ADVERTISEMENT

ഏറ്റവും ശ്രഷ്ഠമായ തൊഴിലാണ് കൃഷി. കാർഷിക പാരമ്പര്യത്തിലൂന്നിയ കേരളത്തിന്റെ സംസ്കാരം കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നവരാണ് കേരളീയർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൃഷിയെ കൂടുതൽ ചേർത്തുപിടിക്കുന്നവരാണ് ഇപ്പോൾ മലയാളികൾ. കോവിഡ് മഹാമാരിയും വിഷരഹിത പച്ചക്കറികളുടെ പ്രാധാന്യവുമെല്ലാം കേരളീയരെ കൃഷിയിലേക്ക് കൂടുതൽ ചേർത്തുനിർത്തി. പലരും കടകളിൽനിന്നു വിഭിന്നമായി അയൽക്കാരായ കർഷകരിൽനിന്ന് പച്ചക്കറികൾ വാങ്ങിത്തുടങ്ങി...

ഏതൊരു പ്രതിസന്ധിയും ഒരു അവസരമായി കണ്ട് മുന്നോട്ടു പോകുന്നവരാണ് പ്രതിഭാശാലികൾ. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തു നൂറുമേനി വിളവ് കൊയ്യുകയാണ് ആറു രാജ്യങ്ങളിലായി വ്യപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയുള്ള കോണ്ടൂർ ഗ്രൂപ്പ്. ഗ്രൂപ്പ് സാരഥി ശിവപ്രസാദ് വിദ്യാധരന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം മുട്ടടയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് വിപുലമായ രീതിയിൽ പച്ചക്കറിക്കൃഷി ചെയ്തുവരുന്നത്.

സ്വന്തമായുള്ള രണ്ടര ഏക്കർ സ്ഥലമാണെങ്കിലും കൃഷിക്കായി പരുവപ്പെടുത്തിയെടുക്കാൻ കോണ്ടൂർ ഗ്രൂപ്പ് നന്നേ പണിപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാൽ വെള്ളക്കെട്ടുള്ള സ്ഥലമായിരുന്നു അത്. അതുകൊണ്ടുതന്നെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുന്ന മാലിന്യനിക്ഷേപ സ്ഥലമായിരുന്നു. ഇവിടെയാണ് കഴിഞ്ഞ ലോക്ഡൗണിൽ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ പച്ചക്കറിക്കൃഷി ആരംഭിക്കുന്നത്.

വെള്ളക്കെട്ടുള്ള സ്ഥലം, വളക്കൂറുള്ള മണ്ണില്ല എന്നിവയെല്ലാം തരണം ചെയ്താണ് ഇവിടുത്തെ കൃഷി. വെള്ളം ശേഖരിക്കാൻ കുളം കുത്തി. ആ കുളത്തിൽനിന്ന് എടുത്തു മാറ്റിയ മണ്ണ് പച്ചക്കറിക്കൃഷിക്കായി ഉപയോഗിച്ചു. ഈ ഉദ്യമത്തിൽ ശിവപ്രസാദിനെ സഹായിക്കാൻ കൃഷിവകുപ്പിനു കീഴിലെ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബിനുലാലുമെത്തി. 

കുമ്മായമിട്ട് മണ്ണിന്റെ പിഎച്ച് ക്രമപ്പെടുത്തിയശേഷം കോഴിവളം, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് മണ്ണിൽ ചേർത്തു. നീളത്തിൽ തടമെടുത്ത് അതിൽ തുള്ളിനനയ്ക്കുള്ള പൈപ്പ് വച്ച് മൾച്ചിങ് ഷീറ്റ് വിരിച്ചശേഷമായിരുന്നു തൈകൾ നട്ടത്. വെണ്ട, വഴുതന, പയർ, പടവലം, പാവൽ, ചീര എന്നുതുടങ്ങി എല്ലാത്തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. 

വെള്ളം കൂടുതലുള്ള ഭാഗത്ത് വിഗോവ, നാടൻ താറാവുകളെയും വളർത്തുന്നു. ജലസേചനത്തിന് ഉപയോഗിക്കുന്ന രണ്ടു കുളങ്ങളിൽ ചിത്രലാട തിലാപ്പിയ, വാള, നട്ടർ തുടങ്ങിയ മത്സ്യങ്ങളും വളരുന്നു.

ലോക്‌ഡൗൺ കാലത്ത് കോണ്ടൂർ ഗ്രൂപ്പിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ കൃഷിയിടം ചിട്ടപ്പെടുത്തിയെടുത്ത്. തൊഴിൽ നഷ്ടപ്പെട്ട അവർക്ക് ഒരു തൊഴിൽ ആയി എന്നു മാത്രമല്ല ഗ്രൂപ്പിന്റെ ജീവനക്കാർക്കുള്ള വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുക കൂടിയായിരുന്നു ഇതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യം. ദുബായിയുള്ള എംഡി ശിവപ്രസാദിന് എല്ലാ ആഴ്ചയും 25 കിലോ പച്ചക്കറി ഇവിടെനിന്ന് കടൽ കടന്നു പോകുന്നു. മാത്രമല്ല, പൊതുജനങ്ങളും പച്ചക്കറി വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. 

വിഡിയോ കാണാം

English summary: Beautiful Vegetable Garden from a Dumping Yard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com