ഫ്ലാറ്റുകൾക്കു നടുവിലെ 5 ഏക്കറിൽ ഡെയറി ഫാമും പച്ചക്കറിയും: കൃഷിയിൽ വ്യത്യസ്തനായി റോയി

HIGHLIGHTS
  • നഗരവാസികൾക്ക് പുതുമ നഷ്ടപ്പെടാതെ നേരിട്ടു വാങ്ങാവുന്ന അർബൻ ഫാം
  • കറവയുള്ള 10 പശുക്കളിൽനിന്ന് ദിവസം 140 ലീറ്റർ പാൽ
roy-ekm-farmer
റോയി ഫാമിൽ
SHARE

ഇൻഫോ പാർക്കും സ്മാർട് സിറ്റിയും സിവിൽ സ്റ്റേഷനും മെഡിക്കൽ കോളജും വ്യവസായ പാർക്കുകളും എണ്ണ ശുദ്ധീകരണശാലയും പെട്രോളിയം കമ്പനികളും മറ്റ് കോർപറേറ്റ് ഓഫിസുകളും നൂറുകണക്കിനു ഫ്ലാറ്റ് സമുച്ചയങ്ങളുമൊക്കെയാണ് ഈ കൃഷിയിടത്തിനു ചുറ്റും. നഗരവൽക്കരണം ഏറ്റവും മൂർധന്യാവസ്ഥയിലുള്ള കാക്കനാട്ടെ ഫ്ലാറ്റുകൾ കോട്ട കെട്ടിയ അഞ്ചരയേക്കറിൽ  പശുവളർത്തലും കപ്പ – പൈനാപ്പിൾ– വാഴക്കൃഷിയും നടത്തുന്നയാള്‍  വേറിട്ട വ്യക്തിയാവണമല്ലോ. റോയി അങ്ങനെ തന്നെയാണ്. ദീർഘകാലത്തെ ഗൾഫ് ജീവിതത്തിനു ശേഷം മഹാനഗരത്തിൽ വേറിട്ട കൃഷിമാതൃകയ്ക്കു ശ്രമിക്കുന്ന സാഹസികൻ. ഫ്ലാറ്റിൽ താമസിച്ച് അഞ്ചരയേക്കർ ഫാം നടത്തുന്ന നഗര കർഷകൻ.  മരുഭൂമിയിലെ രണ്ടേക്കറിൽ നഴ്സറിയും ലാൻഡ്സ്കേപിങ് ബിസിനസും നടത്തിയ അനുഭവസമ്പത്താണ് ബലം. എറണാകുളത്ത് കൃഷിക്കു സ്ഥലം തേടിനടന്ന റോയി  2020ൽ ഭാഗ്യമെന്നപോലെയാണ്  റബർ വെട്ടിനീക്കിയശേഷം കാടുപിടിച്ചുകിടന്ന സ്ഥലം കണ്ടെത്തിയത്. മാസവാടകയ്ക്ക് സ്ഥലം ഏറ്റെടുത്തു. വിഷജന്തുക്കളും നഗരമാലിന്യങ്ങളും നിറഞ്ഞ പറമ്പ് വൃത്തിയാക്കാൻ മാത്രം രണ്ടര ലക്ഷം രൂപ ചെലവായി. 

