ADVERTISEMENT

കൃഷിയിടത്തിലെ മുഖ്യ വിളകൾ റബറും തെങ്ങും ജാതിയുമൊക്കെയാണെങ്കിലും സാബുവിനിപ്പോൾ പ്രിയം പുതുതലമുറ പഴവർഗങ്ങളോടാണ്. ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് ഏഴല്ലൂർ സ്വദേശി പൊട്ടനാനിക്കൽ സാബു ജോൺ ഏറെക്കാലം വിദേശത്തു ജോലിയിലായിരുന്നു. മടങ്ങിയെത്തി സമ്മിശ്രക്കൃഷിയിൽ ശ്രദ്ധ നൽകിത്തുടങ്ങിയപ്പോഴേക്കും റബർ ഉൾപ്പെടെ മുഖ്യ വിളകളുടെയെല്ലാം വിലയിടിഞ്ഞു. അതേസമയം കൃഷിയിടത്തിൽ എട്ടും പത്തുമൊക്കെയായി കൗതുകത്തിനു മാത്രം നട്ടുവളർത്തിയിരുന്ന വിദേശ പഴവർഗങ്ങളിൽനിന്ന് മികച്ച വരുമാനം ലഭിച്ചും തുടങ്ങി. അതോടെ,  മാംഗോസ്റ്റിനും റംബൂട്ടാനുമെല്ലാം കൃഷിയിടത്തിലെ പ്രധാനികളായി. സമ്മിശ്രക്കൃഷിയിടത്തിൽ ഒഴിവുള്ള ഇടങ്ങളിലേക്കു പഴവർഗക്കൃഷി വ്യാപിപ്പിക്കുകയും ചെയ്തു.

റബറും തെങ്ങും ജാതിയുമാണ് സാബുവിന്റെ പാരമ്പര്യവിളകൾ. ഇതിൽ തെങ്ങും ജാതിയും വളരുന്ന ഒരേക്കറിൽ ഇടവിളയായി ഇപ്പോൾ മാംഗോസ്റ്റിൻ കായ്ച്ചുനിൽക്കുന്നു. ഒപ്പം, പുരയിടത്തിൽ സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിലെല്ലാം ഡ്രാഗൺ ഫ്രൂട്ട്, റംബൂട്ടാൻ, റെഡ് ലേഡി പപ്പായ, മിൽക് ഫ്രൂട്ട് എന്നിവയും കൃഷി ചെയ്തിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ മറ്റു വിളകളുമായി താരതമ്യം ചെയ്യുമ്പോൾ ഈയിനങ്ങളിൽനിന്നെല്ലാം മികച്ച നേട്ടം ലഭിക്കുന്നുവെന്ന് സാബു.

sabu-3
മാംഗോസ്റ്റിൻ

മാംഗോസ്റ്റിൻ

വിദേശിയെങ്കിലും മാംഗോസ്റ്റിൻ കേരളത്തിൽ നന്നായി വളരുകയും നിറഞ്ഞു കായ്ക്കുകയും ചെയ്യും. സാവധാനമേ വളരുകയുള്ളൂ എന്നതു മാത്രമാണ് പോരായ്മ. ഉൽപാദനത്തിലെത്താൻ എട്ടു വർഷമെടുക്കുമെന്നു സാബു. 12 വർഷം പ്രായമെത്തിയ 14 മരങ്ങൾ ജാതിക്കും തെങ്ങിനും ഇടവിളയായി വളരുന്നു. അവയിൽനിന്നുള്ള വരുമാനസാധ്യത ബോധ്യപ്പെട്ടതോടെ ഘട്ടം ഘട്ടമായി 60 എണ്ണം കൂടി വച്ചു. അക്കൂട്ടത്തിൽ മൂന്നു വർഷമായവ മുതൽ ഈ വർഷം കായ്ച്ചു തുടങ്ങിയവവരെയുണ്ട്. 

