ADVERTISEMENT

രോഗപ്രതിരോധ ശേഷി കൂട്ടുകയെന്നതു പ്രധാനമായി കരുതുന്ന ഈ കോവിഡ് കാലത്ത് പണച്ചെലവു കൂടാതെ അതു നേടിയെടുക്കാന്‍ നമ്മെ സഹായിക്കുന്ന പച്ചക്കറിയാണു ചീര. അതു അടുക്കളത്തോട്ടത്തിലോ മട്ടുപ്പാവിലോ ചെറുതായി കൃഷി ചെയ്താല്‍ ഒരുപാടു നേട്ടമുണ്ട്. 

നേട്ടങ്ങള്‍ 

  • വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ബീറ്റ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും.  
  • രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. 
  • ചീരയില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തും. 
  • കാര്‍ബോഹൈഡ്രേറ്റ് കുറവായതും നാരുകള്‍ കൂടുതലായതും ശരീരഭാരം കുറയ്ക്കാന്‍ ഉപകരിക്കും. 
  • ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. 
  • കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

ശ്രദ്ധിക്കേണ്ടത്

വൃക്കയില്‍ കല്ലുകള്‍ക്കു സാധ്യതയുള്ളവര്‍, രക്തം കട്ട പിടിക്കുന്ന അസുഖമുള്ളവര്‍ എന്നിവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷമേ ചീര ഉപയോഗിക്കാവൂ.

ചീരക്കൃഷി

എല്ലാക്കാലത്തും കൃഷി ചെയ്യാമെന്നതാണ് ചീരയുടെ പ്രധാന ആകര്‍ഷണം. ഒരു സെന്റിന് 8 ഗ്രാം വിത്തു വേണ്ടി വേരും. നേരിട്ടു വിതയ്ക്കുകയും പറിച്ചു നടുകയും ചെയ്യാം. 

പ്രധാന ഇനങ്ങള്‍

  • അരുണ്‍: അത്യുല്‍പാദന ശേഷിയുള്ള ചുവന്ന ചീര.
  • മോഹിനി: പച്ച ഇലകള്‍. 
  • കൃഷിശ്രീ: തവിട്ടു കലര്‍ന്ന ചുവപ്പുനിറം. ഈ ഇനത്തിന് ഇലപ്പുള്ളി രോഗം താരതമ്യേന കുറവാണ്.
  • രേണുശ്രീ: പച്ച ഇലകളും ചുവന്ന തണ്ടും.
  • സി.ഒ. 1: പച്ച നിറമുള്ള ഇനം. ഇലപ്പുള്ളി രോഗം പ്രതിരോധിക്കുന്നു. 
  • കണ്ണാറ നാടന്‍: ചുവപ്പ് ഇലകള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍ സമയം അതിനനുസരിച്ചു ക്രമീകരിക്കണം.

കൃഷിയിടം കിളച്ചു നിരപ്പാക്കിയ ശേഷം 35 സെന്റിമീറ്റര്‍ വീതിയില്‍ ആഴംകുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കണം. സെന്റിന് 100 കിലോഗ്രാം ട്രൈക്കോഡര്‍മ സമ്പുഷ്ട ചാണകം ചാലുകളില്‍ അടിവളമായി ഇളക്കിച്ചേര്‍ക്കണം. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം വരെ പ്രായമായ തൈകള്‍ സ്യൂഡോണോമസ് ലായനിയില്‍ വേരുകള്‍ 20 മിനിറ്റ് മുക്കിയ ശേഷം 20 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. ഒരു സെന്റില്‍ 650ലധികം ചെടികള്‍ നടാം. മഴക്കാലത്തു ചാലുകള്‍ക്കു പകരം തടങ്ങള്‍ എടുക്കുന്നതാണ് ഉത്തമം. 8-10 ദിവസത്തെ ഇടവേളയില്‍ മേല്‍വളം ചേര്‍ക്കണം. ബയോഗ്യാസ് സ്ലറി അല്ലെങ്കില്‍ ചാണകപ്പാല്‍, ഗോമൂത്രം അല്ലെങ്കില്‍ വെര്‍മിവാഷ്, വെര്‍മി കംപോസ്റ്റ് അല്ലെങ്കില്‍ കോഴിവളം എന്നിവയിലേതെങ്കിലും കൃഷിവിദഗ്ധരുടെ നിര്‍ദേശപ്രകാരം വെള്ളവുമായി ചേര്‍ത്തു നല്‍കാം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്തും നല്‍കാം. വേനലില്‍ രണ്ടു ദിവസം ഇടവിട്ടു നനയ്ക്കണം. ചീര നനയ്ക്കുമ്പോള്‍ വെള്ളം ഇലയില്‍ ഒഴിക്കാതെ ചുവട്ടില്‍ ഒഴിക്കുക. മഴക്കാലത്തു മണ്ണു കൂട്ടിയിട്ടു നല്‍കണം. 

പുഴുശല്യം 

കൂടുകൂട്ടി പുഴുക്കളും ഇലതീനി പുഴുക്കളും ചീരയിലകളെ ആക്രമിക്കുന്നു. കൂടുകൂട്ടി പുഴുക്കള്‍ ചീരയിലകള്‍ കൂട്ടിച്ചേര്‍ത്ത് അതിനുള്ളിലിരുന്ന് ഇല തിന്നുതീര്‍ക്കുന്നു. ഇലതീനി പുഴുക്കള്‍ ഇലകള്‍ ഓരോന്നായി തിന്നുനശിപ്പിക്കുന്നു. 

ഇലപ്പുള്ളി രോഗം

ചീരയിലകളില്‍ അടിവശത്തും മുകള്‍ഭാഗത്തും ഒരു പോലെ പുള്ളികള്‍ കാണപ്പെടുന്നു. ചുവന്ന ചീരയിലാണു കൂടുതലും. 

രോഗപ്രതിരോധ നിര്‍ദേശങ്ങള്‍

രോഗം  ബാധിച്ച ഇലകള്‍ പുഴുക്കളോടു കൂടി പറിച്ചെടുത്തു നശിപ്പിക്കുക. ആക്രമണം തുടര്‍ന്നാല്‍ കൃഷി വിദഗ്ധരുമായി സംസാരിച്ച് വേപ്പിന്‍കുരു സത്ത് പ്രയോഗിക്കാം. ജീവാണുകീടനാശിനി ഡൈപ്പലും ഫലപ്രദമാണ്. ഇലപ്പുള്ളി രോഗം തടയാന്‍ അത്യുല്‍പാദന ശേഷിയുള്ള സി.ഒ. 1 കൃഷി ചെയ്യുക. ചുവന്ന ചീരയും സി.ഒ.1 എന്ന ഇനവും ഇടകലര്‍ത്തി കൃഷി ചെയ്യുക. വിത്തിടുന്നതിനു മുന്‍പു സ്യൂഡോമൊണാസ് കള്‍ച്ചര്‍ ഉപയോഗിച്ചു വിത്തുപരിചരണം നടത്തുക. ട്രൈക്കോഡര്‍മ വേപ്പിന്‍ പിണ്ണാക്ക് സമ്പുഷ്ട ചാണകം മണ്ണില്‍ ചേര്‍ക്കുക. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേര്‍പ്പിച്ച വെര്‍മിവാഷ് തളിച്ചു കൊടുക്കണം.

English summary: Spinach Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com