ADVERTISEMENT

ഹരിപ്പാട് കുമാരപുരം പുതുശേരിൽ സ്മിതാ സാജുവിന്റെ ടെറസ് നിറയെ താമരപൊയ്കകളാണ്. വിവിധ ഇനം താമരകളാണ് പൂത്തു നിൽക്കുന്നത്. കൂട്ടത്തിൽ ശോഭ പകർന്ന് ആമ്പലുകളുമുണ്ട്. കോവിഡ് കാലത്ത് ഒരു രസത്തിനു വേണ്ടി തുടങ്ങിയ താമരവളർത്തൽ ഇന്ന് നല്ലൊരു വരുമാനമാർഗമായി മാറിയിരിക്കുകയാണ്. സമീപമുള്ള ക്ഷേത്രക്കുളത്തിൽ നിന്നു ലഭിച്ച നാടൻ താമര വളർത്തിയായിരുന്നു തുടക്കം. അത് വിജയിച്ചതോടെ പിന്നീട് ഓൺലൈൻ മുഖാന്തരം കൂടുതൽ ഹൈബ്രീഡ് ഇനങ്ങൾ വാങ്ങി താമര വളർത്തൽ വിപുലീകരിച്ചു. 

ഇപ്പോൾ താമരയുടെ വ്യത്യസ്തവും അപൂർവവുമായ 26 ഇനങ്ങളും ആമ്പലിന്റെ 36 ഹൈബ്രിഡ് ഇനങ്ങളുമുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ് വളർത്തുന്നത്. ചില ഹൈബ്രിഡ് ഇനങ്ങൾ നമ്മളുടെ കാലാവസ്ഥയോട് പൊരുത്തപ്പെട്ടു പോകില്ല. ദിവസവും നാലു മണിക്കൂറെങ്കിലും താമരയെ പരിപാലിക്കാൻ സമയം കണ്ടെത്തണം. കൂലിക്ക് ആൾക്കാരെ നിർത്തിയാൽ വരുമാനം കുറയും. താമരകൾ വളർത്തുന്ന  പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കണം. സമയാസമയങ്ങളിൽ വെള്ളം മാറണം. ഇലകളിൽ കീടങ്ങളുടെ ശല്യമുണ്ടോ എന്നു പരിശോധിക്കണം. ഇടയ്ക്കിടെ ഇലകൾ വൃത്തിയാക്കണം. വരുമാനം എന്നതിലുപരി പൂക്കൾ കാണുമ്പോഴും പരിപാലിക്കുമ്പോഴും ലഭിക്കുന്ന സന്തോഷമാണ് താമര കൃഷി ചെയ്യുന്നതിന് പ്രചോദനം നൽകുന്നതെന്നു സ്മിതാ സാജു പറഞ്ഞു. 

ഓൺലൈൻ വഴിയാണ് താമരക്കിഴങ്ങുകളുടെ വിൽപന. വടക്കേ ഇന്ത്യയിൽ നിന്നാണ് കൂടുതലും ഓർഡർ ലഭിക്കുന്നതെന്നു സ്മിത. കേരളത്തിലും ആവശ്യക്കാരുണ്ട്. വലിയ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് താമരയും ആമ്പലും വളർത്തുന്നത്. എല്ലുപൊടിയും മണ്ണിര കമ്പോസ്റ്റും മണലും നിറച്ച് വെള്ളം ഒഴിച്ച ശേഷമാണ് താമരക്കിഴങ്ങ് നട്ടു വളർത്തുക. വീടിന്റെ മട്ടുപ്പാവിൽ കൂടാതെ മുറ്റത്തും താമരയുടെയും ആമ്പലിന്റെയും വലിയ ശേഖരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com