലാത്തതിനാൽ ഒരുമിച്ച് വിളവെത്തിയാൽ വിറ്റഴിക്കുക പ്രയാസമെന്നു കണ്ടു. ആദ്യകൃഷി പടവലം. 10 സെന്റിൽ 72 തടത്തിൽ പരീക്ഷണകൃഷി. നീളം കുറഞ്ഞ പടവലമാണിപ്പോൾ ഉപഭോക്താക്കൾക്കു പ്രിയം. മുറിച്ചു വാങ്ങേണ്ട എന്നതാണു ഗുണം. നീളം കുറഞ്ഞ ഹൈബ്രിഡ് ഇനം തന്നെ കൃഷിയിറക്കി. നാലുമാസം നീണ്ട പടവലക്കൃഷിയിൽ വിളഞ്ഞത് മുക്കാൽ ടൺ. ഫാമിൽ നേരിട്ടെത്തുന്ന ഉപഭോക്താക്കൾക്ക് കിലോ 30–35 രൂപയ്ക്കും മൊത്തക്കച്ചവടക്കാർക്ക് കിലോ ശരാശരി 20–25 രൂപയ്ക്കും വിൽപന. പടവലത്തിനു പിന്നാലെ ഒന്നും രണ്ടും ആഴ്ചകൾ ഇടവേളയിട്ട് പുതയിട്ട തടങ്ങളിൽ വഴുതനയും പയറും പാവലുമെല്ലാം കൃഷിയിറക്കി. തെങ്ങിന്റെ തടങ്ങളോടു ചേർന്ന് ഒഴിവു വന്ന ഭാഗങ്ങളിൽ ചീരക്കൃഷിയും.

കളയൊഴിവാക്കാനും അധ്വാനം ലഘൂകരിക്കാനും നന, വളപ്രയോഗം എന്നിവ എളുപ്പമാക്കാനും രാസ കീടനാശിനിപ്രയോഗം ഒഴിവാക്കി സുരക്ഷിത കാർഷികോൽപന്നങ്ങൾ വിളയിക്കാനും കൃത്യതാക്കൃഷി പ്രയോജനമെന്ന് ഇരുവരും പറയുന്നു. സ്യൂഡോമോണാസിന്റെ തെളിയും കപ്പലണ്ടിപ്പിണ്ണാക്കും ശീമക്കൊന്നയിലയും ചേർത്തു പുളിപ്പിച്ചെടുത്ത ചാണകത്തിന്റെ തെളിയും ഗോമൂത്രം നേർപ്പിച്ചതുമെല്ലാം ഡ്രിപ്പിലൂടെ നനയ്ക്കൊപ്പം നൽകുന്നതാണ് മുഖ്യ പോഷകം. വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവ കീടനാശിനികൾകൊണ്ടുതന്നെ കീടങ്ങളെ നിയന്ത്രിക്കാനും കഴിയുന്നു. 

തേടിപ്പിടിച്ച വിപണി 

ഇടവേളയിട്ട് ഉൽപാദനം ക്രമീകരിച്ചാണ് കൃഷിയിറക്കിയതെങ്കിൽപോലും വിളവ് ഉയർന്നതോടെ വിപണനം പ്രശ്നമായി. സമീപപ്രദേശങ്ങളിലെ കടകൾ കയറിയിറങ്ങി, നാടൻ പച്ചക്കറികൾ കൃത്യമായി എത്തിക്കാമെന്ന് ഉറപ്പു നൽകി മൊത്ത വിപണി പിടിച്ചു ഇരുവരും. ഒപ്പം പഞ്ചായത്തിലെ പ്രധാന വഴികളിൽ ഫാമിൽനിന്ന് നേരിട്ട് ശുദ്ധമായ പച്ചക്കറികൾ വാങ്ങാം എന്ന ബോർഡും വച്ചു. അതോടെ മൊത്തക്കച്ചവടവും ചില്ലറ കച്ചവടവും ഏറക്കുറെ സുരക്ഷിതമായി. നിലവിൽ, ഉൽപാദിപ്പിക്കുന്നതിന്റെ മൂന്നിലൊന്ന് ഫാമിൽനിന്നു നേരിട്ടു വിറ്റഴിക്കാൻ കഴിയുന്നു.

ഉൽപാദനത്തിലും കൃത്യത

ഉപഭോക്താക്കളെ നേടിയാൽ പിന്നെ വർഷം മുഴുവൻ മുടങ്ങാതെ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതാണ് വെല്ലുവിളി. അതിന് അനുസൃതമായാണ് കൃഷിയും വിളവെടുപ്പും ക്രമീകരിക്കുന്നത്.  ഉയർന്ന ഉൽപാദനം നൽകുന്ന ഹൈബ്രിഡ് ഇനങ്ങൾ തന്നെ കൃഷി ചെയ്യുന്നു. വിപണിയിൽ എക്കാലത്തും ഉയർന്ന വിലയുള്ള ഏതാനും ഇനങ്ങൾ ഉൾപ്പെടുത്തുന്നതും പ്രധാനമെന്ന് ശിവരാമൻ. നാടൻ കാന്താരിമുളക് അങ്ങനെയൊന്നാണ്. നാടൻ കാന്താരിയിൽത്തന്നെ നല്ല വിളവുള്ളവയുടെ വിത്ത് ശേഖരിച്ചാണ് ശിവരാമനും ആൽബർട്ടും കൃഷി ചെയ്യുന്നത്. കിലോയ്ക്കു 300 രൂപയുള്ള  കാന്താരി ലാഭകരമെന്നും ഇവർ പറയുന്നു. മികച്ച വില കിട്ടുന്ന മറ്റൊരു വിള പാവലാണ്.  പാഷൻഫ്രൂട്ടും മത്സ്യവുമൊക്കെ കൃത്യതാക്കൃഷിയിടത്തോടു ചേർത്ത് കൃഷി കൂടുതൽ ലാഭകരമാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.

‘അയൽസംസ്ഥാനത്തുനിന്നുള്ള പച്ചക്കറിവരവ് കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യം കുറഞ്ഞു വരികയാണ്. നാടൻപച്ചക്കറികൾ തിരഞ്ഞു വരുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതിനനുസരിച്ച് നാടൻ പച്ചക്കറികൾ പ്രത്യേകമായി സംഭരിക്കാൻ കച്ചവടക്കാരും തയാറായിട്ടുണ്ട്. കൃഷിക്കാരന് വിലയിലും വിപണിയിലും ഒട്ടൊക്കെ മേൽക്കൈ ലഭിക്കാൻ ഇതിടയാക്കുന്നു’– ശിവരാമൻ

ഫോൺ: 9744747536

English summary: Benefits of Using Precision Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com