roy-ekm-farmer-3

പാലും പഴവും പച്ചക്കറികളും മുട്ടയും കിഴങ്ങുകളുമൊക്കെ നഗരവാസികൾക്ക് പുതുമ നഷ്ടപ്പെടാതെ നേരിട്ടു വാങ്ങാവുന്ന അർബൻ ഫാമായിരുന്നു റോയിയുടെ സ്വപ്നം. തുടക്കത്തില്‍ 1500 വാഴയും 3000 ചുവട് കപ്പയും 4000 പൈനാപ്പിളും കൃഷി ചെയ്തു. നിർഭാഗ്യവശാൽ ആദ്യവർഷംതന്നെ തിരിച്ചടികളുടെ പേമാരിയായിരന്നു. കൊവിഡും ലോക്ഡൗണും മൂലം  കൃഷിയും വിപണനവുമൊക്കെ താറുമാറായി. മരച്ചീനി കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടിവന്നു. കുലച്ചു തുടങ്ങിയ വാഴ ഏറക്കുറെ പുർണമായി കഴിഞ്ഞ ഡിസംബറിൽ കൊടുങ്കാറ്റിൽ ഒടിഞ്ഞുനശിച്ചു. ആയിരത്തിലധികം വാഴകള്‍ തൊഴുത്തിലെ പതിനഞ്ചോളം ഉരുക്കൾക്ക് തീറ്റയായതു മാത്രം പ്രയോജനം. പൈനാപ്പിൾകൃഷിക്കു മാത്രം വലിയ പരിക്കേറ്റില്ല. ചീരയും പയറും വെണ്ടയുമൊക്കെ കൃഷി ചെയ്തെങ്കിലും ഏറെ ദിവസങ്ങളും ട്രിപ്പൾ ലോക്ഡൗണിലായിരുന്നതിനാൽ പ്രയോജനപ്പെടുത്താനായില്ല. കൃഷിയിടത്തിലേക്ക് എത്താൻ പോലും  പ്രയാസപ്പെട്ടു. കൃഷിപ്പണിക്കു  നിയന്ത്രണമില്ലെന്നൊക്കെ വാർത്ത വന്നെങ്കിലും രാവിലെ പശുക്കളെ കറക്കാൻ പോകുമ്പോൾപോലും പൊലീസ് തടഞ്ഞ അനുഭവം റോയിക്കുണ്ട്. 14 പശുക്കളും ഒരു മുറ എരുമയുമാണ്  ഫാമിലുള്ളത്. കറവയുള്ള 10 പശുക്കളിൽനിന്ന് ദിവസം  140 ലീറ്റർ പാൽ കിട്ടുന്നു. 100  ലീറ്ററിലേറെ പാൽ സമീപത്തെ അപ്പാർട്ട്മെന്റുകളിലും വില്ലകളിലുമായി കൊടുക്കും.  ലീറ്ററിന് 65 രൂപയ്ക്കാണ് ഫാം ഫ്രഷ് മിൽക് വീടുകളിലെത്തിക്കുന്നത്. ബാക്കി പാൽ സമീപത്തെ ജൈവ പച്ചക്കറിക്കടവഴി വില്‍ക്കുന്നു. ലോക്ഡൗൺ കാലത്ത് എല്ലാ വരുടെയും വരുമാനമാർഗം അടഞ്ഞപ്പോൾ താന്‍ പിടിച്ചുനിന്നത് പശുവളർത്തലിലാണെന്നു റോയി പറയുന്നു.  

roy-ekm-farmer-2

തരിശുസ്ഥലത്ത് സ്വയം കൃഷി ചെയ്തതിനൊപ്പം മറ്റുള്ളവർക്ക് തന്റെ ഫാമിൽ കൃഷിയിടം നൽകുന്നുണ്ട് റോയി. അയൽവാസികളും പരിചയക്കാരുമായ പത്തിലേറെപ്പേര്‍ക്ക് റോയി ഇവിടെ  പച്ചക്കറിക്കൃഷിക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്.  പ്രതിഫലമൊന്നും വാങ്ങാതെയാണിത്. എങ്കിലും പശുക്കളെ വാങ്ങാൻ സാമ്പത്തിക പിന്തുണ നൽകി അവർ  സ്നേഹം കാണിച്ചെന്ന് റോയി ചൂണ്ടിക്കാട്ടി. 