വരുമാനം വന്നു തുടങ്ങിയ 14 മരങ്ങളിൽ ഈ സീസൺ വിളവെടുപ്പ് തുടങ്ങി. നിലവിൽ 12–14 അടി ഉയരത്തിലെത്തിയ മരങ്ങളിൽ, ഒന്നിൽനിന്നു ശരാശരി 25 കിലോ പഴം സീസണിൽ ലഭിക്കുന്നുവെന്ന് സാബു. മരം വളരുന്തോറും ഉൽപാദനം വർധിക്കും. ജൂൺ–ജൂലൈ മാസങ്ങളിലാണ് മാംഗോസ്റ്റിൻ വിളവെടുപ്പ്. രണ്ടാഴ്ചകൊണ്ട് വിളവെടുപ്പ് തീരും. തൊടുപുഴയിലെ കാർഷിക വിപണിയായ കാഡ്സിലാണ് വിൽപന. നിലവിൽ കിലോയ്ക്ക്. 180–200 രൂപ വിലയുണ്ട്. കർഷകനെ സംബന്ധിച്ച് അതു മികച്ച വിലയാണെന്നും കിലോ 100 രൂപ ലഭിച്ചാൽപോലും നഷ്ടമാകില്ലെന്നും സാബു. 

ഇതേ കാലത്തു തന്നെയാണല്ലോ ജാതിയുടെയും വിളവെടുപ്പ്. ഇനിയങ്ങോട്ട് 3–4 മാസങ്ങൾ ദിവസവും ജാതിച്ചുവട്ടിലെത്തിയാൽ മാത്രമേ കായും പത്രിയും നഷ്ടപ്പെടാതെ ശേഖരിക്കാനാവൂ. മഴക്കാലം മുഴുവൻ നീളുന്ന ജാതിക്കാപെറുക്കലും ഉണങ്ങലുമെല്ലാം നോക്കുമ്പോൾ മാംഗോസ്റ്റിനുള്ള അധ്വാനം ലളിതം, മോശമല്ലാത്ത വരുമാനവും. ആണ്ടിൽ രണ്ടു തവണ ചാണകവും എല്ലുപൊടിയും കോഴിവളവും നൽകുന്നതാണ് ആകെയുള്ള പരിപാലനം. ഇടവിളയായി കൃഷി ചെയ്തിരിക്കുന്ന  വാഴയുടെ കുല വെട്ടുമ്പോൾ അവശിഷ്ടങ്ങൾ മാംഗോസ്റ്റിനു ചുവട്ടിലിട്ട് മണ്ണു കയറ്റിക്കൊടുത്താൽ അധിക ജൈവവളവുമായി. 

റംബൂട്ടാൻ

കഴിഞ്ഞ സീസണിൽ അഞ്ച് റംബൂട്ടാൻ മരങ്ങളിൽനിന്നു മാത്രം 18,000 രൂപയുടെ പഴം വിൽക്കാൻ കഴിഞ്ഞെന്ന് സാബു. നല്ലയിനം മൂന്നാം വർഷം തന്നെ കായ്ക്കും. 4–5 വർഷംകൊണ്ട് മികച്ച ഉൽപാദനത്തിലെത്തും. ഏതാനും മരങ്ങൾകൂടി  ഈ വർഷം മികച്ച ഉൽപാദനത്തിലെത്തിയിട്ടുണ്ട്.  മൊത്തം 500 കിലോയെങ്കിലും ഉൽപാദനം പ്രതീക്ഷിക്കുന്നുവെന്ന് സാബു. റംബൂട്ടാന് കിലോ 80–100 രൂപ വില കിട്ടുന്ന സാഹചര്യമുണ്ട്. അത് ഒട്ടും മോശമല്ലാത്ത വിലയെന്ന് സാബു. ആണ്ടിൽ രണ്ടു തവണ റംബൂട്ടാനും നൽകുന്ന ജൈവവളം. നല്ല ജൈവവളലഭ്യതയുള്ള മണ്ണിൽ വേഗം വളരുകയും നിറഞ്ഞു കായ്ക്കുകയും ചെയ്യും ഈ മലേഷ്യൻ സ്വദേശി. മേയ് മുതൽ– ഒക്ടോബർവരെ വിളവെടുപ്പുകാലം.

റെഡ് ലേഡി

പപ്പായക്കൂട്ടത്തിൽ വിഐപിയാണ് റെഡ് ലേഡി. പഴുത്താലും കേടാവാതെ ദിവസങ്ങൾ സൂക്ഷിക്കാവുന്ന റെഡ് ലേഡി പ്രചാരത്തിലായതോടെയാണ് വിപണിയിൽ പപ്പായയ്ക്കു ഡിമാൻഡ് വരുന്നത്. നാടൻ ഇനം പഴുത്താൽ കൂഴച്ചക്കപോലെ കുഴയും. എന്നാൽ റെഡ് ലേഡി എത്ര പഴുത്താലും ഉറപ്പോടെ തുടരും. അതുകൊണ്ടുതന്നെ പുതുതലമുറയ്ക്കും പപ്പായ പ്രിയം.

