ADVERTISEMENT

റാഡിഷും കാപ്സിക്കവും അടുത്തകാലം വരെ സൂപ്പർമാർക്കറ്റിൽ മാത്രം കിട്ടുന്ന പച്ചക്കറികളായിരുന്നു. എന്നാൽ ഇന്ന് അവയെല്ലാം നമ്മുടെ വീട്ടുമുറ്റത്ത് കൃഷി ചെയ്ത് നല്ല വിളവെടുക്കാൻ കഴിയുമെന്നത് കേരളത്തിലെ കാർഷിക മേഖലയിൽ വന്ന വലിയൊരു മാറ്റമാണ്. അതിഥിയായെത്തി തീൻമേശയും കൃഷിയിടവും കീഴടക്കിയ ശീതകാല പച്ചക്കറികളുടെ നടീൽ കാലമാണിത്. 

സെപ്റ്റംബർ പകുതിയോടെ  ശീതകാല പച്ചക്കറിക്കൃഷി ആരംഭിക്കാം. എങ്കിൽ ഡിസംബറിൽ വിളവെടുപ്പു പൂർത്തിയാക്കാം. കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, കാപ്സികം, റാഡിഷ് തുടങ്ങിയവയാണു പ്രധാനപ്പെട്ട ശീതകാല പച്ചക്കറികൾ. 

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളവു ലഭിക്കുമെന്നതിനാൽ വീട്ടിലെ ആവശ്യത്തിനു മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിൽത്തന്നെ ഇവയെല്ലാം കൃഷി ചെയ്യാം. നമ്മുടെ തനതു പച്ചക്കറികൾ പോലെയല്ല ഇവ, നല്ല ശ്രദ്ധയോടെയുള്ള പരിചരണം അത്യാവശ്യമാണ്.

cabbage

കൃഷിരീതി 

കാബേജ്, കോളിഫ്ലവർ എന്നിവ തൈകൾ ഉൽപാദിപ്പിച്ച്, പറിച്ചുനടണം. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ നേരിട്ടു വിത്തുപാകിയാണു കൃഷി. ഇവയുടെ വേരിൽ നിന്നാണു വിളവുണ്ടാകുക. പറിച്ചുനടുമ്പോൾ വേരറ്റുപോകരുത്. 

കാബേജ്, കോളിഫ്ലവർ എന്നിവയുടെ കൃഷിരീതി ഏകദേശം ഒരുപോലെയാണ്. എൻഎസ്183 എന്ന ഹൈബ്രിഡ് ഇനമാണു കാബേജിൽ കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്നത്. തൈകൾ പറിച്ചുനട്ടാൽ രണ്ടരമാസം കൊണ്ടു വിളവെടുക്കാം. കോളിഫ്ലവറിൽ ബസന്ത് എന്ന ഇനമാണ് ഏറ്റവും നല്ലത്. പറിച്ചുനട്ടാൽ രണ്ടുമാസം കൊണ്ടു വിളവെടുക്കാം. ‌

തൈകൾ ഒരുക്കുമ്പോൾ 

കൃഷി ചെയ്യുന്നതിന് ഒരു മാസം മുൻപെങ്കിലും തൈകൾ ഒരുക്കണം. ഒരു സെന്റിലെ കൃഷിക്ക് 2 ഗ്രാം വിത്തു വേണം. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) ഔട്‌ലെറ്റുകളിൽ നിന്നോ നല്ല നഴ്സറികളിൽ നിന്നോ വിശ്വാസയോഗ്യമായ ഓൺലൈൻ സൈറ്റുകളിൽ നിന്നോ വിത്തുകൾ വാങ്ങാം. നടാൻ പാകത്തിലുള്ള തൈകൾ വാങ്ങാൻ ലഭിക്കും. കൃഷിഭവനുകൾ വഴിയും തൈകൾ നൽകുന്നുണ്ട്. 

തൈകൾ പാകുന്ന ട്രേയ്ക്ക് 3 സെന്റീമീറ്ററെങ്കിലും വ്യാസമുള്ള കുഴികളുണ്ടാകം. ട്രേയിൽ ചകിരിച്ചോർ മിശ്രിതം (മണ്ണ്, ചാണകപ്പൊടി, മണൽ എന്നിവയുടെ മിശ്രിതവും ഉചിതമാണ്) നിറച്ച ശേഷം സ്യൂഡോമോണാസ് പൊടി കലക്കിയൊഴിക്കുക. വിത്തുകൾ 2 മണിക്കൂർ സ്യൂഡോമോണാസ് ലായനിയിൽ ഇട്ടുവയ്ക്കണം. വിത്തുനടാൻ ഏറ്റവും ഉചിതസമയം വൈകുന്നേരമാണ്. ട്രേയിലേക്ക് മഴയും സൂര്യപ്രകാശവും നേരിട്ടു ഏൽക്കരുത്. 50 ശതമാനം വെയിലേൽക്കുന്ന ഷെഡുകളിലോ പോളിഹൗസിലോ ട്രേകൾ സൂക്ഷിക്കാം. 5 ദിവസമാകുമ്പോഴേക്കും മുള വരും. 5 ദിവസം കൂടുമ്പോൾ സ്യൂഡോമോണാസ് ലായനി ഒഴിച്ചുകൊടുക്കണം (1 ലീറ്ററിൽ 20 ഗ്രാം).