താൽപര്യമുള്ള നഗരവാസികൾക്ക്  സ്വന്തം  ആവശ്യത്തിനു പഴം, പച്ചക്കറികൾ  കൃഷി ചെയ്യാൻ ഇടം നൽകുന്ന  ഈ രീതി മാതൃകാപരം തന്നെ. കോവിഡ് പ്രശ്നങ്ങൾ മാറുന്ന മുറയ്ക്ക് നഗരക്കൃഷിയുടെ പുത്തൻ മാതൃകയായി ഈ രീതി തുടരാനുള്ള ആലോചനയിലാണ്  റോയി. ഫ്ലാറ്റുകളിലെ അണുകുടുംബങ്ങൾക്ക് വിഷരഹിത ഭക്ഷണം മാത്രമല്ല,  മാനസികോല്ലാസവും ഇതുവഴി ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുല്ലും പൂവുമൊന്നും കാണാതെ വളരുന്ന കുട്ടികൾക്ക് വിത്ത് മുളയ്ക്കുന്നതും കായ്കളുണ്ടാവുന്നതുമൊക്കെ കണ്ടുപഠിക്കുകയും ചെയ്യാം.  സാ യാഹ്നങ്ങളിൽ ഉദ്യോഗവും ബിസിനസുമൊക്കെ കഴിഞ്ഞ് സകുടുംബം കൃഷിയിടത്തിലെത്തുന്നു റോയിയുടെ സ ഹ കർഷകരിൽ പലരും. 

roy-ekm-farmer-4

നഗരക്കൃഷിയിൽ രണ്ടു വെല്ലുവിളികളാണ് റോയി  നേരിട്ടത്. കീടശല്യമാണ്  പ്രധാനം. ഇത്രയും പച്ചപ്പുള്ള സ്ഥലം കുറവായതുകൊണ്ടാവണം നഗരത്തിലെ മുഴുവൻ ഉറുമ്പുകളും മറ്റു കീടങ്ങളും തന്റെ കൃഷിയിടത്തിലേക്കാണ് മാർച്ച് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. അവയെ നേരിടാൻ സാധാരണ ജൈവ കീടനാശിനികൾ  മതിയാവില്ല. അതുകൊണ്ടുതന്നെ സൽകൃഷിരീതികളോടാണ് ഇദ്ദേഹത്തിനു പഥ്യം. മറ്റൊന്ന് അധിക നിക്ഷേപത്തിനുള്ള പരിമിതിയാണ്. കൂടുതൽ വരുമാനം ലഭിച്ചുതുടങ്ങിയാൽ മാത്രമേ കൂടുതൽ മുതൽമുടക്കാനാവൂ.  കോവിഡ് ഭീഷണി തുടരുന്നതിനാൽ അത് സാധിക്കുന്നില്ല. ഒറ്റയടിക്കു കൂടുതൽ നിക്ഷേപിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ ഘട്ടംഘട്ടമായുള്ള വികസനമാണ്  മനസ്സിലുള്വളത്. പശുവളർത്തലിലെ ആദായം അതിൽതന്നെ നിക്ഷേപിച്ച് പാലുൽപാദനം വിപുലമാക്കാനാണ് ആദ്യ ശ്രമം. വരുമാന സ്ഥിരത കിട്ടുന്ന മുറയ്ക്ക് മറ്റു കൃഷികളും വിപുലമാക്കും. സുരക്ഷിത ഭക്ഷണം തേടി നഗരവാസികളെത്തുന്ന സങ്കേതമായി ഈ കൃഷിയിടം മാറ്റാനാവുമെന്ന ആത്മവിശ്വാസം ഈ യുവസംരഭകനുണ്ട്. നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ പ്രാദേശികമായി ഉൽപാദിപ്പിച്ചാൽ മോഹവില  നൽകി വാങ്ങാൻ നഗരവാസികൾ തയാറാണെന്ന തിരിച്ചറിവ് തന്നെ  അതിനടിസ്ഥാനം.

ഫോൺ: 7306437545

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA