സമ്മിശ്രക്കൃഷിക്ക് പോളിഹൗസ്; കൃഷിയില്‍ നേട്ടം കൊയ്ത് മറൈന്‍ എന്‍ജിനീയര്‍

HIGHLIGHTS
  • ഇടുക്കി ജില്ലയില്‍ കുമളിക്കടുത്ത് അണക്കരയിലാണ് യദുവിന്റെ കൃഷിയിടം
  • പച്ചക്കറിവിപണിയിലെ മുഖ്യയിനങ്ങളെല്ലാം പോളിഹൗസില്‍ കൃഷി ചെയ്യുന്ന രീതി
polyhouse-farmer
യദു
SHARE

മറൈന്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയ യദു എസ്. ബാബു പഠനം തീര്‍ത്തിറങ്ങി കപ്പല്‍ജോലിക്കു കടലില്‍ പോകുന്നതിനു പകരം കടലോളം വെല്ലുവിളികളുള്ള കൃഷിയിലിറങ്ങാനാണ് നിശ്ചയിച്ചത്. പ്രതിസന്ധികള്‍ ഇപ്പോഴുമുണ്ടെന്ന് യദു. എന്നാല്‍ കൃഷിയില്‍ നാലു വര്‍ഷം പിന്നിട്ടതോടെ വെല്ലുവിളികളെ അതിജീവിക്കാമെന്ന ആത്മവിശ്വാസം നേടിക്കഴിഞ്ഞു.

ഇടുക്കി ജില്ലയില്‍ കുമളിക്കടുത്ത് അണക്കരയിലാണ് യദുവിന്റെ കൃഷിയിടം. ബാങ്ക് ഉദ്യോഗത്തില്‍ നിന്നു വിരമിച്ച് ഏലക്കൃഷിയിലിറങ്ങിയ അച്ഛനൊപ്പം ചേര്‍ന്ന് ഏലത്തിന് ഇടവിളയായി പച്ചക്കറിക്കൃഷി ചെയ്താണ് തുടക്കം. ഈ മേഖലയില്‍ തുറന്ന സ്ഥലത്ത് പച്ചക്കറിക്കൃഷി ചെയ്യുമ്പോഴുള്ള മുഖ്യ പ്രതിസന്ധി അതിവര്‍ഷമാണ്. മഴക്കൂടുതല്‍ മൂലം സീസണ്‍ തന്നെ നഷ്ടപ്പെടും. പച്ചക്കറിയിനങ്ങളുടെ കാര്യത്തില്‍ വര്‍ഷം മൂന്നു കൃഷി സാധ്യമായിരിക്കെ രണ്ടു സീസണെങ്കിലും ലഭിച്ചില്ലെങ്കില്‍ നഷ്ടത്തില്‍ കലാശിക്കുമെന്ന് യദു. മറ്റൊന്ന്, കീടനാശിനിപ്രയോഗം കൂടുതല്‍ വേണ്ടി വരും എന്നതാണ്. രണ്ടും കണക്കിലെടുത്തതോടെ സംരക്ഷിതകൃഷിക്കായി 20 സെന്റ് വീതം വരുന്ന രണ്ടു പോളിഹൗസുകള്‍ കഴിഞ്ഞ വര്‍ഷം യദു നിര്‍മിച്ചു.

കാരറ്റ് മുതല്‍ മത്തങ്ങവരെ

പച്ചക്കറിവിപണിയിലെ മുഖ്യയിനങ്ങളെല്ലാം പോളിഹൗസില്‍ കൃഷി ചെയ്യുന്ന രീതിയാണ് യദുവിന്റേത്. എന്നും കൃഷി, എന്നും വിളവെടുപ്പ്. നിശ്ചിത അളവ് ഉല്‍പന്നങ്ങള്‍ വര്‍ഷം മുഴുവന്‍ മുടങ്ങാതെ ആവശ്യക്കാരിലെത്തിക്കുന്ന രീതി. നിലവില്‍, വിപണനം കച്ചവടക്കാരെ ആശ്രയിച്ചാണെങ്കിലും സമീപ ഭാവിയില്‍ത്തന്നെ മുഴുവന്‍ ഉല്‍പന്നങ്ങളും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുമെന്നു യദു. കച്ചവടക്കാര്‍ക്ക് മൊത്തവിലയ്ക്കു വില്‍ക്കുന്ന ഉല്‍പന്നം ഉപഭോക്താക്കള്‍ക്ക് നേരിട്ടു വില്‍ക്കുമ്പോള്‍ ചില്ലറവിലയ്ക്കു വില്‍ക്കാന്‍ കഴിയും എന്നതാണ് നേട്ടം.