കാബേജിനെയും കോളിഫ്ലവറിനെയും ബാധിക്കുന്ന പ്രധാന രോഗമാണു അടിഭാഗം ചീയൽ. വിത്തുപാകുമ്പോൾ തന്നെ ഇതിനുള്ള പ്രതിവിധി ചെയ്യണം. മണ്ണിനും മണലിനും ഒപ്പം ചേർക്കുന്ന ചാണകപ്പൊടിയിൽ ഒരാഴ്ച മുൻപെങ്കിലും ട്രൈക്കോഡെർമ ചേർത്തുകൊടുക്കണം. എപ്പോഴും നനവു വേണം. അതേപോലെ ചകിരിച്ചോർ കമ്പോസ്റ്റ് ആകുമ്പോൾ അതിലും ട്രൈക്കോഡെർമ ചേർക്കണം. വിത്തുമുളച്ചു വരുമ്പോൾ തന്നെയുണ്ടാകുന്ന കുമിൾ രോഗത്തെ പ്രതിരോധിക്കുന്നതിനാണ് ഇത്. 

നടീൽ

കൃഷി സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. വെള്ളം കെട്ടിനിൽക്കരുത്. ഗ്രോ ബാഗിലും നിലത്തും കൃഷി ചെയ്യാം. 1 അടി വീതി, അര അടി താഴ്ചയുള്ള ചാലെടുത്താണു നിലത്തു കൃഷി ചെയ്യേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകപ്പൊടി മണ്ണിൽ ചേർക്കണം. ഇതോടൊപ്പം പച്ചില കമ്പോസ്റ്റും ചേർക്കാം. ചാലിന്റെ മുക്കാൽ ഭാഗം വരെ ഇവയൊക്കെ നിറച്ചു മൂടണം. അമ്ല രസമുള്ള മണ്ണാണെങ്കിൽ 3 കിലോഗ്രാം കുമ്മായം  ചേർക്കണം. 

തൈകൾക്ക് 25 ദിവസം പ്രായമായാൽ പറിച്ചുനടാം. ചെടികൾ തമ്മിലുള്ള അകലം 2 അടി. സൂര്യാസ്തമയത്തോടെ ചെടികൾ പറിച്ചുനടാം. നടുമ്പോൾ വേരുകൾ മുറിയരുത്.  വെയിലേറ്റു വാടാതിരിക്കാൻ 5 ദിവസം തണൽ കൊടുക്കാം. 

ഗ്രോ ബാഗിലാണു കൃഷിയെങ്കിൽ മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ തുല്യ അനുപാതത്തിൽ എടുത്ത്, കുമ്മായവും ചേർത്ത് നിറയ്ക്കാം. 

നട്ടു 10 ദിവസമാകുമ്പോൾ ആദ്യത്തെ വളപ്രയോഗം നടത്തണം. 1 കിലോ ഫാക്ടംഫോസും അരക്കിലോ പൊട്ടാഷുമാണ് 1 സെന്റിലേക്കു വേണ്ടത്. 10 ദിവസം കഴിഞ്ഞാൽ വീണ്ടും 1 കിലോ ഫാക്ടംഫോസ് നൽകാം. 5 ദിവസത്തിനു ശേഷം ചുവട്ടിൽ മണ്ണു കയറ്റിക്കൊടുക്കണം. 

രാസവളം ഉപയോഗിക്കാതെയും കൃഷി ചെയ്യാം. ഗോമൂത്രവും കടലപ്പിണ്ണാക്കും പുളിപ്പിച്ച ലായനി തൈകൾ നട്ട് 10 ദിവസത്തിനു ശേഷം ഒഴിച്ചുകൊടുക്കാം. 

വിത്തുപാകുമ്പോൾ തന്നെ കടചീയൽ രോഗത്തിനുള്ള പ്രതിവിധി ചെയ്തിട്ടുണ്ടെങ്കിലും രോഗം വരാതിരിക്കാൻ എപ്പോഴും ശ്രദ്ധ വേണം. അടിഭാഗം ചീഞ്ഞ്, ചെടി വാടുന്ന ലക്ഷണം കണ്ടാൽ നന കുറയ്ക്കുക. കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾനാശിനി ലീറ്ററിന് 4 ഗ്രാം എന്ന തോതിൽ കലക്കി ചെടിയുടെ അടിഭാഗത്ത് ഒഴിച്ചുകൊടുക്കണം. 

മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവ 2:1:1 എന്ന അനുപാതത്തിൽ 50 ഗ്രാം വീതം ഓരോ ചെടിക്കും മൂന്നാഴ്ചയ്ക്കു ശേഷം നൽകാം. 

ഒന്നര മാസമാകുമ്പോഴേക്കും കോളിഫ്ലവർ വിരിഞ്ഞുവരും. ഇപ്പോഴുണ്ടാകുന്ന ശല്യം ഇലതീനിപ്പുഴുക്കളിൽ നിന്നായിരിക്കും. കാന്താരി–വെളുത്തുള്ളി–ഇഞ്ചി–ഗോമൂത്രം ലായനി തളിച്ചുകൊടുക്കാം. കോളി ഏകദേശം വളർച്ചയെത്തുമ്പോൾ ഇലകൾ കൊണ്ടു പൊതിഞ്ഞുകൊടുക്കണം. സൂര്യപ്രകാശം നേരിട്ടേൽക്കുന്നതു കുറയ്ക്കാൻ വേണ്ടിയാണിത്. 2 മാസത്തിനുള്ളിൽ വിളവെടുപ്പിനാകും. 70–75 ദിവസം കൊണ്ട് കാബേജും വിളവെടുപ്പിനാകും. 

carrot

കാരറ്റ്, ബീറ്റ്റൂട്ട്

കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ നേരിട്ടു വിത്തുപാകിയാണു കൃഷി ചെയ്യുക. തടങ്ങൾ എടുത്താണു കൃഷി ചെയ്യുക. 35 സെന്റീമീറ്റർ വീതി, 20 സെന്റീമീർ ഉയരവുമുള്ള തടങ്ങൾ തമ്മിൽ 30 സെന്റീമീറ്റർ അകലം വേണം. ഒരു തടത്തിൽ രണ്ടു വരിയായി വിത്തുപാകാം. സൂപ്പർ കൂറോഡ എന്ന ഇനം വിത്താണു കേരളത്തിനനുയോജ്യം. ചെടികൾ തമ്മിൽ 10 സെന്റീമീറ്റർ അകലം വേണം. വിത്തുപാകുന്നതിനു മുൻപ് സ്യൂഡോമോണാസ് ലായനിയിൽ ഇട്ടുവയ്ക്കണം. ശക്തമായ മഴ പെയ്യുകയാണെങ്കിൽ തടങ്ങൾ മൂടികൊടുക്കണം. ഒരാഴ്ചകൊണ്ടു വിത്തുമുളയ്ക്കും. 

ഗോമൂത്രം–പിണ്ണാക്ക് ലായനി ആഴ്ചതോറും തെളിച്ചുകൊടുക്കുന്നതും സ്യൂഡോമോണാസ് 10 ദിവസം കൂടുമ്പോൾ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. ചെടികൾക്കിടയിൽ മണ്ണ് ഇളക്കുമ്പോൾ ഒരിക്കലും വേരിനു ക്ഷതമേൽക്കരുത്.

നട്ട് 100 ദിവസമാകുമ്പോൾ കാരറ്റ് വിളവെടുക്കാറാകും. കപ്പയുടെ തടത്തിൽ ഉണ്ടാകുന്നതുപോലെ തടത്തിൽ വിള്ളൽ കാണുമ്പോൾ വിളവെടുപ്പു സമയമായി എന്നു മനസ്സിലാക്കാം.

ബീറ്റ്റൂട്ടിൽ മധുർ ഇനം വിത്താണ് കൂടുതൽ ഉപയോഗിക്കുന്നത്. വിത്തുകൾ തമ്മിൽ 20 സെന്റീമീറ്റർ അകലത്തിൽ വേണം നടാൻ. നട്ടു നനച്ച ശേഷം തടത്തിൽ പുതിയിട്ടുകൊടുക്കുക. മുളച്ചു ചെടി വളരുമ്പോൾ പുത മാറ്റിക്കൊടുക്കാം. ആഴ്ചതോറും ഗോമൂത്ര– പിണ്ണാക്ക് ലായനിയും 10 ദിവസം കൂടുമ്പോൾ സ്യൂഡോമോണാസ് ലായനിയും ഒഴിച്ചുകൊടുക്കാം. ഇടയ്ക്ക് യൂറിയയും പൊട്ടാഷും നൽകുന്നതു ചെടികൾ കരുത്തോടെ വളരാൻ സഹായിക്കും. 3 മാസം കൊണ്ട് ബീറ്റ്റൂട്ട് വിളവെടുക്കാം. 

radish

റാഡിഷ്

നേരിട്ടു വിത്തുപാകി വേണം കൃഷി ചെയ്യാൻ. തടങ്ങൾ എടുത്തും അല്ലാതെയും കൃഷി ചെയ്യാം. വിത്തുകൾ തമ്മിൽ 10 സെന്റീമീറ്റർ അകലം വേണം. നന്നായി വളം ചെയ്താൽ പെട്ടെന്നു വളരുന്ന ചെടിയാണ് റാഡിഷ്. ഗോമൂത്രം–പിണ്ണാക്ക് ലായനി ആഴ്ചതോറും തളിച്ചുകൊടുക്കുന്നതും സ്യൂഡോമോണാസ് 10 ദിവസം കൂടുമ്പോൾ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. വളം ചെയ്ത ശേഷം ചെടികൾക്കിടയിൽ ഇളക്കുമ്പോൾ വേരിനു നാശമുണ്ടാകരുത്. 

capsicum

കാപ്സിക്കം

മുളകുകൃഷി പോലെ തൈകൾ മുളപ്പിച്ചു നടുന്നതാണു രീതി. അര സെന്റിനു 2 ഗ്രാം വിത്തുമതി. കാലിഫോർണിയ വണ്ടർ ഇനമാണു കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്നത്. കാബേജിന്റെ വിത്തു മുളപ്പിക്കുന്നതുപോലെയുള്ള ഒരുക്കങ്ങളാണ് കാപ്സിക്കത്തിനും വേണ്ടത്. വിത്തുകൾ ട്രേയിൽ പാകി മുളപ്പിക്കാം. ഒരു മാസം പ്രായമായ തൈകൾ പറിച്ചുനടാം. ചാണകപ്പൊടി നിറച്ച ചാലിൽ 45 സെന്റീമീറ്റർ അകലത്തിൽ തൈകൾ നടാം. 

ഗോമൂത്ര–പിണ്ണാക്ക് ലായനി ആഴ്ചയിൽ ഒഴിച്ചുകൊടുക്കാം. സ്യൂഡോമോണാസ് ചുവട്ടിലും ഇലകളിലും തളിച്ചുകൊടുക്കുന്നതും ഉത്തമമാണ്. ആദ്യമുണ്ടാകുന്ന പൂക്കൾ പറിച്ചുകളയണം. കൂടുതൽ ശിഖരങ്ങൾ വന്നു ചെടി നന്നായി വളരാൻ ഇതു നല്ലതാണ്. 

പാലക് ചീര

കേരളത്തിൽ അടുത്തിടെ പ്രചാരത്തിൽ വന്നവയാണു പാലക് ചീര. ഈ ഉത്തരേന്ത്യൻ ഇലച്ചെടി ശീതകാലത്തു ഇവിടെയും നന്നായി വളരും. 

വിത്തുപാകിയും തൈകൾ പറിച്ചുനട്ടും കൃഷി ചെയ്യാം. ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നതാണ് ഉചിതം. ചാണകപ്പൊടി, വേപ്പിൻപ്പിണ്ണാക്ക്, ചകിരിച്ചോറ് എന്നിവ മേൽമണ്ണുമായി ചേർത്തു ഗ്രോ ബാഗ് നിറയ്ക്കാം. ട്രേയിൽ വിത്തുമുളപ്പിക്കുമ്പോൾ ചകിരിച്ചോറും ചാണകപ്പൊടിയുമാണു നിറയ്ക്കേണ്ടത്. പൂസ പാലക്, പൂസ ജ്യോതി, പൂസ ഹരിത്, പൂസ ഭാരതി എന്നിവയാണു നമ്മുടെ കാലാവസ്ഥയിൽ ഏറ്റവും യോജിച്ചത്. സ്യൂഡോമോണാസ് ലായനിയിൽ 20 മിനിറ്റ് കുതിർത്തുവച്ച ശേഷം വേണം ട്രേയിൽ പാകാൻ. 5 ദിവസമാകുമ്പോഴേക്കും തൈകൾ മുളയ്ക്കും. 3 ആഴ്ച കഴിയുമ്പോൾ പറിച്ചുനടാം. ഒരു ഗ്രോബാഗിൽ 4 ചെടികൾ നടാം. കടഭാഗത്ത് അധികം വെള്ളം നിൽക്കാൻ പാടില്ല. പറിച്ചുനടുമ്പോൾ വേരുകൾക്കു ക്ഷതമേൽക്കരുത്. ഒരു മാസം പ്രായമാകുമ്പോൾ ഇലകൾ പറിച്ചുതുടങ്ങാം.

English summary: Growing Vegetables in Winter - A Full Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com