പപ്പായയ്ക്കുണ്ടായ വിപണി സാധാരണ കർഷകർക്കും ഗുണകരമെന്നു സാബു. 60 പപ്പായവരെ പരിപാലിച്ചിരുന്ന സാബുവിനു നിലവിൽ നന്നായി കായ്ക്കുന്ന മുപ്പതോളം മരങ്ങളുണ്ട്. വിളവെടുക്കാറായ പപ്പായപ്പഴം 1.5–2 കിലോവരെ തൂക്കമെത്തും. ആഴ്ചയിൽ ശരാശരി 100 കിലോ വിൽക്കാനുണ്ടാവും. കിലോയ്ക്ക് 25 രൂപ സ്ഥിര വില. നട്ട് ആറാം മാസം കായ്ച്ചുതുടങ്ങുന്ന റെഡ് ലേഡി രണ്ടു വർഷം മികച്ച വിളവു തരും. തുടർന്ന് വെട്ടി നീക്കി പുതിയവ നടാം. രോഗ, കീടബാധകൾക്കെതിരെ കരുതലുണ്ടാവണം. 

sabu-2
ഡ്രാഗൺ ഫ്രൂട്ട്

ഡ്രാഗൺ ഫ്രൂട്ട്

മെക്സിക്കൻ സ്വദേശിയാണ് കള്ളിച്ചെടിയിനമായ ഡ്രാഗൺ ഫ്രൂട്ട്. വിയറ്റ്നാം, തായ്‌ലൻഡ്, ഇസ്രയേൽ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായി കൃഷിയുള്ള ഈയിനം സമീപ വർഷങ്ങളിൽ കേരളത്തിലുമെത്തി. ട്രോപ്പിക്കൽ ഇനമായതിനാൽ നമ്മുടെ കാലാവസ്ഥയ്ക്കും നന്നായി ഇണങ്ങും. പരിപാലനം എളുപ്പം. ഏക്കറിൽ ശരാശരി 1700 ചെടികൾ നടാം. വർഷം 5–6 ടൺ ഉൽപാദനം. മികച്ച വില.

പുരയിടത്തിൽ ഒഴിവുള്ള സ്ഥലം നോക്കിയാണ് സാബുവിന്റെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയും. നിലവിൽ നന്നായി കായ്ക്കുന്നത് 25 ചെടികൾ. നട്ട് ഒന്നര വർഷമെത്തുന്നതോടെ ആദായം ലഭിച്ചു തുടങ്ങും. മേയ് മുതൽ ഒക്ടോബർ വരെ പൂത്തും കായ്ച്ചും നീങ്ങും ഡ്രാഗൺ ഫ്രൂട്ട് സീസൺ. ചെടി വളർത്താനും പടർത്താനും വേണ്ടിവരുന്ന കോൺക്രീറ്റ് കാലും ടയറുമാണ് കാര്യമായി വരുന്ന ചെലവ്. ഒരു കാലിൽ 2–3 തൈകള്‍ നടാം. സീസണിൽ ഒരു കാലിൽനിന്ന് 30 പഴങ്ങൾവരെ ലഭിക്കും. നിലവിൽ കിലോയ്ക്ക് 150 രൂപ വിലയുണ്ട്. ഡ്രാഗണും ലാഭകരം.

പാൽപോലെ വെളുത്ത കാമ്പും ആസ്വാദ്യകരമായ രുചിയുമുള്ള മിൽക് ഫ്രൂട്ടും വിളയുന്നുണ്ട് ഈ കൃഷി യിടത്തിൽ. കായ്ച്ചു തുടങ്ങിയ രണ്ടെണ്ണത്തിൽ നിന്നായി 60 കിലോ ഈ വർഷം വിളവെടുത്തു. എല്ലാവർക്കും സമ്മാനിച്ച് ബാക്കി വന്ന 10 കിലോ കാഡ്സ് വിപണിയിൽ വിറ്റത് കിലോ 250 രൂപയ്ക്ക്. പരിപാലനം പരിമിതമായി മാത്രം ആവശ്യമുള്ള പഴവർഗക്കൃഷിയിലേക്കു തന്നെ ഇനിയും കൂടുതൽ ശ്രദ്ധയെന്ന് സാബു പറയുന്നു. 

ഫോൺ: 8281351745

English summary: Importance and scope of fruit crop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com