ADVERTISEMENT

നല്ല ഭക്ഷണത്തിനു സാഹചര്യമില്ലെന്നത് നഗരവാസികളുടെ മുഖ്യപരാതിയാണ്. ഏതാനും ഗ്രോബാഗുകളിലെ വെണ്ടക്കയും തക്കാളിയും മാത്രം മതിയാകില്ലല്ലോ ഒരു കുടുംബത്തിന്. ആഹാരത്തിന്റെ 50 ശതമാനമെങ്കിലും സ്വന്തമായി കണ്ടെത്താന്‍ കഴിയുമ്പോള്‍ മാത്രമേ നഗരകൃഷി അര്‍ഥപൂര്‍ണമാകൂ. ഈ ചിന്തയാണ് കോഴിക്കോട് മായനാട് പെരുമന മുത്തിലോട്ട് (പിഎം) കുടുംബാംഗങ്ങളെ കൂട്ടുകൃഷിക്കു  പ്രേരിപ്പിച്ചത്. ജ്യേഷ്ഠാനുജത്തിമാരുടെ മക്കളും കൊച്ചുമക്കളുമായി 8 പേര്‍ ചേര്‍ന്ന് സ്വന്തം ആവശ്യത്തിനു മത്സ്യവും പച്ചക്കറിയുമൊക്കെ ഉല്‍പാദിപ്പിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ആദ്യഘട്ടം ലോക്ഡൗണ്‍ കാലത്ത് ഉദിച്ച ഈ ആശയം സ്ഥിരം സംവിധാനമായി മാറ്റുക മാത്രമല്ല, വൈകാതെ പൊതു അടുക്കള എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയുമാണ് ഇവര്‍.

അടുത്തടുത്തുള്ള പ്ലോട്ടുകളിലാണ് കൃഷി. ഉദ്യോഗവും ബിസിനസുമൊക്കെ കഴിഞ്ഞു വിശ്രമജീവിതം നയിക്കുന്നവരാണ് ഏറെയും. പതിവായി കൃഷിയിടത്തില്‍ ഒത്തുചേര്‍ന്ന് അധ്വാനിക്കുന്നത് ആസ്വദിക്കുകയാണ് ഇവര്‍. വിനോദത്തിനും വ്യായാമത്തിനുമുള്ള അവസരം നല്ല ഭക്ഷണത്തിനുകൂടി ഉപകരിക്കുമെങ്കില്‍ പിന്നെ ആരാണ് വേണ്ടെന്നു വയ്ക്കുക?

ആകെ 75 സെന്റിലാണ് കൃഷി. ഒരു പടുതക്കുളം നിര്‍മിച്ച് ചിത്രലാട തിലാപ്പിയയുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്തത്. കുളത്തിലെ വെള്ളമുപയോഗിച്ച് ചുറ്റുമുള്ള പറമ്പില്‍ പച്ചക്കറിക്കൃഷിയും ആരംഭിച്ചു. വീട്ടാവശ്യത്തിനു വേണ്ട പച്ചക്കറിയുടെ 60 ശതമാനത്തോളം ഇപ്രകാരം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെന്ന് മുതിര്‍ന്ന കുടുംബാംഗമായ ഉദയന്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ ചെറിയ വെല്ലുവിളികളുമുണ്ടായി.  നിക്ഷേപിച്ച 2000 മത്സ്യക്കുഞ്ഞുങ്ങളില്‍ പകുതിയോളം ചത്തുപോയി. ബാക്കിയുള്ളവയ്ക്ക് ഒരു വര്‍ഷംകൊണ്ട് ശരാശരി 250 ഗ്രാം മാത്രമാണ് വളര്‍ച്ച കിട്ടിയത്. നല്ല ഭക്ഷണം മാത്രം ലക്ഷ്യമാക്കിയതിനാല്‍ ഇതൊന്നും പിഎം അംഗങ്ങളെ തളര്‍ത്തുന്നില്ല. പോരായ്മ പരിഹരിച്ച്  കൃഷി മെച്ചപ്പെടുത്താനുള്ള ആവേശത്തിലാണവര്‍. ഒരേയൊരു അടുക്കളയും അടുക്കള ത്തോട്ടവും. അതുവഴി  കുടുംബാംഗങ്ങളുടെ ആരോഗ്യവും. അതാണ് സ്വപ്‌നം. 

ഫോണ്‍: 9495152427

English summary:  Group Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com