ഒറ്റത്തവണ വിളവെടുപ്പോടെ കൃഷി അവസാനിക്കുന്ന ഇനങ്ങളായ കാരറ്റ്, കാബേജ്, കോളിഫ്‌ളവര്‍ പോലുള്ളവ എല്ലാ ആഴ്ചയും കൃഷി ചെയ്യും. വിപണിയില്‍ ദിവസവുമുള്ള ഡിമാന്‍ഡ് കണക്കു കൂട്ടി നിശ്ചിത ചതുരശ്രയടിയില്‍ ആഴ്ചതോറും കൃഷി. ഒരിക്കല്‍ വിളവെടുപ്പു തുടങ്ങിയാല്‍ 3 മാസം വരെ നീണ്ടു നില്‍ക്കുന്ന പയര്‍, പാവല്‍ തുടങ്ങിയുള്ള ഇനങ്ങളാവട്ടെ, മാസത്തിലൊരിക്കല്‍ നിശ്ചിത വിസ്തൃതിയില്‍ കൃഷിയിറക്കും. 

പന്തല്‍ ഇനങ്ങളെല്ലാം വലയില്‍ കുത്തനെ മുകളിലേക്കു പടര്‍ത്തി പരമാവധി സ്ഥലം ലാഭിക്കുന്നു. മത്തന്‍ വരെ ഈ രീതിയില്‍ പോളിഹൗസില്‍ വിളയിക്കുന്നുണ്ട് യദു. കാബേജും കോളിഫ്‌ളവറും പോലുള്ള വിളകള്‍ പോളിഹൗസിനുള്ളിലും ഡയമണ്ട് ബാക്ക് മോത്ത് ഉള്‍പ്പെടെയുള്ള കീടങ്ങളുടെ ശല്യം നേരിട്ടിരുന്നു. കോളിഫ്‌ളവര്‍ നടുമ്പോള്‍ തന്നെ നന, ഫെര്‍ട്ടിഗേഷന്‍ സൗകര്യങ്ങള്‍ ക്രമീകരിച്ച് വിളവെടുപ്പുവരെ കൊതുകുവലയ്ക്കുള്ളില്‍ പരിപാലിക്കുന്ന രീതി  മികച്ച ഫലം നല്‍കുന്നുവെന്ന് യദു. 

ഒരു പോളിഹൗസിലെ കൃഷിയുടെ തനിപ്പകര്‍പ്പാണ് രണ്ടാമത്തെ പോളിഹൗസിലെ കൃഷി. ഒന്നില്‍ ഏതെങ്കിലും ഇനം പരാജയപ്പെട്ടാലും ആ ഇനം തീര്‍ത്തും ഇല്ലാതെ പോകരുതെന്ന കരുതലിന്റെ ഭാഗമാണിത്. പൂര്‍ണമായും സെയ്ഫ് ടു ഈറ്റ് കൃഷിയാണ് യദുവിന്റേത്. അതുകൊണ്ടുതന്നെ അതിര്‍ത്തി കടന്നു വരുന്ന അയല്‍സംസ്ഥാന പച്ചക്കറി ഭീഷണിയല്ല. മുഴുവന്‍ വിളവും ഉപഭോക്താക്കളിലേക്കു നേരിട്ടെത്തിക്കാനാണ് ശ്രമം. അതു സാധിക്കുന്നതോടെ കൃഷിയുടെ കടല്‍ പൂര്‍ണമായും കൈപ്പിടിയിലൊതുങ്ങുമെന്ന് ഈ മറൈന്‍ എന്‍ജിനീയര്‍ കണക്കുകൂട്ടുന്നു.

ഫോണ്‍: 9791188917

English summary: Hi-tech farming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA